June 03, 2007
കരഞ്ഞുകൊണ്ടൊരു ചിരി
കല്ലുമോളേ,
രണ്ടാം ക്ലാസ്സിലായി അല്ലേ? ഒന്നില്‍ പഠിപ്പിച്ച ടീച്ചറിനെ ഓര്‍മ്മയുണ്ടോ? ഓര്‍ത്തു വയ്ക്കണം കേട്ടോ? എല്ലാ ഗുരുക്കളെയും.
ഫോട്ടൊയില്‍ ദേവന്‍ മാമന്റെ കൂടെ നില്‍ക്കുന്നത് മാമനെ ഒന്നില്‍ പഠിപ്പിച്ച ടീച്ചര്‍, പാറുക്കുട്ടി അമ്മ സാര്‍ (ഞങ്ങളുടെ നാട്ടിലൊക്കെ ടീച്ചര്രും മാസ്റ്ററും ഇംഗ്ലീഷായിരുന്നു, സാര്‍ എന്നായിരുന്നു അതിന്റെ മലയാളം.)
ദേവന്‍ മാമന്‍ നഴ്സറിയില്‍ പോയിട്ടില്ല, ഒന്നാം ക്ലാസ്സ് വരെ അച്ഛനാണു പഠിപ്പിച്ചത്. ആദ്യ ഗുരുനാഥ അങ്ങനെ ഒന്നില്‍ പഠിപ്പിച്ച പാറുക്കുട്ടിയമ്മ സാര്‍ ആയി. പിന്നെ രണ്ടിലായി, മൂന്നില്‍, അങ്ങനെ ഇരുപതു ക്ലാസ്സ് പഠിച്ചു. ഒക്കെ അങ്ങു തീര്‍ന്നത് പാറുക്കുട്ടിയമ്മസാറിന്റെ മനസ്സിന്റെ നന്മ മാത്രം കൊണ്ടാണേ, മാമന്‍ എല്ലാ ക്ലാസ്സും ഉഴപ്പി- എന്നിട്ടും ജയിച്ചു.
സാറു മാമനു ചോറു തന്നിട്ടുണ്ട്, ജീരകവെള്ളം തന്നിട്ടുണ്ട്. അടി തന്നിട്ടില്ല, ഒരിക്കല്‍ അടിക്കുമെന്ന് പറഞ്ഞു വടി ഓങ്ങിയപ്പോഴേക്ക് ഞാന്‍ കരഞ്ഞുകളഞ്ഞു!
എല്ലാ ക്ലാസ്സും പഠിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ സാറിന്റെ വീട്ടില്‍ പോയി കണ്ടു. സാര്‍ അപ്പോഴേക്ക് റിട്ടയര്‍ ചെയ്തിരുന്നു. പഠിച്ച് തീര്‍ന്നെന്നു പറഞ്ഞപ്പോള്‍ സാറു കരയുകയും ചെയ്തു ചിരിക്കുകയും ചെയ്തു. സാറു കരഞ്ഞാല്‍ ഞാനും കരയില്ലേ?
പിന്നെ സാറിനെ കണ്ടത് എന്റെ കല്യാണത്തിനാണ്. അപ്പോഴും സാറു ചിരിക്കുകേം കരയുകേം ചെയ്തു, ഞാനും.
പിന്നെയും കണ്ടത് ദാ ഈ ഫോട്ടോ എടുത്ത ദിവസം, സാറു പഠിപ്പിച്ച ഒരു കുട്ടിയുടേതായിരുന്നു കല്യാണം. അവള്‍ക്കു കല്ലുക്കുട്ടിയുടെ പ്രായമുള്ളപ്പോള്‍ ഞാന്‍ കോളെജില്‍ പോകുന്ന വഴി സാറിന്റെ ക്ലാസ്സില്‍ കൊണ്ടിരുത്തുമായിരുന്നു. അവളിപ്പോ ഇംഗ്ലണ്ടിലെ എറ്റവും വലിയ കമ്പനികളിലൊന്നില്‍ ഉയര്‍ന ഉദ്യോഗസ്ഥ ആണെന്നു കേട്ടപ്പോഴും സാറു കരഞ്ഞു. പ്രത്യേക സന്തോഷമായിക്കാണും, കാരണം അവളൊക്കെ പഠിക്കുമ്പോഴേക്ക് വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികളൊഴികെ എല്ലാവരും കോണ്‍വെന്റു സ്കൂളില്‍ ആയിരുന്നു പോകുന്നത്, ഇവളുടെ അച്ഛന്‍ രാഷ്ട്രീയാദര്‍ശങ്ങളുള്ള ആളായിരുന്നതു കാരണം സര്‍ക്കാര്‍ എയിഡഡ് സ്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിപ്പിച്ചു.
ഒരു തമാശ കേല്‍ക്കണോ മോളേ. അവള്‍ മലയാളം പഠിച്ച് ഇംഗ്ലീഷു പറയുന്ന നാട്ടില്‍ വല്യ ഉദ്യോഗസ്ഥ, ഇപ്പോഴും എന്നെ കാണുമ്പോ എന്റെ സൈക്കിളിന്റെ പിറകില്‍ ഇരുന്നു "എന്നെ ഉരുട്ടിയിടുമോ ?" എന്നു ചോദിച്ച അതേ മലയാളം പറയുന്നു. അവളുടെ പ്രായത്തിലുള്ള അടുത്ത കൂട്ടുകാരി കോണ്വെന്റില്‍ പഠിപ്പും ബിരുദവുമൊക്കെ കഴിഞ്ഞ് അച്ഛനമ്മ മാരോടും കൂട്ടുകാരോടും പുസ്തകത്തിലെ അച്ചടി ഇംഗ്ലീഷും പറഞ്ഞ് നാട്ടിലിരിപ്പാണ് വെറുതേ. എന്നുവച്ചാല്‍ മോള്‍ ഇംഗ്ലീഷൊന്നും പഠിക്കണ്ടാന്നല്ല കേട്ടോ. അതൊരു നല്ല പ്രയോജനമുള്ള സുന്ദരമായ ഭാഷ ആണ്. വല്യേ വല്യേ അറിവുകളൊക്കെ ഇംഗ്ലീഷില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്, അതൊക്കേം എടുക്കണം. മാമന്‍ പറഞ്ഞത് എതു ഭാഷയില്‍ പഠിച്ചു എന്നതിലല്ല, എന്തു പഠിച്ചു, പഠിച്ചതു അവനവനും വീടിനും നാടിനും ലോകത്തിനും പ്രയോജനപ്പെടുത്താന്‍ നമ്മള്‍ എന്തു ചെയ്യുന്നു എന്നതിലാണു കാര്യം എന്നാ.
ആ കൊച്ചിന്റെ കല്യാണത്തിനു വന്നപ്പോഴും സാര്‍ എന്നെക്കണ്ട് കരഞ്ഞോണ്ട് ചിരിച്ചു. ഒരു ഫോട്ടോഗ്രാഫറോട് പടം എടുക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങോരു പറയുവാ
"മുഖം ഒന്നു തുടച്ച് നില്‍ക്കാമായിരുന്നു ദേവാ, ഒരുമാതിരി ചുമടെടുത്തപോലെ ഉണ്ടല്ലോ?"
ഞാന്‍ പറഞ്ഞു ഞങ്ങള്‍ കരഞ്ഞോണ്ട് ചിരിക്കുന്ന ഫോട്ടോ മതിയെന്ന്. ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ എനിക്കു കിട്ടീല്ലാ. ഇത് വിദ്യമാമി എടുത്തതാ.
പാറുക്കുട്ടി അമ്മ സാറു പഠിപ്പിച്ച കുട്ടികളില്‍ വല്യ ഡോക്റ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഐ ഏ എസ് ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, ഓഡിറ്റര്‍ മാര്‍, എക്സിക്യൂട്ടീവുകള്‍ ഒക്കെയുണ്ട്. ഇന്നാളില്‍ എന്റെകൂടെപഠിച്ച ഒരു കുട്ടിയുടെ അച്ഛനെ വഴിയില്‍ വച്ചു കണ്ടു. ആ കുട്ടി ഇപ്പോള്‍ സിംഗപ്പൂരില്‍ കമ്പ്യൂട്ടറെഞ്ചിനീയറാ. വിവാഹം കഴിച്ചത് വിദേശിയായ ഇന്ത്യന്‍ വംശജനെ ആയതുകൊണ്ട് നാട്ടില്‍ വരാറേ ഇല്ലാത്രേ. എന്നാലും ഫോണ്‍ ചെയ്യുമ്പോ പറയുമെന്ന് "അച്ചാ എപ്പോഴെങ്കിലും പാറുക്കുട്ട്യമ്മ സാറിനെ കാണുകയാണെങ്കില്‍ എനിക്കും മക്കള്‍ക്കും സുഖമാണെന്നു പറയണേ"ന്ന്.
സാറിന്റെ പള്ളിക്കൂടം ഫോട്ടോ എടുത്തു വച്ചിട്ടുണ്ടായിരുന്നു. കമ്പ്യൂട്ടറില്‍ നോക്കിയിട്ട് കണ്ടില്ല. പിന്നെ ഇടാം കേട്ടോ. ഇപ്പോ പോയി ഉറങ്ങിക്കോ, നാളെ സ്കൂളില്‍ പോണ്ടേ.
Subscribe to:
Post Comments (Atom)
48 comments:
ഇത് രണ്ടാം ക്ലാസ്സിലേക്ക് പ്രമോഷന്‍ ആയ കല്യാണിക്കുട്ടിയെ വായിച്ചു കേള്‍പ്പിക്കാന്‍ എഴുതീതാ.
ദേവന്റെ ഫോട്ടോ കണ്ടതില്‍ സന്തോഷം... :)
വായിച്ചു..ഇനി ആരെങ്കിലും കല്യാണിക്കുട്ടിയെ വായിച്ചു കേള്‍പ്പിക്കണം...
ദേവേട്ടാ....എന്താ ഇപ്പോ പറയുക? ഇങ്ങനെ എന്നോടു അന്നു പറഞ്ഞു തരാന്‍ ആരും ഇല്ലാതെ ആയി പോയല്ലോ :(
qw_er_ty
ദേവേട്ടാ, ഞാനൊരു നൊസ്റ്റാള്‍ജിക് കുറിപ്പ് എഴുതാനിരിക്കാര്‍ന്നു ഈ മലയാള മീഡിയം- ഇംഗ്ലീഷ് മീഡിയത്തെ കുറിച്ച്. ബുദ്ധിഉപയോഗിച്ച് എഴുതാന്‍ പറ്റീതല്ലാ അത് എന്ന് എനിക്ക് തോന്നിയിരുന്നു.
വളരെ മനോഹരമായി ദേവേട്ടന്‍ പറഞ്ഞിരിക്കുന്നു. എന്നെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച ത്രേസ്യാമ്മ ടിച്ചറെ ഞാന്‍ ഇപ്പഴും ഓര്‍ക്കുന്നു.
കല്ലൂട്ടിയേയ് ഉസ്കൂളില്‍ പറയാന്‍ ദേ ഒരു അസ്സലു കഥ കണ്ടാ..
പ്രിയ ദേവന്‍,
ദേവന്റെ സ്കൂള്‍ ജീവിതം വളരെ ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിക്കുന്നു. മധുരസ്മരണകള്‍ ഉണര്‍ത്തുന്ന ആഖ്യാനപാടവം.
നന്നായിരിക്കുന്നു.
ഇനിയുമെഴുതൂ ഇത്തരം അനുഭവങ്ങള്‍.
സസ്നേഹം
ആവനാഴി
സുഖിപ്പയ്ക്കാന്‍ കള്ളത്തരം എഴുതുവല്ല..എന്റെ കണ്ണും നിറഞ്ഞു..എന്താന്നറിയില്ല ഇപ്പം കുറേ നാളായി അങ്ങനാ..
എന്നെ ഒന്നില്‍ പഠിപ്പിച്ച ടീച്ചറാരാണെന്ന് അമ്മയോട് ചോദിക്കണം...
ദേവേട്ടാ എങ്ങനെ ഓര്‍ത്ത് വയ്ക്കുന്നു ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച ടീച്ചറേ?എ ന്നെ പ്രൈമറി സ്കൂളില്‍ പഠിപ്പിച്ച മിക്ക സാറുമാരേയും അറിയാമെങ്കിലും
ഒന്നില്‍ പഠിപ്പിച്ചതാരാന്ന് ഒരു പിടിയും ഇല്ലല്ലോ?
ദേവേട്ടന്‍ എന്ത് നന്നായി എഴുതിയിരിക്കുന്നു.. കല്ലുവിനു മാത്രമല്ല എല്ലാര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍:):)
ദേവേട്ടാ....
നല്ല ഒന്നാന്തരം പോസ്റ്റ്.... ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്ന്.... ഇത് കല്യാണിക്കുട്ടിയ്ക്കു മാത്രമല്ല, എല്ലാ ബൂലോഗര്‍ക്കും ഇഷ്ടപ്പെടും...
വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു....
ദേവേട്ടന്‍ പറഞ്ഞതു പോലെ തന്നെ, എന്നെ എല്ലാ ക്ലാസ്സുകളിലും പഠിപ്പിച്ച (നഴ്സറി ഒഴികെ) എല്ലാ ടീച്ചര്‍മാരെയും ഞാന്‍ ഇന്നുമോര്‍ക്കുന്നു....
ദേവാ അവളെ സ്കൂളില്‍ കൊണ്ടുവിട്ടിട്ടുവന്ന വിഷമത്തില്‍ (അവള്‍ എനിക്കു കരച്ചില്‍ വരുന്നില്ല എന്നു ഞങ്ങളെ ചിരിച്ചുകാണിച്ചു കരഞ്ഞു, ഞങ്ങള്‍ ഉള്ളില്‍ കരഞ്ഞു. നമ്മളും കുട്ടികള്‍ ആയിപോകുന്ന അപൂര്‍വ്വം നിമിഷങ്ങളില്‍ ഒന്നാണിത്)ആണിത് വായിച്ചത്.
സത്യമായും കണ്ണു നിറഞ്ഞു. സുമയ്ക്കും വായിച്ചുകൊടുത്തു. തറ പറ പറഞ്ഞുപഠിപ്പിച്ച തങ്കോണീ സാര്‍ ഇന്നലെ മുതല്‍ ഉള്ളില്‍ ഉണ്ട്. ഇത് വായിച്ചപ്പോള്‍ വീണ്ടും വന്നു നോക്കിയിട്ടു പോയി.
വൈകുന്നേരം കല്യാണിക്കു കാണിച്ചു /വായിച്ചുകൊടുക്കാം.
സന്തോഷം. ഒരുപാട്.
ഗുരുകടാക്ഷമായ് വരു ദേവകുമാരക
ഏത് ദേശമാകിലും ഏത് വേഷമാകിലും
കുലീനത ഗുരുകൃപ
എന്നത്
മനസ്സില്‍ ഇതൊക്കെ വേണമുന്നള്ളവര്‍ക്ക് മാത്രം കിട്ടുന്നത്
എന്നെ ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ചത് ജാനകി ടീച്ചര്‍. കെ.പി.കേശവമേനോന്റെ മരുമകള്‍. രണ്ടാം ക്ലാസ്സില്‍ അപ്പുക്കുട്ടന്‍ മാഷ്. (അദ്ദേഹമായിരുന്നു ഹെഡ്‌മാസ്റ്റര്‍). മൂന്നാം ക്ലാസ്സില്‍ ഉണ്ണിക്കുമാരന്‍ മാഷ്. നാലാം ക്ലാസ്സില്‍ അച്യുതന്‍കുട്ടി നായര്‍ മാഷ്.
ആരേയും കാണാറില്ല ഇപ്പോള്‍. അപ്പുക്കുട്ടന്‍ മാഷ് നാട്ടില്‍ത്തന്നെ ഉണ്ട്. എന്റെ കല്ല്യാണത്തിന് വന്നിരുന്നു. അന്നാണ് അവസാനമായി കണ്ടത്. ജാനകി ടീച്ചറും, അച്യുതന്‍ കുട്ടി മാഷും മക്കളോടൊപ്പം വെളിയില്‍ എവിടെയോ ആണ്. ഉണ്ണിക്കുമാരന്‍ മാഷ് എവിടെയാണോ ആവോ? ഇപ്പോള്‍ 80 വയസ്സെങ്കിലും ആയിട്ടുണ്ടാവും ഓരോരുത്തര്‍ക്കും.
എന്റെ അമ്മയും ഞാന്‍ പഠിച്ച അതേ സ്കൂളില്‍ ഒന്നാം ക്ലാസ്സ് അധ്യാപിക ആയിരുന്നു. അമ്മയേയും ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവും ഇപ്പോള്‍, ഇങ്ങനെ. :-)
ബ്രഹ്‌മാനന്ദം പരമസുഖദം
കേവലം ജ്ഞാനമൂര്‍ത്തിം
ദ്വന്ദ്വാതീതം ഗഗനസദൃശം
തത്വമസ്വാദി ലക്ഷ്യം
ഏകം നിത്യം വിമലമചലം
സര്‍വതീ സാക്ഷിഭൂതം
ഭാവാതീതം ത്രിഗുണ രഹിതം
സദ്‌ഗുരും ത്വം നമാമി:
ഇത് ഞങ്ങള്‍ അഞ്ചാം തരം തൊട്ട് ഉരുവിട്ട് തുടങ്ങിയ പ്രാര്‍ത്ഥന.
ഞാനും ഓര്‍ക്കുന്നു എന്നെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച നാരായണി സാറിനെ...
പാവം, ഇപ്പൊ എവിടെയാണൊ ആവോ ..
അടുത്ത തവണ കാണണം...
നാലാം ക്ലാസില്‍ വച്ച്, യൂത്ത് ഫെസ്റ്റിവലില്‍ പാടാന്‍ വേണ്ടിയുള്ള ഓഡിഷന്‍ ടെസ്റ്റില്‍ ഞാന്‍ “ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍” ടീച്ചറെ പാടി കേള്‍പ്പിച്ചു (അന്നൊക്കെ പാടാന്‍ ഒരു ഉളിപ്പുമില്ലാരുന്നു..) കുറേ പാടിക്കഴിഞ്ഞപ്പോ തുടയില്‍ ഒരു നുള്ളു തന്നിട്ടു പറഞ്ഞു “പോയിരിക്കടാ അവിടെ, വൃത്തികെട്ട പാട്ടുകളാണോ സ്കൂളില്‍ പാടുന്നേ” എന്ന്.
ഇപ്പോഴും ആപ്പറഞ്ഞതിന്റെ ഗുട്ടന്‍സ് എനിക്ക് അങ്ങോട്ട് പിടികിട്ടിയിട്ടില്ല. “അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍” എന്ന വരിയായിരിക്കും സാറിനെ പ്രകോപിപ്പിച്ചത്, അതോ എന്റെ പാട്ടിനെ സൌകുമാര്യമോ..
പാവം നാരായണി സാര്‍..
കല്യാണി.. മമനെ പഠിപ്പിച്ച സാറുമാര്‍..
ഒന്നില്‍ പത്മിനി ടീച്ചര്‍(റിട്ട).
രണ്ടില്‍ ശ്യാമള ടീച്ചര്‍ (ഇപ്പോള്‍ അവരാ ഹെഡ്മിസ്റ്ററ്റ്).
മൂന്നില്‍ ഗോപാലന്‍ (റിട്ട).
നാലില്‍ കുട്ടിഹസ്സന്‍ സാര്‍.
അഞ്ചില്‍ ചെറിയ സി.സി (മുഴുവന്‍ പേര് ഓര്‍മ്മയില്ല)(റിട്ട.
ആറില്‍ വലിയ സി,സി(ചെറിയ സി.സി, യുടെ ജേഷ്ടന്‍, ഈ സാറ് മരിച്ചു പോയി)
ഏഴില്‍ അബുബക്കര്‍ സാറും, ഫാത്തിമ്മ ടീച്ചറും (രണ്ടു കൊല്ലം. ഇവിടെ ഞാന്‍ മുട്ടയിട്ടിരുന്നു.)
എട്ടില്‍ മാധവന്‍ സാര്‍(റിട്ട:)
ഒന്‍പതില്‍ അലവി
പത്തില്‍ മുഹമ്മദ് (റിട്ട:)
ഇവരല്ലാം മനസ്സില്‍ സൂക്ഷിക്കുന്നത്, എന്തിനാണന്ന് ദേവേട്ടന്‍ പറഞ്ഞു വല്ലോ , കല്യാണിയും എല്ലാം ടീച്ചര്‍മാരേയും ഒത്തിരി ബഹുമാനിക്കണം, രണ്ടില്‍ നന്നായി പഠിച്ച് മൂന്നിലെത്തി, അങ്ങനെ അങ്ങനെ ... വലിയൊരാളായി കല്യാണി വളരട്ടേന്ന് ഈ മാമന്‍ ആശംസിക്കുന്നു.
ഇന്നലത്തെ മീറ്റ് കഴിഞ്ഞെത്താന്‍ അല്പം വൈകിയതിനാല്‍ രാവിലെ തിങ്കളാഴ്ച്കയായിട്ടു പോലും ഉണരാന്‍ ഒരു മടി. അപ്പോള്‍ ഫോണ്‍ അടിക്കാന്‍ തുടങ്ങി. എടുത്തപ്പോള്‍ നാട്ടില്‍ നിന്ന് മകളാണ്. അഞ്ചാം ക്ലാസ്സില്‍ പുതിയ സ്കൂളിലേയ്ക്ക് പോകും മുന്‍പ് എന്നെ വിളിച്ചതാണ്. ഞാന്‍ രാവിലെ കുട്ടിയെ വിളിക്കണം എന്നു വിചാരിച്ചിരുന്നതാണ്. അതിനു മുന്‍പ് അവള്‍ ഇങ്ങോട്ട് വിളിച്ചു. മകളേ ആള്‍ ദ ബെസ്റ്റ് എന്നു പറഞ്ഞപ്പോള്‍ താന്‍ക്യു അച്ഛാ എന്ന് അവള്‍ മറുപടി പറഞ്ഞപ്പോള്‍,കുമാര്‍ പറഞ്ഞ പോലെ ഞാനും...
എഴുത്തിനിരുത്തിയ ആശാട്ടിയേയും, പിന്നെ കണക്കേ കേറ്റിയ ചേച്ചിയേയും (ആശാട്ടിയുടെ മകള്‍)അന്നു കഴിച്ച എള്ളുണ്ടയും ഓര്‍മ്മ വന്നു. പിന്നെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച അമ്മ (കന്യാസ്ത്രി ആണ് - ഇരട്ടപേരേ ഓര്‍മ്മയിലുള്ളൂ), രണ്ടാംക്ലാസില്‍ പഠിപ്പിച്ച ആന്‍ഡ്രൂസാമ്മ, മൂന്നാംക്ലാസിലെ ത്രേസ്യാമ്മ ടീച്ചര്‍, നാലാം ക്ലാസിലെ അമ്മ( ആ കന്യാസ്ത്രിയെ അമ്മയെന്നു വിളിക്കാനാണ് ഇന്നും ഇഷ്ടം). ഞാനാരേയും മറന്നിട്ടില്ലല്ലോ. ദൈവമേ നന്ദി.
ദേവാ നന്ദി. പ്രിന്റ്റെടുത്തിട്ടുണ്ട്, വീട്ടില്‍ കൊണ്ടുചെന്ന് മക്കള്‍ക്ക് പറഞ്ഞുകൊടുക്കണം.
ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം, കരയുന്ന ചില കുട്ടികളോട് ‘എന്തിനാ... കരേണ്’ എന്നും ചോദിച്ച് ക്ലാസ്സില്‍ നടന്നതിന് ‘കുട്ടീ... ബെഞ്ചിലിരിക്കൂ...’ എന്ന് പറഞ്ഞ് ഈര്‍ക്കിലി കൊണ്ട് പതിയെ, വളരെ പതിയെ അടിച്ച ടീച്ചര്‍, പിന്നൊരു ദിവസം പോലും ഞങ്ങളുടെ ക്ലാസ്സില്‍ വന്നിട്ടില്ലാത്ത ടീച്ചര്‍, എന്നെ ഒന്നും പഠിപ്പിച്ചിട്ടില്ലാത്ത ടീച്ചര്‍... എങ്കിലും എനിക്കിപ്പോഴും മുഖം നല്ല പോലെ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ടീച്ചര്‍ - എന്‍റെ ആദ്യത്തെ ടീച്ചര്‍!
മേശയില്‍ ചാരി നിന്നിരുന്ന ടീച്ചറുടെ രൂപം വീണ്ടും മനസ്സിലേക്ക് വരുത്തി ഈ പോസ്റ്റ്.
ചിരിക്കണോ കരയണോ...
മാറാക്കര യു പി സ്കൂളിലെ ഒന്നാം ക്ലാസ്സും അവിടെത്ത ആറ് കാലുള്ള നീണ്ട ബെഞ്ചുകളും എന്റെ തകര സ്ലേറ്റും അതിനേക്കാളുപരി ഞങ്ങളുടെ വാസുദേവന്‍ നമ്പൂതിരി മാഷും എല്ലാം ഇപ്പോഴും ഓര്‍മ്മയിലുണ്ട്... മറക്കാനാവില്ല.
ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസ് കഴിഞ്ഞു ടീച്ചറിന്റെ കൂടെ ടീച്ചറിന്റെ വീട്ടിലേക്കു പോയതും അവിടെ ചായയും പഴം പൊരിയും തിന്നിരുന്നതും എന്നെ കാണാതെ വീട്ടുകാര്‍ അന്വേഷിച്ച് നെട്ടോട്ടം ഓടിയതും ..
ദേവേട്ടാ,
ആ പഴയവിദ്യാലയത്തിരുമുറ്റത്തെത്തിച്ചതിന് നന്ദി.
കരഞ്ഞും ചിണുങ്ങിയും വേവലാതിപ്പെട്ടും ഇന്നും സ്കൂള്‍മുറ്റം കയറിവരുന്ന എല്ലാ കുട്ടികള്‍ക്കും മനസ്സില്‍ നന്മയുടെ തീര്‍ത്ഥമൊഴുകുന്ന പാറുക്കുട്ടിയമ്മ സാറിനെപ്പോലുള്ള ടീച്ചര്‍മാരെ ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
അഥവാ ജീവിക്കാന്‍ വേണ്ടിയാണെങ്കിലും കുട്ടികള്‍ക്ക് അറിവ് പകരാന്‍ ചുമതലപ്പെട്ട എല്ലാ ടീച്ചര്‍മാര്‍ക്കും ,സാറന്മാര്‍ക്കും അകത്തും പുറത്തും വെളിച്ചം പരത്തുന്ന ഗുരുവാകാന്‍ സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ദേവേട്ടാ,
ദേവേട്ടന്റെ ഈ മനസ്സിന്റെ നന്മ കാരണാവും ഇരുപത് ക്ലാസ്സുകളിലും വിജയിക്കാന്‍ കാരണം..എന്നെ എന്റെ നട്ടീന്ന് എണ്‍പതു കിലോമീറ്റര്‍ ദൂരത്തേക്ക് പറിച്ചു നട്ടു.എല്ലാരേം പോയി കാണണമെന്ന് കരുതാറുണ്ട്,അതികോം നടക്കാറില്ല.ഇനി പോണം.തമനു ഏറെ ചിരിപ്പിച്ചു.അര്‍ത്ഥമറിയാതെ എന്തൊക്കെയാ നമ്മള്‍ കാട്ടികൂട്ടിയിട്ടുള്ളത്.സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിന് ഗംഗ(ആണ്‍കുട്ടിയാണ്,എന്നാല്‍ പേരിനോട് ചേരുന്ന രീതിയിലുള്ള ഡാന്‍സറാണ്)അവതരിപ്പിക്കുന്ന ബ്രേക്ക് ഡാന്‍സ്.അന്ന് ഈ നാടന്‍ കലാരൂപത്തിനാണ് ആരാധകര്‍ ഏറെ.അനൗണ്‍സിനു പിന്നാലെ കര്‍ട്ടന്‍ പൊങ്ങി,മുന്നിലിരിക്കുന്ന ഹെഡ്മാഷ് അടക്കമുള്ള മാന്യദേഹങ്ങള്‍ക്ക് കാണാന്‍ പറ്റുന്നത് ഗംഗയുടെ പ്ര്ഷ്ടം ഇങ്ങനെ റംബ്ബാാ ഹോയ് ഹോയ് എന്ന ഗാനത്തിനോപ്പ്പ്പിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു.മിനിറ്റുകള്‍ സെക്കന്റായിട്ടും സ്റ്റെപ്പിന് മാറ്റ്മില്ല,പിന്നെ എല്ലാം പെട്ടെന്നായിരുന്നു,കര്‍ട്ടന്‍ വീണു,രാജഗോപാലന്‍ മാഷ്ടേ നിര്‍ദ്ദേശപ്രകാരം.ഞങ്ങള്‍ ഗ്രീന്‍ റൂമിനെ ലക്ഷ്യമാക്കി ഒാടി.എന്തും ലൈവ് ആയി കാണുന്നതിനോടുള്ള താല്‍പ്പര്യം. ചടോ..പടോ..എന്ന് കേള്‍ക്കുന്നു.ഒപ്പം ഗംഗേടെ ഏറ്റുപറച്ചലും വേറെ സ്റ്റെപ്പ് പ്രാക്ടീസ് ചെയ്യാന്‍ സമയം കിട്ടീല്ലാത്രേ!
മാപ്പാക്കണം ഇത്രെം ദീര്‍ഘിപ്പിച്ചതിന്.ഇതിനൊക്കെ കാരണം തമനുവാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.(ഇടിക്കല്ലേ തമനു...)
നോവലുകള്‍ക്ക് പേരിടുന്നതില്‍ അദ്വിതീയനാണ് സി.രാധാകൃഷ്ണന്‍.അദ്ദേഹത്തിന്റെ ഒരു നോവലിന്റെ പേര്‍ കടമെടുത്ത് ദേവേട്ടന്റെ കുറിപ്പിനെ ഒന്ന് പുനര്‍ നാമം ചെയ്താല്‍-
ഇനിയൊരു നിറകണ്‍ ചിരി.
ഞാന്‍ 12 ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം പഠിച്ചു.പക്ഷെ ഇന്നും വഴങ്ങുന്ന ഭാഷ മലയാളമാണ്.നന്ദി പറഞ്ഞു തുടങ്ങേണ്ടത് കുടിപ്പള്ളിക്കൂടത്തിലെ മണലില്‍ ദാക്ഷിണ്യമില്ലാതെ സ്വരങ്ങളും വ്യഞ്ചനങ്ങളും കോറാന്‍ പഠിപ്പിച്ച ഭാര്‍ഗ്ഗവി ആശാട്ടി മുതല്‍ യൂണിക്കോടില്‍ ബ്ലോഗാന്‍ സഹായിച്ച മഹാന്മാര്‍ക്ക് വരെ.പിന്നെ ബഷീര്‍, വിജയന്‍,എം.ടി,മാധവിക്കുട്ടി,പൊന്‍കുന്നം വര്‍ക്കി മുതല്‍ സന്തോഷ് എച്ചിക്കാനവും സുഭാഷ ചന്ദ്രനും വരെയുള്ള സാഹിത്യകാരന്മാര്‍.എഴുത്തച്ഛന്‍ മുതല്‍ ഉത്തരാധുനികര്‍ വരെയുള്ള കവികള്‍.കുറവന്തോട് ചന്തയിലും മൈതാനത്തിലും കള്ള്ഷാപ്പിലും തെറികളീല്‍ ആത്മരോഷം ഒഴുക്കിയ എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍
നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ.
ലക്ഷ്മിക്കുട്ടിട്ടീച്ചറ്, ലൂവീസുമാഷ്, ചന്ദ്രന്‍മാഷ്, ഹിന്ദിട്ടീച്ചറ് (പേരറിയില്ല), നളിനിട്ടീച്ചറ്, പിന്നെ ശരിക്കും അക്ഷരലോകത്തേക്ക് വഴികാട്ടിയ ശ്രീദേവിട്ടീച്ചറ്..... ഒന്നും മറന്ന് പോയിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ സഹായിച്ച ദേവേട്ടന് നന്ദി!!!
ദേവാ..എന്തെങ്കിലും പറയാന്‍ പറഞെങ്കില്‍ ഞാന്‍ കരയുന്നത് കാണാമായിരുന്നു. ഇതിപ്പോ എഴുതുന്നതായത് കൊണ്ട് കരഞു എന്ന് പറയുന്നു. എല്ലാ വെക്കേഷനും മുടങ്ങാതെ എറണകുളത്തേ എസ്.ആര്‍.വി എല്‍ പി സ്കൂളില്‍ പോയി ഇപ്പോഴും അവിടെയുള്ള ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ ഒക്കെക് അങ്ങനെ കറങി നടന്ന് കാണും. ഒരു മുഖ പരിചയവുമില്ലാത്ത ഒരുപാട് ആളുകളാണിപ്പോഴവിടെ. നല്ല ജാതിയായത് കൊണ്ട് മാത്രം വിശപ്പോടേ ഉപ്പുമാവ് ക്യുവില്‍ പോകാന്‍ കഴിയാതെ നിന്നതും, നവ: 14 ആന്റെ മാര്‍ച്ച് പാസ്റ്റില്‍ എനിക്കും യൂണിഫോമുണ്ട്, നാളെയിടാം നാളെയിടാം എന്ന് പറഞ് എന്നും മാര്‍ച്ച് പാസ്റ്റ് രിഹ്ഴ്സിലിനു കേറി നിന്നതും പിന്നെ 14 നു പനിയാണേന്ന് പറഞ് പോകാതെയിരുന്നതും ഒക്കെ ഒക്കെ. ഒന്നാം ക്ലാസ്സിലെ നന്ദിനി റ്റീച്ചറെ ഇടയ്ക് കാണുമായിരുന്നു റോടില്‍ വച്ച്, പിന്നെ സുപ്പാബാള്‍, പിന്നെ ദാക്ഷായണി, പിന്നെ വെള്ളപാറ്റ ന്ന് ഏട്ടന്മാര്‍ വിളിച്ചിരുന്ന പരമേശ്വരന്‍ ഹെഡ്മാസ്റ്റര്‍,അങ്ങനെ അങനെ ഒരുപാട് ഓര്‍മ്മകള്‍. ഇപ്പോ വെക്കെഷന്‍ എത്തിയ ഉടനെ സ്കൂളില്‍ പോയില്ലെങ്കില്‍ അവരു അത് ഐ.ഡീ.ഡി.പി മേളയ്ക് കൊടുക്കും!
കുമാര്‍ജി, ബ്രൌണ്‍ പേപ്പറോക്കെ എന്തോരു ചന്താ, ഇത്തവണ ഞാന്‍ അപ്പൂനു അള്‍ട്ടിമേറ്റം കൊടുത്തു, ഞാന്‍ പൊതിയില്ലാന്ന്, അവനും പറഞു, വീ ആര്‍ ബിഗ് ബോയ്സ്, വി ആര്‍ ഗാങ്സ്റ്റേഴ്സ് ഇന്‍ സ്കൂള്‍, ആരും ചോദിയ്കില്ലാ എന്നൊക്കെ, കഴിഞാഴ്ച ഒരു ദിനം രാവിലെ 4 മണിയ്ക് അലാറം വച്ച് പൊതിയണ കണ്ടു എല്ലാ ബുക്കും! ഞാനും ഓര്‍ക്കുന്നു, വളരെ അനുസരണയോടേ എല്‍.കേ.ജിയിലു പോയി മൂലയ്ക് ഇരുന്ന അപ്പുവിനെ, ബെഞ്ചില്‍ കേറിയിരിയ്കാന്‍ പോലും കെല്പില്ലാത്തെ ഒരു ഈര്‍ക്കിലി ചെക്കനെ, അവനെ വിട്ട് ആപ്പീസില്‍ പോയിരുന്ന് ഞാനും കരഞു. ഇത്രേം നേരം അവന്‍ എങ്ങനെ ഇരിയ്കും? ശൂ ശൂ വന്നാല്‍? വിശയ്കില്ലേ? ബാല്‍ക്കണിയിലു ചോറ് കാക്കയ്ക് പകുതി എറിയാതെ ഉണ്ണുമോ? കരയുമോ? എന്നിട്ട് ഇപ്പോ ദേ ഇവിടെന്ന്, പത്താം ക്ലാസ്സിലെ ഹോള്‍റ്റിക്കറ്റ് വരെ!
കല്ലുവേ നീ പഠിച്ച് പഠിച്ച് (വക്കാരീ)നെ പോലെ ഒന്നുമാവണ്ട, പക്ഷെ നല്ല കുട്ടീം മിടുക്കീം ആവണം. കുമാറിന്റ് സുമയുടെയും ഞങ്ങളുടെ ഒക്കെയും അഭിമാനമാവണം, കല്ലു മാത്രമല്ലാ എല്ലാ എന്റെ ബ്ലോഗ്ഗ് സഹോദരങ്ങളടെ കുഞുങ്ങളും. ചെയ്യുന്ന എന്ത് ത്യാഗങ്ങളും അമ്മയ്കും അച്ഛനും ഒക്കെ വേണ്ടിയാണെന്ന് നീ കരുതു. കല്ലൂ എന്നല്ലാതെ, കുമാറിന്റെ മകള്‍ എന്ന് തന്നെയാണു എന്നും എന്നും നീ അറിയുക. വേഗം വേഗം അമ്മേനെം ഒന്നും ബുദ്ധിമുട്ടിയ്കതെ വിളിയ്കുമ്പോ വേഗം ഉണര്‍ന്ന് കുളിച്ച് യൂണിഫോം ഒക്കെ ഇട്ട്,വേഗം മിടുക്കിയായി പോകു. (അപ്പു കുഞിലെ ബാത്ത് രൂമില്‍ ബ്രഷും കൊണ്ട് പോയി റ്റാബ്ലോ പോലെ നിക്കും, പിന്നെ രണ്ട് ഒച്ച, ബസ്സ് ജായേഗാ, ജല്‍ദി കരോ, അപ്പൊ ബ്രഷ് ചെയ്യും, പിന്നെ കുളിയ്കാന്‍ മഗ്ഗും പിടിച്ച് റ്റാബ്ലോ പോലെ പിന്നേയും, പിന്നേയും രണ്ട് ഒച്ച, പിന്നെ ഉറക്കും തൂങ്ങി യൂണിഫോമിട്ട് സോഫയില്‍, പിന്നെ പൊക്കി പിടിച്ച് വല്യകാട്ട സ്കൂള്‍ ബസ്സില്‍ ... എന്തൊരു യാത്രം എന്റമ്മച്ചീ... പീന്നെ സ്റ്റാന്‍ഡിങ് ലൈന്‍ എഴുതു.. സ്ല്‍പ്പീങ് ലെനിന്‍, പിന്നെ ജോയിന്‍ ലെറ്റേഴ്സ്, പിന്നെ ബോറ്ഡില്‍ നിന്ന് എഴുതുന്നില്ല എന്ന കമ്പ്ലേയിന്റ്.. മാര്‍ക്കില്ല, ഭക്ഷണം കഴിയ്കില്ല, ഹിന്ദി റ്റീച്ചറ്ടെ പീരീഡില്‍ വയറു വേദന, പനി.... ആലോചിയ്കാനെ വയ്യാ ഇപ്പോ... ദേവാ.. അഗ്രൂ...കണ്ണൂസ്സ്.. വക്കാരി.. ദില്‍ബൂസ്...നോട്ട് ദ പോയിന്റ്...)
ഭാഗ്യം കൊണ്ട് എന്നെ ബാലവാടി മുതല്‍ പത്താംക്ലാസ് വരെ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരുടേയും അടിയോ വഴക്കോ കിട്ടിയിട്ടുണ്ട്.എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാം ക്രെഡിറ്റ് ബാലവാടി മുതല്‍ കിട്ടിയ അടിക്കാണ്‍.
മാധവന്‍ മാഷ് ആയിരുന്നു എല്‍.പി സ്കൂളിലെ ഹെഡ്മാഷ്.അദ്ദേഹത്തോടുള്ള വിരോധം കാരണം ചുമരിലും ജനലിലും എഴുതിവച്ച കുറുംകവിതകളും തെറികളും 4-5 വറ്ഷം മുമ്പുവരെ കഷ്ടപ്പെട്ട് വായിക്കാം എന്ന പാകത്തില്‍ മായാതെ ഉണ്ടായിരുന്നു.പിന്നെ നടന്ന അറ്റകുറ്റപ്പണികളില്‍ അവ മായ്ക്കപ്പെട്ടു.:).
എന്നിട്ടും മാധവന്‍ മാഷ് എന്നെ 4-ആം തരത്തില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ലീഡറ് ആക്കി.!!
ചാത്തനേറ്:
എല്ലാരും ഇടണമാതിരി കമന്റിട്ടാ ചാത്തനൊരു പോസ്റ്റ് ഇടാനുള്ള വഹ നഷ്ടാവും...
ഒന്നാം ക്ലാസ്സിലെ ടീച്ചറെയൊഴികെ മറ്റെല്ലാരേയുമോര്‍മ്മ വരുന്നു, ദേവാ.
(അതെന്താന്ന് അറിയില്ല!)
‘പട്ടികൈവേറി”(കഴുവേറി)എന്ന് ദ്വേഷ്യം വരുമ്പോള്‍ വിളിക്കുന്ന 6 ല്‍ പഠിപ്പിച്ച വാര്യര് മാഷ് കഴിഞ്ഞ മാസം മരിച്ച് പോയി.
KPL ന്ന് വെളിച്ചെണ്ണ വാങ്ങണമെന്ന് ഉപദേശിക്കാറുള്ള (മാഷ്‌ടെ മില്ലാണ്) ഫ്രാന്‍സിസ് മാഷ് മുന്‍പേ പോയി.
“കാകദൃഷ്ടിര്‍ഭഗധ്യാനം
ശ്വാനനിദ്രാ തഥേവ ച
അല്പാഹാരം, ജീര്‍ണവസ്ത്രം
ഏതേ വിദ്ധ്യാര്‍ഥിര്‍ലക്ഷണം“
-എന്ന് പറഞ്ഞു തന്ന പണ്ഠിറ്റ് മാഷെ നാട്ടില്‍ പോകുമ്പോഴൊക്കെ കാണും.
ഇതിലൊക്കെ ഉപരിയായി ശാരദകുട്ടി ടീച്ചര്‍. എട്ടിലേക്ക് പ്രൊമോഷന്‍ ആയപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയ സുന്ദരി ടീച്ചര്‍. ഒന്‍പതിലേയും പത്തിലേയും ചേട്ടന്മാര്‍ ക്ലാസ്സിന്റെ മൂന്ന് ജനലിലും നിന്നൊളിച്ച് നോക്കും, എപ്പോഴും.
എന്റെ അമ്മായിയുടെ കൊച്ചുമോള്‍, ഒരിക്കല്‍ ഞാന്‍ നാട്ടില്‍ പോയപ്പോള്‍, ചോദിച്ചു: ‘ചേട്ടനെ ഒരു ശാരദകുട്ടി ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ടോ?‘
‘ഓ,എന്റെ പ്രിയപ്പെട്ട ടീച്ചറല്ലേ?‘ ഞാന്‍ പറഞ്ഞു.
‘ടീച്ചര്‍ എപ്പോഴും പറയും ആദ്യമായി ജോലികിട്ടി ചെന്നപ്പോള്‍ പരിചയപ്പെട്ട നടവരമ്പ് സ്കൂളിലെ സമര്‍ഥനായ ഒരു കുട്ടിയെപ്പട്ടി...ഒരു ദിവസം ഞാനെണീറ്റ് നിന്നു പറഞ്ഞു: അതെന്റെ ചേട്ടനാന്ന്.ഗല്‍ഫീന്ന് വരുമ്പോള്‍ ചേട്ടനെ ഒന്നു കാണണമെന്നു ടീച്ചര്‍ പറഞ്ഞിട്ടുണ്ട്.‘
പിറ്റേന്ന് തന്നെ ഞാന്‍ പോയി. സ്കൂള്‍ വിടും വരെ സംസാരിച്ചിരുന്നു. പിന്നെ ടീച്ചറുടെ വീട്ടീപ്പോയി, കാപ്പി കുടിച്ച് തിരിച്ച് വന്നു.
-തകര്‍ന്ന ദാമ്പത്യം, രണ്ട് പെങ്കുട്ടികള്‍...വാടക വീട്..അങ്ങനെ.....എന്നിട്ടും ടീച്ചര്‍ ചിരിക്കുന്നു.
സോറി, ദേവാ, ഞാനല്‍പ്പം സെന്റിയായിപ്പോയി.
ഏതോ അകലെയുള്ള സ്ക്കൂളിലേക്ക് സ്ഥലം മാറിപ്പോയ ടീച്ചറെ പിന്നെ കണ്ടിട്ടില്ല.
അതുല്യേച്ചി, അപ്പുവിനെകുറിച്ച് അത്രയും എഴുതിയതിന് നന്ദി. ഒരു പേരന്റ്സ്-ടീച്ചേര്‍സ് മീറ്റിംഗ് കഴിഞ്ഞുവന്നതിന്റെ വിഷമത്തിലിരിക്കുകയായിരുന്നു. സമാധാനമായി.
കരഞ്ഞ് കരഞ്ഞ് കണ്ണുകലങ്ങിയ വെള്ളത്തില്‍ ടീച്ചറെ ഓര്‍മ്മില്ല.... ,
നുള്ളി നോവിക്കാറുണ്ടായിരുന്നു ഒരു അനീഷിനെ ഓര്‍മ്മ വന്നു,എനി ഓനെ കാണുമ്പോള്‍ ദേവേട്ടനാണ് ഓര്‍മ്മിപ്പിച്ചെ എന്നും പറഞ്ഞ് രണ്ട് പൊട്ടിച്ച് കൊടുക്കുന്നുണ്ട് ഞാന്‍ ;)
എല്ലാ ടീച്ചര്‍ മാരേം ഓര്‍മ്മയുണ്ട്.... 2ല് പഠിയ്ക്കുമ്പൊ സ്കൂളിന്ന് ഉച്ചയ്ക്ക് മഴ കാരണം വീട്ടില്‍ പോകാന്‍ പറ്റാതെ വിശന്നു കരഞ്ഞപ്പോള്‍ രാധാമണി ടീച്ചറ് ഓഫീസ് റൂമില്‍ കൊണ്ട്പോയി ചോറ് തന്നത് ഓര്‍മ്മ വന്നു....
qw_er_ty
ദേവാ
എനിക്കും കരഞ്ഞുകൊണ്ട് ചിരിക്കാന്‍ തോന്നുന്നു.
ആളെ നൊവാള്‍ജിയ അടിപ്പിച്ച് കൊല്ലാനാണൊ പരിപാടി.
വേഡ് വെരി എച് ക്യു ഡബ്ലിയു എല്‍ എന്‍ എ വി എം (ഈ ചതി എന്നോട് വേണമായിരുന്നോ)
-സുല്‍
ദേവ്,
പതിവു പോലെ, ജൂണ്‍ ആയപ്പോ കാത്തിരുന്ന 2 പൊസ്റ്റുകളാണ് കുമാറിന്‍റേം , ദേവിന്‍റേം.
രണ്ടും നിരാശപ്പെടുത്തീല്ല്യ.
ആട്ടിങ്കാല്‍ സ്കൂള്‍ ന്ന് (കു)പ്രശസ്തായിരുന്ന പാവം മലയാളം മീഡിയം ഗവണ്മെന്‍റ് സ്കൂളിലെ മഴക്കാലം ഓര്‍ത്തു. ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച അമ്മുറ്റീച്ചറേം. മഴ ഒന്നാഞ്ഞു പെയ്താല്‍ ക്ലാസ്സുകളെ വേര്‍ തിരിക്കുന്ന പനമ്പ് തട്ടിക എടുത്തു മാറ്റും. അപ്പോ എല്ലാ കുഞ്ഞിക്ലാസ്സുകളും ഒരു വല്ല്യേ ക്ലാസ്സ്.എന്നിട്ട് അമ്മു റ്റീച്ചര്‍ തെളിഞ്ഞ ശബ്ദത്തില്‍ പാടും :
നോക്കൂ തമ്പീ ബഹുരസമേറും മാരി ചിലയ്ക്കുന്നൂ
കേള്‍ക്കൂ മധുരം മധുരം ലളിതം കിളികള്‍ ചിലയ്ക്കുന്നൂ
കന്നിക്കാറുകളലറും നാദം കാതു പിളര്‍ക്കുന്നൂ
മിന്നൽപ്പിണരുകള്‍ മിന്നിച്ചിന്നി കണ്ണു മയക്കുന്നൂ...
ഞങ്ങള്‍ കൂടെപ്പാടും.
മഴ വീണ്ടും കനത്താല്‍ കൂട്ടബെല്ലടിയ്ക്കും. ഒരു പെരുമഴയെ താങ്ങാനുള്ള കരുത്ത് ആ സ്കൂളിനുണ്ടോ എന്നറീല്ല്യായിരുന്നു. കുട്ട്യോളൊക്കെ വേഗം വേഗം ചെളി തെറിപ്പിച്ച് അമ്മു റ്റീച്ചര്‍ടെ പാട്ടും പാടി വീട്ടില്‍ക്ക്.
ദേവേട്ടാ,
ശരിക്കും കരച്ചിലും ചിരിയും ഒന്നിച്ചു വന്നു.
>>സാറു മാമനു ചോറു തന്നിട്ടുണ്ട്, ജീരകവെള്ളം തന്നിട്ടുണ്ട്.
ഈ തടി കണ്ടാല്‍ അതൊന്നും തോന്നൂലാ കേട്ടോ! :)
ഒന്നാം ക്ലാസില്‍ ഞാന്‍ പഠിച്ചത് അങ്ങ് MSLP ലാ...ന്ന് വെച്ചാ മൂടാടി സൌത് എല്‍.പി സ്കൂള്‍. 1973 മുതല്‍...ഒന്നാം ക്ലാസ് മുതല്‍ പത്ത് വരെ എന്നെ പഠിപ്പിച്ച എല്ലാ ഗുരുക്കന്മാരേയും ഓര്‍മ്മയിലുണ്ട്....!! ഒന്നാം ക്ലാസില്‍ എന്നെ പഠിപ്പിച്ച സരോജിനി റ്റീച്ചറിനും ദേവഗുരുവിന്റെ കരഞ്ഞ് കൊണ്ട് ചിരിക്കുന്ന സാറിന്നും ഒരേ ഛായ. (സരോജിനി റ്റീച്ചര്‍ രണ്ട് വര്‍ഷം മുന്നെ യാത്രയായി)അന്തക്കാലത്ത് ഡി.പി.ഇ.പി. സമ്പ്രദായത്തിലായിരുന്നു സരോജിനി റ്റീച്ചര്‍ പഠിപ്പിച്ചിരുന്നത്. ഒരു മുത്തശ്ശിമാവിന്റെ ചുവട്ടില്‍ വട്ടമിട്ടിരുന്ന് നിലത്ത് മണലില്‍ അക്ഷരങ്ങളെഴുതി, അതിനു മീതെ കൂടെ മഞ്ചാടിക്കുരുക്കള്‍ നിരത്തി...അങ്ങിനെയങ്ങിനെ....ഈ കുറിപ്പ് വായിച്ചപ്പോ ഒക്കെ ഒരു മിന്നായം പോലെ ഓര്‍മ്മയില്‍ നിറഞ്ഞു. കുറെ നേരമായി ഒന്നു മുതല്‍ ഏഴു വരെ എന്റെ കൂടെ പഠിച്ചിരുന്ന കുട്ടികളുടെയെല്ലാം പേരുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. ഒന്നാം ക്ലാസില്‍ ഞങ്ങള്‍ 30 കുട്ടികളായിരുന്നു. ഉവ്വ് അതില്‍ 24 പേരെയും എനിക്കോര്‍ക്കാം. പോളിയോ ബാധിച്ച് ഒരു കാല്‍ തളര്‍ന്നിരുന്ന വിനോദിനെ മുതല്‍ അഞ്ചു വര്‍ഷം മുന്നെ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച അമ്മിണിയെ വരെ....കൂട്ടത്തില്‍ പറയട്ടെ..ഒരുപാടു കാലങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം ആ പഴയ വിദ്യാലയ മുറ്റത്ത് ആഘോഷിച്ചു. എന്റെ മകനോടൊപ്പം!
ദേവേട്ടാ,
നന്ദി ആ പഴയകാലേത്തേക്ക് കുറച്ചു നേരത്തേക്കു കൊണ്ടു പൊയതിനും ഒന്നാം ക്ലാസിലെ സരോജിനി ടിച്ചറെ ഓര്‍പ്പിച്ചതിനും....
ടീച്ചറെ ഞാന്‍ അവസാനമായി കണ്ട്തും എന്റെ കല്യാണത്തിനു ആയിരുന്നു....
ആ ഉപ്പുമാവിന്റെയും കഞ്ഞി/പയറിന്റെയും എല്ലാം മണം ഇതാ മുക്കിലെത്തിയിരിക്കുന്നു....
“എതു ഭാഷയില്‍ പഠിച്ചു എന്നതിലല്ല, എന്തു പഠിച്ചു, പഠിച്ചതു അവനവനും വീടിനും നാടിനും ലോകത്തിനും പ്രയോജനപ്പെടുത്താന്‍ നമ്മള്‍ എന്തു ചെയ്യുന്നു എന്നതിലാണു കാര്യം“ ആ പറഞ്ഞതിനു നുറു മാര്‍ക്ക്... കുടെ കളിച്ചവരെക്കെ ഇംഗ്ലിഷു പടിക്കാന്‍ പൊയപ്പോള്‍ ഞങ്ങളെയെക്കെ വിടിനടുത്തുള്ള യു.പി സ്കുളില്‍ ആണു ചേര്‍ത്തത്...അതു കൊണ്ടു ഒരു കുറവും ഒരിക്കലും എനിക്കു അനുഭവപ്പെട്ടില്ല....
karanjukonduchirikkunna Devan mashinte mukham ASSAL..
post?? THRIBLE ASSAL
kazhinjakalathekku oru mathra koottikondupoyathinu nandi.
annathe kaalath Modern Bread te cover vechu pusthakam pothiyunnavate gama onnu kaananam.. athillathavanu sankadavum.
sticker labal nekkurichu kettu kezhvi polumilla..
കൈതമുള്ളേ,
“കാകദൃഷ്ടിര്‍ഭഗധ്യാനം “ എന്നാണോ അതോ
“കാകദൃഷ്ടിര്‍ബഗധ്യാനം എന്നാണോ?.
അല്പാഹാരം, ജീര്‍ണ്ണവസ്ത്രം, കാകദൃഷ്ടി, ബഗധ്യാനം. എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്. സംശയം തീര്‍ത്തു തരുമല്ലോ.
കൈതമുള്ളേ,
“കാകദൃഷ്ടിര്‍ഭഗധ്യാനം “ എന്നാണോ അതോ
“കാകദൃഷ്ടിര്‍ബഗധ്യാനം എന്നാണോ?.
---"ബകധ്യാനം " - കൊറ്റിയുടെ പോലെ ധയാനത്തില്‍ നില്‍ക്കാനുള്ള ശീലം. ഭഗധ്യാനം എന്നതിന് വേറേ ഒരര്ഥമാണ്- അല്പം a
this is the 25th time can u pl remove this word veri
നാലാം ക്ലാസിലെ ശിങ്കാശിങ്കിടികളെ വാലെ വാലെ നിര്‍ത്തി ഒരു വടിയുടെ അറ്റത്തൊരു ചുവന്ന വര്‍ണ്ണക്കടലാസും കൊണ്ട് ജാഥ കളിക്കുമ്പോഴാ ആദ്യ അടി വീണത്,അയ്യക്കാവോ എന്ന് വിളീച്ചും കൊണ്ടോടി സ്റ്റാഫ് റൂമിലിരിക്കുന്ന അമ്മയുടെ അടുത്ത്,എന്തിനും ഏതിനും സപ്പോര്‍ട്ട് ചെയ്യും എന്ന കണ്‍സെപ്റ്റ് അതോടെ മാറിക്കിട്ടി,അമ്മ ഒരു മൂരാച്ചിയായി സാറാമ്മ ടീച്ചറേ അഭിനന്ദിക്കുകയും ചെയ്യുന്നു..:(
വെറ്റിലയും പാക്കും കൊടുത്ത് നിവര്‍ന്നപ്പോള്‍ കണ്ണില്‍ നിന്നും തുള്ളി അടര്‍ന്നു വീഴാതിരിക്കാന്‍ മസിലായ മസില്‍ മുഴുവനും പിടിക്കേണ്ടിയും വന്നു....കല്യാണച്ഛെക്കനല്ലേ,അതൊപ്പാന്‍ ക്യാമറമാന്മാരും..!
ദേവേട്ടാ,ആ ചൊങ്കന്‍ ചെക്കന്റെ ഒരു അപ്ഡേറ്റഡ് പടമിടുവോ ?
ദേവേട്ടാ.. ഈ പോസ്റ്റ് കണ്ടിട്ട് കരച്ചിലും സന്തോഷവും ഒക്കെ ഒന്നിച്ചു വരുന്നു. 6-12 വരെ ഹോസറ്റലില്‍ നിന്നു പഠിക്കുമ്പോള്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ടിച്ചേഴ്സിനോട് വളരെ അടുപ്പമായിരുന്നു. അതിപ്പോഴും തുടരുന്നു.
പിന്നെ ഞാന്‍ പേടിച്ചു വിറച്ചിരുന്ന്, ധാരാളം അടിയും വാങ്ങി പഠിച്ച ഒന്നാം ക്ലാസിലെ ടീച്ചറായിരുന്നു ആലീസ് ടീച്ചര്‍.
പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ടിച്ചറിന്റെ സഹോദര പുത്രന്റെ ഭാര്യയായി കഴിഞ്ഞപ്പോള്‍ ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ടീച്ചറെ എന്നുള്ള വിളി മാറ്റാനായിരുന്നു.
സത്യം വദ ധര്‍മം ചര എന്നല്ലെ-
ഹെറിറ്റേജ് മാഷെ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണെ.
നല്ലൊരു ഭാഗം ടീച്ചേര്‍സിനേയും ഞാന്‍ മറന്നു.
കെ വി രാമനാഥന്‍,അരവിന്ദാക്ഷന്‍ എന്നീ കഥ പറയുന്ന മാഷന്മാരേയും, എസ്സെന്‍ നാട്ടികയിലെ ഫിസിക്സിലെ സദാനന്ദന്‍ സാറിനേയും
വലിയ പൗരുഷമായ ശരീരമുണ്ടായിട്ടും എന്നേയും യൂണിവേര്‍സിറ്റി ഗുസ്തിക്കാരനായിരുന്ന പ്രവീണിനേയും കൊച്ചുകുട്ടികളെ എന്ന വണ്ണം ചെവിക്ക് പിടിച്ച് കറക്കിയിരുന്ന കൊല്ലാറ രമണിടീച്ചറേയും സ്നേഹപൂര്‍വം സ്മരിക്കുന്നു.
ഇവരുടെ പാഠങ്ങളൊന്നും എന്റെ അരിക്കുതകിയിട്ടില്ല. ഞാന്‍ കൊണ്ടും കൊടുത്തും പടിച്ച പാഠങ്ങള്‍ , എന്നിഷ്ടം പോലെ ഞാന്‍ പഠിച്ചത് അതാണെന്റെ അരി.
ഗുരുത്വം ഇനി വേണമെന്നുമില്ല. ശാപം ആവശ്യവുമില്ല.
സ്കൂള്‍ ജീവിതത്തിനെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ മായാതെ സൂക്ഷിക്കുന്നയാളാനു ഞാന്‍. വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു ദേവന്‍
ഹെറിറ്റേജ് മാഷേ,
ക്ഷമിക്കുക!
- ഭാഷയൊക്കെ ബാഷയാകുന്ന ഇക്കാലത്ത് എന്റെ ബഗം (കൊറ്റി) വെറെ എന്തൊക്കേയോ അര്‍ത്ഥമുള്ള ഭഗമായിപ്പോയതില്‍ ഖേദിക്കുന്നു.തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി!
ദേവേട്ടാ മനസ്സിലൊരു വിങ്ങലുണര്‍ത്തിയതിന് നന്ദി .ഇനിയും ഇത്തരം ഗ്രഹാതുരതയുടെ ഓര്‍മ്മകള്‍പോരട്ടെ.
ഗുരുക്കന്മാരെയൊക്കെ ഓര്‍മ്മിപ്പിച്ചതിന് നന്ദി ദേവന്‍ ചേട്ടാ....
സ്വന്തം ഗുരുത്വമില്ലായ്മയെപ്പറ്റി ആലോചിച്ചു കരഞ്ഞുകൊണ്ടു വായിച്ചു. അംബീ, ഇതൊക്കെ വയസ്സുകൂടിവരുന്ന്തതിന്റെ ലക്ഷണങ്ങളാ. കല്യാണം കഴിക്കാന്‍ പരിപാടിയുണ്ടെങ്കില്‍ ഒട്ടും വൈകിക്കണ്ട എന്നര്‍ത്ഥം.
എന്നേം പാറുക്കുട്ടിയമ്മസാറിനേം കാണാനെത്തി ഗുരുക്കന്മാരെയൊക്കെ ഓര്‍ക്കുകയും ഓര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത
മൂര്‍ത്തി,ആര്‍ ആര്‍, ഡാലി, ആവനാഴി മാഷ്, അംബി, വക്കാരി, സാജന്‍, ശ്രീ, കല്യാണിയും അച്ഛനും, ഗന്ധര്‍വഗുരുക്കള്‍, കണ്ണൂസ്, തമനു, അജി, തഥാഗതന്‍ ഭായി, ശാലിനി, അഗ്രജന്‍, സിജു, ഉണ്ണിക്കുട്ടന്‍, പൊതുവാള്‍, പാപ്പരാസി, രാധേയന്‍, ഗ്ലോക്കലിന്ത്യാ, അതുല്യ, പ്രമോദ്,കുട്ടീസ്, കൈതമുള്ള് ചേട്ടന്‍, തുളസി, ദീപു, സുല്ല്, അചിന്ത്യ, സതീഷ്, ഫൈസല്‍, തക്കുടു, കിച്ചു, മണ്ടൂസ്, പണിക്കര്‍ മാഷ്, കിരണ്‍സ്, തരികിട, സപ്ന, ഷാനവാസ്, ആനക്കൂടന്‍, രാജേഷ് വര്‍മ്മ..
എല്ലാവര്‍ക്കും നന്ദി, ഒത്തിരി നന്ദി..
Post a Comment