December 10, 2005

വൈജ്ഞാനികം

Image hosted by Photobucket.com

ഇന്ത്യന്‍ അസ്സോസിയേഷന്‍ നടത്തിയ പ്രത്യേകതകളുള്ള കുട്ടികള്‍ക്കുള്ള മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങ്‌ ഇന്നലെ നടക്കുന്നുണ്ടെന്നറിഞ്ഞ്‌ കാണാന്‍ പോയി. ചെന്നപ്പോഴാണ്‌ അറിഞ്ഞത്‌ സ്പെഷ്യല്‍ ചില്‍ഡ്രന്‍സ്‌ ഇവന്റ്‌ പല ഇവന്റുകളിള്‍ ഒരെണ്ണം മാത്രമാണെന്നും ഹൈസ്ക്കൂള്‍ തല ക്വിസ്‌ കോമ്പറ്റീഷന്‍ ആറു മണിക്ക്‌ തീരേണ്ടിയിരുന്നത്‌ 9 മണിക്കേ തീരൂ എന്നും. സൌന്ദര്യ പ്രദര്‍ശനം , പുഷ്പ-ഫല സസ്യ പ്രദര്‍ശനം, കന്നുകാലി-കോഴി പ്രദര്‍ശനം, ശ്വാനന്മാരോടുകൂടിയ കൊച്ചമ്മ പ്രദര്‍ശനം എന്നിവ കണ്ടിട്ടുണ്ട്‌ പക്ഷേ ഇതതുപോലാണോ? സിദ്ധാര്‍ത്ഥ ബസുവും മറ്റും റ്റീവിയില്‍ കറക്കുന്ന ചോദ്യം ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ്‌ ഉത്തരം പറയുന്ന രസമുള്ള കളി നേരില്‍ കാണാന്‍ കിട്ടിയ ആദ്യത്തെ അവസരമല്ലേ. സമ്മാനം വാങ്ങാന്‍ അലൈന്‍, അബുദാബി, ഫ്യുജൈറാ തൂടങ്ങി ദൂരത്തുനിന്നൊക്കെ എത്തിയ സ്പെഷല്‍ കുട്ടികളുമൊത്ത്‌ ഞാനും ഭാര്യയും ആഡിറ്റോറിയത്തില്‍ വലിഞ്ഞു കേറി.

കൂറ്റന്‍ സ്ക്രീനിൽ രണ്ടു മുഖങ്ങള്‍ തെളിഞ്ഞു. ആരാണെന്ന്നു കണ്ടു പിടിക്കുക. ഒരു പരിചയവുമില്ല, ആരാണാവോ. മിക്കവാറും മത്സരാര്‍ത്ഥികള്‍ കൈപൊക്കി. അവസരം കിട്ടിയ കൊച്ചൻ വിളിച്ചു കൂകി "ഇത്‌ ഗൂഗിളിന്റെ സ്ഥാപകര്‍...." എന്റമ്മച്ചി. ഇപ്പോഴത്തെ പിള്ളേരുടെ ഒരു ബുദ്ധിയേ. നമ്മളൊക്കെ എന്തിനാ ഇത്രേം വലിയ മീശയും വച്ച്‌..

അടുത്ത പടം .ആരാണിത്‌? നല്ല പരിചയം ആരാണാവോ. " ഇത്‌ സ്പീല്‍‍‍ബര്‍ഗ്‌ താടിയും മീശയും ഇല്ലാതിരുന്ന കാലം".കുട്ടികള്‍ക്കറിയാത്ത കാര്യമില്ല പറയാന്‍ വായതുറന്നപ്പോഴേക്ക്‌ എന്റെ പിറകില്‍ നിന്ന് ഒരു വല്ല്യമ്മച്ചി അടക്ക്കി സംസാരം . "ആദ്യത്തെ രണ്ടു പടവും ക്വിസ്‌ 50000 എന്ന പുസ്തകത്തീന്നാണല്ലോ. മോഡേണ്‍ ക്വിസ്‌ ബുക്കീന്ന് ഒരെണ്ണവും ഈയിടെ ചോദിക്കാറില്ല ആരും, അതെന്താണോ.."

അയ്യേ. അപ്പോ അതാണോ പരിപാടി. ഞാനേതാണ്ടൊക്കെ വിചാരിച്ചുപോയല്ലോ. പതുക്കെ ഒന്നു തിരിഞ്ഞു നോക്കി. അമ്മച്ചിമാരുടെയെല്ലാം കയ്യില്‍ രണ്ടും മൂന്നും മോഡേണ്‍ ക്വിസ്സ്‌ ഗൈഡ്‌ ഇത്യാദികള്‍.

അന്തം വിടീക്കുന്ന ചോദ്യങ്ങള്‍ ശരം കണക്കെ വരുന്നു, കുട്ടികള്‍ എല്ലാറ്റിനും ഉരുളക്ക്‌ ഉപ്പേരി പോലെ ഉത്തരം പറഞ്ഞു തള്ളുന്നു. ബസ്സറടി റൌണ്ടില്‍ ഒരു തവണ അവതാരകക്കു ആളൊന്നു മാറിയതും കാണികളായി കൂടിയ അമ്മച്ചിമാരും അപ്പച്ചന്മാരും കൂക്കിവിളിയും തെറി വിളിയുമായി കേരളാ സ്കൂള്‍ യുവജനോത്സവത്തന്തമാരെക്കാള്‍ തറയായി.

പൂക്കള്‍ തുന്നിയ അധികാരചിഹ്നം അണിഞ്ഞ ഒരു ബാഡ്ജര്‍ എന്റെ അടുത്തിരിക്കുന്ന വയ്യാത്ത കുട്ടികളുടെ മാതാപിതാക്കളെ ശാസിച്ചു " സ്റ്റേജിലിരിക്കുന്ന കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പാന്‍ പറയിന്‍ നിങ്ങളുടെ മക്കളോോട്‌. ഓഡിയന്‍സ്‌ എങ്ങനെ പെരുമാറണമെന്ന് അവര്‍ പഠിക്കണ്ടേ"

ഏതോ ക്വിസ്സറുടെ അച്ഛനായിരിക്കും ഞാനെന്ന് ധരിച്ച്‌ അടുത്തിരുന്ന നടക്കാനും സംസാരിക്കാനും കഴിയാത്ത പതിനഞ്ചുകാരിയുടെ അച്ഛന്‍ കണ്ണീരടക്കിക്കൊണ്ട്‌ പറഞ്ഞു
" ഇവിടെ ഇങ്ങിനെയിരുന്ന് മക്കള്‍ സ്റ്റേജില്‍ ജയിക്കുന്നത്‌ കാണാന്‍ കഴിയുന്നത്‌ എന്തൊരു ഭാഗ്യമാണ്‌.."

ഞാന്‍ "എന്തു ഭാഗ്യം? ഇങ്ങനെ പ്രദര്‍ശിപ്പിക്കാനണെങ്കില്‍ കുട്ടികളെന്തിനാ, നല്ല പട്ടികളെ വാങ്ങി വളര്‍ത്തിയാല്‍പ്പോരേ? എന്നു പറഞ്ഞത്‌ വെറുമൊരാശ്വാസവാക്കായിരുന്നില്ല, സത്യത്തില്‍ അങ്ങനെ തോന്നിയിട്ടു തന്നെ.

അദ്ദേഹത്തിന്റെ മടിയിലിരുന്ന് വിവാഹപ്രായമടുക്കുന്ന മകള്‍ നിഷ്കളങ്കമായൊരു ചിരിയോടെ സ്റ്റേജില്‍ മൊസ്സാര്‍റ്റിനെയും കദ്രി ഗോപാല്‍ നാഥിനെയും തിരിച്ചറിഞ്ഞു കൂക്കിവിളിച്ച കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു.

സമ്മാനദാനത്തിനു നിന്നില്ല, ഇറങ്ങി നടക്കവേ സുഹൃത്തിന്റെ ഫോണ്‍ വന്നു
"ഇതെവിടെയാടോ?"?
"ഞാന്‍ നാദല്‍ ഷേബ ഹോഴ്സ്‌ റേസ്‌ കോഴ്സില്‍ നില്‍ക്കുകയാ ഇപ്പോള്‍, ഇവിടെ വാശിയില്‍ മത്സരം നടക്കുന്നു"..

ഭാര്യ പെട്ടെന്നു എന്നെ തള്ളി ഒരു വശത്തേക്ക്‌ മാറ്റി
" ഫോണ്‍ ചെയ്തോണ്ട്‌ നടന്നു തുപ്പലില്‍ ചവിട്ടല്ലേ. ഹോണൊലുലുവില്‍ ട്രാഫിക്ക്‌ എതു വശത്താണെന്നു പറഞ്ഞുകൊടുത്ത തള്ളമാര്‍ റോഡില്‍ തുപ്പരുത്‌ മക്കളേ എന്നുകൂടെ പറഞ്ഞുകൊടുത്തില്ല. അതിനു പോയിന്റില്ലല്ലോ"

8 comments:

അതുല്യ said...

ദേവാ, ക്രീയേറ്റീവ്‌ പാരന്റിംഗ്‌ എന്ന ബുക്ക്‌ എഴുതി, പ്രകാശനം കഴിഞ്ഞ്‌ വന്ന അമ്മ, സ്വന്തം കുഞ്ഞിന്റെ തുട നുള്ളി പൊട്ടിച്ചൂന്ന്. ഉറങ്ങാൻ കിടന്ന അമ്മയേ, "എന്റെ വേനലധി"യെ കുറിച്ച്‌ നാലു വരി പറഞ്ഞു കൊടുക്കാൻ പറഞ്ഞു ശല്യപെടുത്തി പോലും ആ കുഞ്ഞ്‌. തമിഴിൽ പറയണപോലെ, - "പൊരത്ത്യാരുക്കു വാദ്ധ്യാർ, വീട്ടുക്കു മുട്ടാൾ" !!

I register my protest : കമന്റുകൾ എഴുതുന്നതിനിടയ്ക്ക്‌, പോസ്റ്റുകൾക്കു കുറവു വരുന്നു.

രാജീവ് സാക്ഷി | Rajeev Sakshi said...

"സൂര്യന്‍ അസ്തമിക്കാന്‍ ഏറെ സമയം ഇനിയും ബാക്കി. പാതിവഴിപോലും പിന്നിട്ടില്ല. കാലുകള്‍ തളരുന്നു. വരണ്ട ചുണ്ടു നനയ്ക്കാന്‍ ഒരിറ്റു വെള്ളം പോലും ശേഷിച്ചിട്ടില്ല. ഒരു വഴിയമ്പലം ഇനിയെത്ര ദൂരെ!!"
നമുക്കു മുന്നില്‍ രണ്ടു വഴികളേയുള്ളൂ സുഹൃത്തേ. ഒന്നുകില്‍ യാത്ര ഇവിടെ അവസാനിപ്പിക്കുക. അല്ലെങ്കില്‍ ഇല്ലാത്തൊരു വഴിയമ്പലം സ്വപ്നംകണ്ട് യാത്ര തുടരുക. എന്തിനും സക്ഷിയുണ്ട് കൂടെ.

myexperimentsandme said...

കുട്ടികൾ അച്ഛനമ്മമാരുടെ പ്രസ്റ്റീജ് ഇഷ്യൂ ആയിരിക്കുന്നിടത്തോളം കാലം ഇത്തരം പ്രദർശനങ്ങളൊക്കെ തുടർന്നുകൊണ്ടേ ഇരിക്കും എന്നാണ് തോന്നുന്നത്. പ്രസിഡന്റ് ശ്രീ അബ്ദുൾകലാം പറഞ്ഞതുപോലെ, ഒരു കുട്ടിയെ അവന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ആൾക്കാർ അവന്റെ അച്ഛനമ്മമാരും പിന്നെ പ്രൈമറി സ്കൂൾ ടീച്ചർമാരുമാണ്. പക്ഷേ ഇവരൊക്കെ ഇവരുടെ ആ ഉത്തരവാദിത്തം എല്ലായ്പ്പോഴും വേണ്ടരീതിയിൽ നിറവേറ്റുന്നുണ്ടോ എന്നൊരു സംശയം. മൂത്തവരെ ബഹുമാനിക്കാൻ പഠിപ്പിക്കുക, പൈസയേക്കാളും വലുതായ പല സംഗതികളും ഒരാളുടെ ജീവിതത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുക, പരീക്ഷയ്ക്കു കുറച്ചു മാർക്കു മേടിക്കുന്നത് മാത്രമല്ല പഠനം എന്നു മനസ്സിലാക്കിക്കൊടുക്കുക, പൊതുസ്ഥലനങ്ങളിൽ എങ്ങിനെയൊക്കെ പെരുമാറണമെന്നു പറഞ്ഞുകൊടുക്കുക, ഈ കാര്യങ്ങളൊക്കെ ചെറുപ്പത്തിലേ കുട്ടികൾക്ക് പറഞ്ഞുകൊടുത്താൽ... ചെറുപ്പകാലങ്ങളിലുള്ള ശീലം, മറക്കുമോ മാനുഷരുള്ള കാലം..

ദേവാ, അതുല്യേച്ചിയുടെ പരാതിയിൽ ഞാനും പങ്കു ചേരുന്നു......

nalan::നളന്‍ said...

ദേവോ,
‘ഇന്‍ഫൊര്‍മേഷന്‍ എക്സ്പ്ലോഷന്റെ‘ കാലമല്ലേ. തലച്ചോറ് വിവരം കുത്തിനിറയ്ക്കാനുള്ള ചവറ്റുകൊട്ടയായി മാറുമ്പോള്‍ പല്ലുതേപ്പു തൊട്ടു കള്ളുകുടിവരെ ശാസ്ത്രീയമായി അഭ്യസിക്കാന്‍ വേണ്ട വിശദമായ വിവരണങ്ങളോടുകൂടിയ പുസ്തകങ്ങളും പ്രതീക്ഷിക്കുക. ‘how to manage in 10 days', 'how to win friends', തുടങ്ങി എന്തെല്ലാം ഹൌ റ്റൂ ..എന്തിനു ജീവിക്കാന്‍ വരെ ‘ആര്‍‌ട്ട് ഓഫ് ലിവിങ്ങ്’ , ശ്വാസം വിടാന്‍ വരെ പഠിപ്പിച്ചുകളയും.

Adithyan said...

റ്റുണീഷ്യടെ പ്രസിഡന്റിന്റെ പേരും കടൽപ്പന്നിയുടെ പല്ലിന്റെ എണ്ണവും ഒക്കെ മന:പ്പാ0മാക്കുന്നതും, അതു വിളമ്പാനായി ഒരു മത്സരം നടത്തുന്നതും, രണ്ടും അനാവശ്യ വ്യായാമങ്ങളായാണു എനിക്കു തോന്നിയിട്ടുള്ളത്‌.

ഇതിനോന്നും പറ്റാഞ്ഞിട്ടുളള അസൂയകൊണ്ടാവാം...

അഭയാര്‍ത്ഥി said...

ജീവിതം സുന്ദരമാകുന്നതു ഇത്തരം വിഡ്ഡിവേഷങ്കളും കെട്ടു കാഷ്ചകളും കൊണ്ടല്ലേ?
ഉള്ളില്‍ ചിരിക്കുക പുറമെ ,ഗൌരവം നടിക്കുക, അഭിനന്ദിക്കുക. നാടകമേ ഉലകം.
അനഘ സുന്ദരമായി ദേവ ഭാഷയില്‍ ആഘ്യാനം. അസുര വംശജനായ ഗന്ധറ്‍വന്‍ ആസ്വദിച്ചു.


Spelling mistakes....

വര്‍ണ്ണമേഘങ്ങള്‍ said...

"ശ്വാനന്മാരോടുകൂടിയ കൊച്ചമ്മ പ്രദര്‍ശനം "
അതു കൊള്ളാം..

ഇപ്പോ ഉള്ളവനും ഇല്ലാത്തവനും പ്രദർശനത്തിന്റെ കാലമല്ലേ..
ഉള്ളവൻ ഉള്ളതെല്ലാം പ്രദർശിപ്പിക്കും..
ഇല്ലാത്തവൻ ഉള്ളവന്റെ പ്രദർശനം കണ്ട്‌ രസിയ്ക്കും..!

Arun Vishnu M V said...

" ഫോണ്‍ ചെയ്തോണ്ട്‌ നടന്നു തുപ്പലില്‍ ചവിട്ടല്ലേ..”
തുപ്പലിൽ ചവിട്ടിയാൽ വല്യ കുഴപ്പമൊന്നുമില്ല, മരിച്ചുപോകത്തില്ലല്ലോ. ഇന്ന് പത്രത്തിൽ ഒരു വാർത്തകണ്ടു, “മൊബൈൽഫോണിൽ സംസാരിച്ചുനടന്ന് കുഴിയിൽ വീണുമരിച്ചു.“ കാലം മാറുമ്പോൾ റോഡും മാറണമെന്ന് ഇതുകോണ്ടാ പറയുന്നത്.