
രണ്ടായിരത്തില്‍പ്പരം വര്‍ഷം മുന്നേ ആര്‍ക്കിമിഡീസ് എന്ന ബുദ്ധി രാക്ഷസന്‍ പറഞ്ഞു. "എനിക്കൊരു പാരയും നില്‍ക്കക്കള്ളിയും തരൂ, ഈ ലോകത്തിനിട്ടു ഞാന്‍ പാര വയ്ക്കാം" എത്ര വലിയ സത്യം!
പാര സനാതനനാണ്. പണ്ടുകാലത്ത് ഈജിപ്റ്റിലെ മമ്മിക്കു വീടു കെട്ടിക്കൊടുക്കാന്‍ അടിമ പ്രയോഗിച്ച അതേ പാര തന്നെ ഇക്കാലത്ത് ഭര്‍ത്താവ് അവന്റെ മമ്മിക്ക് വീടു കെട്ടി കൊടുക്കാതിരിക്കാന്‍ ഭാര്യ പ്രയോഗിക്കുന്നതും.
വലിപ്പമേറിയതും ഉറച്ചതും ഭാരമേറിയതുമായതും എന്തുമാകട്ടെ, (ഉദാ: മന്ത്രിപ്പദവി, സ്നേഹം, വിശ്വാസം, മാന്യത) പാരകേറുന്ന സാധനം മറിഞ്ഞുപോകും.
പാര എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഒരു ഉദാഹരണ സഹിതം വിവരിച്ചു നോക്കട്ടെ. മൂന്നു വേരിയബിള്‍ ആണു പാരക്കുള്ളത്. പാരവയ്പ്പുകാരന്‍ അഥവാ ഫോഴ്സ് അപ്ലയര്‍.ഓബ്ജക്റ്റ് അധവാ ഇര. ഫല്‍ക്രം അധവാ ശിഖണ്ഡി. പാരവയ്പ്പുകാരന്‍ ശിഖണ്ഡിക്കുമേല്‍ പാരതാങ്ങി ഇരയെ മറിക്കുന്നു. നിങ്ങളുടെ GM ആണ് ഇര എന്നു വയ്ക്കുക, ശിഖണ്ഡി അല്ലെങ്കില്‍ ഫല്‍ക്രം ആയി എം ഡി യെ തിരഞ്ഞെടൂക്കണം. മുന്തിരിവള്ളി കൊണ്ട് തീര്‍ത്ത പാരയാണ് ഇവിടെ അനുയോജ്യം. ഫല്‍ക്രത്തിലേക്ക് വള്ളി വഴി ജീയെം ഓഫീസ് രഹസ്യം പുറത്തു വിട്ടു, കമ്മീഷന്‍ വാങ്ങി, വ്യഭിചാരി ആണ് ഇത്യാദി ചെറു കുലുക്കുകള്‍ ആദ്യം കുലുക്കുക. കുലുങ്ങി കഴിയുമ്പോള്‍ എം ഡീ
സ്ഥാനം അടിച്ചുമാറ്റാന്‍ ജെനറല്‍ മാനേജര്‍ ശ്രമിക്കുന്നു എന്നൊരൊറ്റ താപ്പ്. ഇര മറിയും.
മെക്കാനിക്കല്‍ അഡ്വാന്റേജ് എന്ന ലളിതമായ തത്വമാണ് പാരയുടേത്. ഫല്‍ക്രത്തില്‍ നിന്നുള്ള ദൂരവും അറ്റങ്ങളുടെ ശക്തിയും ആനുപാതികമാണ് എന്നാതാണ് ഈ തത്വം. ശിഖണ്ഡി ഇരക്കടുത്തും നമുക്കു ദൂരെയും ആയാലേ പാരക്കു ശക്തി കൂടുകയുള്ളു എന്ന് ചുരുക്കം.
ഈ ലോകത്തെ ആറു ലഖുയന്ത്രങ്ങളില്‍ ഒന്നായ പാര കാലം നടത്തിയ പരീക്ഷയേയും അതിജീവിച്ച് ഈ കമ്പ്യൂട്ടര്‍ യുഗത്തിലും വിലസുന്നു. അടുത്ത കോണ്‍ഫറസില്‍ മിന്നുന്ന കറുത്ത കണ്ണാടിയിട്ട ദീര്‍ഘചതുര വട്ടമേശക്കു താഴെ നിറയെ പാരകള്‍ കാണാം. എണ്ണി മിനക്കെടണ്ടാ, മീറ്റിങ്ങുകളില്‍ പാരകളുടെ എണ്ണം ഈ ഫോര്‍മുല കൊണ്ട് കണ്ടുപിടിക്കാം
പാര = n!/(n-2)!
(n എന്നാല്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം)
ഫല്‍ക്രം അച്ചുതണ്ടാക്കി പാരക്കാലുകള്‍ ആരക്കാലാക്കിക്കൊണ്ട് കറങ്ങുന്ന ഒരു ചക്രമത്രേ കാലചക്രം. ഇനിയും ബ്ലോഗിയാല്‍ എനിക്കിട്ട് അടുത്തിരിക്കുന്നവന്‍ പാര താങ്ങും.