എന്റെ ബ്ലോഗ്ഗിലപ്പടി പഴൻകഥകളയാണെന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങിയതിനാൽ ഈ തത്സമയത്തെഴുത്ത് മഹാമഹം തുടങ്ങിവയ്ക്കുന്നു. ഇതിൽ പഴേതൊന്നുമില്ല. കട്ട് ഓഫ് ഡേറ്റ്: ആറ്റാസ്ത്രം നിർമ്മിക്കും സർക്കാർ വക ആലയിൽ നിന്നഉം മൂശാരിയായി അടുത്തൂൺ പറ്റിയ ജനാബ് ആറ്റക്കോയ ഇന്ത്യക്കു പ്രഥമനുണ്ടാക്കും പുരുഷനായി സ്ഥാനാരോഹണം ചെയ്ത ദിവസം.
6/02/2006 -
രാഷ്ട്രീയം ചതിച്ച ചതിപതിനഞ്ചു വർഷത്തിനു ശേഷം രഞ്ജിത്തിനെ കണ്ടു- ബന്ധുത്വ നൂലാമാലയിൽ പരശ്ശതകാതം ദൂരത്തുള്ള ഒരു കാർന്നോരു നടത്തിയ പാർട്ടിക്കു നടുവിൽ വച്ച്. ഒറ്റ കെട്ടിപ്പിടിയിൽ ഞങ്ങൾ ഒന്നര ദശാബ്ദം റീവൈൻഡ് ചെയ്തു പഴയ വിദ്യാർത്ഥി ഐക്യമായി. അവനിന്നും ക്വാൺഗ്രസ് കുമാരൻ തന്നെ. എനിക്കെങ്ങനെ സഹിക്കും?
ഞങ്ങളുടെ രാഷ്ട്രീയ ഗോഗ്വാദം വി എം സുധീരൻ വരെ എത്തിയപ്പോഴാണ് സ്റ്റേജിൽ നിന്നും ഒരു വിളംബരം - അടുത്തതായി ശ്രീ രഞ്ജിത്ത് ഒരു പാട്ടുപാടും.ചിൽക്കാതൽക്കു സതീർത്ഥ്യനായിരുന്ന ശപ്പൻ നാരങ്ങാവെട്ടത്തിൽ കയറിയെൻകിലും എന്നെ കൈ വിട്ടില്ല. മൈക്ക് എടുത്ത് ഒരൊറ്റ് ഡെഡിക്കേറ്റൽ
“ വളരെ വർഷങ്ങൾക്കു ശേഷം ഞാൻ കണ്ട പ്രിയ സുഹൃത്ത് ദേവനു ഏറ്റവും പ്രിയപ്പെട്ട ഇസബെല്ല എന്ന ചിത്രത്തിലെ ഇസബെല്ല എന്ന ഗാനം ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ...”
ഗിറ്റാറുകൾ കുറുകി. വയലിൻ തേങ്ങി. ഡ്രം ഒന്നു മുഴങ്ങി. ശേഷിച്ചതെല്ലാം താനേറ്റു എന്ന മട്ടിൽ കീബോർഡ് പലസ്വരവും ഉയർത്തി.
രഞ്ജിതർ സ്റ്റേജിനെ ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട് തുടങ്ങി
“ഇസബെല്ലാ..
ഇസബെല്ല..
നിൽപ്പൂ നീ ജനിമൃതികൾക്കകലേ....
നിൽപ്പൂ നീ ജനിമൃതികൾക്കകലെ
കൽപ്പനതൻ കരിമണലേ..