December 27, 2007

ബീഫ് ഫ്രൈ

[ജാക്ക് ലണ്ടന്റെ A Piece of Steak ഒന്നു പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചതാണ്‌. എന്തോ, അതിങ്ങനെയൊക്കെയായിക്കിട്ടി.]

കവിടിപ്പിഞ്ഞാണത്തില്‍ മരച്ചീനി പുഴുങ്ങിയതും ഉള്ളിച്ചമ്മന്തിയും മുന്നില്‍ വച്ചു തന്നിട്ട് മറിയംബി നിലത്തു നോക്കി നില്പ്പാണ്‌. ഇന്നെന്തൊക്കെയാണ്‌ വിളമ്പേണ്ടതെന്നവള്‍ക്കറിയാം, എത്രകൊല്ലമവള്‍ വച്ചുണ്ടാക്കിയതുമാണ്‌ തനിക്ക്. തട്ടിയെറിഞ്ഞിട്ടുമുണ്ട്, അവള്‍ പുതുപ്പെണ്ണായിരിക്കുമ്പോള്‍ അളവുകള്‍ പിഴച്ചതിന്‌. കഴിഞ്ഞ തവണ കൂടി കുറെയല്ലാമുണ്ടായിരുന്നു. മത്സരം കഴിഞ്ഞ് ഒരു കുത്ത് കൊച്ചു നോട്ടുകള്‍ കൊടുത്തപ്പോള്‍ അവളതില്‍ നിന്നും കുറേ എടുത്തു മാറ്റി-"പലചരക്കു കടേലും പാലുവാങ്ങിയേന്റേം പിന്നെ എറച്ചിക്കാരനും പറ്റുവീട്ടാന്‍". ഇത്തവണ അവള്‍ക്കാരും കടം കൊടുത്തുകാണില്ല. ഇലക്ട്റിക്ക് റാവുത്തര്‍ ഫയല്‍‌വാന്‌ നാലുമാസത്തെ വാര്‍ദ്ധക്യം കൂടിയില്ലേ.

"ഞാമ്പോണ്‌." ചുവന്ന മുണ്ടിനു മേലേ അരപ്പട്ട കെട്ടിയതും മറച്ച് അവള്‍ നീട്ടിയ ജുബ്ബാ ധരിച്ചു.
മറിയംബി തല കുലുക്കി.

ഞാന്‍ പോണ്‌. ആദ്യത്തെ വിയര്‍പ്പിക്കലിനു മധുരവും കുഴയുമ്പോഴെല്ലാം തിരിച്ചു വരാന്‍ മുട്ടയും പാലുമൊന്നും കഴിക്കാന്‍ വേണമെന്നില്ല. ഒരു പ്ലേറ്റ് ബീഫ് ഫ്രൈ തന്നിരുന്നെങ്കില്‍ അവള്‍. ഒടുക്കം വരെ പിടിച്ചു നില്‍ക്കാനുള്ള ശേഷി മാത്രമേ അവശ്യം വേണ്ടൂ. ബസ്സ് ഓരോ ഹോട്ടല്‍ കടന്നോടുമ്പോഴും കഴിക്കാന്‍ കിട്ടാത്ത ബീഫ് ഫ്രൈ ഭയപ്പെടുത്തി.

ബസ്സിറങ്ങുമ്പോഴേയ്ക്ക് ഗോദയില്‍ മയിലന്‍ കുട്ടന്‍ മൂച്ചുപിടിത്തം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. എന്തൊരു ചെറുപ്പമാണവന്‌! നെഞ്ചത്തു രോമങ്ങള്‍ കൂടി കിളിര്‍ത്തു വരുന്നതേയുള്ളു. ഈ പ്രായത്തിലാണ്‌ തനിക്ക് ഇലക്ട്രിക്ക് റാവുത്തരെന്ന് പേരു വീണത്. അന്ന് ഇലക്ട്രിക്ക് ഷോക്കേറ്റവരെല്ലാം ഗോദയൊഴിഞ്ഞു കഴിഞ്ഞു. പലരും ചത്തുപോയി.

ആര്‍പ്പുവിളികളും വിളംബരങ്ങളുമൊന്നും ശ്രദ്ധിച്ചതേയില്ല. അവ അനാവശ്യമായി ശ്രദ്ധതിരിക്കുകയേയുള്ളു. കുട്ടനാകട്ടെ അതില്‍ നിന്നും പ്രചോദനമേല്‍ക്കുകയാണ്‌. മൈലം എന്ന നാട്ടില്‍ നിന്നും ഇവിടെവരെ വന്ന അവനു പണം മുട്ടുണ്ടാവില്ല. പദവിയേ വേണ്ടു. അടുത്ത സ്ഥലത്തു ചെല്ലുമ്പോള്‍ "കേരള സിംഹമായിരുന്ന ഇലക്ട്റിക്ക് റാവുത്തരെ മലര്‍ത്തിയടിച്ച മയിലന്‍ കുട്ടന്‍ ഇതാ വരികയായി" എന്ന വിളിച്ചുപറച്ചില്‍ കേള്‍ക്കുകയേ വേണ്ടൂ.

ഗോദയില്‍ മയിലന്‍ കുട്ടന്‍ തുടക്കത്തിലേ തന്നെ ധാരാളിയായൊരു പ്രഭുവിനെപ്പോലെയായിരുന്നു ചലിക്കുന്നത്. താനോ, ദരിദ്രനായൊരു പിശുക്കനെപ്പോലെയും ഓരോ വിരല്‍ അനക്കുമ്പോഴും അത് അടുത്ത നിമിഷത്തിലേയ്ക്ക് സമ്പാദിച്ചു വയ്ക്കാവുന്ന ഊര്‍ജ്ജമാണെന്ന് വിഷമിച്ചുകൊണ്ടും. കയറോട് കയര്‍ മയിലന്‍ പാറിപ്പറന്നു. വരും ആ നിമിഷം, അതിനു വേണ്ടി ഒഴിഞ്ഞും തിരിഞ്ഞും നില്‍ക്കുകയേ കഴിയൂ.

"പിടി ഫയല്‍‌വാനേ, ഒഴി, ഇടവാറ്‌, അമര്‍ന്ന്.." ആരൊക്കെയോ നിര്‍ദ്ദേശിക്കുന്നു. ചിലത് ശരിയുമാണ്‌. അവര്‍ക്കറിയില്ലല്ലോ.

മൂന്നു റൗണ്ട് ഒരേപോലെ കടന്നു പോയി.

കുട്ടന്റെ പ്രകടനം പ്രതീക്ഷിച്ചതിലും വളരെ നീളുന്നു. ഇടയ്ക്കവന്‍ ഉറുമ്പടക്കം പിടിക്കാനാഞ്ഞപ്പോള്‍ അവന്റെ വയറിനു പുറത്ത് താന്‍ കൈക്കുത്ത് തിരിച്ചുകൊടുത്തതെന്തിനെന്ന് അവനു മനസ്സിലായില്ല. കണ്ടു നില്‍ക്കുന്ന ഊളകള്‍ക്കും മനസ്സിലാവില്ല. കാണികളില്‍ തന്നെപ്പോലെ പതിറ്റാണ്ടുകള്‍ ഗോദയോടു പഴകിയ കിഴവന്മാരാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കു മനസ്സിലാവും ശേഷകാലം എന്നു മയിലന്‍ കസര്‍ത്തെടുക്കുമ്പോഴും കുടല്‍ വേദന അവനെ ഇലക്ട്റിക്ക് റാവുത്തരോടു പിടിച്ച ഗുസ്തി ഓര്‍മ്മിപ്പിക്കുമെന്ന്.

കുട്ടന്റെ ഇരുകൈകളും തോളൊപ്പമൊന്നുയരുന്നു. ഇതാണ്‌! ഇതിലും നല്ലൊരു മുഹൂര്‍ത്തമിനിയില്ല.
ഇപ്പോഴാണ്‌ ഇലക്ട്രിസിറ്റി മിന്നേണ്ടത്. ഉറങ്ങിക്കിടന്നൊരു സിംഹം പെട്ടെന്നു കൈ നീട്ടി അള്ളിയതു പോലെ ആയിരുന്നു കുടഞ്ഞത്. തന്റെ പിടിത്തത്തില്‍ നിന്നും കുതറാന്‍ ശ്രമിച്ച മയിലന്‍ തെറിച്ചു പോയി. തിരിച്ചവനു ബാലന്‍സ് കിട്ടും മുന്നേ അവന്റെ തല തന്റെ കക്ഷത്തില്‍ കുടുക്കി . മയിലന്‍ വികൃതമായൊരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് തോളുകള്‍ മണ്ണില്‍ തൊടുന്നത് ഒഴിവാക്കാന്‍ വില്ലുപോലെ വളഞ്ഞു നില്‍ക്കുകയാണ്‌. ഒരു തിരി, ഇരട്ടത്തിരി, അവന്‍ കിടക്കും. ഇത്രനേരം കാത്തുവച്ച ശക്തി മുഴുവന്‍ ഇവിടെയാണ്‌ കൊടുക്കേണ്ടത്. ഒരു ശ്വാസത്തില്‍ സകലശക്തിയും ഉള്‍ക്കൊള്ളിച്ച് തന്റെ അരയിലെ അവന്‍ റ്റെ പിടി പറിച്ചെടുത്ത് നിലത്തേയ്ക്ക് തള്ളാന്‍ ശ്രമിച്ചു. അവന്റെയും തന്റെയും പേശികള്‍ വലിഞ്ഞു പൊട്ടുന്നത് ഏതു തോതിലാണെന്നു കൂടി അറിയാനാവുന്നുണ്ട്. പ്രായമേറിയ സന്ധികള്‍ കിരുകിരുശബ്ദമുണ്ടാക്കുന്നത് വകവയ്ക്കാതെ, ചെറിയ ചുവപ്പുകലര്‍ന്ന ഇരുട്ട് കണ്ണുകളെ മൂടുന്നത് ഭയക്കാതെ, അവനെ നിലത്തേയ്ക്ക് ചായ്ച്ചുകൊണ്ടു വന്നു.

ആ നിമിഷം റൗണ്ടപ്പിന്റെ മണി മുഴങ്ങി. അതൊരു മൂന്നു സെക്കന്‍ഡ് താമസിച്ചായിരുന്നെങ്കില്‍ പണവുമായി ഇപ്പോള്‍ താന്‍ വീട്ടിലേക്ക് തിരിച്ചേനെ. ഒരു വീര്‍പ്പില്‍, ഒരു നിമിഷത്തെ വിശ്രമത്തില്‍ മയിലന്റെ ദേഹം പഴയ ഉശിരിലേക്ക് തിരിച്ചെത്തുയാണ്‌. അവനെല്ലാമുണ്ട്, ചെറുപ്പം, നിറഞ്ഞ ആത്മവിശ്വാസം, ശരിയായ ഉച്ചഭക്ഷണം.

" കയ്ക്കൂട്ടില്‍ കിട്ടിയതല്ലേ അവനെ ഫയല്‍‌വാനേ? ഒരിരട്ടത്തിരിപ്പില്‍ അങ്ങു തീര്‍ക്കാതെ എന്തിനിങ്ങനെ തോറ്റുകളഞ്ഞു?" ഒരുത്തന്‍ ചോദിച്ചു
"നിന്റെ തന്തയോട് പോയി ചോദിക്കെട ചെറുക്കാ, അയാള്‍ക്കറിയാം." അറിയാതെ പറഞ്ഞു പോയി.

ബസ്സിലിരിക്കുമ്പോള്‍ മകന്റെ പ്രായമുള്ള ഒരുത്തനോട് ആദ്യമായി തോറ്റതിനെക്കുറിച്ച് ആലോചിച്ചില്ല. ഹോട്ടലുകള്‍ കടന്നു പോകുമ്പോള്‍ ഇനിയൊരിക്കലും കഴിക്കേണ്ടാത്ത ബീഫ് ഫ്രൈയെയും ഓര്‍ത്തില്ല. പൊട്ടിപ്പോയ പേശീബന്ധങ്ങളും നീരുവീര്‍ത്ത സന്ധികളും സുഖപ്പെട്ട് വീണ്ടും തൂമ്പയോ പിക്ക് ആക്സോ എടുക്കണമെങ്കില്‍ ഇനിയെത്രദിവസം കഴിയണമെന്ന് മാത്രം ഭയത്തോടെ ചിന്തിച്ചു.