June 21, 2006

ബാക്കിപത്രം

വലിയ കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കേണ്ട നടനു പെട്ടെന്നു വരാന്‍ കഴിഞ്ഞില്ല. ഒരു കളി പോലും മുടക്കാനുമാവില്ല. ശൂരനാടു കേസിലെ പ്രതികള്‍ക്ക്‌ വക്കാലത്തു പണം സ്വരൂപിക്കാന്‍ ഒളിവിലിരുന്ന് തോപ്പില്‍ ഭാസി എഴുതിയതാണു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന ആ നാടകം. എങ്ങനെ ഉപേക്ഷിക്കും? റിഹേര്‍സല്‍ കേട്ട ഒര്‍മ്മ മാത്രം വച്ച്‌ സംഘത്തെ അനുഗമിച്ചിരുന്ന ഒരു നേതാവ്‌- കാമ്പിശ്ശേരി കരുണാകരന്‍ സ്റ്റേജില്‍ കയറി.

ക്ലൈമാക്സില്‍ കാമ്പിശ്ശേരി അവതരിപിച്ച ജന്മിത്തത്തിന്റെ പിണിയാളന്‍ "ഈ കൊടി ഞാനും കൂടെ പിടിക്കട്ടെ, ഒരിക്കലെങ്കിലും ഞാന്‍ ആണായി നിവര്‍ന്നു നില്‍ക്കട്ടെ മക്കളേ" എന്നു പറയുമ്പോള്‍ കാണികളായി കൂടിയ ഒരു മഹാ പുരുഷാരം അദ്ദേഹത്തോടൊപ്പം പൊട്ടിക്കരഞ്ഞുപോയി. കയ്യടിയും അവാര്‍ഡുമൊക്കെ വാരിക്കൂട്ടിയവര്‍ പോലും കാമ്പിശ്ശേരി കാണികളിലുണ്ടാക്കിയ വികാരവിക്ഷോഭം കണ്ട്‌ അന്തം വിട്ടു.

ആ നാടകത്തിലൂടെയും അല്ലാതെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ വലിയൊരു പങ്കു വഹിച്ച കാമ്പിശ്ശേരിക്ക്‌ മറ്റു പലരേയും പോലെ പാര്‍ട്ടിയുടെ പിളര്‍പ്പ്‌ വലിയ ആഘാതമായിരുന്നു. പിളര്‍പ്പിനു ശേഷം ജനയുഗം പത്രം സ്ഥാപിക്കുന്നതിലും വളര്‍ത്തുന്നതിലും മാത്രമായി ഏറെക്കുറേ കാമ്പിശ്ശേരിയുടെ ശ്രദ്ധ.

അണ്ടന്റേയും അടകോടന്റേയും ഗുണ്ടയുടേയും കോളേജില്‍ പോകുന്നതിനു പകരം വഴിയില്‍ തല്ലിച്ചത്തവന്റേയും സ്മാരകങ്ങള്‍ നിരന്നു നില്‍ക്കുന്ന കൊല്ലത്ത്‌ സഖാവ്‌ എന്ന പദവിക്ക്‌ പൂര്‍ണ്ണമായും അര്‍ഹനായ കാമ്പിശ്ശേരിയുടെ ഓര്‍മ്മക്ക്‌ അദ്ദേഹത്തോടൊപ്പം ഓര്‍മ്മ മാത്രമായ ജനയുഗം പത്രത്തിന്റെ ഈ കെട്ടിടം മാത്രം.

9 comments:

Kalesh Kumar said...

എന്റെ അച്ഛന്റെ വായില്‍ നിന്നാണ് “കാമ്പിശ്ശേരി“ എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്.എന്റെ അച്ഛന്‍ കൊല്ലം എസ്സെന്‍ കോളേജില്‍ പഠിച്ച സമയത്ത് (വിമോചന സമരത്തിന് മുന്‍പ്) മിക്കവൈകുന്നേരങ്ങളും ചിലവഴിച്ചിരുന്നത് ഇവിടെയായിരുന്നെന്ന് ഇതിന്റെ മുന്നിലൂടെ പോകുമ്പോള്‍ പുള്ളി എന്നോട് പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് ഒരുപാട് പേരെ ഒരുപാട് വേദനിപ്പിച്ചു!

Anonymous said...

കാമ്പിശ്സേരിക്ക്‌ ലാല്‍സലാം

( നയന മനോഹര ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും അപ്പുറം ഫൊട്ടോ ബ്ലോഗുകള്‍ക്ക്‌ ഇതു പോലെ ചിത്രങ്ങള്‍ കൊണ്ട്‌ കഥയും ചരിത്രവും ഒക്കെ പറയാണുള്ള വകുപ്പുണ്ടല്ലെ )

സിദ്ധാര്‍ത്ഥന്‍ said...

മാധവന്റെ ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകളിന്നാളു വായിച്ചതേ ഉള്ളൂ. അതിലുമുണ്ടു്‌ ഈ പാര്‍ടി പിളര്‍പ്പിന്റെ ഒരു ദുരന്തചിത്രം. ഇതൊക്കെ സിഡികളു തപ്പി എടുക്കണതു തന്നെ ചെല്ലാ?

ദേവന്‍ said...

കലേഷേ,
കാമ്പിശ്ശേരി എല്ലാവരേയും കോര്‍ത്തിണക്കുന്ന ഒരു കണ്ണിയായിരുന്നു കൊല്ലത്ത്‌

അങ്ങനെയും ഒരു പരീക്ഷണം നടത്തിയതാ തുളസീ.

മൂപ്പര്‍ക്ക്‌ അതെഴുതാന്‍ എളുപ്പമല്ലേ സിദ്ധാര്‍ത്ഥാ, അമ്പാടി വിശ്വത്തിന്റെ അനന്തിരവന്‍ അല്ലെ ഈ എന്‍ എസ്‌ മാധവന്‍.

നാട്ടില്‍ നില്‍ക്കാനുള്ള യോഗമില്ലല്ലോ അമ്പീ. വെക്കേഷനില്‍ കാണുന്നതു കാണുന്നത്‌ എടുത്തിട്ട്‌ തിരിച്ചു വന്ന് വെറുതേ ഇരിക്കുമ്പോ സ്ലൈഡ്‌ ഷോ ആയി കണ്ട്‌ കൊള്ളാവുന്നത്‌ പൊക്കിയെടുക്കുകയാ (ഇല്ലേല്‍ ഒരു കൊല്ലം ഞാന്‍ എന്നാ ബ്ലോഗ്ഗാന?)

nalan::നളന്‍ said...

ദേവാ,
കടപ്പാക്കട സ്പോര്‍ട്ട്സ് ക്ലബ് കാമ്പിശ്ശേരിയുടെ പേരിലൊരു അമച്വര്‍ നാടക മത്സരം നടത്താറുണ്ടായിരുന്നു!. ഇപ്പോഴും ഉണ്ടോയെന്നറിയില്ല!..

ദേവന്‍ said...

നളാ.
കെ എസ്‌ സി എന്നു കേള്‍ക്കുമ്പോ റോഡിനു കുറൂക്കേ കെട്ടിയ സ്റ്റേജ്‌ മാത്രമേ ഇന്നു മനസ്സില്‍ വരുന്നുള്ളൂ. നാടക മത്സരങ്ങള്‍ അപ്പടി നിന്നെന്നാ തോന്നുന്നത്‌, അമെച്വര്‍ നാടകക്കാര്‍ ആരെങ്കിലും മിച്ചം വേണ്ടേ കപ്പു കൊടുക്കാന്‍.

Unknown said...

കലാസാംസ്കാരിക സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളിലേയ്ക്ക് ആഴത്തില്‍ വേരുറപ്പിച്ച പാര്‍ട്ടിയില്‍, ഇന്ന് മേല്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളും വേരോടെ പിഴുത് മാറ്റപ്പെട്ട അവസ്ഥയിലാണെന്നു തോന്നുന്നു. പണത്തോടടുക്കുമ്പോള്‍ കലയ്ക്കും സംസ്കാരത്തിനും സാഹിത്യത്തിനും എന്തു പ്രസക്തി അല്ലേ..

ഒരു നല്ല കാലം ഓര്‍മ്മിപ്പിച്ചതിനു നന്ദി ദേവാ!

അജി said...

ഒരു സി.പി.ഐ.ക്കാരന്റെ ആത്മാഭിമാനത്തോടെ, ഞാനിതു വായിച്ചു.
ഒരു വര്‍ഷം പഴയതെങ്കിലും, ഇതുപോലുള്ള പോസ്റ്റുകള്‍ക്ക്, എന്നും പ്രസക്തിയുണ്ട്.

അജി said...

ഒരു സി.പി.ഐ.ക്കാരന്റെ ആത്മാഭിമാനത്തോടെ, ഞാനിതു വായിച്ചു.
ഒരു വര്‍ഷം പഴയതെങ്കിലും, ഇതുപോലുള്ള പോസ്റ്റുകള്‍ക്ക്, എന്നും പ്രസക്തിയുണ്ട്.