June 25, 2007

ഓകെമിന്റെ ക്ഷൗരക്കത്തി -ഭാഗം ഒന്ന്

അര്‍ജ്ജുനവൃക്ഷത്തിനു നൂറോളം ഉപജാതികളുള്ളതില്‍ അച്ചന്‍ കോവിലാറിന്റെ ഉത്ഭവസ്ഥാനത്ത് വളരുന്ന നീര്‍മരുതാണ്‌ ഹൃദയത്തിന്റെ വൈദ്യുതിനിര്‍മ്മാണശാലയായ സിനോഏട്രിയല്‍ നോഡിനു സംഭവിക്കുന്ന ഊനങ്ങള്‍ ചികിത്സിക്കാന്‍ ഏറ്റവും യോജ്യം എന്നൊരു വന്യമായ ഊഹമാണ്‌ കോണ്‍റാഡിന്റെ ടീമിനെ പശുക്കിടാമേട്ടില്‍ എത്തിച്ചത്. ഒരു ദിവസം കൂടി അവിടെ ചിലവിട്ട് ഞാനും ചീരനും മേടിറങ്ങി

"ഋഷിമലയില്‍ പോകാനുള്ള വഴി അറിയുമോ?"
"കല്ലൂരു വഞ്ചി തേടാനാ?അത്ര വഴി പോകാതെ പറ്റും"ചീരന്‍ പണിപ്പെട്ട് നാഗരികഭാഷയില്‍ പറഞ്ഞു.
"മരുന്നൊന്നും തേടിയല്ല.വില്ലിയെ ഒന്നു കാണണം,ഓഫീസര്‍ പറഞ്ഞു ഞാന്‍ നിറയെ കേട്ടിരിക്കുന്നു."
"വില്ലി നിറയെ പഠിപ്പ് വച്ചവന്‍‍.കുടി കാരണം പഠിച്ചതെല്ലാം മറന്നു പോയി.നരി മാതിരി മലമ്പൊത്തില്‍ താമസം.എനിക്ക് ഇഷ്ടമില്ല"

ചതുക്കു തടികളും വള്ളികളും നിറഞ്ഞ വഴിയേറെ താണ്ടിയപ്പോള്‍ ഋഷിമലയാറു കാണായി.അവിടെ നിന്നും മുകളിലേക്ക്.

"മുതുവാന്‍ കുടിയില്‍ ഞാന്‍ കാത്തിരിക്കാം.അവനുക്ക് എന്നെ കാണറത് ദേഷ്യം." ബാക്ക് പാക്കും കത്തിവാളും വാങ്ങുമ്പോള്‍ വില്ലിയോട് തേന്‍ വാങ്ങാന്‍ മറക്കേണ്ടെന്നും അയാള്‍ ഓര്‍മ്മിപ്പിച്ചു.

പാറക്കെട്ടില്‍ ഒരു ഗുഹ.അതിന്റെ പൂമുഖത്ത് ഇലകള്‍ മേഞ്ഞൊരു ചായ്പ്പും.വില്ലിയുടെ താവളം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല.പക്ഷേ അവിടെവരെ കയറിയെത്താന്‍ ഏറെ പണിപ്പെട്ടു.

"നിങ്ങളാര്‌?" ഗുഹയ്ക്കകത്തുനിന്നും ശബ്ദം മാത്രം പുറത്തെത്തി.
"കണ്‍സര്‍‌വേറ്റര്‍ ‍ പറഞ്ഞാണ്‌ ഞാന്‍ വില്ലിയെക്കുറിച്ച് അറിഞ്ഞത്.പശുക്കിടാമേട്ടുവരെ വരേണ്ട കാര്യമുണ്ടായിരുന്നു.തിരിച്ചു പോകുന്ന വഴിയാണ്‌. "

നിറം മങ്ങിയ ഒരു പച്ച കൈലിയുടുത്ത് തോള്‍ വരെ മുടി വളര്‍ത്തിയ ആറടിക്കടുത്ത് ഉയരവും സണ്‍ ടാന്‍ വീണ ശരീരവുമുള്ള ഒരാള്‍ ചായ്പ്പിലേക്ക് ഇറങ്ങി.

"എന്നെക്കുറിച്ച് അറിയാന്‍ മാത്രമൊന്നുമില്ലല്ലോ സുഹൃത്തേ,എങ്കിലും കേട്ടുകേള്വിപ്പുറത്തൊരാള്‍ കാണാന്‍ വന്നെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട് ,എന്തു ചെയ്യുന്നു താങ്കള്‍? "
"...."
അയാള്‍ക്കു പിന്നാലെ പിന്നാലെ ഞാനും പാറക്കെട്ടിറങ്ങി.

"എന്നെ ഇന്റര്‍‌വ്യൂ ചെയ്യാനും ഒരാളുണ്ടയത് രസമായിരിക്കുന്നു,എന്താണു പറയേണ്ടതെന്ന് നിശ്ചയമില്ലല്ലോ.വില്ലി മെല്ലെ നടന്നുകൊണ്ട് പറഞ്ഞു തുടങ്ങി.ഫ്രാന്‍സിസ് വില്യം എന്നാണ്‌ എന്റെ പേര്‍.വില്ലിയെന്നത് വിളിപ്പേര്‍ ആണ്‌.ആലപ്പുഴയില്‍ ജനിച്ചു.തിരുവനന്തപുരത്തും മറ്റുമായി പഠിച്ചു.ഹൈദരാബാദ് സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജിയില്‍ കുറച്ചു കാലം ജോലി ചെയ്തു.ഇപ്പോള്‍ ഋഷിമലയില്‍ ജീവിക്കുന്നു.ഭാര്യ ഇവിടെയടുത്ത മുതുവാന്‍ സെറ്റില്‍മെന്റുകാരിയാണ്‌ പേര്‍ കൊറപ്പാളു.ആറു വയസ്സുള്ള ഒരു മകനുമുണ്ട്. അത്രയൊക്കെ തന്നെന്നെക്കുറിച്ച്. "

"ഇവിടെ എന്തു ചെയ്തു ജീവിക്കുന്നു?"

"തേനെടുക്കും.ഋഷിമലത്തേനിനെ പ്രശസ്തമാക്കിയത് ഞാനാണ്‌.ആവശ്യക്കാരേറെ, അത്രയും ഉല്പ്പാദിപ്പിക്കാന്‍ ദിവസം ഏഴെട്ടുമണിക്കൂര്‍ പണിയെടുക്കണം,താല്പ്പര്യമില്ല.രണ്ടുമണിക്കൂര്‍ കൊണ്ട് നൂറു രൂപയുടെ തേന്‍ എടുക്കാം,അത്രയും പണം തന്നെ ആവശ്യത്തിലും വളരെ അധികവുമാണ്‌. "

ഈ മനുഷ്യനെ കാണാന്‍ ഇത്രയും ആയാസപ്പെട്ടു വരേണ്ടതില്ലെന്ന് ചീരന്‍ പറഞ്ഞത് കാര്യമാണെന്ന് തോന്നിത്തുടങ്ങി എനിക്ക്.കോണ്‍റാഡ് കൊണ്‍റ്റുവന്ന ഷിവാസ് റീഗല്‍ റോയല്‍ സല്യൂട്ട് കണ്‍സര്‍‌വേറ്ററെക്കൊണ്ട് അതിശയോക്തികള്‍ പറയിച്ചതാണോ?

"മകന്റെ പേരു പറഞ്ഞില്ല ?"

"ഓ മറന്നു,എന്റെ മകന്റെ പേര്‍ വോള്‍ഡന്‍ "

വോള്‍ഡന്‍! ഹെന്‍‌റി ഡേവിസ് ഥോറിന്റെ വോള്‍ഡന്‍...ഏകനായി ഈ കാട്ടില്‍,വോള്‍ഡന്‍ കുളത്തിനു കരയില്‍,എന്റെ കയ്യാല്‍ നിര്‍മ്മിച്ച ഭവനത്തില്‍,അയല്‍ക്കാരില്‍ നിന്നും കാതങ്ങളകലെmഎന്റെ കൈത്തൊഴിലുകളാല്‍ ജീവിച്ച്...

"ഥോറിന്റെ വോള്‍ഡന്‍ അനുകരിക്കുകയാണോ താങ്കള്‍ വില്ലീ?"

19 comments:

വിഷ്ണു പ്രസാദ് said...

ദേവേട്ടാ,ഇത് കഥയാവും അല്ലേ? അതോ അനുഭവമോ?രസമുണ്ട്.വോള്‍ഡന്‍ എന്താന്ന് പിടികിട്ടിയില്ല.അന്യഭാഷാകൃതികള്‍ വായിച്ചുള്ള വിവരം ഇല്ല.ഇനിയും രണ്ടു ഭാഗം ഉണ്ടല്ലേ...

സു | Su said...

വിശദീകരിക്കാമോ ദേവാ?

Ambi said...

നാട്ടില്‍ ആകെ കുറച്ച് നാളല്ലേ പോയുള്ളൂ..ഇതിപ്പം അതിനിടയ്ക്ക് അത്രേമായോ..പണ്ടത്തെ കഥയാണൊ ദേവേട്ടാ?
വിഷ്ണുമാഷ്പറഞ്ഞ പോലെ എനിയ്ക്കീ പറഞ്ഞ വൂള്‍ഫെന്ന ടീമിനെ അത്രയ്ക്കന്നല്ല ഒട്ടും മനസ്സിലായിട്ടൂല്ല.
ആരാ ആ ചങ്ങാതി?
ഇതെന്താ ഫോണ്ട് ഇങ്ങനെ ചെറുതായി..ലിനക്സില്‍ കാണുന്ന പോലെ..?:)

Ambi said...

ഇതെവിടുന്നാ ഇപ്പം ഈ വൂള്‍ഫ് വന്നതോ എന്തോ?(കാട്ടിലല്ലേ കുറുക്കനായിക്കോട്ടേ എന്ന് വിചാരിച്ചിട്ടുണ്ടാവണം..)..വോഡനായിരുന്നല്ലേ.മണ്ടന്‍(ഞന്തന്നെ..:) ആകെയൊരു മറിമായമാണല്ലോ അണ്‍ ടയിറ്റില്‍ഡ് പോസ്റ്റ്..കാണാത്ത ഫോണ്ട്..ദേവേട്ടാ..കൂയ്..അവിടൊണ്ടോ...?

Manu said...

idengottaano ee manushyante pokk??

Offil oru helpline :)
******
For Ockham's Razor see the pragraph Ontological Parsimony in this article

For William David Thoreau & Waldan see this article

ദേവന്‍ said...

വിഷ്ണൂമാഷേ, അതേ ഇതൊരു കഥയാണ്. രണ്ടുഭാഗം പിന്നാലേ.
അംബീ, ഈ നാട്ടില്‍ പോക്കുമായി ഒരു ബന്ധവും ഇതിനില്ല, ഫോണ്ടും ടൈറ്റിലും ശരിയാക്കി.
സൂ, വിഷ്ണുമാഷേ, അംബീ, ഥോറിന്റെ വോള്‍ഡന്‍ മൊത്തമഅയി ഇവിടെ വായിക്കാം

http://www.gutenberg.org/dirs/etext95/waldn10.txt
ചാപ്റ്റര്‍ ഇന്‍ഡക്സ് വരെ ഉള്ള ക്രാപ്പ് കളഞ്ഞാല്‍ സമയം പരസ്യം വായിച്ചു പാഴാവില്ല!

ദേവന്‍ said...

ഹ ഹ മനൂ, എന്തൊരു ടൈമിങ്!ൊരു മിനുട്ട് നേരത്തേ ആയിരുന്നെങ്കില്‍ എനിക്കു ടൈപ്പിങ് എനര്‍ജ്ജി പാഴാവില്ലായിരുന്നു :)

Manu said...

devettaa mukalile off chalamaayenkil thattiyere kettaaa :p

ദേവന്‍ said...

അത് ഓഫോ? അതല്ലേ മനൂ ഓണ്‍!! ഓകെം & ഥോര്‍ ആരാണെന്നും കണ്‍ഫ്യൂ ആര്‍ക്കും വരില്ലല്ലോ

പെരിങ്ങോടന്‍ said...

ദേവാ, വാള്‍ഡനെ കുറിച്ച് ഥോര്‍ എഴുതി തുടങ്ങുന്നതിന്റെ ആദ്യ വരികള്‍ വായിച്ചപ്പോള്‍ കോരിത്തരിച്ചു. ഒപ്പം ആ ഗുട്ടന്‍ബര്‍ഗ് ലിങ്കിന് നന്ദി. ഓകെമിന്റെ ക്ഷൌരക്കത്തി 1/3 എന്നൊക്കെ വായിച്ചപ്പോള്‍ ആധുനികോത്തരമാണെന്ന് കരുതിപ്പോയി, അതിനെ ഒന്നാം ഭാഗം എന്നെഴുതുന്നതല്ലേ ക്ഷൌരക്കത്തിക്കു നല്ലത് :)

സു | Su said...

ദേവാ, ഇങ്ങനെയൊരു ചതി വേണ്ടായിരുന്നു. ഈ പോസ്റ്റ് ആദ്യം കണ്ടത് മുതല്‍ ഥോറിനെ തേടി, ജോറായി നടന്ന്, അവസാനം ബോറടിച്ചു. ഗൂഗിളില്‍ ഇനി തിരയാത്ത വാക്കില്ല. ഥോര്‍, തോര്‍, ദോര്‍...വാള്‍ഡന്‍, വോള്‍ഡന്‍, ബോള്‍ഡന്‍... ഹിഹിഹി. എവിടെയൊക്കെയോ കയറിയിറങ്ങി. അവസാനം മനസ്സിലായി ഇതൊരു ഷോറിലെത്തില്ല എന്ന്. എന്നിട്ടൊരു കമന്റ് വെച്ചു. പിന്നേം തെരഞ്ഞു. പിന്നെ ചെരിഞ്ഞു.

ലിങ്കിന് നന്ദി.

സൂര്യോദയം said...

ഇഷ്ടപ്പെട്ടു... ബാക്കി ഭാഗങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരിയ്കുന്നു..

അലിഫ് /alif said...

1/3 വായിച്ചു..
2/3, 3/3 വരട്ടെ , വേഗം തന്നെ.പ്രതീക്ഷയോടെ
-അലിഫ്

kaithamullu : കൈതമുള്ള് said...

ബു.ജി. തലക്കെട്ട് കണ്ടപ്പോഴെ ഞെട്ടി, ദേവാ. പിന്നെ ലിങ്ക് കിട്ടിയത് നന്നായി. ഞാനവിടെവരെയൊന്ന് പോയി വരട്ടെ, ആദ്യം.

അഭയാര്‍ത്ഥി said...

Distinct language
Individual among stories
Single entity style
Fabulous.

വേണു venu said...

ഇഷ്ടപ്പെട്ടു. അതിനാല്‍‍ വീണ്ടും വായിക്കാനിഷ്ടമായി. അടുത്ത ഭാഗങ്ങള്‍‍ക്കു്.:)

ദേവന്‍ said...

രാജേ,
തലവാചകത്തിലെ ൧/൩ മാറ്റി. സൂ, വോള്‍ഡനെ പിടികിട്ടിയല്ലോ? കൈതമുള്ളേട്ടാ, തലക്കെട്ടിന്റെ രീതി മാറ്റി!
സൂര്യോദയം, അലീഫ്, വേണുമാഷേ, ഭാഗം രണ്ട് ഇട്ടു.
അഭയാര്‍ത്ഥീ, നന്ദി. ബൂലോഗത്തേക്ക് സ്വാഗതം.

chithrakaran ചിത്രകാരന്‍ said...

പ്രിയ ദേവരാഗം,
രണ്ടാം ഭാഗം വായിച്ചിട്ടാണ്‌ ആദ്യഭാഗം വായിക്കാനായി ഇവിടെ എത്തിയത്‌. കുറച്ചു ഫോട്ടോകള്‍ ക്കോോടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി.

One Swallow said...

അത്ഭുതം, സജിതിന്റെ ബ്ലോഗ് വഴി ഞാന്‍ താങ്കളുടെ ബ്ലോഗിലായിരുന്ന അതേ സമയത്ത് താങ്കള്‍ എനിക്കിട്ട് കമന്റി. തന്തോയം. ഞാനും ഉഏഇയില്‍ തന്നെ. paliyath@gmail.com