June 24, 2006

പാരയെ പാരുങ്കളേ


രണ്ടായിരത്തില്‍പ്പരം വര്‍ഷം മുന്നേ ആര്‍ക്കിമിഡീസ്‌ എന്ന ബുദ്ധി രാക്ഷസന്‍ പറഞ്ഞു. "എനിക്കൊരു പാരയും നില്‍ക്കക്കള്ളിയും തരൂ, ഈ ലോകത്തിനിട്ടു ഞാന്‍ പാര വയ്ക്കാം" എത്ര വലിയ സത്യം!

പാര സനാതനനാണ്‌. പണ്ടുകാലത്ത്‌ ഈജിപ്റ്റിലെ മമ്മിക്കു വീടു കെട്ടിക്കൊടുക്കാന്‍ അടിമ പ്രയോഗിച്ച അതേ പാര തന്നെ ഇക്കാലത്ത്‌ ഭര്‍ത്താവ്‌ അവന്റെ മമ്മിക്ക്‌ വീടു കെട്ടി കൊടുക്കാതിരിക്കാന്‍ ഭാര്യ പ്രയോഗിക്കുന്നതും.

വലിപ്പമേറിയതും ഉറച്ചതും ഭാരമേറിയതുമായതും എന്തുമാകട്ടെ, (ഉദാ: മന്ത്രിപ്പദവി, സ്നേഹം, വിശ്വാസം, മാന്യത) പാരകേറുന്ന സാധനം മറിഞ്ഞുപോകും.

പാര എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഒരു ഉദാഹരണ സഹിതം വിവരിച്ചു നോക്കട്ടെ. മൂന്നു വേരിയബിള്‍ ആണു പാരക്കുള്ളത്‌. പാരവയ്പ്പുകാരന്‍ അഥവാ ഫോഴ്സ്‌ അപ്ലയര്‍.ഓബ്ജക്റ്റ്‌ അധവാ ഇര. ഫല്‍ക്രം അധവാ ശിഖണ്ഡി. പാരവയ്പ്പുകാരന്‍ ശിഖണ്ഡിക്കുമേല്‍ പാരതാങ്ങി ഇരയെ മറിക്കുന്നു. നിങ്ങളുടെ GM ആണ്‌ ഇര എന്നു വയ്ക്കുക, ശിഖണ്ഡി അല്ലെങ്കില്‍ ഫല്‍ക്രം ആയി എം ഡി യെ തിരഞ്ഞെടൂക്കണം. മുന്തിരിവള്ളി കൊണ്ട്‌ തീര്‍ത്ത പാരയാണ്‌ ഇവിടെ അനുയോജ്യം. ഫല്‍ക്രത്തിലേക്ക്‌ വള്ളി വഴി ജീയെം ഓഫീസ്‌ രഹസ്യം പുറത്തു വിട്ടു, കമ്മീഷന്‍ വാങ്ങി, വ്യഭിചാരി ആണ്‌ ഇത്യാദി ചെറു കുലുക്കുകള്‍ ആദ്യം കുലുക്കുക. കുലുങ്ങി കഴിയുമ്പോള്‍ എം ഡീ
സ്ഥാനം അടിച്ചുമാറ്റാന്‍ ജെനറല്‍ മാനേജര്‍ ശ്രമിക്കുന്നു എന്നൊരൊറ്റ താപ്പ്‌. ഇര മറിയും.

മെക്കാനിക്കല്‍ അഡ്വാന്റേജ്‌ എന്ന ലളിതമായ തത്വമാണ്‌ പാരയുടേത്‌. ഫല്‍ക്രത്തില്‍ നിന്നുള്ള ദൂരവും അറ്റങ്ങളുടെ ശക്തിയും ആനുപാതികമാണ്‌ എന്നാതാണ്‌ ഈ തത്വം. ശിഖണ്ഡി ഇരക്കടുത്തും നമുക്കു ദൂരെയും ആയാലേ പാരക്കു ശക്തി കൂടുകയുള്ളു എന്ന് ചുരുക്കം.

ഈ ലോകത്തെ ആറു ലഖുയന്ത്രങ്ങളില്‍ ഒന്നായ പാര കാലം നടത്തിയ പരീക്ഷയേയും അതിജീവിച്ച്‌ ഈ കമ്പ്യൂട്ടര്‍ യുഗത്തിലും വിലസുന്നു. അടുത്ത കോണ്‍ഫറസില്‍ മിന്നുന്ന കറുത്ത കണ്ണാടിയിട്ട ദീര്‍ഘചതുര വട്ടമേശക്കു താഴെ നിറയെ പാരകള്‍ കാണാം. എണ്ണി മിനക്കെടണ്ടാ, മീറ്റിങ്ങുകളില്‍ പാരകളുടെ എണ്ണം ഈ ഫോര്‍മുല കൊണ്ട്‌ കണ്ടുപിടിക്കാം

പാര = n!/(n-2)!
(n എന്നാല്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം)
ഫല്‍ക്രം അച്ചുതണ്ടാക്കി പാരക്കാലുകള്‍ ആരക്കാലാക്കിക്കൊണ്ട്‌ കറങ്ങുന്ന ഒരു ചക്രമത്രേ കാലചക്രം. ഇനിയും ബ്ലോഗിയാല്‍ എനിക്കിട്ട്‌ അടുത്തിരിക്കുന്നവന്‍ പാര താങ്ങും.

24 comments:

Anonymous said...

പാര പണിയുന്നതെങെനെയെന്നാല്‍....

ദേവന്‍ said...

ആദ്യത്തേത്‌ കട്ടപ്പാര അഥവാ എളാങ്ക്‌/ഇലവാങ്ക്‌

തുളസി വച്ചത്‌ തേങ്ങാപ്പാര
ഇനിയൊരെണ്ണം കൂടിയുണ്ട്‌
കൊപ്രായിളക്കുന്ന കൈപ്പാര.

പാരവയ്കാനുണ്ടോ പാരേ.

Unknown said...

പാ‍ര വെപ്പ് അടിപൊളി......

ഇതെഴുതാനുള്ള പ്രചോദനം ഏതെങ്കിലും പാരയാണോ?

ശിഖണ്ഡി നമുക്കടുത്തും ഇരയ്ക്ക് ദൂരെയുമാണെങ്കില്‍.....

ദേവന്‍ said...

ശിഖണ്ഡി നമുക്കടുത്താണോ? എങ്കില്‍ വെറുതേ വിയര്‍ക്കാമെന്നേയുള്ളു, മെക്കാനിക്കല്‍ അഡ്വാന്റേജ്‌ ഇരക്കായില്ലെ ദില്‍ബാ. ആ പാര ഏല്‍ക്കില്ല.

ഇന്നൊരു യമകണ്ടന്‍ പാര ഒരുത്തന്‍ രാവിലന്നേ എനിക്കു വച്ചു . ആ അമ്പരപ്പില്‍ പാരാ ടെക്ക്നോളജിയെ പറ്റി എഴുതിയതാ.

Visala Manaskan said...

'മെക്കാനിക്കല്‍ അഡ്വാന്റേജ്‌ എന്ന ലളിതമായ തത്വമാണ്‌ പാരയുടേത്‌'

രസകരം.

ദേവാ, പാരാ സൈക്കോളജി എന്നു പറയുന്നത് അപ്പോള്‍ ഇതാണല്ലേ????

സു | Su said...

ദേവന്‍ ആര്‍ക്കോ ഇട്ടു പാര വെച്ചു :|

wv (jiaanaa)

Satheesh said...

പാരാ സ്റ്റോറി കലക്കി.. വിശാലന്റെ ‘പാരാ സൈക്കോളജി’യുടെ ഡൌബ്ട് ഒന്നു തീര്‍ത്തേക്ക് ദേവേട്ടാ..
ഓഫീസിലെ പാര കൊള്ളാത്തവരും വെക്കാത്തവരും ആയി ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല! കഴിഞ്ഞാഴ്ച ഒരു പാര കിട്ടിയതിന്റെ ക്ഷീണം മെല്ലെ തീര്‍ന്ന് വരുന്നേ ഉള്ളൂ ഇവിടെ!

ബിന്ദു said...

ആര്‍ക്കമിഡീസ്‌ അന്നൊക്കെ മലയാളം ആയിരുന്നോ പറഞ്ഞിരുന്നതു? ;-)(ദേവനിട്ടു ഞാനും ഒരു പാര വെച്ചു, എന്തൊരാശ്വാസം ):)

Adithyan said...

പാരപുരാണം കലക്കി ദേവേട്ടാ :)

ഈ പാര ഒരു അന്താരാഷ്‌ട്രെ പ്രതിഭാസമാണല്ലെ? ചിലര്‍ക്കീ തൊഴിലില്‍ ഒരു ജന്മസിദ്ധമായ വാസന ഉണ്ട്. പാര ഏറ്റ നമ്മള്‍ പോലും അഭിനന്ദിച്ചു പോകും , “മ്വോനെ, പണിയിവാണേ ഇങ്ങനെ പണിയണം, ഇങ്ങനേ പണിയാവൂ”

പിന്നെ ഈ പറഞ്ഞ ടെക്നോളജി ഉപയോഗിച്ച് പാര പണിതോണ്ടിരിയ്ക്കുമ്പോ നമ്മടെ ശിഖണ്ടി നമ്മടെ ഇരയെ ശിഖണ്ടിയായി ഉപയോഗിച്ച് നമ്മളെ ഇരയാക്കി ഒരു പാര പണിയാനുള്ള ചാന്‍സ് തള്ളിക്കളയാന്‍ പറ്റില്ല... ആ പാരയായിരിയ്ക്കും അതു വരെ കിട്ടിയ പാരകളില്‍ മധുരതരം :)

ഉമേഷ്::Umesh said...

അപാര പോസ്റ്റ് ദേവാ! ദേവനും വക്കാരിക്കും മാത്രം കഴിയുന്ന പ്രയോഗങ്ങള്‍!

"എനിക്കൊരു പാരയും നില്‍ക്കക്കള്ളിയും തരൂ, ഈ ലോകത്തിനിട്ടു ഞാന്‍ പാര വയ്ക്കാം" (Give me a lever and a place to stand, I'll move the world)

"പണ്ടുകാലത്ത്‌ ഈജിപ്റ്റിലെ മമ്മിക്കു വീടു കെട്ടിക്കൊടുക്കാന്‍ അടിമ പ്രയോഗിച്ച അതേ പാര തന്നെ ഇക്കാലത്ത്‌ ഭര്‍ത്താവ്‌ അവന്റെ മമ്മിക്ക്‌ വീടു കെട്ടി കൊടുക്കാതിരിക്കാന്‍ ഭാര്യ പ്രയോഗിക്കുന്നതും."

നമിക്കാതിരിക്കാന്‍ ശ്രമിച്ചാല്‍ വശക്കേ-
ടെനിക്കായിടും; ഞാന്‍ നമിക്കാം നമിക്കാം...

ഉമേഷ്::Umesh said...

കണക്കു പിഴച്ചെന്നു് ആദ്യം വിചാരിച്ചു. പിന്നെയാണു മനസ്സിലായതു് ഇല്ലെന്നു്...

n/(n-2)! = n(n-1)

അതായതു്, ഓരോരുത്തനും ബാക്കിയെല്ലാവനെയും പാരവെക്കും എന്നര്‍ത്ഥം. അതു കലക്കി!

Santhosh said...

ദേവ ദേവോ!

പാരകള്‍ പാരകള്‍ എന്തെല്ലാം പാരകള്‍
പാരയ്ക്കപാരമാം സാധ്യതകള്‍...

ദേവാ, ഈ പാരവയ്പ് ഒരു അസുഖമാണോ? പാരയും ലൈംഗികതയും തമ്മില്‍ ബന്ധമെന്തെങ്കിലും? ആണുങ്ങളാണോ പെണ്ണുങ്ങളാണോ രാഷ്ട്രീയക്കാരാണോ (മറ്റെവിടെയോ കേട്ട തമാശ, സോഴ്സ് ഓര്‍ക്കുന്നില്ല) പാരവയ്പില്‍ മുന്‍‍പന്തിയില്‍?

ശനിയന്‍ \OvO/ Shaniyan said...

ദേവ ദേവ കലയാം-ഇതേ..

ഒരു പാരയേ ഇങ്ങനെ വിശദീകരിക്കാം എന്ന് മനസ്സിലായി - പാര ഇസ് എ വണ്ടര്‍ഫുള്‍ പാര, ശിഖണ്ഡിക്കു താങ്ങിയാല്‍ ആണിക്കല്ലും മാന്താം...

ആട്ടെ മാഷ്ക്കിട്ടാരാ മാന്തിയേ?

ഇന്ന് നല്ല ഒരു പാര ഗൂഗിളിന്റെ കയ്യീന്ന് ചോദിച്ചു വാങ്ങി ഇരിപ്പാ ഞാന്‍ (കിട്ടിയത് പിന്മൊഴിക്കായതു കൊണ്ട് കണക്കിനു എല്ലാര്‍ക്കും കിട്ടി). ഏവൂരാന്‍ കാത്തതു കൊണ്ട് ഇപ്പൊ വായിക്കാന്‍ പറ്റി..

myexperimentsandme said...

വ്വൌ... പാര.. പാരദേവ പരയാമിതേ (ശനിയന്റെ പാട്ടിന്റെ പാര വെര്‍ഷന്‍).

ഞാന്‍ ഖോട്ടേണ്ടത് ഉമേഷ്‌ജി ഖോട്ടി ഉമേഷ്‌ജി എനിക്കിട്ട് ആദ്യപാര വെച്ചു....

ചുമ്മാ ഒരു പ്രിന്റൌട്ട് എടുത്തേട്ടേ എന്ന് ചോദിച്ചപ്പോള്‍ എങ്ങിനെ ചെയ്യാം പ്രൂഫ് റീഡ് എന്നു പാടി ഉമേഷ്‌ജി എനിക്കിട്ട് പിന്നെയും വെച്ചു, ഒരു പാര...

എത്രയെത്ര പാരകള്‍:

പാര ലല്‍ - സമാന്തരമായി രണ്ടുകൂട്ടര്‍ ഒരുത്തനിട്ടുതന്നെ വെയ്ക്കുന്ന പാര.

പാര ഗ്രാഫ് - നമ്മള്‍ വെച്ച പാരകള്‍ എങ്ങിനെയെല്ലാം പുരോഗമിക്കുന്നൂ എന്നറിയാന്‍ മൈക്രോസോഫ്റ്റ് എക്സല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഗ്രാഫ്. നമുക്ക് ഒരു കൊല്ലം കിട്ടിയ പാരകളുടെ ട്രെന്‍ഡ് അറിയാനും ഈ ഗ്രാഫ് ഉപയോഗിക്കാം.

ഓര്‍ത്തോ മെറ്റാ പാരാ (രസതന്ത്രത്തില്‍) - പാരകളെപ്പറ്റി ഓര്‍മ്മയുണ്ടായിരിക്കണമെന്ന്. ഒരു ഭീഷണി (ഓര്‍ത്തോ) യുടെ ചുവയുമുണ്ടതിന്.

പാരാ സായിപ്പോളജി (വിശാലന്‍ ചോദിച്ചത്) - സായിപ്പ് ബോസന്മാര്‍ക്കിട്ട് ഇന്ത്യാക്കാര്‍ വെയ്ക്കുന്ന പാര. അപാര കഴിവുവേണം അതിന്. മിക്കവാറും പാര തിരിച്ചുകിട്ടാനും മതി.

പാരപ്പാര ഡാന്‍സ് - ജപ്പാനിലുള്ളതാ.. ഡാന്‍സ് കളിക്കുന്ന ഓരോരുത്തരും കൂട്ടത്തിലുള്ളവര്‍ക്ക് ഡബിള്‍ പാര വെച്ചുകൊടുക്കും. പാരകളുടെ പെരുമഴക്കാലമെന്നു വിളിക്കാം.

പാരാമെഡിക്കല്‍ - എംബീബീയെസ്സുകാര്‍ക്കിട്ട് വെക്കുന്ന പാര. പാരാമെഡിക്കല്‍ കഴിഞ്ഞ അണ്ണന്മാരും കോട്ടും സ്റ്റെതക്കോപ്പുമിട്ട് നടക്കും. മെഡിക്കലേതാ, പാരാ‍മെഡിക്കലേതാ എന്ന് രോഗികള്‍ക്ക് കണ്‍ഫ്യൂഷന്‍. കുറച്ച് ഗ്ലാമറുള്ള പാരാമെഡിക്കലുകാരനാണെങ്കില്‍ ഡോക്ടര്‍ക്ക് കട്ടപ്പാര.

പാര ച്യൂട്ട് - ചൂട്ടു കത്തിച്ചുകൊണ്ട് രാത്രികാലങ്ങളില്‍ ചെയ്യുന്ന പാര.

പാരപ്പുറം - വീടിനും ഓഫീസിനും വെളിയില്‍ വെച്ച് മാത്രം ചെയ്യുന്ന/കിട്ടുന്ന പാര. അത് പിന്നെ പറഞ്ഞ് പറഞ്ഞ് പാറപ്പുറം, പാറപ്പുറത്ത് തുടങ്ങിയ വീട്ടുപേരുകള്‍ തന്നെയായെന്നത് തികച്ചും യാദൃശ്ചികം.

പാര ബോള - അധികം മൂര്‍ച്ചയില്ലാത്ത, അറ്റം കൂര്‍ക്കാത്ത തരം പാര. കേറുമ്പോള്‍ നല്ല സുഖമായിരിക്കും. കയറിക്കഴിഞ്ഞാലേ വിവരമറിയൂ.

പാര ഡൈസ് - ഒരുത്തനിട്ട് പാരവെച്ചുകഴിയുമ്പോള്‍ അനുഭവിക്കുന്ന സ്വര്‍ഗ്ഗീയ സുഖം. നമ്മളില്‍ പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടായിരിക്കണം.

പാരാ ഡ് - പാരവെക്കുന്നവര്‍ അതിരാവിലെ ആരും കാണാതെ നടത്തുന്ന വ്യായാമം. പരേഡ് എന്നും വിളിക്കും, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ ദേശങ്ങളില്‍.

പാര ഫിന്‍ - മെഴുകുപോലെ തെന്നിത്തെന്നി പോകുന്ന പാര. വെച്ചൂ എന്നു തന്നെ ഓര്‍ക്കും. പക്ഷേ തെന്നിപ്പോകും. ഭയങ്കര പാടാണ്.

പാര ഡോസ് -പാരയുടെ ഡോസ്. കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ. പാരകള്‍ക്ക് പാരഡോസ് പണിയുന്നവരുമുണ്ട്.

പാര പ്പെറ്റ് - ചിലരുടെ പെറ്റ് പാര. അവര്‍ അതുതന്നെ പിന്നെയും പിന്നെയും പണിതുകൊണ്ടിരിക്കും, ആര്‍ക്കിട്ടെങ്കിലുമൊക്കെ.

പാരാ മാഗ്‌നെറ്റിക് - കാന്തം പോലെ ആകര്‍‌ഷിക്കുന്ന പാര. ചിലരെ ഈ പാരകള്‍ വല്ലാതെ ആകര്‍ഷിക്കും. ചില പാവങ്ങളെയും ഇത്തരം പാരകള്‍ ആകര്‍ഷിക്കും. അവര്‍ക്ക് എന്നും കട്ടപ്പാര.

പര ലെലോഗ്രാം - തൂക്കിക്കൊടുക്കുന്ന പാര. അളന്നും തൂക്കിയും മാത്രമേ ഇക്കൂട്ടര്‍ പാരകള്‍ വെക്കാറുള്ളൂ. ഒരു കണ്ട്രോളൊക്കെയുണ്ട്. പക്ഷേ ഇത് കിട്ടിക്കഴിഞ്ഞാ‍ല്‍ പാരലെലോഗ്രാം പോലെ മേ കോ എന്നായിപ്പോകും.

പാരാ മീറ്റര്‍ - കിട്ടുന്ന പാരകള്‍ അളക്കാനുള്ള ഉപകരണം. വെക്കുന്ന പാരകള്‍ ഇതുകൊണ്ട് അളക്കാന്‍ പറ്റില്ല.

പാര നോയ്‌ഡ് - പ്രത്യേകിച്ച് പറയേണ്ടല്ലോ - പാര കിട്ടിയാല്‍ പിന്നെ നമുക്കൊക്കെ ഉണ്ടാകുന്ന അവസ്ഥ.

പാര സൈറ്റ്- ഇത്തരക്കാരെ സൂക്ഷിക്കണം. സ്വന്തം ഓഫീസിനു വേണ്ടി ഒന്നും ചെയ്‌തില്ലെങ്കിലും മറ്റുള്ളവര്‍ക്കിട്ട് പാരവെക്കാന്‍ മാത്രമായി നടക്കുന്നവര്‍. ഇതിനെ പാരകള്‍ നടക്കുന്ന സൈറ്റുമായി ആള്‍ക്കാര്‍ തെറ്റിദ്ധരിക്കാറുണ്ട്.

പാര ലൈസ് - താങ്ങാനാവുന്നതിനും അപ്പുറം പാരകള്‍ ഒരുത്തനു കിട്ടിക്കഴിഞ്ഞാല്‍ അവനുണ്ടാകുന്ന അവസ്ഥ.

ശനിയന്‍ \OvO/ Shaniyan said...

പിടിച്ചേലും വലുത് അളേല് എന്നു പറഞ്ഞ പോലെയാണല്ലോ എന്റെ വക്കാരി മസ്താനേ!!! എന്നാപ്പിന്നെ ഒരു പോസ്റ്റാക്കാന്‍ പാടില്ലാരുന്നോ?

evuraan said...

ഒരിടത്തു ഒരു അപ്പനും മകനും ഉണ്ടായിരുന്നു... മകനിട്ടു പാര പണിയാന്‍ വേണ്ടി മാത്രം അവതരിച്ചതാണോ അപ്പന്‍ എന്നായിരുന്നു മകന്റെ സംശയം.

അങ്ങിനെയിരിക്കെ തന്റെ മരണക്കിടക്കയില്‍ വെച്ചു ആ അപ്പന്‍ മകനോടു പറഞ്ഞു, എനിക്കൊരു അന്ത്യാഭിലാഷമുണ്ട്‌, ഞാന്‍ ചത്തു കഴിഞ്ഞ്‌, ദേഹം വിറങ്ങലിക്കുന്നതിനു മുമ്പേ, നമ്മളുടെ തേങ്ങാപ്പാര എന്റെ വായിലടിച്ചു കയറ്റണം എന്നു..

അപ്പന്റെ അന്ത്യാഭിലാഷമല്ലേ എന്നോര്‍ത്തു മകന്‍, അപ്പന്റെ ശ്വാസം നിലച്ച ശേഷം, വീട്ടിലെ തേങ്ങാപ്പാരയെടുത്തു അപ്പന്റേ അണ്ണാക്കിലങ്ങ്‌ അടിച്ചിറക്കി...

പിന്നീടല്ലേ പോലീസും ഒക്കേ കൂടി പ്രശ്നമായതു...

കുറിപ്പ്‌: ഈ കഥ ചെറുപ്പത്തില്‍ എനിക്കു പറഞ്ഞു തന്നതു എന്റെ സ്വന്തം അപ്പന്‍ തന്നെ... :)

അഭയാര്‍ത്ഥി said...

സ്റ്റാന്‍ഡേര്‍ഡ്‌ ആയി തെറി പറയുന്നതെങ്ങിനെയെന്നു ദേവഗുരുക്കള്‍ ഒരിക്കല്‍ കാണിച്ചു തന്നു.

ശ്മസ്രു, അഗമ്യഗാമി....

ഇതാ ഇപ്പോള്‍ പാരയെ പാത്തുങ്കളെ

കുഞ്ചന്‍ നമ്പ്യാരുടെ ഫലിതവും, എഴുത്തച്ചന്റെ പാണ്ഠിത്യവും, ഐന്‍സ്റ്റീനിന്റെ ശാസ്ത്രാവബോധവും, ചാണക്യന്റെ രാഷ്ട്രീയാവബോധവും,
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചിന്തകളുമുള്ള ആളെ കാണണമെംകില്‍ ചെല്ലുവിന്‍ ഭവാന്മാരെന്‍ ദേവഗുരുവിന്‍ നികടത്തില്‍ അല്ലായ്കില്‍ അവിടുത്തെ ബ്ലോഗിംഗ്‌ വായിക്കുവിന്‍

aneel kumar said...

പാരയുടെ സൈക്കോള്‍ജീന്റെടേല്‍ പെട്ട് കൊഴഞ്ഞുകെടപ്പായോണ്ട് ഇതൊക്കെയൊന്നു കണ്ടുപോവാനേ കഴിയുന്നുള്ളൂ.

മൂഡോഫ് മൂഡോഫ്.

സ്നേഹിതന്‍ said...

ഈ ജീവിതമൊരു പാരാവാരം...
അലറും തിരമാലകള്‍...
അടിയില്‍ വന്‍ ചുഴികള്‍...
ദേവരാഗത്തിന്റെ പാരപ്രമാണം കലക്കി!

Ajith Krishnanunni said...

n/(n-2)! ... പാരയായല്ലോ???
ഇതു പഠിപ്പിച്ചതിന്റെ അന്നു പോയില്ല പനിയായിരുന്നു.. ക്ഷമിക്കണം...

bodhappayi said...

ഗന്ധര്‍വവചനത്തോടു ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. n!/(n-2)! അല്ലേ പോസ്റ്റിന്റെ കാതല്‍... :)

മുല്ലപ്പൂ said...

എന്റമ്മെ... ചിരിചു മറിഞ്ഞു.. ഇതങു ഹൃദിസ്ഥം ആക്കിയാലൊ...

സൂപ്പറ്....

ഇനി തുളസിടെം വാക്കരിടെം പാര എന്തണവൊ.. നോക്കട്ടെ

ആനക്കൂടന്‍ said...

പാരയെ കുറിച്ച് ബോധോധയം ഉണ്ടയാത് അടുത്തകാലത്താണ്. അവനവന് അവനവനെ കുറിച്ചു ബോധം ഉണ്ടാകണമെങ്കില്‍ പാരയെന്താണെന്ന് അറിയണം എന്നതാണ് ഏറ്റവും പാഠം.

ദേവന്‍ said...

ഇവിടെ വന്നു പാര കിട്ടിയവര്‍ക്കും, എനിക്കിട്ടു പാരവച്ചവര്‍ക്കും എന്നെ ഫല്‍ക്രമാക്കി അങ്ങോട്ടുമിങ്ങോട്ടും പാരവച്ചവര്‍ക്കും നന്ദി. ഈപ്പാരയില്‍ നിന്നും തുടങ്ങി വന്‍ പാരകളുണ്ടാക്കിയ വക്കാരിക്കു പ്രത്യേകനന്ദിനി.

ഉമേഷ്‌ ഗുരുക്കളേ,
രണ്ടു കമന്റിനു രണ്ടു നന്ദി. പെര്‍മ്യൂട്ടേഷന്‍ ഫോര്‍മുലയെ ഒരു രസത്തിനു മ്യൂട്ടേറ്റ്‌ ചെയ്തതാ. കണ്ടുപിടിക്കുമെന്ന് എനിക്കറിയാമായിരുന്നു. ശരിക്കും ഞാന്‍ അന്നനുഭവിച്ചത്‌ അതായിരുന്നു ഓരോരുത്തരും ബാക്കി സകലര്‍ക്കും പാര വച്ചു. എന്റെ കൈപിടിച്ചു കളരിയില്‍ ആദ്യ ചുവടു വച്ച കുഞ്ഞുങ്ങള്‍ പോലും ഒളിഞ്ഞിരുന്നു നാരായക്കത്തിയെറിഞ്ഞു.

വിശാലാ,
പാരാസൈക്കിളോജി വക്കാരി വിവരിച്ചിട്ടുണ്ട്‌ കണ്ടല്ലോ.

സൂ,
ഞാന്‍ ദേ സതീഷ്‌ പറഞ്ഞപോലെ ഒരു പാര കിട്ടിയതിന്റെ ആഘാത്തത്തില്‍ ഇരുന്നിട്ട പോസ്റ്റാണേ. ആദിത്യന്‍ പറഞ്ഞപോലെ "കൊടു മോനെ കൈ എന്നെ പാരവച്ച സ്റ്റൈല്‍ കലക്കിയെടോ എന്നു പറഞ്ഞുപോയി"

ബിന്ദൂ
ആര്‍ക്കുമിടീസ്‌ (മൂപ്പര്‍ ആര്‍ക്കും ഇടി കൊടുക്കാന്‍ റെഡി ആയിരുന്നു അതാണു ആര്‍ക്കുമിടീസ്‌ എന്നു പേര്‍) അല്ല മൂപ്പരുടെ ബോസ്സ്‌ ഹെറോണ്‍ രാജാവായാലും ശരി അസ്സലൊരു പാര കേറിയാല്‍ മലയാളം, തെലുങ്ക്‌ പഞ്ചാബി, ഒക്കെ തത്ത പറയുമ്പോലെ പറയും.

ആദിയേ
അതന്നെ. റിട്ടാലിയേഷന്‍ പാരയാണു എറ്റവും വലിയ പാര.

സന്തോഷേ
പാര വയ്പ്പ്‌ ഒരസുഖമാണോ എന്നു ചോദിച്ചാല്‍ വിഷമിക്കും. ഒരു തലമുറ
മുന്നേവരെ പാര എന്നത്‌ അന്തസ്സില്ലാത്ത പണി ആണെന്നും അന്തസ്സും അഭിമാനവും നാണവും വാല്യൂസും ഉള്ളവന്‍ വെട്ടിച്ചതാലും പാരവച്ചു ജയിക്കില്ല എന്നുമൊക്കെ കൌബോയി മാതിരി ഇടിയന്മാര്‍ തുടങ്ങി അങ്ങു ആരോ മെയില്‍ ചേകവര്‍ വരെയുള്ളവര്‍ വരേയും രാജാക്കന്മാര്‍ മുതല്‍ പിച്ചക്കാര്‍ വരെയും എത്തിക്സ്‌ ആയി സ്വീകരിച്ചിരുന്നു. നമ്മുടെ ജെനറേഷന്‍ പാരയെ ഒരു തരം സ്റ്റ്രാറ്റെജി ആയി അംഗീകരിച്ച ലക്ഷണം ആണ്‌. സ്ത്രീയും പുരുഷനും പാര വയ്ക്കും നീലപ്പാരയും പിങ്ക്‌ പാരയും തമ്മില്‍ ഇഫക്റ്റില്‍ വത്യാസമുണ്ട്‌ എന്നാലും നംബര്‍ ഓഫ്‌ പാരാസില്‍ ലിംഗവത്യാസം ഞാന്‍ കാണുന്നില്ല.
രാഷ്ട്രീയക്കാര്‍ക്ക്‌ വാല്യൂ കീല്യൂ അന്തസ്സെന്നൊക്കെ പറഞ്ഞാല്‍ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന് അറിയാത്തതുകാരണം അവര്‍ക്ക്‌ പാരപെറ്റിലും ശോധന നടത്താം.

വഴിപോക്കാ
പാരകള്‍ പാരകള്‍ പാരിടത്തിന്റെ പാരായവേരുകള്‍ എന്നു ഞാനും അന്നു പാടിപ്പോയി മാഷേ! അത്ര അസ്സല്‍ ഒരെണ്ണമാ വന്നു കേറിയേ.

ശനിയന്മാഷേ
ഒരു പടയില്‍ ഞാന്‍ മുറിവേറ്റു കിടക്കുമ്പ്പോള്‍ മച്ചുനന്‍ കുത്തുവിളക്കെടുത്ത്‌ എനിക്കിട്ടു പാരവച്ചു കളഞ്ഞു. അന്തം വിട്ടു മേശക്കടിയില്‍ നോക്കിയ നോട്ടത്തിലാണു മീറ്റിംഗ്‌ പാരകളുടെ ഫോര്‍മുല കണ്ടെത്താനായത്‌.

ഗന്ധര്‍വ്വരേ
അയ്യോ ബ്ലോഗ്‌ മാറിപ്പോയോ? എന്നെക്കുറിച്ച്‌ ഇങ്ങനെ പറയാന്‍ മാത്രമൊന്നുമില്ലെന്ന് ഉറപ്പായി അറിയാം.

അനിലേട്ടാ

പൊല്യൂഷന്‍, പവര്‍ക്കട്ട്‌ എന്നൊക്ക്കെ പറയുമ്പോലെ പാര ജീവിതത്തിന്റെ ഒരു ഭാഗമായി അതങ്ങു അംഗീകരിക്കുകയേ നിവര്‍ത്തിയുള്ളു.

സ്നേഹിതാ
കുട്ടപ്പായി
മുല്ലപ്പൂ
നന്ദി

ആനക്കൂടാ
പാരയെക്കുറിച്ച്‌ അറിയുമ്പോഴേ നമ്മള്‍ നമ്മുടെ ചവിട്ടടി ബലപ്പിക്കാന്‍ പഠിക്കൂ എന്നത്‌ എനിക്കും ശരിയായി തോന്നുന്നു.

അജിത്തേ
ഇക്ക്വേഷന്‍ പാര അത്ര കടുത്തതല്ല. ഗുരുക്കള്‍ സിമ്പ്ലിഫൈ ചെയ്തതുപോലെ ഓരോരുത്തരും ബാക്കി സകലര്‍ക്കും പാര വയ്ക്കും എന്നേ അര്‍ത്ഥമുള്ളു.

രണ്ടു പേര്‍ ഉള്ള മീറ്റിങ്ങില്‍ രണ്ടു പേെരും പരസ്പരം പാരവയ്ക്കും അതായത്‌ ടോറ്റല്‍ രണ്ട്‌ പാര

മൂന്നു പേര്‍ ആണെങ്കില്‍ ഓരോരുത്തരും മറ്റു രണ്ടുപേര്‍ക്കും പാരകള്‍ വയ്ക്കും മൂന്നാള്‍ ഗുണം രണ്ടു പാര = 6

നാലു പേര്‍ ആണെങ്കില്‍ അതുപോലെ നാലാള്‍ ഗുണം മൂന്നു പാര = 12
ഇതിനെ ഇകുവേഷന്‍ ആക്കുമ്പോള്‍
n ആള്‍ ആണെങ്കില്‍ n (n-1) പാര

ഈ കോന്ത്രമ്പല്ലി ഫോര്‍മുലയെ ഞാന്‍ കുറേ ഫാക്റ്റോറിയല്‍ മേക്കപ്പ്‌ ഇട്ട്‌ മുകളില്‍ അവതരിപ്പിച്ചെന്നേയുള്ളു ഗുരുക്കള്‍ സൂത്രം കണ്ടുപിടിച്ച്‌ "ഛായ്‌ ഇതോ തിലോത്തമ, ഇതു എഴിക്കര വിജയമ്മ , right?" എന്നു ചോദിച്ചുകളഞ്ഞു.