June 18, 2006

പടിചാരാതെ


ഒരുച്ചവെയിലത്ത്‌ ആരോ ഒരു മാമനും മാമിയും നടന്നു വരുന്നു. "അമ്മൂമ്മേ, ആരോ വന്നു" അമ്മൂമ്മക്ക്‌ വന്നവരെ കണ്ടപ്പോള്‍ അതിശയം. അവനെ ആരും പരിചയപ്പെടുത്തിയില്ല.

ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ കയറിവന്ന് "ചിറ്റപ്പാ കുഞ്ഞമ്മേ" എന്നൊക്കെ അപ്പൂപ്പനേം അമ്മൂമ്മേം വിളിച്ച്‌ വലിയ സ്വാതന്ത്ര്യം എടുക്കുന്നു. ആദ്യം എന്തോ പന്തികേട്‌ തോന്നി. പിന്നെ അവര്‍ അവന്റെ ആളുകള്‍ തന്നെയെന്നും തോന്നി.

മിക്ക പകലും അവനൊറ്റക്കാണ്‌. ആരുപോകുമ്പോഴും സങ്കടവുമാണ്‌, എന്തിനാണെന്ന് അവനറിയില്ല. വന്നവര്‍ തിരിച്ചു പോകുമ്പോള്‍ പടിവാതില്‍ വരെ കൂടെ പോയി. വാതില്‍ ചാരാന്‍ തോന്നിയില്ല. വന്നപോലെ വയല്‍ വഴി നടന്ന് അവന്റെ വിരുന്നുകാര്‍ ദൂരെയേതോ നാട്ടിലേക്ക്‌ തിരിച്ചു പോയി.


(അവ്യക്തമായ വികാരങ്ങളെ സോഫ്റ്റ്‌ ഫോക്കസില്‍ എടുക്കുന്ന രീതിക്ക്‌ ക്രെഡിറ്റ്‌ കുമാറിന്‌)

23 comments:

Anonymous said...

നന്നായി എഴുതിയിരിക്കുന്നു. അവന്റെ ബാല്യകാല ഓര്‍മ്മകളിലെ‍ നല്ലൊരു ഇതളായ് മാറട്ടേ ഇന്ന് വിരുന്ന് വന്ന് പോയ മാമനും മാമിയും.

സ്നേഹിതന്‍ said...

ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞു നോട്ടം നടത്തി ഞാന്‍ ഇതു വായിച്ച ശേഷം. ചിത്രങ്ങളും വരികളും മനസ്സിനെ പിന്നിലേയ്ക്കാനയിച്ചു. വളരെ നന്നായിരിയ്ക്കുന്നു ദേവരാഗം!

reshma said...

ഇവിടത്തെ പുതിയ പോസ്റ്റ് കണ്ടപ്പോ വായിക്കാതെ പ്രിന്റ് ഔട്ട് എടുത്ത് ബിമാനത്തീനും വായിക്കാനാരുന്നു പ്ലാന്‍. ഫോട്ടോ കണ്ടപ്പോ കണ്ട്രോള്‍ പോയിപ്പോയി.
നല്ല ഒരു അനുഭവം.

Unknown said...

ദേവാ,

എഴുതിയിരിക്കുന്നതിനെല്ലാമപ്പുറം ഒരു പാടു കാര്യങ്ങള്‍ പറയുന്നു ആ രണ്ടാമത്തെ ചിത്രം. പടികടന്ന് ഒരു നേര്‍ത്ത കാറ്റു കടന്നു പോയോ?
ആ കണ്ണുകള്‍...

പരസ്പരം said...

സുഹ്രത്തേ, നല്ല ചിത്രവും വരികളും, പ്രത്യേകിച്ച് ആ കുട്ടിയുടെ ഭാവത്തോടെ നമ്മളും ചെറുപ്പത്തിലെത്രയോ വിരുന്നുകാരുടെ തിരിച്ചുപോക്ക് അനുഭവിച്ചിരിക്കുന്നു.

സിദ്ധാര്‍ത്ഥന്‍ said...

ഞാന്‍ പടമെടുപ്പു്‌ നിര്‍ത്തി.

എന്തിനാ വെറുതേ!

Ajith Krishnanunni said...

നന്നായിരിക്കുന്നു ദേവരാഗം. ഒരു പത്തു പതിനഞ്ചു വര്‍ഷം പിന്നിലേക്കു പോയി, ഓര്‍മകള്‍.

കുറുമാന്‍ said...

സകല കലാ വല്ലഭന്നു പ്രണാമം. സുന്ദരമായ എഴുത്തുകളും, പോസ്റ്റുകളും, വിജ്ഞാനപ്രദമായ ആയുരാരോഗ്യം, മനോഹരമായി പടം എടുക്കാനുള്ള കഴിവ്, എന്തിലും, ഏതിലും, നര്‍മ്മം കണ്ടെത്താനുള്ള കഴിവ്.. ഗുരോ വന്ദനം.

myexperimentsandme said...

കുറുമാന്‍ പറഞ്ഞതെല്ലാം കട്ടോണ്ട് വന്ന് പേസ്റ്റിട്ടു പോസ്റ്റി. കട്ട് പേസ്റ്റ്. രണ്ട് വന്ദനം എ‌ക്സ്‌ട്രാ..

(ഏവൂര്‍ജിയുടെ പോസ്റ്റില്‍ അനിലിജിക്കും കുമാര്‍ജിക്കും ഏവൂര്‍ജിക്കും നന്ദി പറഞ്ഞപ്പോള്‍ വിശാലന്‍ എന്നെ തോല്‍പ്പിച്ചു-പെരിങ്ങോടനും കെവിനും വിശ്വത്തിനും കൂടി നന്ദി പറഞ്ഞു-ഇവിടെയെങ്കിലും എനിക്ക് ജയിക്കണം. അതുകൊണ്ട് രണ്ട് വന്ദനം എക്‍സ്‌ട്രാ നടി).

രാജ് said...

അവര്‍
വന്നതെന്തിനെന്നും
പോകുന്നതെന്തിനെന്നും
അവനറിയില്ല.
അവനറിയില്ല
തിരിച്ചുപോകുന്നവരേയും,
അവര്‍‍
വഴിയേ പറയുന്നു:
അവന്‍
ഒറ്റയ്ക്കാണു്!
കഷ്ടം, നമ്മള്‍ വിരുന്നുകാരല്ലോ!

Kalesh Kumar said...

അതേ, ദേവേട്ടാ, ആ ആദ്യത്തെ പടത്തില്‍ ഭിത്തികളില്‍ 2 കുടകളുടെ പടം ഉണ്ടല്ലോ? എന്താ അത്? വല്ല “കോട്ട് ഓഫ് ആംസ്” വല്ലോം ആണോ?

Kumar Neelakandan © (Kumar NM) said...

ദേവാ നല്ല ചിത്രം. നല്ല മൂഡ്.
വളരെ നല്ല വിവരണം അതിലൂടെ എനിക്കവനെ അടുത്തു കാണാനാകുന്നുണ്ട്.

മുന്‍പ് ഇതുപോലൊരു അകത്തളവും പടിവാതിലും തപ്പിനടന്നിട്ടുണ്ട്, മൂവിക്യാമറവയ്ക്കാന്‍ സമ്മതിക്കുന്ന ചെറിയ ഇല്ലങ്ങള്‍ മുതല്‍ വരിക്കാശ്ശേരി മനവരെ ഒരു സംഘത്തോടൊപ്പം.
അന്ന് കണ്ടതില്‍ ഒരുപാട് വീടുകള്‍ ഇതുപോലാണ്. ചില ആംഗിളുകളില്‍ ഇതെല്ലാം തീര്‍ത്തും ഒരുപോലെ ആണ്. ചില തത്വങ്ങളില്‍ ഊന്നി വീടുകള്‍ വയ്ക്കുന്നതിന്റെ പ്രത്യേകത ആവും കാരണം. വീടിന്റെ കാഴ്ച മറയ്ക്കും എന്നു കരുതു കിണറിനെ ഒളിച്ചുവയ്ക്കുന്ന നാടാണിത്.

Anonymous said...

ഉണ്ണീ,
വിഷമിക്കണ്ട, അടുത്ത ശനിയാശ്ച വരാട്ടൊ.

ബിന്ദു said...

ആ കുട്ടിയുടെ മുഖത്തെ നിസ്സഹായത എന്തിനാണ്‌?? ആരാണു വന്നത്‌??
:)

Anonymous said...

ഗംഭീരം(ഇത്‌ ഫോട്ടോയ്ക്കും അടിക്കുറിപ്പിനും മാത്രം)

അതിനുമപ്പുറം എഴുതി അറിയിക്കാന്‍ പറ്റാത്ത
എന്തൊക്കെയോ ആണ്‌ ആ കുട്ടിയുടെ നില്‍പ്പിലും നോട്ടത്തിലൂടേയും അനുഭവിച്ചത്‌)

prapra said...

രാജന്‍ പോളിന്റെ ഫോട്ടോ ഫീച്ചറിനെ ഓര്‍മ്മിപ്പിക്കുന്നു. ആ കണ്ണുകളിലെ ദുഃഖം വല്ലാതെ അലട്ടുന്ന പോലെ.

ദേവന്‍ said...

എല്ലാവര്‍ക്കും ഇഷ്ടമായെന്നറിഞ്ഞതില്‍ വലിയ സന്തോഷം.

ഈ വേദന ഞാനൊത്തിരി അനുഭവിച്ചിട്ടുള്ളതുകൊണ്ട്‌ പെട്ടെന്നു മനസ്സിലായി എനിക്ക്‌. അതെന്താണെന്നു വര്‍ണ്ണിക്കാന്‍ മാത്രം ശക്തിയുള്ള എഴുത്ത്‌ എനിക്കു വശമില്ലെങ്കിലും അനുഭവിക്കാന്‍ ആവുന്നുണ്ട്‌.

കലേഷേ, ആ കുട ഏതെങ്കിലും കുട്ടിയുടെ ആര്‍ട്ട്‌ വര്‍ക്ക്‌ ആയിരിക്കാനേ വഴിയുള്ളു.

മുല്ലപ്പൂ said...

കുട്ടി ആയിരിക്കുമ്പോള്‍, വരുന്ന വിരുന്നുകാരൊന്നും പൊകല്ലേ എന്നു ഞന്‍ എത്ര പ്രര്‍ഥിച്ചിരിക്കുന്നു..

ഒര്‍മ്മകളെ തിരികെ തന്നു ദെവെട്ടന്റെ പോസ്റ്റ്..

മനൂ‍ .:|:. Manoo said...

ദേവരാഗം,

അവന്റെ കണ്ണുകളിലെ, ആ നഷ്ടപ്പെടലിന്റെ ഭാവം... ഉള്‍വലിഞ്ഞുള്ള നില്‍പ്പും, സഹിക്കനാവാത്തതുപോലെ തോന്നുന്നു.

നാട്ടിലെത്തിയാല്‍ എന്റെ കൈകളില്‍ തൂങ്ങിയാണ്‌ ചേച്ചിയുടെ കുട്ടി നടക്കാറ്‌. പക്ഷേ തിരികെ പോരും നേരം ദാ ഇതുപോലെതന്നെ വാതില്‍പ്പടിയില്‍ ചാരി... എന്റെ നേര്‍ക്കു നോക്കാതെ... ആരോടുമൊന്നും മിണ്ടാതെ അവന്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോവുകയാണു പതിവ്‌.

എന്തെങ്കിലും പറഞ്ഞാല്‍ അവന്‍ കരഞ്ഞുപോയാലോ... ഞാനും.

ദേവന്‍ said...

മുല്ലപ്പൂവേ, മഴനൂത്സേ
നന്ദി. ഞാന്‍ ഇതെ സങ്കടം ഒത്തിരി അനുഭവിച്ചിട്ടുള്ളതുകൊണ്ട്‌ വേഗം മനസ്സിലായി..

വേണു venu said...

മനോഹരമായിരിക്കുന്നു.

അതിഥികള്‍ വന്നു. പോയി.

വീണ്ടും അവനും ആ പത്തായ പ്പുരയും ആ വലിയ
വളപ്പൂം ആ കൊച്ചു് ഏകാന്തതയും.

എവിടെയൊ ഓര്‍മ്മകളില്‍ ഒരു തേന്ങല്‍.

അഭിനന്ദനം.

മുസാഫിര്‍ said...

ദേവന്‍‌ജി.

കുറുക്കി കുറുക്കി അമ്പലത്തിലെ അരവണ പാ‍യസം പോല ആക്കിയ ആ വരികളാണൊ അതോ മനസ്സില്‍ കൊണ്ടു കയറുന്ന ആ പടങളാണോ മെച്ചം എന്നു പറയാന്‍ പറ്റുന്നില്ല.

Rasheed Chalil said...

ചിത്രങ്ങളും വരികളും കളഞ്ഞുപോയ ബാല്യത്തിലേക്ക് തിരിച്ചുനിര്‍ത്തുന്നു.
ഒത്തിരി ഇഷ്ടമായി.