Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

April 09, 2006

അയം ആത്മ ബ്രഹ്മ..

Image hosting by Photobucket
അജ്ഞാതമായ പഥങ്ങളില്‍ സഞ്ചരിക്കുന്ന അനന്തകോടി നക്ഷത്ര സമൂഹങ്ങള്‍ക്കിടയിലെവിടെയോ തിരുവാതിരകളിക്കുന്ന ക്ഷീരപഥത്തിലെ ഒരിടത്തരം നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹത്തിനുള്ളില്‍ ചരിക്കുന്ന ഒരു തരി കാര്‍ബണും ഹൈഡ്രജനും ഓക്സിജനും ഫോസ്ഫറസ്സും പൊട്ടാസ്സിയവും നൈറ്റ്രജനും കാത്സ്യവും നൈട്രജനും ഇരുമ്പും നാകവും ക്ലോറിനും മാംഗനീസും മറ്റും ചേര്‍ന്ന മിശ്രിതത്തില്‍ തെളിയുന്ന സര്‍വ്വശക്തന്റെ പ്രതിഫലനം ഞാന്‍ - നിങ്ങളതിനെ ദേവനെന്നു വിളിക്കുന്നു.

March 05, 2006

കൊല്ലഭാഷ

തിരുവനന്തപുരത്തിന്‍റേയും കോട്ടയത്തിന്‍റേയും സ്വാധീനമുണ്ട് കൊല്ലം ഭാഷക്ക് (ഉദാ സഹോദരന് = അണ്ണന്, സഹോദരി = ചേച്ചി ഏട്ടനുമില്ല, അക്കനുമില്ല കൊല്ലത്ത്)

വരത്തില്ല, തരത്തില്ല, ഇരിക്കത്തില്ല = വരില്ല, തരില്ല ഇരിക്കില്ല
പന്നല്‍ =മോശമായത്
അല്യോ =അല്ലേ
ലത്, ലവന്, ലവള്, ലവന്മാര് = അത് അവന് അവള് അവന്മാര്
എവന് എവള് എവര് = ഇവന് ഇവള് ഇവര്
പൊടിയന് = (പൊടി + ആണ്) ആണ് കുട്ടിയെ അഭിസംബോധന ചെയ്യല് (സ്നേഹപൂര്‍വ്വം)
പൊടിച്ചി = (പൊടി+ സ്ത്രീ) പെണ്‍കുട്ടീ
നട്ടപ്പറ = കടുത്ത ചൂടുള്ള(വെയില്‍
എരണം = ഭാഗ്യം


പണ്ടെങ്ങാണ്ടു ഞാന് പറഞ്ഞത് – ഓരോ നാട്ടിനും അതിന്‍റെ സിഗ്നേച്ചര് തെറിയുണ്ട്. ഒരു കൊല്ലത്തുകാരന് തല്ലാന് വരുമ്പോള് പറയാന് സാദ്ധ്യതയുള്ള വാക്കുകള് (തെറി ഒഴിവാക്കി ബാക്കിയുള്ളത്)
ന്ത്രാ,
അടിച്ച് ഏപ്പ് നൂക്കും
നെഞ്ചാമ്മൂടി ഇടിചു തകര്‍ക്കും
ചെവിത്താര കലക്കും
ചെവിക്കല്ല് അടിച്ചു പൊട്ടിക്കും
ഇടിച്ച് പതക്കരളു വെളിയില് വരുത്തും
പതിരിടിച്ചിളക്കും

മേമ്പൊടി
കൊല്ലം ജില്ലാശുപത്രിയില് ഡോക്റ്റന് മരുന്ന് ശീട്ടെഴുതുന്നു.
“തിരുവനന്തപുരത്തെങ്ങാണും പോയി നോക്കു, ഈ മരുന്ന് കൊല്ലത്തില്ല കേട്ടോ”
രോഗി “കൊല്ലുന്ന മരുന്ന് തരത്തില്ലെന്ന് എനിക്കറിയാം, സുഖമാക്കുമോന്നാ എനിക്കറിയേണ്ടത്”
നെടുമങ്ങാട്: ‘നമ്മള‘ നിഘണ്ടു എന്നതിന്‍റെ അനുബന്ധം.

December 10, 2005

വൈജ്ഞാനികം

Image hosted by Photobucket.com

ഇന്ത്യന്‍ അസ്സോസിയേഷന്‍ നടത്തിയ പ്രത്യേകതകളുള്ള കുട്ടികള്‍ക്കുള്ള മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങ്‌ ഇന്നലെ നടക്കുന്നുണ്ടെന്നറിഞ്ഞ്‌ കാണാന്‍ പോയി. ചെന്നപ്പോഴാണ്‌ അറിഞ്ഞത്‌ സ്പെഷ്യല്‍ ചില്‍ഡ്രന്‍സ്‌ ഇവന്റ്‌ പല ഇവന്റുകളിള്‍ ഒരെണ്ണം മാത്രമാണെന്നും ഹൈസ്ക്കൂള്‍ തല ക്വിസ്‌ കോമ്പറ്റീഷന്‍ ആറു മണിക്ക്‌ തീരേണ്ടിയിരുന്നത്‌ 9 മണിക്കേ തീരൂ എന്നും. സൌന്ദര്യ പ്രദര്‍ശനം , പുഷ്പ-ഫല സസ്യ പ്രദര്‍ശനം, കന്നുകാലി-കോഴി പ്രദര്‍ശനം, ശ്വാനന്മാരോടുകൂടിയ കൊച്ചമ്മ പ്രദര്‍ശനം എന്നിവ കണ്ടിട്ടുണ്ട്‌ പക്ഷേ ഇതതുപോലാണോ? സിദ്ധാര്‍ത്ഥ ബസുവും മറ്റും റ്റീവിയില്‍ കറക്കുന്ന ചോദ്യം ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ്‌ ഉത്തരം പറയുന്ന രസമുള്ള കളി നേരില്‍ കാണാന്‍ കിട്ടിയ ആദ്യത്തെ അവസരമല്ലേ. സമ്മാനം വാങ്ങാന്‍ അലൈന്‍, അബുദാബി, ഫ്യുജൈറാ തൂടങ്ങി ദൂരത്തുനിന്നൊക്കെ എത്തിയ സ്പെഷല്‍ കുട്ടികളുമൊത്ത്‌ ഞാനും ഭാര്യയും ആഡിറ്റോറിയത്തില്‍ വലിഞ്ഞു കേറി.

കൂറ്റന്‍ സ്ക്രീനിൽ രണ്ടു മുഖങ്ങള്‍ തെളിഞ്ഞു. ആരാണെന്ന്നു കണ്ടു പിടിക്കുക. ഒരു പരിചയവുമില്ല, ആരാണാവോ. മിക്കവാറും മത്സരാര്‍ത്ഥികള്‍ കൈപൊക്കി. അവസരം കിട്ടിയ കൊച്ചൻ വിളിച്ചു കൂകി "ഇത്‌ ഗൂഗിളിന്റെ സ്ഥാപകര്‍...." എന്റമ്മച്ചി. ഇപ്പോഴത്തെ പിള്ളേരുടെ ഒരു ബുദ്ധിയേ. നമ്മളൊക്കെ എന്തിനാ ഇത്രേം വലിയ മീശയും വച്ച്‌..

അടുത്ത പടം .ആരാണിത്‌? നല്ല പരിചയം ആരാണാവോ. " ഇത്‌ സ്പീല്‍‍‍ബര്‍ഗ്‌ താടിയും മീശയും ഇല്ലാതിരുന്ന കാലം".കുട്ടികള്‍ക്കറിയാത്ത കാര്യമില്ല പറയാന്‍ വായതുറന്നപ്പോഴേക്ക്‌ എന്റെ പിറകില്‍ നിന്ന് ഒരു വല്ല്യമ്മച്ചി അടക്ക്കി സംസാരം . "ആദ്യത്തെ രണ്ടു പടവും ക്വിസ്‌ 50000 എന്ന പുസ്തകത്തീന്നാണല്ലോ. മോഡേണ്‍ ക്വിസ്‌ ബുക്കീന്ന് ഒരെണ്ണവും ഈയിടെ ചോദിക്കാറില്ല ആരും, അതെന്താണോ.."

അയ്യേ. അപ്പോ അതാണോ പരിപാടി. ഞാനേതാണ്ടൊക്കെ വിചാരിച്ചുപോയല്ലോ. പതുക്കെ ഒന്നു തിരിഞ്ഞു നോക്കി. അമ്മച്ചിമാരുടെയെല്ലാം കയ്യില്‍ രണ്ടും മൂന്നും മോഡേണ്‍ ക്വിസ്സ്‌ ഗൈഡ്‌ ഇത്യാദികള്‍.

അന്തം വിടീക്കുന്ന ചോദ്യങ്ങള്‍ ശരം കണക്കെ വരുന്നു, കുട്ടികള്‍ എല്ലാറ്റിനും ഉരുളക്ക്‌ ഉപ്പേരി പോലെ ഉത്തരം പറഞ്ഞു തള്ളുന്നു. ബസ്സറടി റൌണ്ടില്‍ ഒരു തവണ അവതാരകക്കു ആളൊന്നു മാറിയതും കാണികളായി കൂടിയ അമ്മച്ചിമാരും അപ്പച്ചന്മാരും കൂക്കിവിളിയും തെറി വിളിയുമായി കേരളാ സ്കൂള്‍ യുവജനോത്സവത്തന്തമാരെക്കാള്‍ തറയായി.

പൂക്കള്‍ തുന്നിയ അധികാരചിഹ്നം അണിഞ്ഞ ഒരു ബാഡ്ജര്‍ എന്റെ അടുത്തിരിക്കുന്ന വയ്യാത്ത കുട്ടികളുടെ മാതാപിതാക്കളെ ശാസിച്ചു " സ്റ്റേജിലിരിക്കുന്ന കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പാന്‍ പറയിന്‍ നിങ്ങളുടെ മക്കളോോട്‌. ഓഡിയന്‍സ്‌ എങ്ങനെ പെരുമാറണമെന്ന് അവര്‍ പഠിക്കണ്ടേ"

ഏതോ ക്വിസ്സറുടെ അച്ഛനായിരിക്കും ഞാനെന്ന് ധരിച്ച്‌ അടുത്തിരുന്ന നടക്കാനും സംസാരിക്കാനും കഴിയാത്ത പതിനഞ്ചുകാരിയുടെ അച്ഛന്‍ കണ്ണീരടക്കിക്കൊണ്ട്‌ പറഞ്ഞു
" ഇവിടെ ഇങ്ങിനെയിരുന്ന് മക്കള്‍ സ്റ്റേജില്‍ ജയിക്കുന്നത്‌ കാണാന്‍ കഴിയുന്നത്‌ എന്തൊരു ഭാഗ്യമാണ്‌.."

ഞാന്‍ "എന്തു ഭാഗ്യം? ഇങ്ങനെ പ്രദര്‍ശിപ്പിക്കാനണെങ്കില്‍ കുട്ടികളെന്തിനാ, നല്ല പട്ടികളെ വാങ്ങി വളര്‍ത്തിയാല്‍പ്പോരേ? എന്നു പറഞ്ഞത്‌ വെറുമൊരാശ്വാസവാക്കായിരുന്നില്ല, സത്യത്തില്‍ അങ്ങനെ തോന്നിയിട്ടു തന്നെ.

അദ്ദേഹത്തിന്റെ മടിയിലിരുന്ന് വിവാഹപ്രായമടുക്കുന്ന മകള്‍ നിഷ്കളങ്കമായൊരു ചിരിയോടെ സ്റ്റേജില്‍ മൊസ്സാര്‍റ്റിനെയും കദ്രി ഗോപാല്‍ നാഥിനെയും തിരിച്ചറിഞ്ഞു കൂക്കിവിളിച്ച കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു.

സമ്മാനദാനത്തിനു നിന്നില്ല, ഇറങ്ങി നടക്കവേ സുഹൃത്തിന്റെ ഫോണ്‍ വന്നു
"ഇതെവിടെയാടോ?"?
"ഞാന്‍ നാദല്‍ ഷേബ ഹോഴ്സ്‌ റേസ്‌ കോഴ്സില്‍ നില്‍ക്കുകയാ ഇപ്പോള്‍, ഇവിടെ വാശിയില്‍ മത്സരം നടക്കുന്നു"..

ഭാര്യ പെട്ടെന്നു എന്നെ തള്ളി ഒരു വശത്തേക്ക്‌ മാറ്റി
" ഫോണ്‍ ചെയ്തോണ്ട്‌ നടന്നു തുപ്പലില്‍ ചവിട്ടല്ലേ. ഹോണൊലുലുവില്‍ ട്രാഫിക്ക്‌ എതു വശത്താണെന്നു പറഞ്ഞുകൊടുത്ത തള്ളമാര്‍ റോഡില്‍ തുപ്പരുത്‌ മക്കളേ എന്നുകൂടെ പറഞ്ഞുകൊടുത്തില്ല. അതിനു പോയിന്റില്ലല്ലോ"

November 26, 2005

ആരാച്ചാർ


പതിനേഴു വയസ്സുണ്ടാവും ക്യാപ്റ്റന്. ഇല്ലെൻകിൽ വ്യോമസേനയിൽ നിയമിക്കില്ലല്ലോ.
മുപ്പതു മില്ലിമീറ്റർ യന്ത്രത്തോക്കുപയോഗിച്ച് ഒരു മിനുട്ടിൽ ഞാൻ 600 വെടിവയ്ക്കും. 8 കിലോമീറ്റർ ദൂരെ നിലത്തേക്ക് “നരകത്തീ” എന്ന മിസ്സൈൽ അയക്കും. “കടന്നൽ“ എന്ന വിമാനവേധ മിസ്സൈൽ ഉണ്ട് എന്റെ കയ്യിൽ.
പത്രക്കാർ ആവേശഭരിതരായി ആർത്തു വിളിച്ചു.
“നിനക്കു ഉന്നം പിഴക്കുമോ?”ഒരുത്തി ചോദിച്ചു.
എനിക്ക് ഒരിക്കലും പിഴക്കില്ല APKWS അധവാ കണിശവധ സം‍വിധാനം ഈ ഹെലികോപ്റ്ററിന്റെ ഉന്നം പിഴക്കാതെ കാക്കുന്നു. ഇൻഫ്രാ റെഡ് കണ്ണുകളാൽ ഞാൻ ഇരുട്ടിലും കാണുന്നു.
ഒരു ഫോട്ടോയെടുക്കട്ടേ? വേറൊരുത്തി.
ഒരു കൈ കൊണ്ട് മുടിയൊതുക്കി, മുഖം തുടച്ച്, അവൻ ചിരിച്ചു. കുട്ടിത്തം നിറഞ്ഞൊരു ചിരി. പാവം.

October 22, 2005

വെറും പൂ.
Image hosted by Photobucket.com

കണ്ടാലറിയില്ലേ? സാദാ റോസാപ്പൂ. റോസ് പൂവുകൾ വിരിക്കാനുള്ള കൊച്ചമ്മച്ചന്തം ഈ ചെടിക്കില്ല. ബോൺ ബോൺ ഐസ് ബെർഗെന്നൊന്നും കുടുംബപ്പേരുമില്ല.

ബഡ്ഡ് ചെയ്ത് ഫ്ലവർബെഡ്ഡിൽ വച്ച് മുളപ്പിച്ചതല്ല. സ്കൂളിൽ പോയ വഴി കുട്ടികൾ ആരോ ഇൻസ്റ്റ്റമന്റ് ബോക്സിൽ കിടന്ന ബ്ലേഡ് കൊണ്ട് ഒരു തണ്ടൂ വെട്ടിയെടുത്ത് അതിരിൽ വച്ചു വെള്ളമൊഴിച്ചു. ചട്ടിയിൽ ചകിരിച്ചോറിട്ടു വളർത്തേണ്ട വിധമൊക്കെ പിള്ളേർക്കെങ്ങനെയറിയാൻ! ഉള്ളിത്തൊലി, തേയിലച്ചണ്ടി മുട്ടത്തോട് ഒക്കെ ഇട്ടുകൊടുക്കാൻ ആർക്കു നേരം..ഇത്തിരി ചോര ആരെൻകിലും ചുവട്ടിലൊഴിച്ചെൻകിൾ ഈ വിളർത്ത നിറം മാറ്റി കടുംചുവപ്പു പൂക്കൾ വിരിച്ചേനെ..

വിഷം തളിച്ച് പുഴുക്കളെയോടിക്കാനും തണ്ടുകൾ വെട്ടി ശക്തിയുള്ള മൂടു വളർത്താനുമെല്ലാം ആരും മിനക്കെട്ടില്ലെൻകിലും ചെടികൾ വളരും.. കിട്ടിയ മഴയും വഴിയേ പോയ പശുവിന്റെ ചാണകവുമൊക്കെ പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമെന്നു വിചാരിച്ചാൽ പിന്നെ ഒന്നിനും കുറവില്ല..

എന്നും പൂക്കും.ആരും കാണാതെ പമ്മി വന്നു പൂവും പിച്ചിയോടുന്ന കൊച്ചുകള്ളിയുടെ കയ്യിലും വേലികെട്ടാൻ മുള്ളിനിനു വന്ന വേലന്റെ കാലിലും ഇഴഞുപോയ പശുവിന്റെ കയറിലും പത്രക്കാരൻ ചെറുക്കൻ മേത്തുചാരി വച്ച സൈക്കളിലും പുരട്ടാൻ നിറയെ പൂമണം വേണം, ആവോളം കാലം. പൂത്തില്ലെൻകിലിപ്പോ ആരും ശ്രദ്ധിക്കുമെന്നല്ല, എൻകിലും.