March 28, 2007

പരിവര്‍ത്തം

പ്രിയപ്പെട്ടവരേ,
കുറെക്കാലമായി ഖേദങ്ങളും ഇല്ലായ്മകളുമറിയിക്കാന്‍ മാത്രം നിങ്ങളെ വിളിച്ചുകൂട്ടിയിരുന്ന ഞാന്‍ ഇന്ന് സന്തോഷപൂര്‍വ്വം സംസാരിക്കുന്നു. സന്തോഷവാര്‍ത്ത നിങ്ങളിതിനകം അറിഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാലും അത്‌ ഔദ്യോഗികമായി ഇവിടെ അറിയിക്കേണ്ടതുണ്ടല്ലോ.

ഇപ്പോള്‍ നഷ്ടത്തിലും അടച്ചിടലിലും കുടുങ്ങിക്കിടക്കുന്ന കമ്പനിയെ അതിപ്രശസ്തരായ റൈസിംഗ്‌ സണ്‍ ഗ്രൂപ്പ്‌ ഏറ്റെടുത്തിരിക്കുന്നു. പഴയകാലത്തെക്കാള്‍ ഭംഗിയായി ഇനിയിത്‌ നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്കാവുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എന്തുകൊണ്ട്‌ ഒരുപാടു ദശാബ്ദം പൊന്നു കൊയ്ത നമ്മള്‍ നാശത്തിലേക്ക്‌ മൂക്കുകുത്തി വീണു എന്ന് ഇപ്പോള്‍ ചിന്തിക്കുന്നില്ല, അത് ഒരുപാട്‌ ചര്‍ച്ച ചെയ്തതല്ലേ. എനിക്കു പറയാനുള്ളത്‌ നാളെമുതല്‍ എന്തു വേണം നിങ്ങളെന്നാണ്‌. നാളെക്കഴിയുമ്പോള്‍ ഞാന്‍ പാട്യാലക്ക്‌ തിരിച്ചു പോകും. പഴയ, പരാജിതമായ, പാപ്പരായ മാനേജുമെന്റിന്റെ അവസാന പ്രതിനിധിയായി,തല കുനിച്ച്‌. എനിക്കൊന്നുമില്ല കൊണ്ടുപോകാന്‍, നാല്‍പ്പത്തിരണ്ടു വര്‍ഷം മുന്നേ കേരളത്തില്‍ ഈ കൊച്ചു ഗ്രാമത്തില്‍ ജനിച്ചു നിങ്ങളോടൊപ്പം ഇത്രയും നാള്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകളല്ലാതെ.

മലയാളം നല്ലതുപോലെ സംസാരിക്കുമെങ്കിലും മനസ്സിലുള്ളത്‌ ഇന്ന് ആ ഭാഷയില്‍ പ്രകടിപ്പിക്കാനാവുമെന്ന് ശാന്തിലാലിനു തോന്നിയില്ല. ആത്മഗതം പോലെ വികാരത്തള്ളലൊട്ടുമില്ലാതെ അയാളില്‍ നിന്നും വരുന്ന വാക്കുകള്‍ ഇംഗ്ലീഷറിയുന്ന ജീവനക്കാര്‍ക്ക്‌ മനസ്സിലായിടത്തോളമില്ലെങ്കിലും ബാക്കിയുള്ളവരും ഊഹിച്ചെടുത്തു.

ചെയര്‍മാന്‍, ക്ഷമിക്കണം,മുന്നത്തെ ചെയര്‍മാന്‍ തത്വാധിഷ്ഠിത വാണിജ്യമെന്ന നയത്തില്‍ നിന്നും മാറാനിഷ്ടപ്പെട്ടില്ല. നിങ്ങള്‍ക്കറിയുമല്ലോ, ചെറിയ വത്യാസങ്ങള്‍ വരുത്തിയാല്‍ മതി ശിശുഭക്ഷണമുണ്ടാക്കുന്ന പ്ലാന്റ്‌ ഒരു ഡിസ്റ്റിലറിയാക്കാം. നമ്മള്‍ മുങ്ങുമ്പോള്‍, ബാങ്കുകള്‍ ജപ്തിയെന്നും റിസീവറെന്നും ഭീഷണിക്കത്തയക്കുമ്പോള്,‍ തത്വത്തെ കളഞ്ഞ്‌ പ്രായോഗികതയെ സ്വീകരിക്കാന്‍ ഞാന്‍ ചെയര്‍മാനെഴുതി. പണ്ടത്തെ നിങ്ങളുടെ ട്രേഡ്‌ യൂണിയന്‍ നേതാവായിരുന്നു അന്ന് കേരളത്തിലെ ഇന്‍ഡസ്റ്റ്രീസ്‌ മിനിസ്റ്റര്‍. അദ്ദേഹം ക്ഷണം ഡിസ്റ്റിലറി ലൈസന്‍സ്‌ അനുവദിച്ച്‌ കമ്പനിയെ രക്ഷിക്കുമെന്ന് എനിക്കു ഉറപ്പും തന്നു. എന്നിട്ടും ചെയര്‍മാന്‍ അനങ്ങിയില്ല. ലഹരി വില്‍ക്കുന്നത്‌ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കെതിരായിരുന്നു.

ഇന്നിന്റെ തന്ത്രങ്ങളില്‍ വിശ്വസിക്കുന്ന പുതിയ തലമുറക്കാരെ, എന്നെക്കാളും മിടുക്കരെ, നാളെ നിങ്ങള്‍ക്കു കിട്ടും. അവരോടൊത്തു കഴിയാന്‍, പുതിയ സാഹചര്യങ്ങളില്‍ ജീവിക്കാന്‍, പുതിയ ശീലങ്ങള്‍ പഠിക്കാന്‍ നിങ്ങള്‍ക്കു കഴിയണം. നിലനില്‍പ്പാണ് എല്ലാറ്റിലും വലുത്‌.

നിങ്ങള്‍ അനുഭവിച്ച കഷ്ടതകളില്‍ ഖേദവും, ഇത്രയും കാലത്തെ കഠിനാധ്വാനത്തിനു നന്ദിയും അറിയിക്കാന്‍ ചെയര്‍മാന്‍ എന്നോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.യാത്രപറയാന്‍ ശ്രമിക്കുന്നില്ല ഞാന്‍. എല്ലാവര്‍ക്കും നന്മ വരട്ടെ. ഇനി വേണു സംസാരിക്കും.

സുഹൃത്തുക്കളേ... വേണു അറിയാതെ നിര്‍ത്തിപ്പോയി. താനുച്ചരിച്ച ആദ്യവാക്ക്‌ അയാളെ അത്ഭുതപ്പെടുത്തി. സഖാക്കളേ എന്നാണ്‌ ഉദ്ദേശിച്ചത്‌.

ഇവിടത്തെ ജോലി ഒരു പാരമ്പര്യസ്വത്തായിരുന്നു മൂന്നു തലമുറ ജീവനക്കാര്‍ക്ക്‌. നമ്മുടെ മക്കള്‍ കമ്പനി വക കോ ഓപ്പറേറ്റീവ്‌ സ്റ്റോറിലെ പാല്‍പ്പൊടി കുടിച്ചു വളര്‍ന്നു. പിറന്നാളുകള്‍ക്ക്‌ അതിന്റെ ക്യാന്റീനിലെ പലഹാരം കഴിച്ചു, അവിടെയൊരു തൊഴിലിനു വേണ്ടി വളര്‍ന്നു, ആ തൊഴില്‍ കൂടുതന്‍ ഉയര്‍ന്ന തലത്തിലാവുമെന്ന് മോഹിച്ച്‌ സ്കൂളിലും കോളെജിലും പോയി പഠിച്ചു. അതും കഴിഞ്ഞ്‌ അച്ഛന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജോലിക്കായി കാത്തിരുന്നു.

ഞാന്‍ ഈ കമ്പനിയില്‍ ജോലി തുടങ്ങി ഏറെനാളൊന്നുമായില്ലെങ്കിലും ചെറുപ്പം മുതല്‍ ഇവിടെയാണ്‌ ചിലവിട്ടിരുന്നത്‌. യൂണിയന്‍ നേതാവെന്നതിലുപരി ഒരു അഭ്യുദയകാംക്ഷിയാകാനാണ്‌ ശ്രമിച്ചതും. അങ്ങനെ തന്നെ ആയിരുന്നോ ഞാനെന്നറിയില്ല.

ജി എം പറഞ്ഞതിനിയും ആവര്‍ത്തിക്കുന്നില്ല, നിലനില്‍പ്പു തന്നെ വലുത്‌. പുതിയ മാനജുമന്റ്‌ അതിനുള്ള ഏകവഴിയും. ആ വഴി തുറന്നു കിട്ടാന്‍ പലതും ഹോമിക്കേണ്ടിവന്നു. അടുത്തൂണ്‍ പറ്റുമ്പോള്‍ വാങ്ങാമെന്ന് നിങ്ങളെല്ലാം സ്വപ്നം കണ്ടിരുന്ന ഗ്രാറ്റുവിറ്റി, പിന്നെ സര്‍വ്വീസുകാലത്ത്‌ വര്‍ഷാവര്‍ഷം ഉയര്‍ന്നു വന്ന ഇന്‍ക്രിമന്റ്‌, കമ്പനി പൂട്ടിക്കിടന്ന കാലത്തെ ശമ്പളക്കുടിശ്ശിഖ, ജീവനക്കാര്‍ക്ക്‌ കുട്ടികളെ പഠിപ്പിക്കാനുള്ള ആനുകൂല്യം എന്നിവ അങ്ങനെ നമ്മള്‍ വേണ്ടെന്നു വച്ചതില്‍ പെടുന്നു എന്ന് ഓര്‍മ്മിച്ച്‌ ദുഖിക്കേണ്ടതില്ല. അതു ചെയ്തില്ലായിരുന്നെങ്കില്‍ ഇതടക്കം നമുക്ക്‌ ഒന്നും കിട്ടുകതന്നെ ഇല്ലായിരുന്നു എന്ന് തന്നെ വിശ്വസിക്കാം.

അവകാശങ്ങള്‍ക്കായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തന്ന പൌരാവകാശമാണ്‌, തൊഴില്‍ നിയമങ്ങളെല്ലാം ട്രേഡ്‌ യൂണിയനുകളെ അംഗീകരിക്കുന്നത്‌ ഈ അവകാശത്തിന്റെ അംഗീകാരമായിട്ടും. എങ്ങനെയും ജീവിച്ചു പോകാനുള്ള തത്രപ്പാടില്‍ നമുക്ക്‌ നഷ്ടമാകുകയാണ്‌ അത്‌ ഇന്ന്. നാളെ മുതല്‍ കമ്പനിയില്‍ യൂണിയനുണ്ടാവില്ല. അതിനെ നയിച്ചിരുന്നയാളായ ഞാന്‍ സര്‍വ്വീസിലും ഉണ്ടാകില്ല. അരുതാത്തതെന്തെങ്കിലും ഞാന്‍ എന്നെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം നിങ്ങല്‍ ക്ഷമിക്കണം. എല്ലാവര്‍ക്കും നല്ലതുവരട്ടെ.

തൊഴിലാളികള്‍ കയ്യടിച്ചില്ല, ഒന്നും പറഞ്ഞുമില്ല. ഇറങ്ങി നടക്കുമ്പോള്‍ ആരെയും, പരസ്പരം പോലും നോക്കാതിരിക്കാന്‍ ശാന്തിലാലും വേണുവും ശ്രമിച്ചു.

അങ്ങനെ പോകാനൊക്കില്ലല്ലോ, വൈകിട്ട്‌ നടക്കാനിറങ്ങിയ ശാന്തിലാലിനോടൊപ്പം വേണുവും വന്നു ചേര്‍ന്നു.
"വീട്ടില്‍ ആഞ്ഞിലിയൊരെണ്ണമുണ്ടായിരുന്നത്‌ വിറ്റു, മരക്കച്ചവടക്കാരനോട്‌ അഡ്വാന്‍സ്‌ വാങ്ങാന്‍ പോകുകയാണ്‌." ഒന്നും ചോദിക്കാഞ്ഞിട്ടും വേണു താന്‍ കാത്തുനിന്നതല്ലെന്ന് വിശദീകരിച്ചു.

"അതു നന്നായി, ഇങ്ങനെ കാണാന്‍ പറ്റിയല്ലോ. നിങ്ങളുടെ പാര്‍ട്ടി തനിക്ക്‌ എന്തെങ്കിലും ജോലി തരപ്പെടുത്തി തരാതിരിക്കില്ല അല്ലേ വേണൂ?"

"തീരെ പ്രതീക്ഷയില്ല സാര്‍. യൂണിയന്‍ വേണ്ടെന്ന് ഞാന്‍ സമ്മതിച്ചത്‌ പാര്‍ട്ടിക്കൊരു വലിയ തിരിച്ചടിയായിപ്പോയി. എന്തെങ്കിലും ഞാന്‍ തന്നെ കണ്ടെത്തിക്കോളാം."

"പാട്യാലക്കു വരൂ താന്‍, എന്റെ പരിചയക്കാരാരെങ്കിലും ഒരു ജോലി തരപ്പെടുത്തി തരാതിരിക്കില്ല."

"സാറൊരു ചെറിയ സ്ഥാപനം തുടങ്ങൂ, ഞാനവിടെ ജോലിക്കു വരാം. അതു വളര്‍ന്ന് വലുതായിക്കഴിഞ്ഞ്‌ അവിടത്തുകാരെ കൂട്ടി ഞാന്‍ സാറിന്റെ കാര്‍ വഴിയില്‍ തടഞ്ഞ്‌ മുദ്രാവാക്യം മുഴക്കും, ഹിന്ദിയില്‍" വേണു ചിരിച്ചെങ്കിലും കാര്യമായാണെന്ന് ശാന്തിലാലിനു മനസ്സിലായി.

"എന്റെ കയ്യിലൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞത്‌ വേണു പോലും വിശ്വസിച്ചിട്ടില്ല, അല്ലേ?"

"സാറെന്തു ചെയ്യാനാണു പദ്ധതി?"

"ഒരുവര്‍ഷം മുന്നേ ഇവിടം വിട്ടുപോയെങ്കില്‍ മറ്റൊരു ജോലിക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. ഇനിയൊരെണ്ണം കണ്ടെത്തല്‍ ഒരു പ്രശ്നമാണ്‌. നമ്മളെയാരും അറിയില്ലെങ്കിലും പുതിയ ഗ്രൂപ്പ്‌ വന്‍ തോക്കുകളല്ലേ, അവര്‍ എല്ലാ പത്രത്തിലുമെഴുതിയിട്ടുണ്ട്‌ കെടുകാര്യസ്ഥത മൂലം പൂട്ടിയ നമ്മളെ അവര്‍ രക്ഷിക്കുന്ന വിശേഷങ്ങള്‍. ഫാക്റ്ററി പൂട്ടിച്ച എന്നെയാര്‍ക്കു വേണം?"

"നേരത്തേ പോകാമായിരുന്നു ജീ..."

"ആ തോട്ടുവക്കത്തെ ഇലഞ്ഞിമരം കണ്ടോ, അതെന്റെ അച്ഛന്‍ നട്ടതാണ്‌. കുട്ടിയായിരുന്നപ്പോള്‍ അതില്‍ ഞാന്‍ പേനാക്കത്തികൊണ്ട്‌ കാന്തിറാം , ശാന്തിലാല്‍ എന്ന് അതില്‍ കൊത്തിവച്ചിട്ടുണ്ട്‌. അല്ലാ, വേണു എവിടെയാണു പണം വാങ്ങാന്‍ പോകുന്നെന്നു പറഞ്ഞത്‌?"

"എന്തിന്റെ പണം? ആഞ്ഞിലി എന്റെ അച്ഛനു വസ്തു ഭാഗം നടന്നപ്പോള്‍ കിട്ടിയതാണു സാര്‍.. അതു വില്‍ക്കാനുണ്ടെന്ന് ഞാന്‍ വെറുതേ പറഞ്ഞതാണെന്ന് അറിയില്ലേ?"

ശാന്തിലാലും വേണുവും തിരികെ നടന്നു പോയി. അവര്‍ക്കെതിരേ പോയ ലോറികളില്‍ ഗ്ലൂക്കോസായിരുന്നില്ലെന്നത്‌ അവര്‍ ശ്രദ്ധിച്ചില്ല. എങ്കിലും വഴിയരുകില്‍ റൈസിംഗ്‌ സണ്‍ ഡിസ്റ്റിലറി സിംഹമുദ്രയുള്ള കൊടിയുയര്‍ത്തി നിന്നത്‌ അവര്‍ കണ്ടു.

അതിന്റെ എഫ്ലുവന്റ്‌ ട്രീറ്റ്‌മന്റ്‌ ടാങ്കുകളിലെ കൂറ്റന്‍ റോട്ടര്‍ പങ്കകള്‍ വെള്ളമിളക്കി മറിക്കാത്തതെയുറങ്ങുന്നത്‌ വൈദ്യുതി ലാഭിക്കാനാണെന്ന് അവര്‍ക്കു മനസ്സിലായില്ല. പുഴയിലേക്കൊഴുകുന്ന പുതിയ ഓട ആല്‍മരവും ആഞ്ഞിലിയും ഉണക്കിക്കളഞ്ഞിട്ടുണ്ടാവുമെന്ന് ഓര്‍ത്തതുമില്ല. അതിജീവനത്തിന്റെ വഴി അവസാനിച്ചയിടത്തുനിന്നും ശാന്തിലാല്‍ പാട്യാലക്കു പോയി. വേണു എങ്ങോട്ടെങ്കിലും പോയി.