March 28, 2007

പരിവര്‍ത്തം

പ്രിയപ്പെട്ടവരേ,
കുറെക്കാലമായി ഖേദങ്ങളും ഇല്ലായ്മകളുമറിയിക്കാന്‍ മാത്രം നിങ്ങളെ വിളിച്ചുകൂട്ടിയിരുന്ന ഞാന്‍ ഇന്ന് സന്തോഷപൂര്‍വ്വം സംസാരിക്കുന്നു. സന്തോഷവാര്‍ത്ത നിങ്ങളിതിനകം അറിഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാലും അത്‌ ഔദ്യോഗികമായി ഇവിടെ അറിയിക്കേണ്ടതുണ്ടല്ലോ.

ഇപ്പോള്‍ നഷ്ടത്തിലും അടച്ചിടലിലും കുടുങ്ങിക്കിടക്കുന്ന കമ്പനിയെ അതിപ്രശസ്തരായ റൈസിംഗ്‌ സണ്‍ ഗ്രൂപ്പ്‌ ഏറ്റെടുത്തിരിക്കുന്നു. പഴയകാലത്തെക്കാള്‍ ഭംഗിയായി ഇനിയിത്‌ നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്കാവുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എന്തുകൊണ്ട്‌ ഒരുപാടു ദശാബ്ദം പൊന്നു കൊയ്ത നമ്മള്‍ നാശത്തിലേക്ക്‌ മൂക്കുകുത്തി വീണു എന്ന് ഇപ്പോള്‍ ചിന്തിക്കുന്നില്ല, അത് ഒരുപാട്‌ ചര്‍ച്ച ചെയ്തതല്ലേ. എനിക്കു പറയാനുള്ളത്‌ നാളെമുതല്‍ എന്തു വേണം നിങ്ങളെന്നാണ്‌. നാളെക്കഴിയുമ്പോള്‍ ഞാന്‍ പാട്യാലക്ക്‌ തിരിച്ചു പോകും. പഴയ, പരാജിതമായ, പാപ്പരായ മാനേജുമെന്റിന്റെ അവസാന പ്രതിനിധിയായി,തല കുനിച്ച്‌. എനിക്കൊന്നുമില്ല കൊണ്ടുപോകാന്‍, നാല്‍പ്പത്തിരണ്ടു വര്‍ഷം മുന്നേ കേരളത്തില്‍ ഈ കൊച്ചു ഗ്രാമത്തില്‍ ജനിച്ചു നിങ്ങളോടൊപ്പം ഇത്രയും നാള്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകളല്ലാതെ.

മലയാളം നല്ലതുപോലെ സംസാരിക്കുമെങ്കിലും മനസ്സിലുള്ളത്‌ ഇന്ന് ആ ഭാഷയില്‍ പ്രകടിപ്പിക്കാനാവുമെന്ന് ശാന്തിലാലിനു തോന്നിയില്ല. ആത്മഗതം പോലെ വികാരത്തള്ളലൊട്ടുമില്ലാതെ അയാളില്‍ നിന്നും വരുന്ന വാക്കുകള്‍ ഇംഗ്ലീഷറിയുന്ന ജീവനക്കാര്‍ക്ക്‌ മനസ്സിലായിടത്തോളമില്ലെങ്കിലും ബാക്കിയുള്ളവരും ഊഹിച്ചെടുത്തു.

ചെയര്‍മാന്‍, ക്ഷമിക്കണം,മുന്നത്തെ ചെയര്‍മാന്‍ തത്വാധിഷ്ഠിത വാണിജ്യമെന്ന നയത്തില്‍ നിന്നും മാറാനിഷ്ടപ്പെട്ടില്ല. നിങ്ങള്‍ക്കറിയുമല്ലോ, ചെറിയ വത്യാസങ്ങള്‍ വരുത്തിയാല്‍ മതി ശിശുഭക്ഷണമുണ്ടാക്കുന്ന പ്ലാന്റ്‌ ഒരു ഡിസ്റ്റിലറിയാക്കാം. നമ്മള്‍ മുങ്ങുമ്പോള്‍, ബാങ്കുകള്‍ ജപ്തിയെന്നും റിസീവറെന്നും ഭീഷണിക്കത്തയക്കുമ്പോള്,‍ തത്വത്തെ കളഞ്ഞ്‌ പ്രായോഗികതയെ സ്വീകരിക്കാന്‍ ഞാന്‍ ചെയര്‍മാനെഴുതി. പണ്ടത്തെ നിങ്ങളുടെ ട്രേഡ്‌ യൂണിയന്‍ നേതാവായിരുന്നു അന്ന് കേരളത്തിലെ ഇന്‍ഡസ്റ്റ്രീസ്‌ മിനിസ്റ്റര്‍. അദ്ദേഹം ക്ഷണം ഡിസ്റ്റിലറി ലൈസന്‍സ്‌ അനുവദിച്ച്‌ കമ്പനിയെ രക്ഷിക്കുമെന്ന് എനിക്കു ഉറപ്പും തന്നു. എന്നിട്ടും ചെയര്‍മാന്‍ അനങ്ങിയില്ല. ലഹരി വില്‍ക്കുന്നത്‌ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കെതിരായിരുന്നു.

ഇന്നിന്റെ തന്ത്രങ്ങളില്‍ വിശ്വസിക്കുന്ന പുതിയ തലമുറക്കാരെ, എന്നെക്കാളും മിടുക്കരെ, നാളെ നിങ്ങള്‍ക്കു കിട്ടും. അവരോടൊത്തു കഴിയാന്‍, പുതിയ സാഹചര്യങ്ങളില്‍ ജീവിക്കാന്‍, പുതിയ ശീലങ്ങള്‍ പഠിക്കാന്‍ നിങ്ങള്‍ക്കു കഴിയണം. നിലനില്‍പ്പാണ് എല്ലാറ്റിലും വലുത്‌.

നിങ്ങള്‍ അനുഭവിച്ച കഷ്ടതകളില്‍ ഖേദവും, ഇത്രയും കാലത്തെ കഠിനാധ്വാനത്തിനു നന്ദിയും അറിയിക്കാന്‍ ചെയര്‍മാന്‍ എന്നോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.യാത്രപറയാന്‍ ശ്രമിക്കുന്നില്ല ഞാന്‍. എല്ലാവര്‍ക്കും നന്മ വരട്ടെ. ഇനി വേണു സംസാരിക്കും.

സുഹൃത്തുക്കളേ... വേണു അറിയാതെ നിര്‍ത്തിപ്പോയി. താനുച്ചരിച്ച ആദ്യവാക്ക്‌ അയാളെ അത്ഭുതപ്പെടുത്തി. സഖാക്കളേ എന്നാണ്‌ ഉദ്ദേശിച്ചത്‌.

ഇവിടത്തെ ജോലി ഒരു പാരമ്പര്യസ്വത്തായിരുന്നു മൂന്നു തലമുറ ജീവനക്കാര്‍ക്ക്‌. നമ്മുടെ മക്കള്‍ കമ്പനി വക കോ ഓപ്പറേറ്റീവ്‌ സ്റ്റോറിലെ പാല്‍പ്പൊടി കുടിച്ചു വളര്‍ന്നു. പിറന്നാളുകള്‍ക്ക്‌ അതിന്റെ ക്യാന്റീനിലെ പലഹാരം കഴിച്ചു, അവിടെയൊരു തൊഴിലിനു വേണ്ടി വളര്‍ന്നു, ആ തൊഴില്‍ കൂടുതന്‍ ഉയര്‍ന്ന തലത്തിലാവുമെന്ന് മോഹിച്ച്‌ സ്കൂളിലും കോളെജിലും പോയി പഠിച്ചു. അതും കഴിഞ്ഞ്‌ അച്ഛന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജോലിക്കായി കാത്തിരുന്നു.

ഞാന്‍ ഈ കമ്പനിയില്‍ ജോലി തുടങ്ങി ഏറെനാളൊന്നുമായില്ലെങ്കിലും ചെറുപ്പം മുതല്‍ ഇവിടെയാണ്‌ ചിലവിട്ടിരുന്നത്‌. യൂണിയന്‍ നേതാവെന്നതിലുപരി ഒരു അഭ്യുദയകാംക്ഷിയാകാനാണ്‌ ശ്രമിച്ചതും. അങ്ങനെ തന്നെ ആയിരുന്നോ ഞാനെന്നറിയില്ല.

ജി എം പറഞ്ഞതിനിയും ആവര്‍ത്തിക്കുന്നില്ല, നിലനില്‍പ്പു തന്നെ വലുത്‌. പുതിയ മാനജുമന്റ്‌ അതിനുള്ള ഏകവഴിയും. ആ വഴി തുറന്നു കിട്ടാന്‍ പലതും ഹോമിക്കേണ്ടിവന്നു. അടുത്തൂണ്‍ പറ്റുമ്പോള്‍ വാങ്ങാമെന്ന് നിങ്ങളെല്ലാം സ്വപ്നം കണ്ടിരുന്ന ഗ്രാറ്റുവിറ്റി, പിന്നെ സര്‍വ്വീസുകാലത്ത്‌ വര്‍ഷാവര്‍ഷം ഉയര്‍ന്നു വന്ന ഇന്‍ക്രിമന്റ്‌, കമ്പനി പൂട്ടിക്കിടന്ന കാലത്തെ ശമ്പളക്കുടിശ്ശിഖ, ജീവനക്കാര്‍ക്ക്‌ കുട്ടികളെ പഠിപ്പിക്കാനുള്ള ആനുകൂല്യം എന്നിവ അങ്ങനെ നമ്മള്‍ വേണ്ടെന്നു വച്ചതില്‍ പെടുന്നു എന്ന് ഓര്‍മ്മിച്ച്‌ ദുഖിക്കേണ്ടതില്ല. അതു ചെയ്തില്ലായിരുന്നെങ്കില്‍ ഇതടക്കം നമുക്ക്‌ ഒന്നും കിട്ടുകതന്നെ ഇല്ലായിരുന്നു എന്ന് തന്നെ വിശ്വസിക്കാം.

അവകാശങ്ങള്‍ക്കായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തന്ന പൌരാവകാശമാണ്‌, തൊഴില്‍ നിയമങ്ങളെല്ലാം ട്രേഡ്‌ യൂണിയനുകളെ അംഗീകരിക്കുന്നത്‌ ഈ അവകാശത്തിന്റെ അംഗീകാരമായിട്ടും. എങ്ങനെയും ജീവിച്ചു പോകാനുള്ള തത്രപ്പാടില്‍ നമുക്ക്‌ നഷ്ടമാകുകയാണ്‌ അത്‌ ഇന്ന്. നാളെ മുതല്‍ കമ്പനിയില്‍ യൂണിയനുണ്ടാവില്ല. അതിനെ നയിച്ചിരുന്നയാളായ ഞാന്‍ സര്‍വ്വീസിലും ഉണ്ടാകില്ല. അരുതാത്തതെന്തെങ്കിലും ഞാന്‍ എന്നെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം നിങ്ങല്‍ ക്ഷമിക്കണം. എല്ലാവര്‍ക്കും നല്ലതുവരട്ടെ.

തൊഴിലാളികള്‍ കയ്യടിച്ചില്ല, ഒന്നും പറഞ്ഞുമില്ല. ഇറങ്ങി നടക്കുമ്പോള്‍ ആരെയും, പരസ്പരം പോലും നോക്കാതിരിക്കാന്‍ ശാന്തിലാലും വേണുവും ശ്രമിച്ചു.

അങ്ങനെ പോകാനൊക്കില്ലല്ലോ, വൈകിട്ട്‌ നടക്കാനിറങ്ങിയ ശാന്തിലാലിനോടൊപ്പം വേണുവും വന്നു ചേര്‍ന്നു.
"വീട്ടില്‍ ആഞ്ഞിലിയൊരെണ്ണമുണ്ടായിരുന്നത്‌ വിറ്റു, മരക്കച്ചവടക്കാരനോട്‌ അഡ്വാന്‍സ്‌ വാങ്ങാന്‍ പോകുകയാണ്‌." ഒന്നും ചോദിക്കാഞ്ഞിട്ടും വേണു താന്‍ കാത്തുനിന്നതല്ലെന്ന് വിശദീകരിച്ചു.

"അതു നന്നായി, ഇങ്ങനെ കാണാന്‍ പറ്റിയല്ലോ. നിങ്ങളുടെ പാര്‍ട്ടി തനിക്ക്‌ എന്തെങ്കിലും ജോലി തരപ്പെടുത്തി തരാതിരിക്കില്ല അല്ലേ വേണൂ?"

"തീരെ പ്രതീക്ഷയില്ല സാര്‍. യൂണിയന്‍ വേണ്ടെന്ന് ഞാന്‍ സമ്മതിച്ചത്‌ പാര്‍ട്ടിക്കൊരു വലിയ തിരിച്ചടിയായിപ്പോയി. എന്തെങ്കിലും ഞാന്‍ തന്നെ കണ്ടെത്തിക്കോളാം."

"പാട്യാലക്കു വരൂ താന്‍, എന്റെ പരിചയക്കാരാരെങ്കിലും ഒരു ജോലി തരപ്പെടുത്തി തരാതിരിക്കില്ല."

"സാറൊരു ചെറിയ സ്ഥാപനം തുടങ്ങൂ, ഞാനവിടെ ജോലിക്കു വരാം. അതു വളര്‍ന്ന് വലുതായിക്കഴിഞ്ഞ്‌ അവിടത്തുകാരെ കൂട്ടി ഞാന്‍ സാറിന്റെ കാര്‍ വഴിയില്‍ തടഞ്ഞ്‌ മുദ്രാവാക്യം മുഴക്കും, ഹിന്ദിയില്‍" വേണു ചിരിച്ചെങ്കിലും കാര്യമായാണെന്ന് ശാന്തിലാലിനു മനസ്സിലായി.

"എന്റെ കയ്യിലൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞത്‌ വേണു പോലും വിശ്വസിച്ചിട്ടില്ല, അല്ലേ?"

"സാറെന്തു ചെയ്യാനാണു പദ്ധതി?"

"ഒരുവര്‍ഷം മുന്നേ ഇവിടം വിട്ടുപോയെങ്കില്‍ മറ്റൊരു ജോലിക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. ഇനിയൊരെണ്ണം കണ്ടെത്തല്‍ ഒരു പ്രശ്നമാണ്‌. നമ്മളെയാരും അറിയില്ലെങ്കിലും പുതിയ ഗ്രൂപ്പ്‌ വന്‍ തോക്കുകളല്ലേ, അവര്‍ എല്ലാ പത്രത്തിലുമെഴുതിയിട്ടുണ്ട്‌ കെടുകാര്യസ്ഥത മൂലം പൂട്ടിയ നമ്മളെ അവര്‍ രക്ഷിക്കുന്ന വിശേഷങ്ങള്‍. ഫാക്റ്ററി പൂട്ടിച്ച എന്നെയാര്‍ക്കു വേണം?"

"നേരത്തേ പോകാമായിരുന്നു ജീ..."

"ആ തോട്ടുവക്കത്തെ ഇലഞ്ഞിമരം കണ്ടോ, അതെന്റെ അച്ഛന്‍ നട്ടതാണ്‌. കുട്ടിയായിരുന്നപ്പോള്‍ അതില്‍ ഞാന്‍ പേനാക്കത്തികൊണ്ട്‌ കാന്തിറാം , ശാന്തിലാല്‍ എന്ന് അതില്‍ കൊത്തിവച്ചിട്ടുണ്ട്‌. അല്ലാ, വേണു എവിടെയാണു പണം വാങ്ങാന്‍ പോകുന്നെന്നു പറഞ്ഞത്‌?"

"എന്തിന്റെ പണം? ആഞ്ഞിലി എന്റെ അച്ഛനു വസ്തു ഭാഗം നടന്നപ്പോള്‍ കിട്ടിയതാണു സാര്‍.. അതു വില്‍ക്കാനുണ്ടെന്ന് ഞാന്‍ വെറുതേ പറഞ്ഞതാണെന്ന് അറിയില്ലേ?"

ശാന്തിലാലും വേണുവും തിരികെ നടന്നു പോയി. അവര്‍ക്കെതിരേ പോയ ലോറികളില്‍ ഗ്ലൂക്കോസായിരുന്നില്ലെന്നത്‌ അവര്‍ ശ്രദ്ധിച്ചില്ല. എങ്കിലും വഴിയരുകില്‍ റൈസിംഗ്‌ സണ്‍ ഡിസ്റ്റിലറി സിംഹമുദ്രയുള്ള കൊടിയുയര്‍ത്തി നിന്നത്‌ അവര്‍ കണ്ടു.

അതിന്റെ എഫ്ലുവന്റ്‌ ട്രീറ്റ്‌മന്റ്‌ ടാങ്കുകളിലെ കൂറ്റന്‍ റോട്ടര്‍ പങ്കകള്‍ വെള്ളമിളക്കി മറിക്കാത്തതെയുറങ്ങുന്നത്‌ വൈദ്യുതി ലാഭിക്കാനാണെന്ന് അവര്‍ക്കു മനസ്സിലായില്ല. പുഴയിലേക്കൊഴുകുന്ന പുതിയ ഓട ആല്‍മരവും ആഞ്ഞിലിയും ഉണക്കിക്കളഞ്ഞിട്ടുണ്ടാവുമെന്ന് ഓര്‍ത്തതുമില്ല. അതിജീവനത്തിന്റെ വഴി അവസാനിച്ചയിടത്തുനിന്നും ശാന്തിലാല്‍ പാട്യാലക്കു പോയി. വേണു എങ്ങോട്ടെങ്കിലും പോയി.

16 comments:

ദേവന്‍ said...

ദാ കഥ. എഴുതിയശേഷം വായിച്ചുനോക്കുന്നതിനു മുന്നേ പഴയ കമന്റുകളൊന്നോടിച്ചു നോക്കി ചില്ലറ മാറ്റം വരുത്തി. വിഷ്ണുമാഷിന്റെ കമന്റ്‌ കണ്ട്‌ പീറ്റര്‍ ഡ്രക്കറെയും ഏംഗത്സിനെയും കഥയില്‍ നിന്നും അടിച്ചോടിച്ചു. മാഗ്നിയുടെ കമന്റിന്‍‍ പടി നീളവും കൂട്ടി.

തിരുത്തിനെത്തിരുത്തിയതിലും കര്‍ശ്ശനമായി തന്നെ നിങ്ങള്‍ ഇതിനു ക്വാളിറ്റി ചെക്ക്‌ നടത്തുമെന്ന അതിമോഹം പ്രകടിപ്പിച്ചു ഞാന്‍ ഇതാ പരിവര്‍ത്തം നടത്തുന്നു.

കുറുമാന്‍ said...

സാറൊരു ചെറിയ സ്ഥാപനം തുടങ്ങൂ, ഞാനവിടെ ജോലിക്കു വരാം. അതു വളര്‍ന്ന് വലുതായിക്കഴിഞ്ഞ്‌ അവിടത്തുകാരെ കൂട്ടി ഞാന്‍ സാറിന്റെ കാര്‍ വഴിയില്‍ തടഞ്ഞ്‌ മുദ്രാവാക്യം മുഴക്കും, ഹിന്ദിയില്‍" - മൂന്നാലു ദിവസമായി തേങ്ങ ഉടക്കാണ്ട് കൈ തരിക്കുന്നു

കണ്ണൂരാന്‍ - KANNURAN said...

കഥ അതിന്റെ വഴിക്കു പോട്ടെ.. തികച്ചും ഓഫ് ആയ കാര്യമാണ് ഇതു വായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ ഓടിയത്. ദിനേശ് ബീഡിയും, തിരുവേപ്പതി മില്ലും.. ദിനേശ് എത്രകാലം പോകുമെന്നറിയില്ല, വൈവിധ്യവല്‍ക്കരണത്തിന്റെ പേരില്‍ കെട്ടിയിട്ട സോഫ്റ്റ്വെയര്‍ പാര്‍ക്കും എ/സി വിവാഹ മണ്ഡപവും തൊഴിലാളികളെ കൊഞ്ഞനംകുത്തുന്നു. ഒരു പൈസ പോലും തൊഴിലാളികള്‍ക്കു നല്‍കാതെ തിരുവേപ്പതിപൂ‍ട്ടി മുതലാളി സ്ഥലം വിട്ടു, നിരവധിപേര്‍ ആത്മഹത്യ ചെയ്തു, അതിനു വയ്യാത്തവര്‍ മരിച്ചൂ ജീവിക്കുന്നു. ആ കമ്പനിയും സ്ഥലവും ലേലത്തിനു വച്ചപ്പോള്‍ എടുത്തത് സി.പി.എമ്മായിരുന്നു, 4 കോടി രൂപയ്ക്ക്... നായനാര്‍ മെമ്മൊറിയല്‍ റിസര്‍ച്ച് സെന്ററ് തുടങ്ങാന്‍... എഴുതാതീരിക്കാന്‍ പറ്റിയില്ല... തെറ്റെങ്കില്‍ പൊറുക്കുക....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞങ്ങളുടെ കമ്പനി നടത്തിയ ഒരു സൗജന്യ ക്യാമ്പില്‍ പരിശോധന നടത്തിയ ശേഷം വായനക്കുപയോഗിക്കാവുന്ന കണ്ണട ഇന്നു സൗജന്യമായി കൊടുത്തപ്പോള്‍ അതിന്‌ ദൂരക്കാഴ്ച്ചക്കുള്ളതും കൂടി ചേര്‍ത്ത ലെന്‍സല്ലാത്തതിനുള്ള അധിക്ഷേപവും കേട്ട്‌ കണ്ണട തിരികെ തന്നത്‌ പെട്ടിയില്‍ വെച്ച ഗതികേടില്‍ ഇരിക്കുമ്പോഴാണ്‌ ദേവന്റെ ഈ എഴുത്ത്‌.
ദേവാ ഈശ്വരോ രക്ഷതു

ജ്യോതിര്‍മയി /ज्योतिर्मयी said...
This comment has been removed by the author.
sandoz said...

ജനിച്ചതും വളര്‍ന്നതും ഏലൂര്‍ എന്ന വ്യവസായമേഖലയോട്‌ ചേര്‍ന്നുള്ള ഒരു പ്രദേശത്തായത്‌ കൊണ്ട്‌ വ്യവസായങ്ങള്‍ തകരുന്നതും പച്ച പിടിക്കുന്നതും.....അതിനനുസരിച്ച്‌ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു വരുന്ന മാറ്റവുമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്‌.എന്റെ തൊഴിലും ഈ മേഖലയില്‍ ആയതു കൊണ്ട്‌ തൊഴിലാളി സമരങ്ങളും...അടച്ചുപൂട്ടലുകളും ട്രേഡ്‌ യൂണിയനുകളും...എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണു എനിക്ക്‌.... കേരളത്തിലെങ്കിലും.അതു കൊണ്ട്‌ തന്നെ കഥയുടെ ഫീലിങ്ങ്സിനോട്‌ ചേര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞു.

പിന്നെ എഴുത്തുകാരന്‍ നല്ല കയ്യടക്കം പുലര്‍ത്തിയിരിക്കുന്നു എന്നു പറയാതെ വയ്യ.ഓടയിലൂടെ ഒഴുകുന്ന പുതിയ വിഷം ഉണക്കികളയുന്നത്‌ മരങ്ങളെ മാത്രമല്ലാ......ഇവിടെ നേരത്തേ ഉണ്ടായിരുന്ന..അല്ലെങ്കില്‍ ഇപ്പോഴും നിലനില്‍ക്കേണ്ട ഒരു ജീവിതരീതിയെ തന്നെയാണു.....

ദേവേട്ടാ...നന്നായി......

Unknown said...

ദേവേട്ടാ,
കഥ നന്നായി. അതിജീവനം ഒരു സത്യമാണല്ലോ. അടിസ്ഥാനപരമായ ആവശ്യം. അതിന് മുകളില്‍ വരും മറ്റെന്തെങ്കിലും എന്ന് തോന്നിയിട്ടില്ല, പുസ്തകത്തില്‍ വായിക്കാന്‍ സംഭവം രസമാണെങ്കിലും.

Sushen :: സുഷേണന്‍ said...

കഥ നന്നായിരിക്കുന്നു. ശാന്തിലാലിനെ ഇഷ്ടപ്പെട്ടു.

സാജന്‍| SAJAN said...

വേണൂനെ പോലുള്ളവരെ ഇന്നു കാണാന്‍ കിട്ട്വോ ദേവേട്ടാ.. കഥ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു...
:)

മനോജ് കുമാർ വട്ടക്കാട്ട് said...

വ്യവസായത്തെയും പ്രകൃതിയെയും കൂട്ടിയിണക്കി ഒന്നും ചെയ്യാന്‍ നമുക്കറിയില്ല.
അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്നതോ?

(പ്രതീക്ഷകള്‍ നല്‍കിയവര്‍, എല്ലാം മറന്ന് 'എങ്ങോട്ടെങ്കിലും പോവുകയുമാണ്‌')

ജിസോ ജോസ്‌ said...

ദേവേട്ടാ, നന്നായിരിക്കുന്നു...

കണ്ണുരാന്‍, :)

ദേവന്‍ said...

കുറുമാനേ,
തേങ്ങക്കു നന്ദി.

കണ്ണൂരാനേ,
ഇല്ല. ഒട്ടും തെറ്റിയില്ല. എന്റെ അയല്വക്കത്തുള്ള ദിനേശ്‌ ബീഡിയും തിരുവേപ്പതി മില്ലും പോലെ ഉള്ള ഒരു കമ്പനിയുടെ കഥയാണിതും.

പണിക്കര്‍ മാഷേ,
ഹ ഹ. ഇടിവാള്‍ (ബ്ലോഗറല്ല) വെട്ടിയവനെ പാമ്പു കടിച്ചു എന്നല്ലേ. പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തളം സുധാകരന്റെ പ്രസംഗം എന്നും പറയാം :)

ജ്യോതി ടീച്ചറേ,
കമന്റ്‌ എന്തിനാ കളഞ്ഞേ? അതൊരു കഥയെക്കുറിച്ചുള്ള അഭിപ്രായം മാത്രമല്ലേ? പോസ്റ്റുകളെ ഞാന്‍ ബൂലോഗപ്പെരുവഴിയില്‍ കഥയെ ഇറക്കി വിടുന്നത്‌ "എത്ര മനോഹരം" എന്നു കേള്‍ക്കാനൊന്നുമല്ല.

ദേവദത്തനോടു പറഞ്ഞ കാര്യം ഞാന്‍ അവനെ അറിയിച്ചിട്ടുണ്ട്‌. അവനു അറിയാവുന്ന മൊത്തം വാക്കുകളുടെ 50% കൊണ്ട്‌ പ്രതികരിക്കുകയും ചെയ്തു (അവനു ആകെ രണ്ടു വാക്കേ അറിയാവൂ, അമ്മ എന്നും ഇങ്ക്‌ എന്നും. അതില്‍ നിന്നും "അമ്മ" പറഞ്ഞു അവന്‍)

സാന്‍ഡോസേ,
ഏലൂര്‍ പോലെ വലുതല്ലെങ്കിലും കൊല്ലത്തിനും ഒരു വ്യവസായ മേഖല ഉണ്ടായിരുന്നു. ലോകം വളര്‍ന്നപ്പോള്‍ കേരളത്തിലെ ബാക്കി വ്യവസായ സമുച്ചയങ്ങളെപ്പോലെ അതും വിഷം മാത്രം ആ പുതിയ അവസ്ഥയില്‍ നിന്നും ഊറ്റി കുടിച്ചു. ഇപ്പോള്‍ ഏതാണ്ട്‌ പൂര്‍ണ്ണമായും മരിച്ചു.

ദില്‍ബൂ,
സത്യം അതാണ്‌. ആ സത്യത്തിനു മുന്നില്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയെക്കുറിച്ചും ബാലന്‍സ്ഡ്‌ ഗ്രോത്തിനെക്കുറിച്ചും ഒക്കെ ഓരോരുത്തര്‍
കുത്തിയിരുന്നെഴുതിയതെല്ലാം അസത്യമായതെ എങ്ങനെ? ആവോ.

സുഷേണന്‍, നന്ദി.
ശാന്തിലാല്‍ ഇപ്പോള്‍ ചെറിയൊരു കമ്പനിയുടെ പ്ലാന്റ്‌ മാനേജര്‍ ആയി, ഏതാണ്ട്‌ മുഴുക്കുടിയനും ആയി ഉത്തരേന്ത്യയില്‍ ഒരു നഗരത്തില്‍ ജീവിക്കുന്നു.

സാജന്‍,
വേണു (പേരതല്ല കേട്ടോ) സാജന്റെ നാട്ടില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരെ ഉള്ള ഒരാളാണ്‌. ഇപ്പോള്‍ നാട്ടിലില്ല, എവിടെയെന്ന് അന്വേഷിച്ചുമില്ല ഞാന്‍. എങ്ങോട്ടോ പോയി.

പടിപ്പുര,
അറിയില്ല, അല്ലെങ്കില്‍ ബോധമില്ല എന്നു തന്നെ എനിക്കും തോന്നുന്നത്‌. ഭൂപ്രകൃതിയിലും ഡെമോഗ്രഫിയിലും (വലിപ്പത്തിലൊഴിച്ച്‌) കേരളവും മലേഷ്യയുമായി വലിയ വത്യാസമൊന്നുമില്ല. തുടക്കം നമുക്ക്‌ വളരെ നേരത്തേ ആയിരുന്നു താനും.

അവിടെയൊരു പുഴയും മരിച്ചില്ല. അവിടെയൊരു മാലിന്യക്കൂമ്പാരവും മനുഷ്യനെ പകര്‍ച്ചവ്യാധി പിടിപ്പിച്ച്‌ കൊല്ലുന്നില്ല. അവിടത്തെ റൈസിംഗ്‌ സണ്‍ ഡിസ്റ്റിലറികള്‍ക്ക്‌ വിഷം പുഴയില്‍ തള്ളാതെ, ബോണ്ടഡ്‌ വെയര്‍ഹൌസെന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരനു കൈമടക്കു വാങ്ങി മലര്‍ക്കെ തുറന്നിട്ട്‌ വീട്ടില്‍ പോകാനുള്ള ഇടമായില്ല. തൊഴിലാളി പ്രസ്ഥാനമെന്നാല്‍ നേതാവിന്റെ വെപ്പാട്ടിക്ക്‌ പിറന്നവനു സെക്യൂരിറ്റിയില്‍ ഉദ്യോഗം വാങ്ങിക്കൊടുക്കാനും തിരഞ്ഞെടുപ്പിനു ലക്ഷം പറ്റി പാര്‍ട്ടിക്കു കൊടുക്കാനുമുള്ള സംവിധാനമല്ല. അവരുടെ വ്യാവസായിക പുരോഗതിയിലേക്ക്‌ നമ്മളെത്താന്‍ എത്ര നൂറ്റാണ്ടു വേണമെന്ന് ഒരു
പിടിയുമില്ല.

തക്കുടു, നന്ദി. (പുഴ മരിക്കുന്നു എന്ന ലേഖനം വായിച്ചിരുന്നു. അതിനൊരു അടിക്കുറിപ്പെഴുതാന്‍ ഏറെ നേരം വേണമെന്നതിനാല്‍ മുന്നോട്ട്‌ നീക്കി വച്ചതാണേ)

അനൂപ് അമ്പലപ്പുഴ said...

ഓ ദേവദത്തനേയും ബൂലോകത്തെത്തിച്ചൊ
? അവന്‍ വളരുന്ന പ്രായമല്ലെ കുറച്ചുനാള്‍ കൂടി ക്ഷഅമിക്കൂ!്

Anonymous said...

It was wonderful to read ur blogs congrats.I dont know hoe to blog in malayalam

ദേവന്‍ said...

അനൂപ്‌ അവന്‍ ഞാനെവിടെപ്പോയാലും കൂടെ വന്നുകളയും, എന്താ ചെയ്യുക!

അനോണി, ക്ഷമിക്കൂ, ഈ കമന്റ്‌ ഇതുവരെ കണ്ടില്ല. ഈ പോസ്റ്റ്‌ ഒന്നു വായിക്കൂ, http://howtostartamalayalamblog.blogspot.com പിന്നെ ഇതും http://ashwameedham.blogspot.com/2006/07/blog-post_28.html

അങ്കിള്‍ said...

2007 ൽ ഇതു വായിച്ചതാണു.

ഇന്നു ബസ്സിൽ കയറിയപ്പോൾ അതു വഴി വീണ്ടും വന്നു. ഒന്നു കൂടി വായിച്ചു.

ദേവനും ദേവനെപോലെയുള്ള കറേയധികം ജീനിയസ്സുകൾ ബ്ലോഗിൽ നിന്നും മാറി നിൽക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട്. നിങ്ങൾക്ക് നിങ്ങളുടേതായ ന്യായീകരണമുണ്ടാകാം.

ഏതായാലും ഒന്നിച്ച് ഗൂഗിൾ ബസ്സിൽ യാത്രചെയ്യാൻ തരപെട്ടതിൽ സന്തോഷം.