December 19, 2005
ആശംസകള്‍
ഏവര്‍ക്കും ഉല്ലാസഭരിതമായൊരു ക്രിസ്തുമസും ഐശ്വര്യവത്തും സമാധാനപൂര്‍ണ്ണവുമായൊരു നവവര്‍ഷവും ആശംസിക്കുന്നു.
December 10, 2005
വൈജ്ഞാനികം
ഇന്ത്യന്‍ അസ്സോസിയേഷന്‍ നടത്തിയ പ്രത്യേകതകളുള്ള കുട്ടികള്‍ക്കുള്ള മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങ് ഇന്നലെ നടക്കുന്നുണ്ടെന്നറിഞ്ഞ് കാണാന്‍ പോയി. ചെന്നപ്പോഴാണ് അറിഞ്ഞത് സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഇവന്റ് പല ഇവന്റുകളിള്‍ ഒരെണ്ണം മാത്രമാണെന്നും ഹൈസ്ക്കൂള്‍ തല ക്വിസ് കോമ്പറ്റീഷന്‍ ആറു മണിക്ക് തീരേണ്ടിയിരുന്നത് 9 മണിക്കേ തീരൂ എന്നും. സൌന്ദര്യ പ്രദര്‍ശനം , പുഷ്പ-ഫല സസ്യ പ്രദര്‍ശനം, കന്നുകാലി-കോഴി പ്രദര്‍ശനം, ശ്വാനന്മാരോടുകൂടിയ കൊച്ചമ്മ പ്രദര്‍ശനം എന്നിവ കണ്ടിട്ടുണ്ട് പക്ഷേ ഇതതുപോലാണോ? സിദ്ധാര്‍ത്ഥ ബസുവും മറ്റും റ്റീവിയില്‍ കറക്കുന്ന ചോദ്യം ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ് ഉത്തരം പറയുന്ന രസമുള്ള കളി നേരില്‍ കാണാന്‍ കിട്ടിയ ആദ്യത്തെ അവസരമല്ലേ. സമ്മാനം വാങ്ങാന്‍ അലൈന്‍, അബുദാബി, ഫ്യുജൈറാ തൂടങ്ങി ദൂരത്തുനിന്നൊക്കെ എത്തിയ സ്പെഷല്‍ കുട്ടികളുമൊത്ത് ഞാനും ഭാര്യയും ആഡിറ്റോറിയത്തില്‍ വലിഞ്ഞു കേറി.
കൂറ്റന്‍ സ്ക്രീനിൽ രണ്ടു മുഖങ്ങള്‍ തെളിഞ്ഞു. ആരാണെന്ന്നു കണ്ടു പിടിക്കുക. ഒരു പരിചയവുമില്ല, ആരാണാവോ. മിക്കവാറും മത്സരാര്‍ത്ഥികള്‍ കൈപൊക്കി. അവസരം കിട്ടിയ കൊച്ചൻ വിളിച്ചു കൂകി "ഇത് ഗൂഗിളിന്റെ സ്ഥാപകര്‍...." എന്റമ്മച്ചി. ഇപ്പോഴത്തെ പിള്ളേരുടെ ഒരു ബുദ്ധിയേ. നമ്മളൊക്കെ എന്തിനാ ഇത്രേം വലിയ മീശയും വച്ച്..
അടുത്ത പടം .ആരാണിത്? നല്ല പരിചയം ആരാണാവോ. " ഇത് സ്പീല്‍ബര്‍ഗ് താടിയും മീശയും ഇല്ലാതിരുന്ന കാലം".കുട്ടികള്‍ക്കറിയാത്ത കാര്യമില്ല പറയാന്‍ വായതുറന്നപ്പോഴേക്ക് എന്റെ പിറകില്‍ നിന്ന് ഒരു വല്ല്യമ്മച്ചി അടക്ക്കി സംസാരം . "ആദ്യത്തെ രണ്ടു പടവും ക്വിസ് 50000 എന്ന പുസ്തകത്തീന്നാണല്ലോ. മോഡേണ്‍ ക്വിസ് ബുക്കീന്ന് ഒരെണ്ണവും ഈയിടെ ചോദിക്കാറില്ല ആരും, അതെന്താണോ.."
അയ്യേ. അപ്പോ അതാണോ പരിപാടി. ഞാനേതാണ്ടൊക്കെ വിചാരിച്ചുപോയല്ലോ. പതുക്കെ ഒന്നു തിരിഞ്ഞു നോക്കി. അമ്മച്ചിമാരുടെയെല്ലാം കയ്യില്‍ രണ്ടും മൂന്നും മോഡേണ്‍ ക്വിസ്സ് ഗൈഡ് ഇത്യാദികള്‍.
അന്തം വിടീക്കുന്ന ചോദ്യങ്ങള്‍ ശരം കണക്കെ വരുന്നു, കുട്ടികള്‍ എല്ലാറ്റിനും ഉരുളക്ക് ഉപ്പേരി പോലെ ഉത്തരം പറഞ്ഞു തള്ളുന്നു. ബസ്സറടി റൌണ്ടില്‍ ഒരു തവണ അവതാരകക്കു ആളൊന്നു മാറിയതും കാണികളായി കൂടിയ അമ്മച്ചിമാരും അപ്പച്ചന്മാരും കൂക്കിവിളിയും തെറി വിളിയുമായി കേരളാ സ്കൂള്‍ യുവജനോത്സവത്തന്തമാരെക്കാള്‍ തറയായി.
പൂക്കള്‍ തുന്നിയ അധികാരചിഹ്നം അണിഞ്ഞ ഒരു ബാഡ്ജര്‍ എന്റെ അടുത്തിരിക്കുന്ന വയ്യാത്ത കുട്ടികളുടെ മാതാപിതാക്കളെ ശാസിച്ചു " സ്റ്റേജിലിരിക്കുന്ന കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പാന്‍ പറയിന്‍ നിങ്ങളുടെ മക്കളോോട്. ഓഡിയന്‍സ് എങ്ങനെ പെരുമാറണമെന്ന് അവര്‍ പഠിക്കണ്ടേ"
ഏതോ ക്വിസ്സറുടെ അച്ഛനായിരിക്കും ഞാനെന്ന് ധരിച്ച് അടുത്തിരുന്ന നടക്കാനും സംസാരിക്കാനും കഴിയാത്ത പതിനഞ്ചുകാരിയുടെ അച്ഛന്‍ കണ്ണീരടക്കിക്കൊണ്ട് പറഞ്ഞു
" ഇവിടെ ഇങ്ങിനെയിരുന്ന് മക്കള്‍ സ്റ്റേജില്‍ ജയിക്കുന്നത് കാണാന്‍ കഴിയുന്നത് എന്തൊരു ഭാഗ്യമാണ്.."
ഞാന്‍ "എന്തു ഭാഗ്യം? ഇങ്ങനെ പ്രദര്‍ശിപ്പിക്കാനണെങ്കില്‍ കുട്ടികളെന്തിനാ, നല്ല പട്ടികളെ വാങ്ങി വളര്‍ത്തിയാല്‍പ്പോരേ? എന്നു പറഞ്ഞത് വെറുമൊരാശ്വാസവാക്കായിരുന്നില്ല, സത്യത്തില്‍ അങ്ങനെ തോന്നിയിട്ടു തന്നെ.
അദ്ദേഹത്തിന്റെ മടിയിലിരുന്ന് വിവാഹപ്രായമടുക്കുന്ന മകള്‍ നിഷ്കളങ്കമായൊരു ചിരിയോടെ സ്റ്റേജില്‍ മൊസ്സാര്‍റ്റിനെയും കദ്രി ഗോപാല്‍ നാഥിനെയും തിരിച്ചറിഞ്ഞു കൂക്കിവിളിച്ച കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു.
സമ്മാനദാനത്തിനു നിന്നില്ല, ഇറങ്ങി നടക്കവേ സുഹൃത്തിന്റെ ഫോണ്‍ വന്നു
"ഇതെവിടെയാടോ?"?
"ഞാന്‍ നാദല്‍ ഷേബ ഹോഴ്സ് റേസ് കോഴ്സില്‍ നില്‍ക്കുകയാ ഇപ്പോള്‍, ഇവിടെ വാശിയില്‍ മത്സരം നടക്കുന്നു"..
ഭാര്യ പെട്ടെന്നു എന്നെ തള്ളി ഒരു വശത്തേക്ക് മാറ്റി
" ഫോണ്‍ ചെയ്തോണ്ട് നടന്നു തുപ്പലില്‍ ചവിട്ടല്ലേ. ഹോണൊലുലുവില്‍ ട്രാഫിക്ക് എതു വശത്താണെന്നു പറഞ്ഞുകൊടുത്ത തള്ളമാര്‍ റോഡില്‍ തുപ്പരുത് മക്കളേ എന്നുകൂടെ പറഞ്ഞുകൊടുത്തില്ല. അതിനു പോയിന്റില്ലല്ലോ"
Subscribe to:
Posts (Atom)