July 23, 2006

ജാമ്യാപേക്ഷ


മലയാളവേദി ഫോറമൊക്കെ വല്ലപ്പോഴും എഴുതിയിരുന്നു & വായിച്ചിരുന്നു. പെരിങ്ങോടന്‍ ഒരിക്കല്‍മലയാളത്തിലും ബ്ലോഗ്ഗുകളുണ്ടെന്ന് പറഞ്ഞ്‌ എന്നെ മനോജിന്റെ ബ്ലോഗ്ഗ്‌ റോളും കാണിച്ചു തന്നിരുന്നു. വിന്‍ഡോ 98 ഇല്‍ ആയിരുന്ന എനിക്ക്‌ യൂണിക്കോട്‌ വഴങ്ങാത്തതുകൊണ്ട്‌ വലിയ താല്‍പ്പര്യം തോന്നിയില്ല. അന്നത്തെക്കാലത്ത്‌ ഫോറം പോലെ തിരക്കുള്ള സ്ഥലത്തു നിന്നും infant ബൂലോഗം കണ്ടിട്ട്‌ വലിയ താല്‍പ്പര്യമൊന്നും തോന്നിയുമില്ല. അതെല്ലാം മറന്നു.

കഴിഞ്ഞ വര്‍ഷം ജീവിതം ഒന്നു റീസ്റ്റാര്‍ട്ട്‌ ചെയ്ത കൂട്ടത്തില്‍ ഫോറമെഴുത്ത്‌ അങ്ങു നിന്നുപോയിരുന്നു. കുറേ കഴിഞ്ഞ്‌ പെരിങ്ങോടനെ കണ്ട വകയില്‍ ഈ ബ്ലോഗുകളുടെ കാര്യം ഒരിക്കല്‍കൂടി വന്നു. ഞാന്‍ പാപ്പാന്റെ ബ്ലോഗ്‌ വായിക്കുകയും ചെയ്തു.

ലതൊരെണ്ണം വെറുതേ തുടങ്ങാമെന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു . എന്റെ എത്ര ഹോം പേജുകള്‍ ട്രൈപ്പോഡും സൂൊം ഡോട്ട്‌ കോമും ജിയോസിറ്റിയും പ്രോഹോസ്റ്റിങ്ങും ഒക്കെ കണ്ടിരിക്കുന്നു ഒരെണ്ണം ബ്ലോഗ്ഗറിനും കിടക്കട്ടേന്നു വച്ച്‌ ഒരു പോസ്റ്റിട്ടു. ഇട്ടതും വിശ്വം മാഷ്‌ ചിരിച്ചു. രാജ്‌, കലേഷ്‌, ഒരനോണി, വിശാലന്‍ കുമാര്‍ എന്നിവര്‍ സ്വാഗതവും പറഞ്ഞു.

ആദ്യം കണ്ടത്‌ പ്രവാസത്തിന്റെ മാഹാത്മ്യമെന്നോ മറ്റോ ആരുടെയോ ബ്ലോഗില്‍ പ്രവാസത്തിന്റെ എന്തോ മാഹാത്മ്യം എന്നായിരുന്നു. അന്നൊരു വളരെ സങ്കടം തോന്നുന്ന കാഴ്ച്ചയും കണ്ടാണു വന്നതും രണ്ടു പ്രവാസികള്‍ ഒരു വെള്ളക്കാരിയുടെ നായയും ഹിന്ദിക്കാരനും ഒരുമിച്ച്‌
ഒരിടത്തേക്ക്‌ കയറാന്‍ ശ്രമിച്ചതും അനധികൃതമേഖലയെന്നുപറഞ്ഞ്‌ പോലീസുകാരന്‍ ഹിന്ദിക്കാരനെ മാത്രം തടയുന്നതും. സൌകര്യങ്ങളുടെ അല്ലെങ്കില്‍ വിശപ്പിന്റെ പേരില്‍ നായയെക്കാള്‍ വിലകുറഞ്ഞ ജീവിതമാണല്ലോ നമ്മള്‍ നയിക്കുന്നത്‌ എന്നു തോന്നി ഇരിക്കുമ്പോള്‍ പ്രവാസമാഹാത്മ്യത്തിനെ കൊട്ടാരത്തിലെ ജോലിക്കായി ഷണ്ഡത സ്വീകരിക്കുന്ന ഗ്രാമീണനോട്‌ താരതമ്യപ്പെടുത്താനേ തോന്നിയുള്ളു. ദേ വരുന്നു വാളെടുത്ത്‌ ഒരുത്തി. എം വീ തല്ലു കണ്ട നമ്മള്‍ക്കുണ്ടോ ഭയം!

നാലു പോസ്റ്റും എഴുതി ഒരു കൊല്ലം ഇട്ട്‌ പിന്നെ പതുക്കെ അയ്യേന്നു വച്ച്‌ ഡിലീറ്റ്‌ ചെയ്തേനേ, പിന്മൊഴീസ്‌ വായിച്ചിരുന്നില്ലെങ്കില്‍ അങ്ങനെ അങ്ങനെ ഒന്നായ ബ്ലോഗ്‌ രണ്ടായി മൂന്നായി നാലായി.ഇടമ്പിരി വലമ്പിരി തിരിഞ്ഞു ബ്ലോഗി, ഓതിരം കടകം പറഞ്ഞു ബ്ലോഗി ആനത്തിരിപ്പു തിരിഞ്ഞു ബ്ലോഗി അമ്പരപ്പ്‌ സോറി അങ്കപ്പരപ്പ്‌ പറഞ്ഞു ബ്ലോഗി.

പട്ടിണികൊണ്ടു മെലിഞ്ഞ പണ്ഡിതനു കുശസ്ഥലി കണ്ടപ്പോ സര്‍വ്വതും നിന്നെന്ന് പറഞ്ഞപോലെ ജോലി, ഉറക്കം, വായന, കൂട്ടുകാര്‍, നാട്ടുകാര്‍ ഒക്കെ എനിക്കു ബ്ലോഗിലടങ്ങി.

കൃപ എന്ന ഫോറമെഴുത്തുകാരി പണ്ടൊരിക്കല്‍ "ഞാന്‍ റീയല്‍ ലൈഫില്‍ ഇല്ല, ഇന്റര്‍നെറ്റില്‍ മാത്രം ജീവിക്കുന്നൊരുത്തി" എന്നു പറഞ്ഞ അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീക്കരുതല്ലോ.

ബ്ലോഗെഴുത്തു മൂലം മൂലക്കുരു വന്നു, ബ്ലോഗെഴുതിയെഴുതി ഭക്ഷണം കഴിക്കാന്‍ മറന്ന് മരിച്ചു,ബ്ലോഗ്‌ എഴുതാന്‍ സമയം തികയാത്തതുമൂലം ജോലി രാജി വച്ചു, ബ്ലോഗ്‌ എഴുത്തിന്റേ പേരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു, ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ നിലച്ചതിനാലെ ബ്ലോഗര്‍മാര്‍ ടെലിക്കോം ഓഫീസ്‌ കത്തിച്ചു എന്നൊക്കെ കേട്ടാല്‍ ഞാന്‍ ഇന്ന് അസംഭാവ്യമെന്ന് എഴുതി തള്ളില്ല.

ആപ്പീസ്‌ പണികള്‍ തീര്‍ക്കണം. കയ്യിലുള്ള കടലാസുകള്‍ ആനുകാലിക ലൈസന്‍സുകളായി പുതുക്കണം. വീട്ടുകാരിയെ പുറത്തു വിളിച്ചോണ്ടു പോയി നാലു സിനിമായോ മറ്റോ കാണിക്കണം. നാട്ടില്‍ നിന്നും വിരുന്നുകാര്‍ ഉണ്ട്‌ അവരേയും കൊണ്ട്‌ കറങ്ങാന്‍ പോണം. ഡയറ്റ്‌ ഒന്നു പരിഷ്കരിക്കണം നാലുകാശ്‌ ഉണ്ടാവുന്ന എന്തെങ്കിലും സൈഡ്‌ ബിസിനസ്സ്‌ കണ്ടുപിടിക്കണം. പത്തു മുപ്പത്‌ പുസ്തകങ്ങള്‍ വായിക്കാണ്ടെ കിടക്കുന്നു, ഒക്കെ വായിക്കണം.. കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌ സാറമ്മാരേ.

3 ദിവസം നോട്ടീസ്‌ ഇട്ട്‌ ഈ ജൂലായി 26 മുതല്‍ ഓക്റ്റോബര്‍ 26 വരെ ജാമ്യം തന്ന് വിട്ടയക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. കഴിയുമെങ്കില്‍ കുറച്ച്‌ നേര്‍ത്തേ തന്നെ തിരിച്ചു വരാം.

ആള്‍ജാമ്യമായി രണ്ട്‌ അനോണിമസ്സുകളേയും സ്ഥാവരജാമ്യമായി എന്‍ എച്ച്‌ 47 ഉം ദ്രവ്യജാമ്യത്തിന്‌ റിസര്‍വ്‌ ബാങ്ക്‌ സ്റ്റ്രോങ്ങ്‌ റൂമും തന്നുകൊള്ളാം.

പരോളില്‍ ഇറങ്ങി ഞാന്‍ മുങ്ങില്ലെന്ന് ഉറപ്പിന്‌. ആഴ്ച്ചയില്‍ ഒരിക്കല്‍ ഈ പോസ്റ്റില്‍ വന്ന് ഞാന്‍ ഒപ്പിടാം. എന്നോട്‌ പറയാനുള്ള കാര്യങ്ങളും ഇവിടെ കമന്റായോ പ്രൊഫൈലിലെ മെയില്‍ അഡ്രസ്സിലോ
പറയണേ, മറ്റു കമന്റുംകള്‍ വായിക്കാന്‍ നില്‍ക്കില്ല. ആയിരക്കണക്കിനു പോസ്റ്റുകള്‍ മിസ്സ്‌ ആകാതിരിക്കന്‍ സിബുവിന്റെ പിക്ക്‌ ലിസ്റ്റ്‌ പോലെ കുറച്ചുപേര്‍ കൂടി തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു.

എന്റെ തുരുമ്പെടുക്കുന്ന ജീവിതം ഒന്നു സാന്‍ഡ്‌ പേപ്പറിട്ട്‌ മിനുക്കി ഗ്രീസിട്ട്‌ സ്മൂത്താക്കി ഞാന്‍ വീണ്ടും വരാം.

കൌണ്ട്‌ ഡൌണ്‍ - 3 ദിവസം ബാക്കിയുണ്ട്‌.

55 comments:

കണ്ണൂസ്‌ said...

ആഹാ,.. അപ്പോ അങ്ങിനെയൊക്കെയാണ്‌ കാര്യങ്ങള്‍..

പോയ്‌ വരൂ.. ആകപ്പാടെ തുരുമ്പേടുത്ത ഒരു ജീവിതം, ഗ്രീസും സാന്‍ഡ്‌പേപ്പറും ഒന്നും പോരാത്ത ഒരു ജീവിതം, മിനുക്കിയെടുക്കാനുള്ള വഴികള്‍ പോയ്‌ വന്നതിനു ശേഷം പറഞ്ഞു തരൂ..

aneel kumar said...

അങ്ങനെയാണെങ്കില്‍ ബുള്‍‌ബുള്‍...

അഭയാര്‍ത്ഥി said...

അങ്ങിനെയാവട്ടെ എന്നു പറയാമൊ എന്നറിയില്ല.
എങ്കിലും ഈ പോസ്റ്റ്‌ വായിച്ചു എന്നു മാത്രം- ഒപ്പ്‌.

ഗുരുവിന്റെ അഭാവം..............

ബ്ലോഗരെ തും ലോഗ്‌ ടെല്‍ കരോ

രാജ് said...

ഗൂഗിള്‍ ടാക്കിന്റെ സ്റ്റാ‍റ്റസ് മെസേജ് ‘അവധിക്കാലം’ എന്നുമാറ്റി രാഹുകാലം തീരുന്നതും‍ നോക്കിയിരിക്കുവാന്‍ തുടങ്ങിയിട്ടു നാലഞ്ചുദിവസമായി. കുറെയേറെ പുസ്തകങ്ങള്‍ വായിക്കുവാനും പലകാര്യങ്ങളും പഠിക്കുവാനും ബാക്കിയിരിക്കുന്നു. ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി ചെയ്തുകഴിഞ്ഞാല്‍ പതിയെ ഒരു ഹിബര്‍നേഷനിലേയ്ക്കു നീങ്ങുവാന്‍ ഞാനും തയ്യാറെടുക്കുന്നു. ഞാന്‍ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഏതെങ്കിലും ബ്ലോഗോ പോസ്റ്റോ വരികയാണെങ്കില്‍ എനിക്കൊന്നെഴുതൂ, വിലാസം: peringz അറ്റ് ജിമെയില്‍.കോം.

(ഇന്നലെ ദേവനോടു ഈ ഐഡിയ ഡിസ്‌ക്ലോസ് ചെയ്തതോടെ മൂപ്പരാ ഐഡിയ മുക്കി സ്വന്തം ബ്ലോഗിലിട്ടു, അല്ലെങ്കില്‍ ഞാനിട്ടേന്നെ ‘അവധിക്കുള്ള അപേക്ഷ’)

അഭയാര്‍ത്ഥി said...

ദേയ്‌ ദേയ്‌...

ഒരാള്‍ടെ അഭാവ സദ്യ ഉണ്ണാന്‍ പൊയി ഒപ്പിട്ടു വര്‍ണേള്ളു.

ആകെ മുഷിച്ചിലാവെ.

ഉറക്കതിലെ കനവുകളും, ഉണര്‍ച്ചയിലെ ചിന്തകളും പ്രചോദനമുള്ളപ്പോള്‍ പോസ്റ്റാക്കും എന്നു കരുതട്ടെ.

ഇല്ല്യാ അതും പറ്റ്ല്യാന്നുണ്ടോ?.

പെരിങ്ങോടരേയ്യ്‌ പൂയ്യ്യ്യ്യ്യ്യ്യ്യ്യ്‌ കേക്കുണുണ്ടോ

Unknown said...

ദേവേട്ടാ,
ലീവെടുത്ത് നാട്ടില്‍ പോയി ആര്‍മ്മാദിക്കാനാണല്ലേ പരിപാടി. പെരിങ്സും പോകുന്നു. വന്‍ പുലികളൊക്കെ നാട് വിട്ടാല്‍ ബൂലോഗം എന്നെപ്പോലെ കൊച്ച് പിള്ളേര്‍ കയറി നെരങ്ങുന്ന സ്ഥലം മാത്രമായി മാറും.വെറെയും പുലികളുണ്ടല്ലോ എങ്കിലും...പങ്കിലും...

പട്ടേരി l Patteri said...

ഒരേട്ടന്‍ പരുന്തിന്റെ തണലില്‍ ഇരുന്നു ബ്ലോഗാന്‍ വന്ന അനിയന്‍ പരുന്തിനു ഇപ്പൊ ഒരു സംശയം....
ഇവിടെ ഇരുന്നു ബ്ലൊഗണൊ..അതൊ ഏട്ടന്‍ പരുന്തിനെ പൊലെ ചുറ്റിക്കറങ്ങി വരനൊ എന്നു.
എന്തായാലും പരുന്തിന്റെ കണ്ണുകളും ആയി ഇവിടുത്തെ ബ്ലൊഗൊക്കെ സസൂക്ഷ്മം നിരീക്ഷിചു, ആസ്വദിചു ഇങ്ങനെ ഇവിടെ പറന്നു നടക്കാം അല്ലെ...
പൂര്‍വാധികം ശക്തിയൊടെ (വീണ്ടും) പറന്നു വരൂ........

"യ യെഷ സുപ്തെഷു ജാഗ്രതി"
എന്നതിനു ഉറക്കത്തിലും ബ്ലൊഗെഴുതുക എന്നും അര്‍ഥം കൂടി ഉണ്ടല്ലൊ ... അല്ലെ

Rasheed Chalil said...

ദേവേട്ടാ.. അപ്പോള്‍ മുങ്ങാനുള്ള പരിപാടിയാണെല്ലെ.. പിന്നെ ദില്‍ബാസുരന്‍ പറഞ്ഞപോലെ വന്‍പുലികളെല്ലാം നാടുവിടുവാനുള്ള പരിപാടിയാണൊ...

ഫൊര്‍മാലിറ്റിയില്ലാത്ത് ബോഗര്‍ക്കിടയില്‍ നിന്ന് ആള്‍ ദി ബെസ്റ്റ് പറയാന്‍ ഒരു മടി... എന്നാലും ആശംസകള്‍..

ഏതായാലും വെക്കേഷന്‍ അടിചുപെളിച്ചു കഴിച്ച ശേഷം പൂര്‍വ്വാധികം ശക്തമായി തിരിച്ചു വരും എന്നു ഉറക്കെയുറക്കെ പ്രഖ്യപിക്കൂ...

Kalesh Kumar said...

അതങ്ങ് പള്ളീല്‍ പോയി പറഞ്ഞാ മതി.
ദേവേട്ടോ, നടക്കത്തില്ല! ഒരു രക്ഷയും ഇല്ല!
ജാമ്യാപേക്ഷ നിഷേധിച്ചിരിക്കുന്നു.
ദേവേട്ടനുമാത്രേ ഭാര്യയും ജോലിയും ബുസ്തകോം ഉള്ളു? എനിക്കും ഉണ്ടേ ഒരു ഫാര്യയും തിരക്കുള്ള ജോലിയും വായിക്കാന്‍ ഒരു ചുമട് പുസ്തകങ്ങളും.

ഇത് വായിച്ചപ്പം പെട്ടെന്ന് തോന്നിയ വികാരം സെന്‍സര്‍ ചെയ്യാതെ എന്റെ ആവേശത്തിന് പറഞ്ഞതാ ദേവേട്ടാ.അത് പോട്ടെ!

പിന്നെ, ദേവേട്ടന്റെ ജീവിതം always comes first. അതുകൊണ്ട്...

കുറുമാന്‍ said...

ആഴ്ചയില്‍ ഒരു തവണയെങ്കിലും ഇവിടെ വന്ന് പോസ്റ്റിടാം എന്നു പറഞ്ഞിട്ടുള്ളതിനാലും, രണ്ടനോണിമാരുടെ ഉറപ്പിന്മേലും, ദേവന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു.

ഹാപ്പി വെക്കേഷന്‍, വായന,യാത്ര, സിനിമകാണല്‍, ഡയറ്റിങ്.....

സു | Su said...

ബ്ലോഗില്‍ നിന്ന് പുറത്തുപോയാല്‍ അര്‍മ്മാദിച്ച്, അതില്‍ മുഴുകിപ്പോയാല്‍ തിരിച്ച് വരാനുള്ള ചാന്‍സില്‍ വളരെയധികം കുറവ് കാണുന്നതിനാല്‍ ഇയാള്‍ക്ക് യാതൊരു തരത്തിലും ജാമ്യം അനുവദിക്കരുതെന്ന് ശക്തിയായി വാദിച്ചുകൊള്ളുന്നു.

ജാമ്യാപേക്ഷ നിരുപാധികം തള്ളിയിരിക്കുന്നു.

ദേവനില്ലാത്ത മലയാളം ബ്ലോഗ് ഓണമില്ലാത്ത ചിങ്ങമാസം പോലെയാണ്.

എന്നാലും അത്യാവശ്യമാണെങ്കില്‍...പോയ് വരൂ.

ബിന്ദു said...

ഈയിടെയായി ഒരുത്സാഹക്കുറവു കാണുന്നുണ്ടായിരുന്നു. ഇതു വേണോ? നാട്ടില്‍ പോവാനാണെങ്കില്‍ ഓക്കെ.അല്ല വെറുതെ വിട്ടുനില്‍ക്കാനാണ്‌ ഭാവമെങ്കില്‍ നോ... രക്ഷ. ഞാന്‍ തള്ളിക്കളഞ്ഞു. കണ്ടില്ലേ പെരിങ്ങ്സും ചിന്തിച്ചു തുടങ്ങി, ഇനി ഓരോരുത്തരായി തുടങ്ങിയാല്‍ ..... ബൂലോഗം എന്തു ചെയ്യും. അതുകൊണ്ട്‌ പുനര്‍വിചിന്തനം നടത്തണം എന്നപേക്ഷിക്കുന്നു. എന്നു..

Unknown said...

രാവിലെ എഴിച്ച് കണ്ണും തിരുമ്മി വന്നിരുന്ന് പിന്മൊഴി തുറന്നപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് ജാമ്യാപേക്ഷ. വായിച്ചു. അപ്പോള്‍ കാര്യങ്ങളൊക്കെ ഞാന്‍ വിചാരിച്ച പോലെ പോകുന്നു എന്ന് കണ്ട് സന്തോഷിച്ചു!

ഇത്രയും വായിക്കുവാനും, എഴുതുവാനും ഈ മനുഷേന്‍ ഇതിനുമാത്രം സമയമെങ്ങനെ ഒപ്പിക്കുന്നു എന്ന് അല്‍ഭുതപ്പെട്ടിട്ടുണ്ട് ഞാന്‍. ഒരു കാര്യത്തിനിറങ്ങിയാല്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് അതില്‍തന്നെ മുഴുകി കഴിയുന്ന ഒരു പ്രത്യേകജീവി വര്‍ഗത്തില്‍ പ്രധാനി എന്ന നിലയില്‍, ഒരു വിശ്രമം അത്യാവശ്യം തന്നെ.

നെറ്റ് ലൈഫില്‍ ഞാന്‍ മുന്‍പും പിന്തുടര്‍ന്നു പോരുന്ന ഒരു രീതിയാണു, താല്‍ക്കാലിക വിരാമോളജി, അഥവാ “വിട്ടു പിടിക്കല്‍”, “നിര്‍ബന്ധിത ഇടവേള സൃഷ്ടിക്കല്‍“ എന്നിങ്ങനെ ചില ലൊടുക്കു വിദ്യകള്‍.
പലപ്പോഴും വളരെ ഉപകാരപ്രദമായി എനിക്ക് തോന്നിയിട്ടുണ്ട്. തിരക്ക് വല്ലാതെ കൂടുമ്പോള്‍, അല്ലെങ്കില്‍ അറ്റാച്മെന്റ് വല്ലാതെ കൂടുമ്പോളൊക്കെ ഈ ഡിറ്റാച്മെന്റ് പരിപാടിയില്‍ അഭയം തേടും.

ബൂലോഗത്ത് ഈ ബ്രേക്കെടുക്കല്‍ കൊണ്ടുണ്ടാവുന്ന ഏറ്റവും വലിയ പാരയാണു, തിരിച്ചു വന്നു വീണ്ടും അവധിയെടുത്താലെ പോസ്റ്റുകളും കമന്റുകളുമെല്ലാം വായിക്കാനൊക്കൂ എന്നത്.

അതിവേഗം ബഹുദൂരം വളരുന്ന ബൂലോഗത്തിനൊപ്പം ഓടിയെത്താന്‍ കഴിയാത്ത ഹതഭാഗ്യരല്ലേ ദേവാ നമ്മള്‍. അതുകൊണ്ട് കിട്ടിയ അവസരം നന്നായി മുതലെടുക്കുക. ഊണു, ഉറക്കം, വിശ്രമം, ബ്ലോഗേതര വിനോദകലകള്‍ എന്നീ മേഘലകളില്‍ ശ്രദ്ധയൂന്നി അവധിക്കാലം ചിലവഴിക്കൂ.. അന്തരാളത്തിന്റെ അണ്ഡകടാഹങ്ങളില്‍ പുതിയ ഊര്‍ജ്ജത്തിന്റെ ആന്തോളനങ്ങളുണരുമ്പോള്‍ വേഗം തിരിച്ചു വരൂ.. പൂര്‍വാധികം ശക്തിയോടെ ബ്ലോഗൂ..

ഇഷ്ടം പോലെ സമയം പോക്കറ്റില്‍ കൊണ്ടു നടക്കുന്ന ഒരു പയ്യനാണു പെരിങ്ങോടന്‍ എന്ന ധാരണ എങ്ങിനെയോ വന്നുപോയി. എന്നാല്‍ പെരിങ്ങോടനും ഹിബര്‍നേഷനു തയ്യാറെടുക്കുന്നു എന്ന് കേട്ടപ്പോള്‍ അല്‍-ഭൂതം വന്നു. ഭൂതത്തിനെ ഓടിച്ചു വിട്ടേക്കാം. പെരിങ്ങോടനും പോയ് വരൂ.. ഒരുപാട് കഥകളുടെ ഊര്‍ജ്ജം നിറച്ച്, മടങ്ങി വരൂ..

അപ്പോള്‍ ലാല്‍ സലാം സഖാക്കളേ..

ഓ.ടോ: ദേവാ മലയാളവേദി ഇടയ്ക്കൊക്കെ സന്ദര്‍ശിക്കാറുണ്ടോ?

Kumar Neelakandan © (Kumar NM) said...

ഇതൊന്നും നടക്കില്ല ദേവാ, ഒരുപാട് തിരക്കിലും തിക്കിലും പെട്ട് ഞാനും ഒന്നു മാറിനിന്നു നോക്കി. പോസ്റ്റുകള്‍ ഒന്നും കണ്ടില്ല. ഒരു കമന്റുപോലും വായിച്ചില്ല.
പക്ഷെ ഞാന്‍ ഒരുദിവസം ഞാന്‍ പോലും അറിയാതെ തിരിച്ചുവന്നു. ബ്ലോഗിങ് ഒരു അഡിക്ഷന്‍ ആണെന്ന് അപ്പോളാണ് മനസിലായത്.

എന്തായാലും ഔപചാരികമായ ഒരു മാറി നില്‍ക്കലിനെക്കാളും നല്ലതാണ് ഒരു ബ്രേക്ക് എടുക്കല്‍.

keralafarmer said...

ബ്ലോഗിങ് ഒരു അഡിക്ഷന്‍ ആണെന്ന് എനിക്കും തോന്നുന്നുണ്ട്‌ വിട്ടു നില്‍ക്കണമെന്ന്‌ ആഗ്രഹിച്ചാലും നടക്കുന്നില്ല. ദേവന്റെ അവസ്ഥയും ചുറ്റുപാടും മനസിലാക്കുന്നു അതിനാല്‍ ദേവന്റെ തീരുമാനം നല്ലതുതന്നെയാണ്‌. എനിക്ക്‌ അല്‍പം കൂടി ബാക്കിയുണ്ട്‌. അതുകഴിഞ്ഞ്‌ ഞാനും ഈ പണി വച്ചു കെട്ടും. പിന്നെ സൗകര്യം കിട്ടുമ്പോള്‍ വന്ന്‌ വായിക്കുവാന്‍ നോക്കാം. ദേവന്‍ പറയുന്ന അല്ലെങ്കില്‍ വിരല്‍ ചൂണ്ടുന്ന എല്ലാ പ്രശ്നങ്ങളും എനിക്കും ഉണ്ട്‌ എന്നതിനാല്‍ ഞാന്‍ എന്റെ എല്ലാ പിന്തുണയും മനസില്ലാ മനസോടെയാണെങ്കിലും പ്രഖ്യാപിക്കുന്നു.

വളയം said...

ഞാനൊന്ന് തുടങ്ങിയതേ ഉള്ളൂ. അപ്പൊത്തന്നെ, താപ്പാനകളും, പുപ്പുലികളും ഓരോന്നായി കളമൊഴിയുകയാണൊ?

വര്‍ദ്ധിതവീര്യരായ്‌ ക്ഷിപ്രം തിരിച്ചെത്തുക.

mariam said...

ബ്ലോഗിങ് ഒരു അഡിക്ഷന്‍ ആണെന്ന് എനിക്കും തോന്നുന്നുണ്ട്‌ വിട്ടു നില്‍ക്കണമെന്ന്‌ ആഗ്രഹിച്ചാലും നടക്കുന്നില്ല. ദേവന്റെ അവസ്ഥയും ചുറ്റുപാടും മനസിലാക്കുന്നു അതിനാല്‍ ദേവന്റെ തീരുമാനം നല്ലതുതന്നെയാണ്‌. എനിക്ക്‌ അല്‍പം കൂടി ബാക്കിയുണ്ട്‌. അതുകഴിഞ്ഞ്‌ ഞാനും ഈ പണി വച്ചു കെട്ടും. പിന്നെ സൗകര്യം കിട്ടുമ്പോള്‍ വന്ന്‌ വായിക്കുവാന്‍ നോക്കാം. ദേവന്‍ പറയുന്ന അല്ലെങ്കില്‍ വിരല്‍ ചൂണ്ടുന്ന എല്ലാ പ്രശ്നങ്ങളും എനിക്കും ഉണ്ട്‌ എന്നതിനാല്‍ ഞാന്‍ എന്റെ എല്ലാ പിന്തുണയും മനസില്ലാ മനസോടെയാണെങ്കിലും പ്രഖ്യാപിക്കുന്നു


-മറിയവും-

കടപ്പാട്‌ -ഫാര്‍മര്‍

രാജ് said...

മറിയത്തിനു ഇത്രപെട്ടെന്നു അഡിക്‍ഷനായോ? ആദ്യാദ്യമൊക്കെ രാവിലെയായിരുന്നു സന്ദര്‍ശനം ല്ലേ, ഇപ്പോ രാത്രിയുമായി. എന്തായാലും നന്നായി. സന്തോഷം :)

രാജ് said...

(ഓഫീസ് വിട്ടു നേരെ വീട്ടിലെത്തി)

mariam said...

പെരിങ്ങ്സ്‌
വണ്ടിയില്‍ നെറ്റ്‌ ഉണ്ടായിരുന്നില്ലേ....
(നാശം!. എന്നാണു ഇടക്കു തോന്നുന്നത്‌. :-D)
മനസ്സിന്റെ ഒരു കാര്യം.

രാജ് said...

ഹാഹാ ഉണ്ടായിരുന്നു, പക്ഷെ മെയിലുമാത്രെ ചെക്ക് ചെയ്യാന്‍ പറ്റൂ ;)

Adithyan said...

വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ജാമ്യാപേക്ഷ തള്ളാമായിരുന്നു... ഇതിപ്പോ ദേവഗുരു ആയതു കൊണ്ട് ഒന്നും പറയാന്‍ വയ്യല്ല്ലോ...

ഇന്‍വോള്‍വ്മെന്റ് കുറയ്ക്കണം എന്നു തോന്നിത്തുടങ്ങി... ഓരോ ഫാഡി-നും ഒരു ലൈഫ് സ്പാന്‍ ഉണ്ടല്ലോ... അടുത്തതിനായി കാത്തിരിയ്ക്കാം...

nalan::നളന്‍ said...

ബ്ലോഗഡോക്സിനു പിന്നാലെ ഇതും..(അതേറ്റോ ആവോ!)
ദേവാ ! വെര്‍ച്വല്‍ ജീവതിതത്തിനൊരു ബ്രേക്ക്..
ഇതിലും ഭംഗിയായിപ്പറയാന്‍ വേറാരുമുണ്ടെന്നു തോന്നുന്നില്ല.
പോയ് വരൂ!! ഇതു പോലുള്ള പോസ്റ്റുകള്‍ക്കായെങ്കിലും!

evuraan said...

ദേവാ, ജാമ്യം അനുവദിച്ചിരിക്കുന്നു, നഷ്ടം വളരെ വലുതാണെങ്കിലും.

ആട്ടേ, ആ ചിത്രം -- അതിന്റെയാണോ? ഒന്നും തിരിയണില്ലാ...?

Anonymous said...

ദേവേട്ടാ,
എനിക്ക് മനസ്സിലാവണില്ല്യ..അപ്പൊ ഇഷ്ടപ്പെട്ടു ചെയ്യണ പണിയല്ലേ ഈ ആയുരാരോഗ്യം ബ്ലൊഗ്ഗ്?
അല്ലെങ്കില്‍ വിദ്യ ബ്ലോഗ്? ഞാന്‍ കരുതി ദേവേട്ടന്‍ ഇഷ്ടപ്പെട്ടു ചെയ്യണ ഒരു ഹോബിയാണ് ഈ ബ്ലോഗ്ഗിങ്ങ് എന്നത്?അപ്പൊ ഇഷ്ടപ്പെട്ടു ചെയ്യുന്ന ഈ ഹോബി ഒരു സ്റ്റ്രെസ്സ് ഫ്രീ അല്ലെ തരിക?
പിന്നെ ഇടക്കിടക്ക് എന്നും സംസാരിക്കുന്ന കൂട്ടുകാരോടൊക്കെ ഈ ബ്രേക്ക് എടുക്കുമൊ?
പിന്മൊഴിയില്‍ കൂടി നോക്ക്യാല്‍ ഒത്തിരി സമയം പോകും..നമ്മള്‍ കമന്റൊക്കെ വായിച്ചു മറുകമന്റിട്ട്
നടന്നാല്‍..അല്ലാണ്ട്.. തനിമലയാളം പുതിയ പോസ്റ്റൊക്കെ എന്റെ ഒരു കണക്കില്‍ ഒരു 45 മിനുട്ട്സില്‍ കൂടുതല്‍ എടുക്കില്ല...അന്നന്ന് പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകള്‍ മാത്രം വായിക്കന്‍..കമന്റിടാന്‍ നിക്കുമ്പൊ ആണ് സമയം കൂടുതല്‍ എടുക്കുക..അപ്പൊ ഒത്തിരി പ്രാധാന്യം എന്ന് തോന്നണ കമന്റ്സ് ഇട്ടാല്‍ മതി. ഒത്തിരി പത്രം വായിക്കുകയാണ് എന്ന് പറഞ്ഞ് നമ്മള്‍ ബ്രേക്ക് എടുക്കുമൊ? ഇല്ലല്ലൊ..
അതുകൊണ്ട് ഒരു 45 മിനുട്ട്സ് ഈ ബ്ലോഗുകളും വായിക്കാനും അതുപൊലെ വല്ലപ്പോഴുമെങ്കിലും കമന്റ് വെക്കാന്ം സാവകാശം കണ്ടെത്തിയാല്‍ പോരെ? അതു തരുത്ത ആ സുഖം വേറെ എന്തു ചെയ്താലും കിട്ടുമൊ? അപ്പൊ എന്തിനാ ഈ ഫ്രീ ആയിട്ട് കിട്ടുന്ന സുഖം വേണ്ടാന്ന് വെക്കണെ?
ദേവേട്ടന്‍ ഇങ്ങിനെ ആണെങ്കില്‍ ആ കുട്ട്യേട്ടത്തീടെം ഉമേഷേട്ടന്റേയും കാര്യം ഒന്ന് ആലോച്ചിച്ചു നോക്കിക്കെ? ഞാന്‍ അല്‍ഭുതപ്പെടാറുണ്ട് അവരുടെ ടൈം മാനേഗ്മെന്റ് കണ്ടിട്ട്..അപ്പൊ...ഇതില്‍ നിന്ന് ഒളിച്ചോടാണ്ട്...ടൈം അതുപോലെ മാനേജ് ചെയ്താല്‍ പോരെ? ഒരു സെറ്റ് ടൈം വെച്ചാല്‍ പോരെ?
എനിക്ക് ദേവേട്ടന്‍ ഇല്ലാ‍ണ്ട് ഈ ബ്ലോഗൊക്കെ ആലോചിക്കാന്‍ പോലും പറ്റണില്ല്യ..സങ്കടം വരുന്നുണ്ട്.ദേ ഇപ്പൊ പെരിങ്ങ്സും പോണൂന്ന്..അതു ശരി!എന്നാ എല്ലാരും കൂടി പോയ്ക്കൊളൂ..ഞങ്ങളെ തനിച്ചാക്കിട്ട്..
നിങ്ങളീ മീറ്റൊക്കെ നടത്തി ആ കൈപ്പള്ളി ചേട്ടന്‍ എന്തൊക്കെയൊ പറഞ്ഞപ്പൊ ഞാന്‍ കരുതി എല്ലാരും കൂടി ഭയങ്കര ബ്ലോഗിങ്ങ് ആയിരിക്കുമിനി എന്ന്..ഇതിപ്പൊ നേരെ തിരിച്ചു..
ടി.വി ഒത്തിരി കാണുന്നുണ്ടെങ്കില്‍ നമ്മള്‍ അതു കാണാണ്ടെ ഇരിക്കാന്‍ ചെയ്യണതിനേക്കാളും ഒരു സമയപരിധി വെക്കണതല്ലെ നല്ലത്?
എനിക്കറിഞ്ഞൂടാ നിങ്ങള്‍ എന്തിനാ ഇങ്ങിനെ സങ്കടപ്പെടുത്തണെ എന്ന്...സത്യായിട്ടും..ഒരു സുഖവുമില്ലാട്ടൊ... :-( :-(

രാജ് said...

എല്‍.ജി ബൂലോഗത്തിലെ മികച്ച പോസ്റ്റുകളും കമന്റുകളും വായിക്കാന്‍ ഇപ്പോള്‍ പരസഹായം കൂടാതെ വയ്യെന്നായിരിക്കുന്നു. അത്രമാത്രം contents ഇന്നിവിടെയുണ്ടു്. സ്വയം തിരഞ്ഞെടുത്തുവായിക്കുന്ന കാര്യവും ബുദ്ധിമുട്ടുള്ളതു തന്നെ. വായനയ്ക്കും പഠനത്തിനും സമയം കിട്ടാതെ വന്നപ്പോള്‍ നെറ്റിലെ വായനയ്ക്കു സമയം തികയാതെ വരുന്നു. പല വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത വായനയ്ക്കു് ഉതകുന്ന തരത്തില്‍ പോസ്റ്റുകളും കമന്റുകളും ക്രോഡീകരിക്കുന്ന ഒരു പോര്‍ട്ടലിനെ പറ്റി‍ ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നു. ഒരു പക്ഷെ അതാവും ബൂലോഗത്തിനുവേണ്ടി ഞങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം, അതു തീര്‍ക്കുന്ന വരെയെങ്കിലും ഇവിടെയുണ്ടാകണം. btw ഞാന്‍ എഴുത്തു നിര്‍ത്തീന്നാരും കരുതേണ്ടാട്ടോ, വായനയ്ക്കു മാത്രമാണു്, ചില ഉപാധികള്‍ ;)

(കല്യാണം കഴിക്കാന്‍ വേണ്ടിയാണു ഞാന്‍ ലീവെടുക്കുന്നതെന്നു് ഇവിടെ ആരാ കിംവദന്തി പരത്തിയതു്? ബിന്ദ്വേടത്തിയാണോ?)

Anonymous said...

ഹഹഹ..അപ്പൊ എല്ലാ പോസ്റ്റും വായിക്കാണ്ട് എങ്ങിനെയാ പോസ്റ്റുകള്‍ തിരഞ്ഞെടുക്കുക? ഹിഹി..

എനിക്കെന്തോ ഈ പോര്‍ട്ടല്‍ പരിപാടിയോട് ഇപ്പൊ വലിയ ഒരു സുഖം തോന്നണില്ല്യ...
ആദ്യമേ തറു തല പറയണതല്ല.പക്ഷെ ഈ
‘തിരഞ്ഞെടുത്ത’ വായനാ പോര്‍ട്ടലാവുമ്പൊ മറ്റു ബ്ലോഗുകള്‍ തഴയപ്പെടില്ലെ? പിന്നെ എല്ലാരും ആ പോര്‍ട്ടല്‍ മാത്രം നോക്കും..ഒത്തിരി ബയസ്ഡ് ആവും..അപ്പൊ പിന്നെ അവസാനം മാതൃഭൂമിയും കലാകൌമുദിയും പോലെ കുറച്ചു പേരുടെ കൃതികള്‍ പോലെ ഒക്കെ ആവില്ലെ? ഇതിപ്പൊ ഒരു സമത്വം ഉണ്ട്..ഒരോരോ വായനക്കാരുടെ അഭിരുച്ചിക്കനുസരിച്ചു അവര് വായിക്കുന്നു...
..അല്ലെങ്കില്‍ വായിക്കുന്നില്ല..

അല്ല..ഇനിയിപ്പൊ അങ്ങിനെ ആവൂല്ലെങ്കില്‍ നോ പ്രോബ്ലം കേട്ടൊ. എന്നാലും ഞാന്‍ ഒന്ന് പറഞ്ഞൂന്നെ ഉള്ളൂ..ജുസ്റ്റ് പറഞ്ഞൂ...

സ്നേഹിതന്‍ said...

മലയാളം ബ്ലോഗുകളിലെ സജീവ സാന്നിദ്ധ്യമാണ് ദേവരാഗം. മൂന്നു മാസത്തെ ഒഴിവ് ബൂലോഗത്തിന് നഷ്ടം തന്നെ.

എന്നിരുന്നാലും ദേവരാഗത്തിന്റെ ആവശ്യം എനിയ്ക്ക് മനസ്സിലാകും. ഞാനും ഇതേ അവസ്ഥയിലാണിപ്പോള്‍. ഒരാഴ്ചയിലധികമായി പോസ്റ്റുകള്‍ വായിയ്ക്കുകയോ കമന്റുകയൊ ചെയ്തിട്ടില്ല. എന്റെ ബ്ലോഗില്‍ പോസ്റ്റിയിട്ട് മൂന്നാഴ്ചയായി. കഴിയുമെങ്കില്‍ ഇന്ന് പോസ്റ്റണം.

പോയി നവ ചൈതന്യത്തോടെ വേഗം തിരിച്ചെത്തു ദേവരാഗം.

ദിവാസ്വപ്നം said...

1. ദേവേട്ടാ, അത് തീരെ ശരിയായില്ല എന്നാണ് എന്റെ പ്രതികരണം. അതിന്റെ കാരണം മനസ്സിലാവാഞ്ഞിട്ടല്ല. എന്നാലും,
കഭി അല്‍ബിദാ ന കഹനാ...
കഭി അല്‍ബിദാ നാ കഹനാ‍ാ‍ാ...

2. തിരഞ്ഞെടുത്ത പോസ്റ്റുകളുടെ പോര്‍ട്ടല്‍ എന്ന് പറയുന്നത് കേട്ടപ്പോള്‍ വിഷമം വീണ്ടും കൂടി. അത് വേണോ സുഹൃത്തുക്കളേ ?

ദീര്‍ഘകാലാടിസ്ഥാനത്തില്‍, അതൊക്കെ വേണ്ടിവരും ; ശരിയാണ്. പോസ്റ്റുകളും കമന്റുകളും മാനേജ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് പിടിച്ച ഒരു സ്റ്റേജിലായിരിക്കും അത് നടപ്പാക്കേണ്ടിവരുക.

എന്നാലും, എല്‍ജിചേച്ചി പറഞ്ഞത് പോലെ, അങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടത്തപ്പെടുമ്പോള്‍, തുല്യത എന്ന സംഗതി കുറയില്ലേ... പിന്നെ അത് ആവശ്യമില്ലാത്ത തെറ്റിദ്ധരണകള്‍ക്കും ഒക്കെ ഇടയാക്കില്ലേ..

തല്‍ക്കാലത്തേക്കെങ്കിലും, (വായനയുടെ കാര്യത്തിലെങ്കിലും) ഒരു മണിക്കൂറു കൊണ്ടൊക്കെ ക്യാച്ച്-അപ്പ് ചെയ്യാന്‍ പറ്റുന്നതത്രയല്ലേ ഉള്ളൂ ഇന്നത്തെ പോസ്റ്റുകളും കമന്റുകളും.

ചടപടേന്ന് എന്തെങ്കിലും എഴുതിയുണ്ടാക്കി പെട്ടെന്ന് പബ്ലിഷ് ചെയ്യുന്ന ചില പോസ്റ്റുകളും, ഒരേ വിഷയത്തെപ്പറ്റി തന്നെ ആവര്‍ത്തിച്ച് വരുന്ന പോസ്റ്റുകളും ഒഴിവാക്കി നമുക്കു തന്നെ സ്വയം ഒരു ട്രിമ്മിംഗ് നടത്താവുന്നതല്ലേയുള്ളൂ. എന്റേതുള്‍പ്പെടെ. (സെയിം വിത്ത് കമന്റ്സ്).

മുന്നോട്ട്, പോസ്റ്റുകളെ ക്യാറ്റഗറി തിരിക്കല്‍ എന്നൊരു ആശയം നമ്മുടെ മുന്നില്‍ ഉണ്ടല്ലോ. (ഒരു പോസ്റ്റ് ഒന്നില്‍ കൂടുതല്‍ ക്യാറ്റഗറിയില്‍ പെടരുതെന്ന് ആണ് എന്റെയൊരു തോന്നല്‍. ക്യാറ്റഗറികളുടെ എണ്ണവും ഒരു അരഡസനില്‍ കൂടുതല്‍ വേണോ. ക്യാറ്റഗറി തിരിക്കാന്‍ അതായിരിക്കും എളുപ്പം)

അങ്ങനെ തട്ടിക്കൂട്ടി, പറ്റുന്നിടത്തോളം ഇത് ഇങ്ങനെ തന്നെ കൊണ്ടുപോകുന്നതല്ലേ ഉചിതം....

Unknown said...

ദേവരാഗം,
ഇടവേള ഉദ്ദേശിച്ച ഫലം ചെയ്യട്ടെ!

പെരിങ്ങോടന്റ്റെ ആശയം ഇവിടെ പലര്‍ക്കും നിര്‍ബന്ധിത ഇടവേളകള്‍ അല്ലെങ്കില്‍ വിരമിക്കലുകള്‍ സൃഷ്ടിക്കും.
എന്റെ അഭിപ്രായത്തില്‍ ബ്ലോഗുകളുടെ നിലനില്‍പ്പിനെ കമന്റുകള്‍ ഗണ്യമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. കമന്റുകള്‍ ഇല്ലാതെ 3 -4 പോസ്റ്റുകള്‍ കഴിയുമ്പോള്‍ ബ്ലോഗറുടെ ഉത്സാഹം കുറയും, പ്രതികരണങ്ങള്‍ കാണാതാകുമ്പോള്‍ പിന്നെ പോസ്റ്റുകളുടെ എണ്ണം, ബ്ലോഗ്ഗുകളുടെ എണ്ണം കുറയും.അപ്പോള്‍ പിന്നെ പോര്‍ട്ടല്‍ ഒരു ബാധ്യതയായി മാറും.

ദിവാസ്വപ്നം പറഞ്ഞതുപോലെ ഈ തെരഞ്ഞെടുപ്പ് പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലേ..?? അത്യന്തികമായി ജീ ടാക്ക് വൃത്തതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമായി ചുരുങ്ങില്ലേ ഈ ബൂലോകം എന്ന് ഒരു സംശയം..!

viswaprabha വിശ്വപ്രഭ said...

ദേവാ,
കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

“നീ ഞങ്ങളെ പൂണ്ടിരിക്കുന്നത് എന്തിനു?” നീ ‍ ചോദിച്ചു.

“ജ്ഞാനവിധിയുള്ളവനെ ഞാന്‍ മുക്കുവനാക്കും, കടലായ കടലൊക്കെയും കരയായ കരയൊക്കെയും നമുക്കു വല വിരിക്കാം...
നമുക്കൊത്തുചേര്‍ന്ന് മനുഷ്യരെപ്പിടിക്കാം!” -നിസ്സങ്കോചം അതു നിന്നെ കൂടുതല്‍ ഒട്ടിച്ചേര്‍ന്നിരുന്നു.

“മലയടിവാരത്തിലെ‍ കൂടാരത്തില്‍ എന്റെ ഇണയുണ്ട്. കൊരുത്തിട്ട വിത്തുകളില്‍ ഒരു പുതിയ സുവിശേഷം തളിരെടുക്കുണ്ണുണ്ട്. എനിക്കവരോടൊപ്പം അന്തിയുറങ്ങണം. പ്രപിതാക്കളുടെവെളിപാടുകള്‍ സത്യമായ് വരാന്‍, തലമുറകളോടുള്ള കടം വീട്ടാന്‍ എനിക്കാ സുവിശേഷം തുന്നിക്കെട്ടണം. നക്ഷത്രങ്ങളുടെ വംശവഴിയില്‍ എനിക്കെന്റെയും തിരി തെളിക്കണം!”

“പൊയ്ക്കോളൂ, പക്ഷേ നിന്റെ ഉറക്കത്തിലും ഞാന്‍ സ്വപ്നമായി കത്തിയെരിയും. തിരിച്ചുവരുവോളവും നിന്നെ ഞാന്‍ ചുട്ടുനീറ്റിക്കും...
നിനക്കു വിശക്കും. ദാഹിക്കും. കല്‍ക്കഷണങ്ങള്‍ അപ്പമാക്കാനറിയാതെ നിന്റെ വിദ്യകളും വരങ്ങളും നിന്നില്‍നിന്നും മാറിനില്‍ക്കും...”

നിന്റെ അപ്പം തിരഞ്ഞ് നിനക്കിവിടെ വന്നേ തീരൂ...

**** **** ****
ഇല്ല, ദേവാ, നമുക്കൊന്നുമൊക്കില്ല പോവാന്‍!

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

Visala Manaskan said...

ദേവ ഗുരുവിന്റെ ജാമ്യാപേക്ഷ ഇന്നാണ് കണ്ടത്.

കഴിഞ്ഞ കുറേ മാസങ്ങളായി, മനസ്സമാധാനത്തോടെ ഞാന്‍ ബ്ലോഗിയിട്ടില്ല. എന്റെ കര സ്പര്‍ശം കാത്ത് കിടക്കുന്ന ഡോക്യുമെന്റ് അട്ടികള്‍ കണ്ടില്ലെന്ന് നടിച്ച് , അവസാനം, യുദ്ധകാലാടിസ്ഥാനത്തില്‍ ഫുള്‍ പ്രഷറില്‍ ചെയ്തവസാനിപ്പിച്ചുമൊക്കെയാണ് ഞാന്‍ ബ്ലോഗുന്നത്. (ഇതെഴുതുമ്പോഴും കൂമ്പാരം മുന്നിലുണ്ട്)

ഇപ്പോള്‍ മലയാളം ബ്ലോഗുകളും ബ്ലോഗിലെ ഫ്രന്‍സും എന്റെ ജീവിതത്തിന്റെ ഭാഗമായിപ്പോയതുകൊണ്ട് ബ്ലോഗിങ്ങ് ‘കുറക്കാം‘ എന്നല്ലാതെ ‘നിര്‍ത്താം‘ എന്ന് ചിന്തിക്കുന്നില്ല.

ഞാന്‍ കണ്ടിട്ടുള്ള ജീനിയസ്സുകളില്‍ ഒരാളായ ശ്രീ. ദേവന്‍, മലയാളം ബ്ലോഗിങ്ങ് ‘കുറച്ചുകൊണ്ട് ‘ ഈ അവസ്ഥകളെ തരണം ചെയ്യണമെന്ന് താഴമയായി അപേക്ഷിച്ചുകൊള്ളുന്നു.

ഒരു കാര്യം കൂടെ,

പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണീകളേ... കുറച്ച് ദിവസങ്ങളായി പുതിയ പോസ്റ്റുകള്‍ ഞാന്‍ വായിക്കാത്തതിനും കമന്റാത്തതിനും ഉത്തരവാദി, മാസാമാസം എനിക്ക് ശമ്പളം തരുന്ന ഈ കമ്പനിയുടെ മുതലാളി, ബൂര്‍ഷ്വാ,മാത്രമാണെന്ന് ഞാന്‍ ഈയവസരത്തില്‍ പറഞ്ഞുകൊള്ളട്ടെ.

Anonymous said...

ഒരു കഞ്ചാവു ബീഡി കിട്ടിയിരുന്നെങ്കില്‍..ല്‍..ല്‍...

വിശ്വപ്രഭയുടെ കമന്റിന്റെ അര്‍ത്ഥം മനസ്സിലാക്കാമായിരുന്നു..ന്നു..ന്നു...

nalan::നളന്‍ said...

പടത്തെപ്പറ്റി പറയാന്‍ മറന്നു..
രാഗത്തിനെ തുരുമ്പു പിടിക്കുന്നതിനു മുന്‍പൊന്നു മിനുക്കിയെടുക്കാം.
പടം ശ്ശേ! പിടിച്ചു!

evuraan said...

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

അതു തന്നെയൊരുഗ്രന്‍ പോസ്റ്റാണല്ലോ വിശ്വം...

വരികളൊരുപാട് ഇഷ്ടപ്പെട്ടു. പരിചിതമായ, വായിച്ചു മറന്നവ പോലെ തോന്നുന്നു.

വരും, അവന്‍ വരാതിരിക്കില്ല. നീര്മാതളങ്ങള്‍ പൂത്തോയെന്നും മുന്തിരിവള്ളികള് തളിര്‍ത്തോ എന്നും നോക്കാനവന്‍ വരും.

കുറഞ്ഞ പക്ഷം, മുരിങ്ങയിലയുടെ ഗുണം നമ്മോട് പറയാനുമോ, തട്ടിന്‍‌പുറത്തെ, ഇനിയും കാണാത്ത ഒരു ജീവിയുടെ കഥാചിത്രങ്ങള്‍ നമ്മോട് പറയാനുമോ -- എന്തിനെങ്കിലും അവന്‍ വരും.

വരുമായിരിക്കും.

മുസാഫിര്‍ said...

ദേവന്‍ ജി !,സംഗമത്തില്‍ വച്ചു കണ്ട കുറച്ചു നേരത്തെ പരിചയം വെച്ചു പറയട്ടെ.
ബ്ലൊഗിങിനു ഇനിയും ആ ദേവ സാന്നിദ്ധ്യം ആവശ്യമൂണ്ടെന്നാണു ഈയുള്ളവനു തോന്നുന്നത്.
സൃഷ്ടി കഴിഞു സ്ഥ്തിയും സംഹാരവും (?) മറ്റുള്ളവരെ ഏല്‍പ്പിക്കാറായൊ ? തീരുമാനമെടുക്കനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു, അതു കൊണ്ടുതന്നെ ‘ഇല്ല’ എന്നു മനസ്സ്സിലേ പറയുന്നുള്ളു.

ദേവന്‍ said...

കണ്ണൂസേ,
പരുന്തിന്റെ എഴു തത്വങ്ങളെന്ന ഒരു ആര്‍ട്ടിക്കിള്‍ (പണ്ടെന്നോ എം വി യില്‍ ക്വാപ്പി പേസ്റ്റിയിരുന്നു) ലോണ്ടെ ലിങ്ക്‌.
http://www.midweek.co.za/themedownload.asp?themeid=39&language=1&html=1
അതില്‍ അവസാനത്തേത്‌ ഇങ്ങനെ. പരുന്ത്‌ അവശനാകുമ്പോള്‍ ഒളിസങ്കേതം പൂകിയിട്ട്‌ സ്വന്തം തൂവലുകളെല്ലാം കൊത്തിപ്പറിച്ചുകളയും. എന്നിട്ട്‌ പുതിയതു കിളിര്‍ത്ത്‌ പുത്തന്‍ ഉണര്‍വും ആരോഗ്യവും ഉന്മേഷവുമായി വീണ്ടും തിരിച്ചു വരും. പരുന്തിനെപ്പോലെ, എന്തിന്‌ ഫീനിക്സ്‌ പക്ഷിയെപ്പോലെ പുത്തന്‍ കണ്ണൂസാകുക, കണ്ണൂസിനിഷ്ടമുള്ളൊരു കണ്ണൂസാകുക. കണ്ണൂസിനിഷ്ടമുള്ളവര്‍ക്കിഷ്ടമുള്ളൊരു കണ്ണൂസാകുക. എത്രയെളുപ്പം!


അനിലേട്ടാ
ആ ബുള്‍ബുളും നാളെ നാളെയെന്ന് ഉടമ മാറ്റി വച്ചു വച്ച്‌ രാഗങ്ങളെല്ലാം തുരുമ്പിച്ചു പോയ ഒന്നാണേ. പുതിയ കമ്പികള്‍ വാങ്ങിടണം, പിന്നെ വാര്‍ണ്ണീഷ്‌ പുരട്ടണം. എന്നിട്ട്‌ ആകെ എനിക്കതില്‍ പാടാന്‍ അറിയാവുന്ന പാട്ട്‌ ഒരിക്കല്‍ കൂടെ പാടി നോക്കണം.

ഗന്ധര്‍വ്വരേ,
ഗ്രാന്‍ഡ്‌ ആബൊട്ട്‌ ആയി താങ്കളിരിക്കുമ്പോള്‍ ഇനിയേതു ഗുരുവിന്റെ കസേരയുണ്ട്‌ ബാക്കി?

രാജേ,
ബ്ലോഗാവധി വേണമെന്ന് ഞാനും ചിുന്തിച്ചു തുടങ്ങീട്ടു കാലം കുറേയായി. പോസ്റ്റിട്ടുപോകാന്‍ രണ്ടുണ്ട്‌ കാരണം
ഒന്ന്: പറയാതെ മുങ്ങിയാല്‍ പിണങ്ങിപ്പോയതാണെന്നോ നിറുത്തിപ്പോയതാണെന്നോ കരുതും
രണ്ട്‌ : ദേ താഴെ കണ്ടില്ലേ കുമാര്‍ പറയാതെ ബ്രേക്ക്‌ എടുത്തു നോക്കി, ബ്രേക്കിട്ടതും ബ്രേക്കു ബ്രേക്കായി
തിരിച്ചുവന്നു.
[ രണ്ടാമനായാല്‍ അപേക്ഷ നിരസിക്കപ്പെടാനുള്ള സാദ്ധ്യത മാത്തമാറ്റിക്സിലെടുത്ത്‌ ആദ്യത്തേത്‌ ഞാന്‍ സമര്‍പ്പിച്ചു. ആട്ടോക്കലയുടെ തീയറി "ഒരടി നടക്കുമെന്ന് കണ്ടാല്‍ ആദ്യത്തേ പൊട്ടിക്കല്‍ നമ്മള്‍ തന്നെ നടത്തണം, ജയിക്കാനുള്ള സാദ്ധ്യത ഏറ്റവും കൂടുതല്‍ ആദ്യമടിച്ചവനാണ്‌"]

ദില്‍ബാ,
ഒന്നിനു പത്ത്‌ പത്തിനു നൂറെന്നല്ലേ പുലികള്‍ ഇവിടെ, ഒരെണ്ണത്തിനെ ഇപ്പോ കാണണമെങ്കില്‍ ദേ ആ വാഷ്ബേസിനു മുകളിലെ കണ്ണാടിയില്‍ കണ്ടോ.

vacation എടുക്കുന്നില്ലാ, എങ്ങും പോകുന്നതുമില്ല. ലീവു കിട്ടുമെങ്കില്‍ അതെടുത്ത്‌ ബ്ലോഗ്‌ എഴുതിയേനെ.

പട്ടേരിപ്പരുന്തേ,
സെവന്‍ പ്രിന്‍സിപ്പിള്‍സ്‌ ഓഫ്‌ ഈഗിള്‍ അഥവാ വായിച്ചിട്ടില്ലെങ്കില്‍ ദേ മുകളില്‍ ലിങ്കി.

വന്നിട്ടു വേണം ജോയിന്റ്‌ ആയി നമുക്ക്‌ പച്ചമലയാളത്തില്‍ ഒരു കണക്കെഴുത്ത്‌ സഹായി രചിക്കാന്‍. നമുക്കു കഴിയുന്നതും, ഇതുവരെ ചെയ്യപ്പെട്ടിട്ടില്ലാത്തതും എന്നാല്‍ കാലാകാലം പ്രയോജനം ചെയ്യുന്നതുമായ ഒന്നാണേ അത്‌.


കലേഷേ
ഞാന്‍ വെക്കം പൊയേച്ചു വെരുമെന്നേ. ഒട്ടും പറ്റാത്തതുകൊണ്ടാ.

കുറുമാനേ
ആഴ്ച്ചേലാഴ്ച്ചേല്‍ വന്ന് comment/ പോസ്റ്റിട്ടോളാമേ. സത്യം, സത്യം, സത്യം.

സൂ
(ധീം തരികിടതോമില്‍ പപ്പു അഡ്വാന്‍സ്‌ ചോദിക്കുന്നതുപോലെ) "ഞാനിതു ചോദിക്കണമെന്ന് വിചാരിച്ചിട്ടല്ല, പിന്നെന്താന്നറിയ്യോ, അത്ര നിവര്‍ത്തികേടുകൊണ്ട്‌ ചോദിച്ചുപോകുന്നതാ."

ബിന്ദൂ
അമ്മച്ചിയാണെ പെരിങ്ങോടന്‍ ബ്രേക്ക്‌ എടുക്കുന്നതിനു ഞാന്‍ ഉത്തരവാദിയല്ല. ഞാന്‍ ശകലം മുങ്ങുകയേ നിവര്‍ത്തിയുള്ളു ഇല്ലെങ്കില്‍ മുങ്ങിച്ചാകുമെന്ന് പറഞ്ഞപ്പോഴേ രാജും പറഞ്ഞു "ഞാനിതു കുറേക്കാലമായി ആലോചിച്ചുകൊണ്ടിരിക്കുകയാണെ"ന്ന്.

യാത്രാമൊഴിയേ,
നമ്മുടെയൊക്കെ കാലം പോലെ ബാച്ചിലര്‍ക്ക്‌ ബീച്ചില്‍ മലര്‍ന്നു കിടന്നോ ക്ലബ്ബില്‍ കൊടുംകൈ കുത്തി കിടന്നോ മരത്തിന്റെ ചാഞ്ഞ കൊമ്പില്‍ ചാരിക്കിടന്നോ വൈകുന്നേരം ചുമ്മാ കളയാന്‍ ഇന്നു സൌകര്യമില്ലെന്നാ തോന്നുന്നത്‌.(എന്നാണോ ലോകം മൊത്തം ചുമ്മാ ഒരു ദിവസം ഇരുന്നു രസിക്കുന്നത്‌.)

ബ്രേക്ക്‌ എടുത്തില്ലേല്‍ ബ്രേക്ക്‌ ഡൌണ്‍ ആയിപ്പോകുമെന്ന് ഭയന്നിട്ടാണേ പോക്ക്‌. പോസ്റ്റുകള്‍ വായന സബ്‌ കോണ്ട്രാക്റ്റ്‌ (വക്കാരിക്ക്‌ ക്രെഡിറ്റ്‌) ചെയ്യാനുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ്‌ സിബുവിനു പുറമേ ആരെങ്കിലും ബൂക്ക്‌ മാര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് തിരക്കിയത്‌.

മലയാളവേദിയില്‍ ഇപ്പോഴും പോകാറുണ്ട്‌. വായിച്ച്‌ തീര്‍ക്കാന്‍ കഴിയാറില്ലെങ്കിലും(ക്ലോണുകളടക്കം 2500 അംഗങ്ങളല്ലേ ഒരുമാതിരിപ്പെട്ടവനു വായിച്ച്‌ തീര്‍ക്കാന്‍ പറ്റില്ല) വായിക്കാറുമുണ്ട്‌. കമന്റ്‌ ഇട്ടു തുടങ്ങിയാല്‍ സ്ഥിരം എഴുതണമല്ലോ എന്നു വിചാരിച്ച്‌ ഒളിച്ചു പോയി വായിച്ച്‌ മടങ്ങുമെന്നേയുള്ളു. അവിടേയും ഫോട്ടോഗ്രാഫി ത്രെഡുകള്‍ കാണാന്‍ ബുദ്ധിമുട്ടുന്നു , ഫ്ലിക്കര്‍ ബാനിലായതില്‍ പിന്നെ.


കുമാറേ
ഔദ്യോഗികമായി അവധി എടുക്കാഞ്ഞതില്‍ പറ്റിയതാണേ അത്‌.
ബൂലോഗം ഒരു വീടല്ലേ, രണ്ടു ദിവസം മിണ്ടാതെയിരുന്നാല്‍ "ലവനെ കാണാനില്ലല്ലോ എന്തരുപറ്റിയോ. വല്ല ഏനക്കേടുകളും.." എന്ന് ആളുകള്‍ അന്വേഷിക്കും.

ചന്ദ്രേട്ടാ,
ബ്ലോഗിംഗ്‌ സ്ഥിരമായി നിറുത്താന്‍ യാതൊരുദ്ദേശവുമെനിക്കില്ല. അതൊട്ടു കഴിയുകയുമില്ലെനിക്ക്‌. ജീവിതത്തിലെ തിരക്കുകള്‍ കൊണ്ട്‌ രണ്ടുമൂന്നു മാസം എഴുത്തൊന്നു നിറുത്തുന്നെന്നേയുള്ളു. ചന്ദ്രേട്ടനെപ്പോലെ തിരക്കും അതിനും മുകളില്‍ പൊതുപ്രവര്‍ത്തനവുമുള്ള ഒരാളിന്‌ എങ്ങനെ ഇത്ര ആക്റ്റീവായി ബ്ലോഗെഴുതാന്‍ കഴിയുന്നു എന്ന് ആലോചിക്കാറുണ്ട്‌. എങ്ങനെയായാലും എഴുത്ത്‌ തുടരേണ്ടതുമുണ്ട്‌, വേറേയാര്‍ക്കും ചന്ദ്രേട്ടന്റേതുപോലെ ഒരു ബ്ലോഗ്‌ എഴുതാന്‍ കഴിയില്ല എന്ന് ഞാന്‍ പറയാതെ തന്നെ അറിയുമല്ലോ.

വളയമേ,
നമ്മള്‍ നരിയും കുഞ്ജരനുമല്ലേ. കളവും ഒഴിയുന്നില്ല. ഇത്തിപ്പോരം ലീവ്‌. ദേ ഇപ്പോ എത്തി.

മറിയം,
ചന്ദ്രേട്ടന്‍ എട്ടുപത്തു ബ്ലോഗിലായി പത്തിരുന്നൂറു പോസ്റ്റ്‌ ഇട്ടശേഷമാണ്‌ അതു പറഞ്ഞതെന്നതിനാല്‍ പോകല്ലേ പോകല്ലേ എന്നു പറയാമെന്നല്ലാതെ പ്രതിഷേധിക്കാന്‍ നമുക്കവകാശമില്ല. നമുക്കു വായിക്കാന്‍ എത്ര എഴുതി അദ്ദേഹം. എന്നാല്‍ മറിയം അതാവര്‍ത്തിച്ചാല്‍ പ്രതിഷേധിക്കും ആ പോക്ക്‌ വോഡൌസാറ്‌ "he came and returned so quickly that while returning he almost bumped into him coming in" എന്നു പറഞ്ഞപോലെ ഒരു പോക്കാവുമല്ലോ. ആരും പോകുന്നില്ല.
മറിയത്തിനു ബ്രേക്ക്‌ റ്റൈമും ആയിട്ടില്ല. പിന്നെ അഡിക്ഷന്‍, അത്‌ വലിയൊരു രസമുള്ള ടോപ്പിക്കാണേ. ബ്രേക്കിനു പോകുന്നതിനു മുന്നേ ഒരു പോസ്റ്റെങ്കിലും അതിനെക്കുറിച്ച്‌ എഴുതാനായെങ്കില്‍.

ആദിയേ
ഇന്‍വാള്‍വോ (കട: പച്ചാളത്തിന്‌) മെന്റ്‌ കുറക്കണ്ടാ. ശരിക്കും എന്താ പറ്റുന്നതെന്ന് വച്ചാല്‍ ബൂലോഗത്തിന്റെ വലിപ്പം അങ്ങോട്ട്‌ കൂടിയിട്ട്‌ പണ്ട്‌ ഒരു മണിക്കൂറില്‍ വായിച്ചു തീര്‍ന്നിരുന്ന കാര്യങ്ങള്‍ക്ക്‌ 10 മണിക്കൂര്‍ വേണ്ടി വന്നതാണേ. അതിനെ ഒന്നഡ്ജസ്റ്റ്‌ ചെയ്താല്‍ മതി. സ്വയം കരക്കു ചാടിക്കയറിയിട്ട്‌ "ആഞ്ഞു തുഴഞ്ഞോ കൂട്ടരേ" എന്നു പറയുന്നപോലെയാണെങ്കിലും, ബ്രേക്കുപോലും എടുക്കേണ്ട കാര്യമില്ലൊരു അഡ്ജസ്റ്റ്‌മന്റ്‌ നടത്തി അങ്ങു പോകാമെങ്കില്‍.

നിര്‍ന്നിമാഷേ
പോകില്ല, പോകില്ല ലലല്ലലല്ലാ പോകില്ല, നിങ്ങളെല്ലാം ഇവിടിരിക്കുമ്പോ ഞാനെങ്ങോട്ടു പോകാനാ. പട്ടേരി പറഞ്ഞപോലെ ഒരു റൌണ്ട്‌ അടിച്ച്‌ ദാ ഇപ്പോ എത്താം.

നളാ,
ഞാന്‍ ബ്രേക്കിടുമ്പോഴേക്ക്‌ നളന്‍ തുടങ്ങണേ, പുതിയവീട്ടിലും ജോലിയിലും ഒരുമാതിരി സെറ്റില്‍ ആയല്ലോ?പടം ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം

എവൂരാനേ
പപ്പുവിന്റെ "കഷ്ടപ്പാടുകൊണ്ടാണേ" ആവര്‍ത്തിക്കുന്നു. ചിത്രം- രാഗങ്ങളെല്ലാം തുരുമ്പിച്ചും പൊട്ടിയും പോയ എന്റെ പഴയൊരു "ബുള്‍ബുള്‍" എന്ന വാദ്യോപകരണത്തിന്റേത്‌. കീബോര്‍ഡിന്റെ കാലമായതോടെ ഇങ്ങനെ ഉള്ള കിടുപിടികളൊക്കെ ആര്‍ക്കും വേണ്ടാതായി. (ഇത്‌ എന്റേതായതുകൊണ്ട്‌ ഞാന്‍ സംഗീതഭോഷണം ആണെന്ന് ധരിക്കല്ലേ.
ചേട്ടച്ചാരു പഠിപ്പിച്ചു തന്ന "മായാജാലക വാതില്‍ തുറക്കും മധുരസ്മരണകളേ" എന്ന പാട്ടു മാത്രമേ എനിക്കിതില്‍ പാടാന്‍ പറ്റൂ. "അണിയം മണിയം പൊയ്കയില്‍" പഠിപ്പിക്കാന്‍ മൂപ്പര്‍ നോക്കിയിട്ട്‌ നടന്നില്ല)

എല്‍ജ്യാരേ,
ഇഷ്ടപ്പെടാതെ ഒരു വരിപോലും ഇവിടെങ്ങും പോസ്റ്റായോ കമന്റായോ ഇടുന്നില്ല.

ബ്ലോഗിത്തുറ്റങ്ങിയപ്പോള്‍ ഒന്നും ആലോചിക്കാതെ അങ്ങു തുടങ്ങിയതിനാല്‍ സ്വാഭാവികമായ ഒരു ഇവല്യൂഷന്‍ ആയിരുന്നു എന്റെ ബ്ലോഗുകള്‍ ഉണ്ടായതും. അതിങ്ങനെ: ചുമ്മാ വര്‍ത്തമാനവും ചുമ്മാ പടങ്ങളുമാണ്‌ ദേവരാഗം എന്ന ബ്ലോഗ്‌. ഊണൊക്കെ കഴിഞ്ഞ്‌ രാത്രി വയലിറമ്പിലിരുന്ന് നിലാവത്ത്‌ സിഗററ്റും പുകച്ച്‌ കൂട്ടുകാരോടൊത്ത്‌ ഷെയര്‍ ചെയ്തിരുന്ന ഓര്‍മ്മകളാണ്‌ കൂമന്‍പല്ലിയില്‍. ഞാന്‍ വീണ വീഴ്ച്ച വേറാരും വീഴരുതെന്ന ആഗ്രഹമാണ്‌ ആരോഗ്യം. വിദ്യയെന്നത്‌ വീട്ടില്‍ പണിയൊന്നുമില്ലാതിരിക്കുമ്പോള്‍ "വാടീ പിള്ളേരേ നിന്നെയൊക്കെ വല്ലതും പഠിപ്പിക്കാമെന്ന്" വിളിച്ചു കൂട്ടുന്ന കൊച്ച്‌ പരിഷത്ത്‌ മോഡല്‍ ക്ലാസ്സുകളാണേ.

ജീവിതം രസമുള്ള കാര്യങ്ങള്‍ മാത്രമല്ലല്ലോ. (ആണെങ്കില്‍ ഞാന്‍ ജോലി ചെയ്യുമോ കൊള്ളാം) ബ്ലോഗ്‌ എഴുതാനും എഴുതിന്നതിനെക്കാളുപരി മറ്റു ബ്ലോഗ്‌ വായിക്കാനുമായി സമയം എങ്ങനെയും കണ്ടെത്തുക എന്ന ഉദ്ദേശം ഗുരുക്കളുടെ അതേ സ്ട്രാറ്റെജിയായ രാത്രി പന്ത്രണ്ടുമണി കഴിഞ്ഞ്‌ രണ്ടു മണിക്കൂര്‍ ഉറക്കം മിച്ചം
പിടിക്കല്‍ രീതിയിലൂടെ ഒരു തരത്തില്‍ നടത്തിപ്പോന്നതും വേറേയാര്‍ക്കും വേണ്ടിയല്ല, എനിക്കു എഴുതാനും വായിക്കാനും ഇഷ്ടമായിട്ടും അതുകൊണ്ട്‌ എനിക്കു പ്രയോജനമുള്ളതുകൊന്റും തന്നെ. (ഇപ്പോഴല്ലേ പരിചയമൊക്കെ, നിങ്ങളൊന്നും ഇവിടെ ഉണ്ടെന്നറിഞ്ഞിട്ടില്ലല്ലോ ബ്ലോഗ്‌ തുടങ്ങിയത്‌. സ്റ്റാര്‍ട്ടുതന്നെ കിര്‍മ്മീരന്‍ അരംഗത്തു വാന്നതുപോലെ അതുല്യയുടെ നേര്‍ക്ക്ക്‌ ഒരലര്‍ച്ചയോടെയല്ലേ) പുലര്‍ച്ചേ രണ്ടുമണിക്ക്‌ കിടന്ന് രാവിലേ ആറിന്‌ എഴുന്നേല്‍ക്കല്‍ സ്ഥിരമാക്കാനുള്ള ആമ്പിയര്‍ ഇല്ലാത്തതുകൊണ്ട്‌ രാവിലേ കിറുങ്ങിയാണ്‌ എഴുന്നേല്‍ക്കുന്നത്‌ . രാക്ഷസ്സന്മാരും വാമ്പയറും വേര്‍വൂള്‍ഫും ഉമേഷുഗുരുക്കളും കുട്ട്യേടത്തിയും രാത്രിമൊത്തം ഉണര്‍ന്നിരിക്കാന്‍ കഴിവുള്ളവരാണേ. എനിക്കു വയസ്സായിപ്പൊയതിനാല്‍ ഒന്നരാടന്‍ ആക്കി ഇനിയിപ്പോ ഒന്നു നിറുത്തിത്തുറ്റങ്ങുകയും ചെയ്യാം എന്നു വച്ചതാ.

പറ്റുനതില്‍ കൂടുതല്‍ കാര്യങ്ങള്‍ക്ക്‌ ഒരുമ്പെട്ട ഞാന്‍ എല്ലാത്തിലും കുറേേശ്ശെ കോമ്പ്രമൈസ്‌ ചെയ്യുകയാണ്‌ ഈയിടെയായി. ബ്ലോഗിംഗ്‌ മുതല്‍ ആപ്പീസ്‌ ജോലി വരെ സകലതിലും. കുറച്ചു കാര്യങ്ങള്‍ സസ്പെന്‍ഡ്‌ ചെയ്ത്‌ മറ്റു കാര്യങ്ങളിലെ ബാക്ക്‌ ലോഗ്‌ തീര്‍ക്കാന്‍ നിര്‍ബ്ബന്ധിതനായിപ്പോയതാണേ. എന്റെ ഇഷ്ടമോ ആഗ്രഹമോ അനുസരിച്ചല്ല ഈ തീരുമാനം.

നിഷാദ്‌ പറഞ്ഞപോലെ തന്നെ ആരും കാണാത്തതും ആരും എഴുതാത്തതും ഇതുവരെ ലഭിക്കാത്തതുമൊക്കെ നമുക്കെല്ലാം ചേര്‍ന്ന്
ഇവിടുണ്ടാക്കണം. ഞാനും കൂടെ ഉണ്ട്‌ അതിനെല്ലാം.

സ്നേഹിതനേ
തിരക്കാണെന്ന് എനിക്കും തോന്നി, സാരമില്ല, മനസ്സമാധാനമായി ഇഷ്ടമുള്ളയത്ര എഴുതി, മതിയാവോളം ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്ന ഒരു സമയം വരട്ടെ നമുക്കെല്ലാം.

ദിവാനേ
പണ്ട്‌ പൊന്നന്‍ മേശിരി ഒരു കോഴിക്കൂട്‌ പണിതു. പട്ടിയേലെല്ലാം അടിച്ചു കൂട്ടിത്തീര്‍ന്നപ്പോഴാ മനസ്സിലായത്‌ മൂപ്പര്‍ അതിനുള്ളിലായെന്ന്. കുറച്ചു നേരം ആലോചിച്ചു. എന്നിട്ട്‌ "ഞാന്‍ ഇതൊട്ടും ആഗ്രഹിച്ചില്ല എന്നാലും വേറേ വഴീം ഇല്ല" എന്നൊരു പ്രഖ്യാപനത്തോടെ കൂട്‌ പൊളിച്ചു ആളു പുറത്തിറങ്ങി. എന്റെ മുങ്ങലും അതുപോലെ ഒരു നിവൃത്തികേടാണേ.

പോര്‍ട്ടലിന്റെ കാര്യം, ആവശ്യം എന്നിവ അതിന്റെ പിന്നാമ്പുറത്തുകാര്‍ വളരെ വ്യക്തമായി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാലും കാറ്റഗറൈസേഷന്‍, അതും സെല്‍ഫ്‌ എന്റ്രി മോഡല്‍ കാറ്റഗറൈസേഷന്‍ ആണ്‌ അതിന്റെ ഉദ്ദേശമെന്നാണ്‌ മനസ്സിലായത്‌.

സപ്തവര്‍ണ്ണമേ,
എന്നെ പരോളില്‍ വിട്ടതിനു നന്ദി. എന്റെ കമന്റു നയം ഞാന്‍ പണ്ടെന്നോ പ്രസിദ്ധീകരിച്ചതാണേ, അതിപ്പോ കാണാനില്ല. പ്രദ്ധാനമായും വായിക്കുന്നവര്‍ ഓഫ്‌ ടോപ്പിക്കെങ്കിലും ഒരു കമന്റ്‌ ഇട്ട്‌ ഇന്ററാക്ഷന്‍ രേഖപ്പെടുത്താന്‍ ബാദ്ധ്യസ്ഥരാണ്‌ എന്നായിരുന്നു അതിന്റെ ആശയം.


വിശ്വം മാഷേ,
എന്നെ ജ്ഞാനസ്നാനം നടത്തി ഒപ്പം കൂട്ടിയോ പ്രവാചകാ!! ഈ ബൂലോഗക്കോളനിയില്‍ ഓരോരുത്തരും മഹാ
കര്‍മ്മയോഗികളാണെന്ന ഒരു വിശ്വാസത്തില്‍ ഞാനും ബാക്കിയുള്ളവരുടെ കൂട്ടത്തില്‍ച്ചേര്‍ന്ന് ഞാനും കൂടിക്കോട്ടെ.

നമുക്കൊന്നുമാകില്ല പോകാന്‍. മീന്‍പിടിത്തമുപേക്ഷിച്ച്‌ മനുഷ്യനെത്തിരഞ്ഞ്‌ ഞാനും പിന്നാലെ.

വിശാലാ,
ഏതാണ്ട്‌ ആ ഗതിയായി ഞാനും എന്നു കണ്ടപ്പോഴാ ഞാനും ബ്രേക്കെടുക്കുന്നത്‌ (ജീനിയസ്സു വിളി ഒരു കടന്ന കൈ ആയേ) സാഹചര്യ സമ്മര്‍ദ്ദം മൂലം വായില്‍ വന്നത്‌ രണ്ടാമതൊന്നു വായിച്ചു നോക്കുകപോലും ചെയ്യാതെ എഴുതാനും അടുത്തയിടക്ക്‌ ഞാന്‍ തുടങ്ങി (അതിനു മുന്നേ മലമറിച്ചെന്നല്ല, ഈയിടെ മന:പ്പൂര്‍വ്വം എന്റെങ്കിലുമാകട്ടെന്ന് വിചാരിച്ച്‌ പടച്ചുവിടല്‍ തുറ്റങ്ങി)


അനോണിജയന്മാഷേ
വലിയ ബുദ്ധിമുട്ടൊന്നൊമില്ലന്നേ, വിശ്വപ്രഭയും ഗന്ധര്‍വ്വനും ഒരു വരി എഴുതുമ്പോ അത്‌ മിക്കവാറും ഒമ്പതു പേജ്‌ കമ്പ്രസ്സ്‌ ചെയ്തുവച്ചതാവും എന്നൊരു വിചാരം മാത്രം മതി (ഇതിന്റെ ഗുട്ടന്‍ബെര്‍ഗ്‌ എന്താന്നു രണ്ടുപേരും പറഞ്ഞുതരില്ലെന്നു മാത്രമല്ല, നാലാല്‍ ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ ഒരക്ഷരമ്പോലും എഴുതുകയുമില്ല)

. ഇപ്പോ പറഞ്ഞതൊരു അതിശയോക്തിയാണെങ്കിലും എവൂരാന്‍ പറഞ്ഞപോലെ ഒരു വരിയാലൊരു പോസ്റ്റാക്കിക്കളഞ്ഞില്ലേ , അതാണു ദാറ്റ്‌!

ബാബുജീ,
എല്ലാവരുംകൂടെ ഇറക്കിവിട്ടാലും ഞാന്‍ പോവില്ല! കുറച്ചുകാലം- കഴിയുന്നത്ര കുറച്ചിട്ടൊരുകാലം മാറിയില്ലേല്‍ ആകെ ജീവിതം കുഴഞ്ഞുമറിയുമെന്ന് ഭയന്ന് ഇത്തിരി
നേരം നിറുത്തിയെന്നേയുള്ളു.

കൌണ്ട്‌ ഡൌണ്‍: രണ്ടു ദിവസം എന്നെണ്ണിക്കോട്ടെ?

ദേവന്‍ said...

ഇത്തിരിവലിയൊരു വെട്ടമേ
ഈ പോസ്റ്റില്‍ മാത്രമല്ല താങ്കളുടെ ബ്ലോഗില്‍ അഭിപ്രായം എഴുതാനും ഇതുവരെ വിട്ടുപോയി. സമയത്തിന്റെ മറ്റൊരു പ്രശ്നം അതാണ്‌. ഒത്തിരി സമയമെടുത്ത്‌ വായിച്ച്‌ ശ്രദ്ധാപൂര്‍വ്വം കമന്റെഴുതേണ്ട ബ്ലോഗുകളെ പിന്നീടെന്ന് നീക്കിവയ്ക്കാന്‍ നമ്മള്‍ നിര്‍ബന്ധിതന്‍ ആയിപ്പോകും. ഇത്തിരിവെട്ടം മാത്രമല്ല, സങ്കുചിതന്‍, മഴനൂലുകള്‍ എവൂരാന്റെയും കുമാറിന്റെയും കഥകള്‍ ഒക്കെ അങ്ങനെ മുന്നോട്ടായിപ്പോയി. ബാബുജി ഇത്രയും പോസ്റ്റ്‌ എഴുതിയെന്നു തന്നെ ഇപ്പോഴാണു കണ്ടത്‌!

സിദ്ധാര്‍ത്ഥന്‍ said...

നന്നായി!

ആയകാലത്തു വല്ലതുമൊക്കെ എഴുതിപ്പിടിപ്പിച്ചിരുന്നുവെങ്കില്‍ എനിക്കും ലീവെടുക്കാമായിരുന്നു. കഷ്ടം!!!

ദേവന്‍ said...

ഒരു ജോലി കിട്ടീട്ട്‌ വേണം കുറച്ചു ദിവസം.. ഏതു പടത്തിലെയാ?

സിദ്ധാര്‍ത്ഥമായി ശ്രമിച്ചാല്‍ ഒറ്റയാഴ്ച്ചയില്‍ 50 പോസ്റ്റിടാനുള്ള സ്റ്റോക്ക്‌ ആത്മാര്‍ത്ഥന്റെ കയ്യില്‍ ചുമ്മാ കിടന്ന് തുരുമ്പെടുക്കുന്നു. ക്രിമിനല്‍ വേസ്റ്റ്‌ ഓഫ്‌ റിസോര്‍സസ്‌ !

ഒരു ദിനം ബാക്കി. നാളെ നാളെ എന്നായിട്ട്‌..

അരവിന്ദ് :: aravind said...

എല്ലാരും പോവാന്നോ?
പോവല്ലേ ദേവ്‌ജീ..ശരിക്കും ഒന്നു ടൈം മാനേജ് ചെയ്താല്‍ ഇവിടെയൊക്കെത്തന്നെ.പറ്റൂലേ?

എന്റെ കാര്യമോര്‍ത്തിട്ട് പേടി വരുന്നു. ബ്ലോഗെഴുത്തും കമന്റിംഗും എല്ലാം ഓഫീസിലിരുന്നാണ്. ഒരാഴ്ച കൊണ്ട് ചെയ്യാവുന്നത് മുട്ടാപ്പോക്ക് പറഞ്ഞ് രണ്ടാഴ്ച കൊണ്ട് ചെയ്യുന്നു..

എന്തോ ഇങ്ങനെയൊക്കെയായിപ്പോയി.

ഉടന്‍ എന്റെ സ്റ്റോക്കും തീരുമെന്നറിയാം. ഏറിയാല്‍ രണ്ട് മാസം. അതാണ് ഇപ്പൊള്‍ പ്രതീക്ഷ :-)

Ajith Krishnanunni said...

പോയി ജയിച്ചു വരൂ ദേവരാഗേട്ടാ...

ഇടിവാള്‍ said...

അപ്പോ കൌണ്ട് ഡൌണിന്റെ ലാസ്റ്റു ദിവസമാ ഇന്ന് ! ഞാന്‍ മനപ്പൂര്‍വം ഇത്രേം ദിവസോം ഇടാതിരുന്നത..

എന്തായാലും, ദേവഞി യെ മിസ്സ് ചെയ്യുമെന്നുറപ്പ് ! ആശംസകള്‍..

`

ദേവന്‍ said...

അരവീ, അജിത്തേ, ഇടിഗഡീ,
നാനി നാനി.

അപ്പോള്‍ ശരി ഓഫ്ലൈനില്‍ പോകട്ടെ. അടുത്ത ആഴ്ച്ച കാണാംസ്‌. മെയില്‍ ഞാന്‍ ഡെയിലി ബേസിസില്‍ നോക്കുന്നുണ്ടേ . മംഗളം മനോരമ.

മനൂ‍ .:|:. Manoo said...

ഇവിടെ എത്തിയപ്പോഴേയ്ക്കും വൈകി :(

ഏതായാലും ഈ മൂന്നുമാസക്കാലത്തിനിടെ അറിവുകളും അനുഭവങ്ങളും വര്‍ദ്ധിപ്പിയ്ക്കുവാനാവട്ടേ...
പിന്നെ തിരികെ വന്ന് അവയെല്ലാം ഞങ്ങളോടു പങ്കു വയ്ക്കാനും... :)

ദേവന്‍ said...

മഴയേ
കമന്റ്‌ ഇന്നാണു കണ്ടത്‌. ഞാന്‍ ദേ ഇവിടൊക്കെ ഉണ്ട്‌ ദേ ഇത്‌ ഒപ്പ്‌ 3 ഓഫ്‌ ടോട്ടല്‍ 8. പകുതി ലീവോളം ആയി വരുന്നു . (ഈ ആഴ്ച നേരത്തേ തന്നെ വന്ന് ആരോഗ്യം ബ്ലോഗ്ഗേല്‍ ഒപ്പിട്ടിട്ടുണ്ടേ ഫുള്ള്‌ ബിസി ആകും മുന്നേ.)

Promod P P said...

ഇതിപ്പം പടപേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ അവിടെ ഒരു പ്രശ്നവുമില്ല എന്നു പറഞ്ഞ പോലെ ആയല്ലൊ മീശാഹാജി

ദേവന്‍ said...

ഒപ്പ്‌ നമ്പ്ര 4 ഓഫ്‌ 8 പൂട്ടിക്കിടക്കുന്ന പള്ളിക്കൂടത്തില്‍ ഇട്ടിട്ടുണ്ടേ. പ്രചോദനം ഗുരുക്കളുടെ വഴി. മാര്‍ഗ്ഗ നിര്‍ദ്ദേശി സന്തോഷ്‌..

യോഗിഭായി ..സദാഗതാ, ഗതാഗതാ..

ഇതു കേട്ടിട്ടുണ്ടോ?
1. പടപേടിച്ച്‌ പന്തളത്തു ചെന്നപ്പോ പന്തളം സുധാകരന്റെ പ്രസംഗം
2. പട പേടിച്ച്‌ പന്തളത്തു ചെന്നപ്പോ പന്തളം ബാലന്റെ ഗാനമേള

കണ്ണൂസ്‌ said...

കൊടി പേടിച്ച്‌ കോവളത്ത്‌ ചെന്നപ്പോ അവിടെ കോണകം കോലില്‍ കെട്ടി കൊടി എന്നൊരു വകഭേദം കേട്ടിട്ടുണ്ട്‌.

(വെറുതെ ഒരു അമ്പത്‌ അടിക്കാമെന്ന് കരുതിയതാ.)

mariam said...

പട പേടിച്ചു പന്തളം വരെ പോയ സ്ഥിതിക്കു ഒരു സംശയം.
പന്തോളം വരുമോ പന്തളത്തിട്ടത്‌ ?

myexperimentsandme said...

പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടൊരു പ്രശ്നോല്ലാ എന്നുമുണ്ടെന്നാണ്.

പിന്നെ ഞെട്ടിയില്ലാ വാഴയില, വേണമെങ്കില്‍ ചക്ക പ്ലാവേലും കായ്ക്കും. എരുമയുണ്ടെങ്കില്‍...

പട്ടം താണുപിള്ളേ
ചുമ്മാ താണുപിള്ളേ
ചുമ്മാ താണപ്പാ

പക്ഷേ കോണകവകഭേദം ആദ്യമായി കേള്‍ക്കുകയാ. അതും കോവളത്തെപ്പറ്റി പറയാന്‍ കോവൈയ്ക്കടുത്ത് കിടക്കുന്ന കണ്ണൂസില്‍‌നിന്നും :)

ഓണക്കോടി എന്നൊക്കെ പറയുന്നതുപോലെ കോണകക്കൊടി.

ഒന്നും കണ്ണൂസ്, അമ്പതും കണ്ണൂസ്.

മുല്ലപ്പൂ said...

ദേവേട്ടാ,
ജാമ്യാപേക്ഷ ഇപ്പോളേ കണ്ടുള്ളൂ. എന്റെ ഒരു മണിക്കൂര്‍ എടുത്തു പോസ്റ്റും കമെന്റും വായിച്ചു തീര്‍ക്കാന്‍.(പരാതി) ഇത്രെം സമയം ചിലവഴിച്ചിട്ടും എനിക്കിതെങ്ങനെ മിസ്സ് ആയി. ആ പോട്ടെ. അറിയാഞ്ഞതും നന്നായി.

ജാമ്യം എടുത്തത് , ഉദ്ദേശിച്ച ഗുണം ചെയ്യുന്നുവൊ?

ദേവന്‍ said...

അയ്യയ്യോ കണ്ണൂസേ അത്‌ കോണകമല്ല, കാറ്റിന്റെ ശക്തിയനുസരിച്ച്‌ ലൈഫ്‌ ഗാര്‍ഡ്‌ പൊക്കുന്ന കൊടിയാ -ചെവല, മഞ്ഞ, വെള്ള :) (ഇന്നസന്റ്‌ പറയുമ്പോലെ. തെറ്റിദ്ധരിച്ചു തെറ്റിദ്ധരിച്ചു)


മറിയം ബീബി ലത്‌ നാണ്വാരുടെ പ്രയോഗം പോലെയുണ്ട്‌
["ചാത്താ, ഒന്നു ബാങ്കോളം പോണം"
"ബാങ്കോളം വരുമോ ബാങ്കിലിട്ടത്‌"]

വക്കാരീ
ഇതു കേട്ടിട്ടുണ്ടോ?
എന്റെ പൊന്നു തട്ടാന്‍ വരണേ
എന്റെ പൊന്നു തട്ടാന്‍ വരണേ
:)

ദേവന്‍ said...

മുല്ലപ്പൂവേ
ഇതാ ഞാന്‍ പറയുന്നെ ഒരു പോസ്റ്റ്‌ ഇട്ടാല്‍ അപ്പോ തന്നെ വായിച്ച്‌ അഭിപ്രായം ഉണ്ടാക്കി വയ്ക്കണമെന്ന്!. അമ്പതു പേര്‍ കേറി കമന്റിയാല്‍ പിന്നെ നമ്മളും മുന്‍പേ ഗമിച്ചീടിന ഗോപു തന്റെ വഴിക്കേ ചിന്തിക്കൂ. അതുകൊണ്ട്‌ അടുത്ത 100 പോസ്റ്റിലും ആദ്യത്തെ അഭിപ്രായം പറയാന്‍ പ്രത്യേകം ശ്രദ്ധിക്കുക.


ഉവ്വ്‌, അവധി ഒരുപാട്‌ പ്രയോജനം ചെയ്തു. ഉദാഹരണത്തിന്‌ ഇപ്പോ ദിവസവും 7 മണിക്കൂര്‍ ഉറങ്ങും..

myexperimentsandme said...

"ബാങ്കോളം വരുമോ ബാങ്കിലിട്ടത്‌"

എന്റെ പൊന്നു തട്ടാന്‍ വരണേ എന്റെ പൊന്നു ദേവേട്ടാ, ചിരിച്ച് ചിരിച്ച് :)