ആശംസകള്‍ പല വഴിയും അറിയിച്ചവര്‍ക്കെല്ലാം നന്ദി. കൊച്ചും അമ്മയും സുഖമായിരിക്കുന്നു.
ജൂനിയറിനു ദേവദത്തന്‍ എന്നു പേരിട്ടു. പടം ക്യാമറയെ ഡൗണ്‍ലോഡാവുന്ന ഒരു കമ്പ്യൂട്ടിനി കിട്ടിയ ശേഷം ഇടാം.
ഗുരുക്കള്‍ മകനു വിഘ്നേഷെന്നു പേരിട്ടതിനു വിശദീകരണം തന്ന് പുതിയൊരു കീഴ്‌വഴക്കം തുടങ്ങി വച്ചിരിക്കുകയാണല്ലോ, ഞാനായിട്ട് അതു മുടക്കുന്നില്ല.
ആയുര്‍വേദപ്രകാരം ദേവദത്തന്‍ പ്രാണവായുവിന്റെ ഒരു രൂപമാണ്.
ഹൈന്ദവ പുരാണങ്ങളില്‍ ദേവദത്തന്‍ മഹാശക്തനായ ഒരു നാഗം. ദത്താത്രേയനെയും ദത്തനെന്നു വിളിക്കുന്നു.
ചരിത്രത്തില്‍ ദേവദത്തന്‍ ശ്രീബുദ്ധന്റെ മച്ചുനനും സംഘപാതയില്‍ വഴിവിട്ടു സഞ്ചരിക്കുകയും ചെയ്ത ഒരു സന്യാസി.
വാഗര്‍ത്ഥത്തില്‍ ദേവദത്തനെ പല രീതിയിലാക്കാം.
1. ദേവ (divine) ദത്തന്‍ gifted/adopted ~ divine gift.
2. ദേവന്‍ സമ്മാനിച്ച പുത്രന്‍
3. ദേവന്‍ ദത്തു കൊണ്ട പുത്രന്‍
4. ദത്തന്‍ എന്നാല്‍ ഒരു ബ്രഹ്മര്‍ഷി എന്നും അര്‍ത്ഥമുണ്ട്- അതിനാല്‍ ദിവ്യനായ ബ്രഹ്മര്‍ഷി എന്നു പറയാം
5. ദത്തനെന്ന പദത്തിനു ശൂദ്രനെന്നും അര്‍ത്ഥം- മഹാനായ ഒരു ശൂദ്രന്‍ എന്ന് പറയാം.
6. ശ്രീവത്സം ഉള്ളവന്‍ ശ്രീവത്സന്‍. ദണ്ഡുള്ളവന്‍ ദണ്ഡന്‍, തണ്ടുള്ളവന്‍ തണ്ടന്‍, വേലുള്ളവന്‍ വേലന്‍. അര്‍ജ്ജുനന്റെ ശംഖിന്റെ പേര്‍ ദേവദത്തം. അപ്പോള്‍ അതുള്ളവന്‍ ദേവദത്തന്‍ എന്നും പറയാമോ പണ്ഡിതരേ?
ആണ്‍കൊച്ചാണെങ്കില്‍ ചെല്ലപ്പന്‍ പിള്ളയെന്നും പെണ്‍കൊച്ചാണെങ്കില്‍ ചെല്ലമ്മയമ്മ എന്നും പേരിടും എന്ന് ഞാന്‍ പറഞ്ഞിരുന്നതാ, പെമ്പ്രന്നോരു ഇപ്പോ സമ്മതിക്കുന്നില്ല- ഈ സ്ത്രീകളുടെ ഓരോ വാശികളേ.
January 25, 2007
Subscribe to:
Posts (Atom)