September 11, 2007

ഓകെമിന്റെ ക്ഷൗരക്കത്തി- ഭാഗം മൂന്ന്

Part 1
Part 2

അടിവാരത്തെ ഗസ്റ്റ് ഹൗസില്‍ കണ്‍സര്‍‌വേറ്റര്‍ ആവശ്യത്തിലധികം സമയമെടുത്ത് ക്യാമ്പ് വിശേഷങ്ങള്‍ തിരക്കുമ്പോള്‍ ഞാന്‍ ക്രോസ് വിസ്തരിക്കപ്പെടാനൊരുങ്ങുന്ന പ്രതിയെപ്പോലെ വരാന്‍ പോകുന്ന ചോദ്യങ്ങളുടെ ഉത്തരം മനസ്സിലുരുവിട്ട് ഉറപ്പിച്ചുകൊണ്ടേയിരുന്നു.

"വില്ലിയെക്കണ്ടിരുന്നോ?" പെട്ടെന്നോര്‍ത്തെന്നു ഭാവിച്ച് ഒടുവില്‍ അദ്ദേഹം തിരക്കി.
"ഉവ്വ്, പോയിരുന്നു" ഇല്ല, ഒരുവാക്കും അധികം പറയില്ല.

"എന്താണു തന്റെ അഭിപ്രായം?"

"ഒന്നു രണ്ടു മണിക്കൂര്‍ ഞാനയാളോടൊത്ത് ചിലവഴിച്ചു. ചാരായവും കഞ്ചാവും സുലഭമായി വാങ്ങാന്‍ കിട്ടുന്ന സ്ഥലമായതുകൊണ്ട് അവിടെ താവളമടിച്ച ഒരു അഡിക്റ്റ് എന്നതിനപ്പുറം അയാളൊന്നുമാണെന്ന് തോന്നിയില്ല."

"അതെന്തേ അങ്ങനെ അനുമാനിക്കാന്‍ കാരണം?" കണ്‍സര്‍‌വേറ്ററുടെ മുഖത്ത് നിരാശയും സംശയവും വന്നതേയില്ല എന്നതില്‍ നിന്നും അദ്ദേഹമെന്നെ അസൂത്രിതമായ ഒരു വിചാരണയിലൂടെ കൊണ്ടുപോകുകയാണെന്ന് മനസ്സിലായി.

"സാര്‍, ഞാന്‍ വില്ലിയെക്കണ്ടത് കോണ്‍റാഡ് സായിപ്പിന്റെ ലോക്കല്‍ ഏജന്റ് ആയി നടിച്ചിട്ടാണ്‌. വില്ലിയോട് ഋഷിമലയിലെ അപൂര്വ്വ സസ്യങ്ങളെക്കുറിച്ച് പറഞ്ഞു തന്നാല്‍ പണം കൊടുക്കാമെന്ന് നമ്പര്‍ ഇട്ടു. വില്ലി അതില്‍ കൊത്തി , പക്ഷേ ഏതു ലാടനും നാട്ടുവൈദ്യനും പറയുന്ന ചില സാധാരണ ചെടികളെക്കുറിച്ചല്ലാതെ അയാള്‍ക്കൊന്നുമറിയില്ല , കഞ്ചാവു കൃഷിയും തേന്‍ വില്പ്പനയുമല്ലാതെ ഒന്നിലും താല്പ്പര്യമോ വിവരമോ വില്ലിക്കില്ലെന്ന് അനുമാനിക്കാന്‍ കാരണം അതാണ്‌."

"അതായത് താന്‍ പറയുന്നത് അഡല്‍റിക്ക് വില്ലിയെ കണ്ടിരുന്നെങ്കില്‍ അയാള്‍ പണം പിടുങ്ങി സഹായിക്കാനേ ശ്രമിക്കുമായിരുന്നുള്ളു എന്നാണ്‌ , അല്ലേ?"
"എന്ന് എനിക്കു തോന്നുന്നു."
ചോദ്യങ്ങള്‍ നിലച്ചെന്ന് എനിക്കു തോന്നി, പക്ഷേ ഞാന്‍ പറഞ്ഞു തീര്‍ന്നില്ലല്ലോ.
"സാര്‍, മഹാരാഷ്ട്ര പോലീസ് ആണ് ഈ ജര്‍മ്മനിക്കാരന്‍, എന്താ പേരുപറഞ്ഞത് ? അഡല്‍റിക്ക്, മിസ്സിങ്ങ് ആയത് അന്വേഷിക്കുന്നത്. സാറെന്തിനു ഇതാലോചിച്ച് സമയം കളയുന്നെന്ന് എനിക്കു മനസ്സിലായില്ല."

"തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പോലീസിനു കൈമാറാന്‍ ഏതു പൗരനും ബാദ്ധ്യതയുണ്ട് , എനിക്കും തനിക്കും ആര്‍ക്കും." എന്നായിരുന്നു നീരസം പുരണ്ട മറുപടി.

"തെളിവുകളല്ലല്ലോ , സാറിന്റെ അനുമാനങ്ങള്‍ മാത്രമല്ലേ എല്ലാം? ഈ ജര്‍മ്മനിക്കാരന്‍ സാറിനെ ഒരിക്കല്‍ കണ്ടപ്പോള്‍ ഋഷിമലയിലെ ഒരു ആദിവാസി ക്യാന്‍സര്‍ ഭേദമാക്കുന്ന ഒരു അത്ഭുത ചെടിയെക്കുറിച്ച് സംസാരിച്ചെന്നു പറഞ്ഞിരുന്നു എന്നതും പിന്നെ ഒരുവര്‍ഷം കഴിഞ്ഞ് അയാള്‍ വീണ്ടും ഇന്ത്യയിലെത്തിയെന്നും മുംബെയില്‍ വിമാനമിറങ്ങിയ അയാളെ പിന്നീട് ആരും കണ്ടിട്ടില്ല എന്നതും മാത്രമാണ്‌ വിവരം. അയാള്‍ പണം മോഹിച്ച് ഋഷിമലയിലേക്ക് രഹസ്യ യാത്ര നടത്തിക്കാണുമെന്ന് ഊഹം. അവിടെ വച്ച് ഈ ചെടിയെ രഹസ്യമാക്കി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആരോ അയാളെ അപായപ്പെടുത്തിയെന്നതും അങ്ങനെ തന്നെ. ഒരു ലോക്കല്‍ ഏജന്റും അയാളെ ഇവിടെ കണ്ടിട്ടില്ല , ഒരു വെള്ളക്കാരന്‍ ഒറ്റക്ക് സഞ്ചരിച്ചാല്‍ ആളുകള്‍ ശ്രദ്ധിക്കാതെയിരിക്കില്ല , സാര്‍ ഋഷിമല മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ബോഡിയോ ആളുവന്നതിന്റെ തെളിവോ കിട്ടിയിട്ടില്ല. എന്തു തെളിവാണു സാറിനു ബാദ്ധ്യതയായത് ?"

"ശരി. അതു പോകട്ടെ, തന്റെ ടീം എന്നാണു മടങ്ങുന്നത്? " കണ്‍സര്‌വേറ്റര്‍ സംഭാഷണം അവസാനിപ്പിക്കാറായെന്ന് ധ്വനിപ്പിച്ചു.

"ഇന്നു രാത്രി. ചെറിയൊരു പാര്‍ട്ടിയുണ്ട്, സാറു വരുമോ?"
"ഇന്നോ? ഞാനില്ല, തിരക്കാണ്‌."

ഡിസോസ്യേഷന്‍ മീറ്റിംഗില്‍ കോണ്‍റാഡ് പതിവിലും വാചാലനും ഉല്ലാസഭരിതനുമായിരുന്നു.

"പ്രിയരേ, നമ്മളൊന്നിച്ചു ചിലവിട്ട കുറച്ചു നാളുകളാലെ എല്ലാവരും കൂടുതല്‍ അറിവിനാല്‍ സമ്പന്നരായെന്നും നല്ല അനുഭവങ്ങള്‍ മാത്രം തന്ന ഈ പ്രോജക്റ്റ് എന്നും ഓര്‍മ്മയില്‍ നില്‍ക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു." കോണ്‍റാഡ് പ്രഖ്യാപിച്ചു.

"ഗവേഷണത്തിനുള്ള അറിവുകള്‍ മാത്രം സമ്പത്തായി കൊണ്ടു പോവുക കൂട്ടരേ , അനാവശ്യമായവ ബാദ്ധ്യതയായി, വേദനയായി നിങ്ങളെ ഉത്തരമില്ലാത്ത അന്വേഷണങ്ങളിലേക്ക് നയിക്കാതിരിക്കട്ടെ, നിങ്ങളെക്കൊണ്ട് നുണ പ്രസ്താവന നടത്തിക്കാതെ ഇരിക്കട്ടെ , അവ ആരെയും കൊല്ലാതിരിക്കട്ടെ , ആരെയും കൊലയാളിയും ആക്കാതിരിക്കട്ടെ." ഞാന്‍ കൂട്ടിച്ചേര്‍ത്തു.

"നിങ്ങള്‍ ബൈക്ക് ഓടിച്ചാണോ ഇവിടെ നിന്നും പോകാനൊരുങ്ങുന്നത് ? അതു വേണ്ട, നന്നായി തലക്കു പിടിച്ചിട്ടുണ്ട്" കോണ്‍റാഡ് പറഞ്ഞു.

ഡിസ്ക്ലൈമര്‍: ഈ കഥയും ഇതിലെ എല്ലാ കഥാപാത്രങ്ങളും സാങ്കല്പ്പികമാണ്‌. ജീവിച്ചിരിക്കുന്നതോ മരിച്ചവരോ "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന പരുവത്തിലുള്ളവരോ ആയ ആരോടെങ്കിലും കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രമാണ്‌. ഇനി ജനിക്കുന്ന ആര്‍ക്കെങ്കിലും ഇതിലെ കഥാപാത്രങ്ങളോട് സാമ്യം വന്നുപോയാല്‍ ജനയിതാവിന്റെ പേരില്‍ ഞാന്‍ പകര്‍പ്പവകാശ ലംഘനത്തിനു കേസു കൊടുക്കും.

10 comments:

കുറുമാന്‍ said...

അതുശരി ഇങ്ങനേം ഒരു സംഭവം ഇവിടെയുണ്ടായിരുന്നോ? ഒന്നരമാസത്തിലേറെയായി വായന ഒന്നും നടന്നിട്ടില്ല. വായിക്കട്ടെ

സാല്‍ജോҐsaljo said...

നന്ദിനി...
കാത്തിരിക്കുകയായിരുന്നു!

ഓ.ടോ :

കുറുമാന്‍ വായിച്ചുകമന്റിട്ടത് ഞാനോര്‍ക്കുന്നുണ്ടല്ലോ?!!! ടിയാനേതെങ്കിലും ഒരെണ്ണ പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു!!

സു | Su said...

:)

Murali K Menon said...

കൊള്ളാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാം

ഡാലി said...

നാലാം ഭാഗം ഇപ്പോഴേ വന്നുള്ളൂല്ലേ, ഞാന്‍ ഇതു കാണാതെ പോയി എന്നോര്‍ത്ത് കുറേ തപ്പിയായിരൂന്നു.

തുടങ്ങിയഭാഗത്തിന്റെ അത്ര പ്രതീക്ഷ അവസാന്നിപ്പിച്ച ഭാഗത്ത് കിട്ടിയില്ല. (വായിക്കാനിരുന്ന മൂഡിന്റെയാവും)

സുല്‍ |Sul said...

എന്‍ ദേവനേ
ഇതെന്താ പരിപാടി ഇവിടെ?

ഡാലി പറയുന്നു നാലാം ഭാഗം വന്നൂന്ന്. അതെവിടെ ദേവാ.
കൊള്ളാം. ബാക്കി പോരട്ടെ.
-സുല്‍

ഡാലി said...

നാലല്ല, സോറി മൂന്ന്.

പാര്‍ട്ടുകള്‍ 1/3, 2/3 വന്നീട്ടു കുറേകാലമായി സുല്‍

Kumar Neelakandan © (Kumar NM) said...

ഇപ്പഴാ മൂന്നും വായിച്ചത്.
നന്നായി.

ഓ ടോ : അത് ഡാലിയോടാ..
“ഇവിടെ ഒക്കെ ഉണ്ടോ?“

ഉറുമ്പ്‌ /ANT said...

കൊള്ളാം. ബാക്കി ഉണ്ടോ?

Radheyan said...

ബ്ലോഗ് എഴുത്തുകാര്‍ക്ക് സ്വതവേ ഉള്ള ഒരു കുഴപ്പം ഈ ക്ലൈമാക്സിനുണ്ട് എന്ന് തോന്നുന്നു.ചട്പടാന്ന് അവസാനിപ്പിക്കുന്ന അസുഖം.(ഇവിടെ അവസാനിച്ചില്ലേ? അതോ ഇനി ഭാഗം 4 ഉണ്ടോ).

നന്നായി എഴുതി വന്ന ആദ്യ 2 ഭാഗത്തിന് ശേഷം ഓവര്‍സ്പീഡില്‍ ഒരു അവസാനം.ക്ലൈമാകസ് ഒന്ന് മുറുക്കി റീകണ്‍സ്റ്റ്റക്റ്റ് ചെയ്തു കൂടെ?