നൊവാള്‍ജിയ 
കടലുകടന്നപ്പോള്‍മുതല്‍- കൃത്യമായി പറഞ്ഞാല്‍ വിമാനം ശംഖുമുഖം മണല്‍തിട്ടക്കുമുകളിലൂടെ പറന്നപ്പോള്‍ ഞാന്‍ സര്‍വജ്ഞപീഠം കയറിയെന്നറിയാം എങ്കിലും ഒരാത്മവിശ്വാസക്കുറവ്.
ഗള്‍ഫില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ മൊബൈല്‍ പുതിയതുവാങ്ങി, ക്രെഡിറ്റ് കാര്‍ഡ് കിട്ടിയ അന്നുതന്നെ സ്വര്‍ണ്ണചങ്ങലയും ഒരെണ്ണം കയ്യില്‍ വാങ്ങി കെട്ടി. ശമ്പളം കിട്ടിയന്നു പോയി റേയ്ബാന്‍ കണ്ണാടി വാങ്ങി. ബോണസ് കിട്ടിയപ്പോള്‍ ഒരു റാഡോ വാച്ചും. ആസ്മായുടെ വലിവു കലശലായിട്ടും 555 വലിക്കാന്‍ പഠിച്ചു. ഒന്നു പറയാന്‍ വിട്ടു- നാട്ടില്‍ വീട്ടുമുറ്റത്ത് പട്ടിയെപ്പോലെ ഒരു മാരുതി ചങ്ങലക്കിട്ട് കെട്ടിവച്ചിട്ടുണ്ട്.
ആഢ്യത്വം തികഞ്ഞെന്ന എന്റെ വിശ്വാസം തകര്‍ത്തുകളഞ്ഞത് അടുത്ത ഫ്ലാറ്റിലെ തൊമ്മിച്ചനാണ്. പുള്ളി എന്തോ സാധനമെടുക്കാന്‍ റൂമില്‍ വന്നപ്പോള്‍ ഞാന്‍ ചാന്തുപൊട്ടിലെ പാട്ടുകേള്‍ക്കുകയായിരുന്നു.
"ഈ നൊവാള്‍ജിയ തോന്നുന്ന പാട്ടൊന്നുമില്ലേഡെയ് നിന്റെ കയ്യില്‍? തൊമ്മിച്ചായന്‍ ചോദിച്ചു. എന്റെ അമ്പരപ്പുകണ്ട് തൊമ്മിച്ചനു സഹതാപം തോന്നി വിശദീകരിച്ചു തന്നു"എടാ, ഈ നാളീകേരത്തിന്റെ നാട്ടിലെനിക്ക്, കേരളം കേരളം എന്നൊക്കെയുള്ള പാട്ടുകള്‍ കേള്‍ക്കുമ്പഴ്, മാര്‍ഗ്ഗം കളി, കഥകളി തുണ്ടങ്ങിയ കളികള് ഒക്കെ കാണുമ്പഴ് ഒക്കെ നാട്ടില്‍ നല്ല നിലയില്‍ ജീവിച്ചവര്‍ക്ക് വരുന്ന സങ്കടമാണ് നൊവാള്‍ജിയ.
കിട്ടിയ അവസരത്തിന് എന്റെ നെഞ്ചത്തൊരു കുത്തും. നാട്ടില് കഷ്ടപ്പാടായിട്ട് ലോഞ്ചില്‍ കയറി ഇങ്ങോട്ടുവരുന്നവര്‍ക്ക് അതൊക്കെ കേള്‍ക്കുമ്പോ പണ്ട് വിശന്നു നില്‍ക്കുമ്പോള്‍ ചായക്കടയില്‍ കേട്ട ഓര്‍മ്മയേ വരൂ." എന്റെ അന്തസ്സ്, അഭിമാനം ഒക്കെ ഒടുക്കത്തെ ഒരു നൊവാള്‍ജിയ പ്രയോഗിച്ച് തകര്‍ത്തുകളഞ്ഞ പാപി ട്രക്കു കയറി ചത്തുപോവട്ടെയെന്നു പ്രാര്‍ത്ഥിച്ചുപോയി..
അയാളിറങ്ങിയതും കടയില്‍ പോയി പഴയ പാട്ടിന്റെ സീ ഡി പത്തെണ്ണം വാങ്ങി. കഥകളിക്കാരന്റെ ഒരു പോസ്റ്ററും. അനിയനെ ഫോണില്‍ വിളിച്ചു പറഞ്ഞു"എടാ ഞാന്‍ പണ്ടെങ്ങാണ്ടെടുത്ത ഒരു വയല്വക്കത്തെ ഒരു പുരയുടെ പടം ആല്‍ബത്തിലുണ്ട്, നീ അതൊന്നു സ്കാന്‍ ചെയ്ത് എനിക്കയക്കു ഇപ്പോള്‍ തന്നെ."കഥയറിയാതെ പാവം ചെക്കന്‍ "അണ്ണനെന്തരിത്, രാത്രിയില്‍ ഫിറ്റുകള് തന്നേ?" എന്നു ചോദിച്ചെങ്കിലും ഉടനേ അയച്ചുതന്നു. എന്റെ ബ്ലോഗ് വായിക്കുന്നവരും ഞാന്‍ നൊവാള്‍ജിയ കുറഞ്ഞ ഒരുത്തനാണെന്ന് വിചാരിക്കരുതല്ലോ.