Showing posts with label അറിയിപ്പ്. Show all posts
Showing posts with label അറിയിപ്പ്. Show all posts

January 25, 2007

ദേവദത്തന്‍

ആശംസകള്‍ പല വഴിയും അറിയിച്ചവര്‍ക്കെല്ലാം നന്ദി. കൊച്ചും അമ്മയും സുഖമായിരിക്കുന്നു.

ജൂനിയറിനു ദേവദത്തന്‍ എന്നു പേരിട്ടു. പടം ക്യാമറയെ ഡൗണ്‍ലോഡാവുന്ന ഒരു കമ്പ്യൂട്ടിനി കിട്ടിയ ശേഷം ഇടാം.

ഗുരുക്കള്‍ മകനു വിഘ്നേഷെന്നു പേരിട്ടതിനു വിശദീകരണം തന്ന് പുതിയൊരു കീഴ്‌വഴക്കം തുടങ്ങി വച്ചിരിക്കുകയാണല്ലോ, ഞാനായിട്ട്‌ അതു മുടക്കുന്നില്ല.

ആയുര്‍വേദപ്രകാരം ദേവദത്തന്‍ പ്രാണവായുവിന്റെ ഒരു രൂപമാണ്‌.

ഹൈന്ദവ പുരാണങ്ങളില്‍ ദേവദത്തന്‍ മഹാശക്തനായ ഒരു നാഗം. ദത്താത്രേയനെയും ദത്തനെന്നു വിളിക്കുന്നു.

ചരിത്രത്തില്‍ ദേവദത്തന്‍ ശ്രീബുദ്ധന്റെ മച്ചുനനും സംഘപാതയില്‍ വഴിവിട്ടു സഞ്ചരിക്കുകയും ചെയ്ത ഒരു സന്യാസി.

വാഗര്‍ത്ഥത്തില്‍ ദേവദത്തനെ പല രീതിയിലാക്കാം.
1. ദേവ (divine) ദത്തന്‍ gifted/adopted ~ divine gift.

2. ദേവന്‍ സമ്മാനിച്ച പുത്രന്‍

3. ദേവന്‍ ദത്തു കൊണ്ട പുത്രന്‍

4. ദത്തന്‍ എന്നാല്‍ ഒരു ബ്രഹ്മര്‍ഷി എന്നും അര്‍ത്ഥമുണ്ട്‌- അതിനാല്‍ ദിവ്യനായ ബ്രഹ്മര്‍ഷി എന്നു പറയാം

5. ദത്തനെന്ന പദത്തിനു ശൂദ്രനെന്നും അര്‍ത്ഥം- മഹാനായ ഒരു ശൂദ്രന്‍ എന്ന് പറയാം.

6. ശ്രീവത്സം ഉള്ളവന്‍ ശ്രീവത്സന്‍. ദണ്ഡുള്ളവന്‍ ദണ്ഡന്‍, തണ്ടുള്ളവന്‍ തണ്ടന്‍, വേലുള്ളവന്‍ വേലന്‍. അര്‍ജ്ജുനന്റെ ശംഖിന്റെ പേര്‍ ദേവദത്തം. അപ്പോള്‍ അതുള്ളവന്‍ ദേവദത്തന്‍ എന്നും പറയാമോ പണ്ഡിതരേ?

ആണ്‍കൊച്ചാണെങ്കില്‍ ചെല്ലപ്പന്‍ പിള്ളയെന്നും പെണ്‍കൊച്ചാണെങ്കില്‍ ചെല്ലമ്മയമ്മ എന്നും പേരിടും എന്ന് ഞാന്‍ പറഞ്ഞിരുന്നതാ, പെമ്പ്രന്നോരു ഇപ്പോ സമ്മതിക്കുന്നില്ല- ഈ സ്ത്രീകളുടെ ഓരോ വാശികളേ.

October 11, 2006

ഇവന്റെ ഇടം


ഒരുപാട്‌ ഭംഗിയുള്ള പൂക്കളും ജന്തുക്കളും ഉള്ള നാടാണ്‌ മലേഷ്യ. അവിടത്തെ മക്കൌ തത്തകളും അലങ്കാര മത്സ്യങ്ങളും കുതിരകളുമൊക്കെ വിലസുന്ന ഒരു നക്ഷത്രഹോട്ടലിന്റെ വരാന്തയിലെ പൂച്ചക്കുഞ്ഞ്‌ ഇവന്‍.

അവിടെയുള്ള പൂച്ചക്കുഞ്ഞുങ്ങളിലെ ഏറ്റവും സുന്ദരനല്ല, ഏറ്റവും ശക്തനോ വിരുതനോ അല്ല, ഇവന്‍ ഒരു സാധാരണക്കാരന്‍. അതുകൊണ്ട്‌ തന്നെ സ്വന്തം പ്ലേറ്റില്‍ നിന്നും പൂച്ചയെയൂട്ടുന്ന ജന്തുസ്നേഹികളൊന്നും ഇവനെ ശ്രദ്ധിക്കാറില്ല. പതുപതുത്ത വെള്ള കോട്ടും തിളങ്ങുന്ന അക്വാമറൈന്‍ കണ്ണും വെഞ്ചാമരവാലും ഇല്ലാത്ത, മൂക്കില്‍ പതേരിയുള്ള, ആവശ്യത്തിലും വലിപ്പമുള്ള മീശയും ചെവിയുമുള്ള ഒരു പൂച്ചയെ ശ്രദ്ധിക്കില്ല ആരും.

എന്റെ ക്യാമറയുടെ ഫ്ലാഷ്‌ മിന്നിയപ്പോള്‍ അവന്‍ പേടിച്ചോടി, അവനെ ഇതുവരെ ആരും ഫോട്ടോയെടുത്തിട്ടുണ്ടാവില്ല.

ഇത്‌ അവന്റെ ചിത്രത്തിനും ഇടം കൊടുന്നുന്ന സ്ഥലം- ബൂലോഗം. ഇന്നലെ ഒരു വര്‍ഷമായി എനിക്കത്‌ തിരിച്ചറിവായിട്ട്‌.

എന്റെ ഇല്ലായ്മകള്‍ക്കും, കൊള്ളാരുതായ്മകള്‍ക്കും ഇടം തന്ന ബൂലോഗര്‍ക്ക്‌ നന്ദി

July 23, 2006

ജാമ്യാപേക്ഷ


മലയാളവേദി ഫോറമൊക്കെ വല്ലപ്പോഴും എഴുതിയിരുന്നു & വായിച്ചിരുന്നു. പെരിങ്ങോടന്‍ ഒരിക്കല്‍മലയാളത്തിലും ബ്ലോഗ്ഗുകളുണ്ടെന്ന് പറഞ്ഞ്‌ എന്നെ മനോജിന്റെ ബ്ലോഗ്ഗ്‌ റോളും കാണിച്ചു തന്നിരുന്നു. വിന്‍ഡോ 98 ഇല്‍ ആയിരുന്ന എനിക്ക്‌ യൂണിക്കോട്‌ വഴങ്ങാത്തതുകൊണ്ട്‌ വലിയ താല്‍പ്പര്യം തോന്നിയില്ല. അന്നത്തെക്കാലത്ത്‌ ഫോറം പോലെ തിരക്കുള്ള സ്ഥലത്തു നിന്നും infant ബൂലോഗം കണ്ടിട്ട്‌ വലിയ താല്‍പ്പര്യമൊന്നും തോന്നിയുമില്ല. അതെല്ലാം മറന്നു.

കഴിഞ്ഞ വര്‍ഷം ജീവിതം ഒന്നു റീസ്റ്റാര്‍ട്ട്‌ ചെയ്ത കൂട്ടത്തില്‍ ഫോറമെഴുത്ത്‌ അങ്ങു നിന്നുപോയിരുന്നു. കുറേ കഴിഞ്ഞ്‌ പെരിങ്ങോടനെ കണ്ട വകയില്‍ ഈ ബ്ലോഗുകളുടെ കാര്യം ഒരിക്കല്‍കൂടി വന്നു. ഞാന്‍ പാപ്പാന്റെ ബ്ലോഗ്‌ വായിക്കുകയും ചെയ്തു.

ലതൊരെണ്ണം വെറുതേ തുടങ്ങാമെന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു . എന്റെ എത്ര ഹോം പേജുകള്‍ ട്രൈപ്പോഡും സൂൊം ഡോട്ട്‌ കോമും ജിയോസിറ്റിയും പ്രോഹോസ്റ്റിങ്ങും ഒക്കെ കണ്ടിരിക്കുന്നു ഒരെണ്ണം ബ്ലോഗ്ഗറിനും കിടക്കട്ടേന്നു വച്ച്‌ ഒരു പോസ്റ്റിട്ടു. ഇട്ടതും വിശ്വം മാഷ്‌ ചിരിച്ചു. രാജ്‌, കലേഷ്‌, ഒരനോണി, വിശാലന്‍ കുമാര്‍ എന്നിവര്‍ സ്വാഗതവും പറഞ്ഞു.

ആദ്യം കണ്ടത്‌ പ്രവാസത്തിന്റെ മാഹാത്മ്യമെന്നോ മറ്റോ ആരുടെയോ ബ്ലോഗില്‍ പ്രവാസത്തിന്റെ എന്തോ മാഹാത്മ്യം എന്നായിരുന്നു. അന്നൊരു വളരെ സങ്കടം തോന്നുന്ന കാഴ്ച്ചയും കണ്ടാണു വന്നതും രണ്ടു പ്രവാസികള്‍ ഒരു വെള്ളക്കാരിയുടെ നായയും ഹിന്ദിക്കാരനും ഒരുമിച്ച്‌
ഒരിടത്തേക്ക്‌ കയറാന്‍ ശ്രമിച്ചതും അനധികൃതമേഖലയെന്നുപറഞ്ഞ്‌ പോലീസുകാരന്‍ ഹിന്ദിക്കാരനെ മാത്രം തടയുന്നതും. സൌകര്യങ്ങളുടെ അല്ലെങ്കില്‍ വിശപ്പിന്റെ പേരില്‍ നായയെക്കാള്‍ വിലകുറഞ്ഞ ജീവിതമാണല്ലോ നമ്മള്‍ നയിക്കുന്നത്‌ എന്നു തോന്നി ഇരിക്കുമ്പോള്‍ പ്രവാസമാഹാത്മ്യത്തിനെ കൊട്ടാരത്തിലെ ജോലിക്കായി ഷണ്ഡത സ്വീകരിക്കുന്ന ഗ്രാമീണനോട്‌ താരതമ്യപ്പെടുത്താനേ തോന്നിയുള്ളു. ദേ വരുന്നു വാളെടുത്ത്‌ ഒരുത്തി. എം വീ തല്ലു കണ്ട നമ്മള്‍ക്കുണ്ടോ ഭയം!

നാലു പോസ്റ്റും എഴുതി ഒരു കൊല്ലം ഇട്ട്‌ പിന്നെ പതുക്കെ അയ്യേന്നു വച്ച്‌ ഡിലീറ്റ്‌ ചെയ്തേനേ, പിന്മൊഴീസ്‌ വായിച്ചിരുന്നില്ലെങ്കില്‍ അങ്ങനെ അങ്ങനെ ഒന്നായ ബ്ലോഗ്‌ രണ്ടായി മൂന്നായി നാലായി.ഇടമ്പിരി വലമ്പിരി തിരിഞ്ഞു ബ്ലോഗി, ഓതിരം കടകം പറഞ്ഞു ബ്ലോഗി ആനത്തിരിപ്പു തിരിഞ്ഞു ബ്ലോഗി അമ്പരപ്പ്‌ സോറി അങ്കപ്പരപ്പ്‌ പറഞ്ഞു ബ്ലോഗി.

പട്ടിണികൊണ്ടു മെലിഞ്ഞ പണ്ഡിതനു കുശസ്ഥലി കണ്ടപ്പോ സര്‍വ്വതും നിന്നെന്ന് പറഞ്ഞപോലെ ജോലി, ഉറക്കം, വായന, കൂട്ടുകാര്‍, നാട്ടുകാര്‍ ഒക്കെ എനിക്കു ബ്ലോഗിലടങ്ങി.

കൃപ എന്ന ഫോറമെഴുത്തുകാരി പണ്ടൊരിക്കല്‍ "ഞാന്‍ റീയല്‍ ലൈഫില്‍ ഇല്ല, ഇന്റര്‍നെറ്റില്‍ മാത്രം ജീവിക്കുന്നൊരുത്തി" എന്നു പറഞ്ഞ അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീക്കരുതല്ലോ.

ബ്ലോഗെഴുത്തു മൂലം മൂലക്കുരു വന്നു, ബ്ലോഗെഴുതിയെഴുതി ഭക്ഷണം കഴിക്കാന്‍ മറന്ന് മരിച്ചു,ബ്ലോഗ്‌ എഴുതാന്‍ സമയം തികയാത്തതുമൂലം ജോലി രാജി വച്ചു, ബ്ലോഗ്‌ എഴുത്തിന്റേ പേരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു, ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ നിലച്ചതിനാലെ ബ്ലോഗര്‍മാര്‍ ടെലിക്കോം ഓഫീസ്‌ കത്തിച്ചു എന്നൊക്കെ കേട്ടാല്‍ ഞാന്‍ ഇന്ന് അസംഭാവ്യമെന്ന് എഴുതി തള്ളില്ല.

ആപ്പീസ്‌ പണികള്‍ തീര്‍ക്കണം. കയ്യിലുള്ള കടലാസുകള്‍ ആനുകാലിക ലൈസന്‍സുകളായി പുതുക്കണം. വീട്ടുകാരിയെ പുറത്തു വിളിച്ചോണ്ടു പോയി നാലു സിനിമായോ മറ്റോ കാണിക്കണം. നാട്ടില്‍ നിന്നും വിരുന്നുകാര്‍ ഉണ്ട്‌ അവരേയും കൊണ്ട്‌ കറങ്ങാന്‍ പോണം. ഡയറ്റ്‌ ഒന്നു പരിഷ്കരിക്കണം നാലുകാശ്‌ ഉണ്ടാവുന്ന എന്തെങ്കിലും സൈഡ്‌ ബിസിനസ്സ്‌ കണ്ടുപിടിക്കണം. പത്തു മുപ്പത്‌ പുസ്തകങ്ങള്‍ വായിക്കാണ്ടെ കിടക്കുന്നു, ഒക്കെ വായിക്കണം.. കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌ സാറമ്മാരേ.

3 ദിവസം നോട്ടീസ്‌ ഇട്ട്‌ ഈ ജൂലായി 26 മുതല്‍ ഓക്റ്റോബര്‍ 26 വരെ ജാമ്യം തന്ന് വിട്ടയക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. കഴിയുമെങ്കില്‍ കുറച്ച്‌ നേര്‍ത്തേ തന്നെ തിരിച്ചു വരാം.

ആള്‍ജാമ്യമായി രണ്ട്‌ അനോണിമസ്സുകളേയും സ്ഥാവരജാമ്യമായി എന്‍ എച്ച്‌ 47 ഉം ദ്രവ്യജാമ്യത്തിന്‌ റിസര്‍വ്‌ ബാങ്ക്‌ സ്റ്റ്രോങ്ങ്‌ റൂമും തന്നുകൊള്ളാം.

പരോളില്‍ ഇറങ്ങി ഞാന്‍ മുങ്ങില്ലെന്ന് ഉറപ്പിന്‌. ആഴ്ച്ചയില്‍ ഒരിക്കല്‍ ഈ പോസ്റ്റില്‍ വന്ന് ഞാന്‍ ഒപ്പിടാം. എന്നോട്‌ പറയാനുള്ള കാര്യങ്ങളും ഇവിടെ കമന്റായോ പ്രൊഫൈലിലെ മെയില്‍ അഡ്രസ്സിലോ
പറയണേ, മറ്റു കമന്റുംകള്‍ വായിക്കാന്‍ നില്‍ക്കില്ല. ആയിരക്കണക്കിനു പോസ്റ്റുകള്‍ മിസ്സ്‌ ആകാതിരിക്കന്‍ സിബുവിന്റെ പിക്ക്‌ ലിസ്റ്റ്‌ പോലെ കുറച്ചുപേര്‍ കൂടി തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു.

എന്റെ തുരുമ്പെടുക്കുന്ന ജീവിതം ഒന്നു സാന്‍ഡ്‌ പേപ്പറിട്ട്‌ മിനുക്കി ഗ്രീസിട്ട്‌ സ്മൂത്താക്കി ഞാന്‍ വീണ്ടും വരാം.

കൌണ്ട്‌ ഡൌണ്‍ - 3 ദിവസം ബാക്കിയുണ്ട്‌.