
കല്ലുമോളേ,
രണ്ടാം ക്ലാസ്സിലായി അല്ലേ? ഒന്നില്‍ പഠിപ്പിച്ച ടീച്ചറിനെ ഓര്‍മ്മയുണ്ടോ? ഓര്‍ത്തു വയ്ക്കണം കേട്ടോ? എല്ലാ ഗുരുക്കളെയും.
ഫോട്ടൊയില്‍ ദേവന്‍ മാമന്റെ കൂടെ നില്‍ക്കുന്നത് മാമനെ ഒന്നില്‍ പഠിപ്പിച്ച ടീച്ചര്‍, പാറുക്കുട്ടി അമ്മ സാര്‍ (ഞങ്ങളുടെ നാട്ടിലൊക്കെ ടീച്ചര്രും മാസ്റ്ററും ഇംഗ്ലീഷായിരുന്നു, സാര്‍ എന്നായിരുന്നു അതിന്റെ മലയാളം.)
ദേവന്‍ മാമന്‍ നഴ്സറിയില്‍ പോയിട്ടില്ല, ഒന്നാം ക്ലാസ്സ് വരെ അച്ഛനാണു പഠിപ്പിച്ചത്. ആദ്യ ഗുരുനാഥ അങ്ങനെ ഒന്നില്‍ പഠിപ്പിച്ച പാറുക്കുട്ടിയമ്മ സാര്‍ ആയി. പിന്നെ രണ്ടിലായി, മൂന്നില്‍, അങ്ങനെ ഇരുപതു ക്ലാസ്സ് പഠിച്ചു. ഒക്കെ അങ്ങു തീര്‍ന്നത് പാറുക്കുട്ടിയമ്മസാറിന്റെ മനസ്സിന്റെ നന്മ മാത്രം കൊണ്ടാണേ, മാമന്‍ എല്ലാ ക്ലാസ്സും ഉഴപ്പി- എന്നിട്ടും ജയിച്ചു.
സാറു മാമനു ചോറു തന്നിട്ടുണ്ട്, ജീരകവെള്ളം തന്നിട്ടുണ്ട്. അടി തന്നിട്ടില്ല, ഒരിക്കല്‍ അടിക്കുമെന്ന് പറഞ്ഞു വടി ഓങ്ങിയപ്പോഴേക്ക് ഞാന്‍ കരഞ്ഞുകളഞ്ഞു!
എല്ലാ ക്ലാസ്സും പഠിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ സാറിന്റെ വീട്ടില്‍ പോയി കണ്ടു. സാര്‍ അപ്പോഴേക്ക് റിട്ടയര്‍ ചെയ്തിരുന്നു. പഠിച്ച് തീര്‍ന്നെന്നു പറഞ്ഞപ്പോള്‍ സാറു കരയുകയും ചെയ്തു ചിരിക്കുകയും ചെയ്തു. സാറു കരഞ്ഞാല്‍ ഞാനും കരയില്ലേ?
പിന്നെ സാറിനെ കണ്ടത് എന്റെ കല്യാണത്തിനാണ്. അപ്പോഴും സാറു ചിരിക്കുകേം കരയുകേം ചെയ്തു, ഞാനും.
പിന്നെയും കണ്ടത് ദാ ഈ ഫോട്ടോ എടുത്ത ദിവസം, സാറു പഠിപ്പിച്ച ഒരു കുട്ടിയുടേതായിരുന്നു കല്യാണം. അവള്‍ക്കു കല്ലുക്കുട്ടിയുടെ പ്രായമുള്ളപ്പോള്‍ ഞാന്‍ കോളെജില്‍ പോകുന്ന വഴി സാറിന്റെ ക്ലാസ്സില്‍ കൊണ്ടിരുത്തുമായിരുന്നു. അവളിപ്പോ ഇംഗ്ലണ്ടിലെ എറ്റവും വലിയ കമ്പനികളിലൊന്നില്‍ ഉയര്‍ന ഉദ്യോഗസ്ഥ ആണെന്നു കേട്ടപ്പോഴും സാറു കരഞ്ഞു. പ്രത്യേക സന്തോഷമായിക്കാണും, കാരണം അവളൊക്കെ പഠിക്കുമ്പോഴേക്ക് വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികളൊഴികെ എല്ലാവരും കോണ്‍വെന്റു സ്കൂളില്‍ ആയിരുന്നു പോകുന്നത്, ഇവളുടെ അച്ഛന്‍ രാഷ്ട്രീയാദര്‍ശങ്ങളുള്ള ആളായിരുന്നതു കാരണം സര്‍ക്കാര്‍ എയിഡഡ് സ്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിപ്പിച്ചു.
ഒരു തമാശ കേല്‍ക്കണോ മോളേ. അവള്‍ മലയാളം പഠിച്ച് ഇംഗ്ലീഷു പറയുന്ന നാട്ടില്‍ വല്യ ഉദ്യോഗസ്ഥ, ഇപ്പോഴും എന്നെ കാണുമ്പോ എന്റെ സൈക്കിളിന്റെ പിറകില്‍ ഇരുന്നു "എന്നെ ഉരുട്ടിയിടുമോ ?" എന്നു ചോദിച്ച അതേ മലയാളം പറയുന്നു. അവളുടെ പ്രായത്തിലുള്ള അടുത്ത കൂട്ടുകാരി കോണ്വെന്റില്‍ പഠിപ്പും ബിരുദവുമൊക്കെ കഴിഞ്ഞ് അച്ഛനമ്മ മാരോടും കൂട്ടുകാരോടും പുസ്തകത്തിലെ അച്ചടി ഇംഗ്ലീഷും പറഞ്ഞ് നാട്ടിലിരിപ്പാണ് വെറുതേ. എന്നുവച്ചാല്‍ മോള്‍ ഇംഗ്ലീഷൊന്നും പഠിക്കണ്ടാന്നല്ല കേട്ടോ. അതൊരു നല്ല പ്രയോജനമുള്ള സുന്ദരമായ ഭാഷ ആണ്. വല്യേ വല്യേ അറിവുകളൊക്കെ ഇംഗ്ലീഷില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്, അതൊക്കേം എടുക്കണം. മാമന്‍ പറഞ്ഞത് എതു ഭാഷയില്‍ പഠിച്ചു എന്നതിലല്ല, എന്തു പഠിച്ചു, പഠിച്ചതു അവനവനും വീടിനും നാടിനും ലോകത്തിനും പ്രയോജനപ്പെടുത്താന്‍ നമ്മള്‍ എന്തു ചെയ്യുന്നു എന്നതിലാണു കാര്യം എന്നാ.
ആ കൊച്ചിന്റെ കല്യാണത്തിനു വന്നപ്പോഴും സാര്‍ എന്നെക്കണ്ട് കരഞ്ഞോണ്ട് ചിരിച്ചു. ഒരു ഫോട്ടോഗ്രാഫറോട് പടം എടുക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങോരു പറയുവാ
"മുഖം ഒന്നു തുടച്ച് നില്‍ക്കാമായിരുന്നു ദേവാ, ഒരുമാതിരി ചുമടെടുത്തപോലെ ഉണ്ടല്ലോ?"
ഞാന്‍ പറഞ്ഞു ഞങ്ങള്‍ കരഞ്ഞോണ്ട് ചിരിക്കുന്ന ഫോട്ടോ മതിയെന്ന്. ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ എനിക്കു കിട്ടീല്ലാ. ഇത് വിദ്യമാമി എടുത്തതാ.
പാറുക്കുട്ടി അമ്മ സാറു പഠിപ്പിച്ച കുട്ടികളില്‍ വല്യ ഡോക്റ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഐ ഏ എസ് ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, ഓഡിറ്റര്‍ മാര്‍, എക്സിക്യൂട്ടീവുകള്‍ ഒക്കെയുണ്ട്. ഇന്നാളില്‍ എന്റെകൂടെപഠിച്ച ഒരു കുട്ടിയുടെ അച്ഛനെ വഴിയില്‍ വച്ചു കണ്ടു. ആ കുട്ടി ഇപ്പോള്‍ സിംഗപ്പൂരില്‍ കമ്പ്യൂട്ടറെഞ്ചിനീയറാ. വിവാഹം കഴിച്ചത് വിദേശിയായ ഇന്ത്യന്‍ വംശജനെ ആയതുകൊണ്ട് നാട്ടില്‍ വരാറേ ഇല്ലാത്രേ. എന്നാലും ഫോണ്‍ ചെയ്യുമ്പോ പറയുമെന്ന് "അച്ചാ എപ്പോഴെങ്കിലും പാറുക്കുട്ട്യമ്മ സാറിനെ കാണുകയാണെങ്കില്‍ എനിക്കും മക്കള്‍ക്കും സുഖമാണെന്നു പറയണേ"ന്ന്.
സാറിന്റെ പള്ളിക്കൂടം ഫോട്ടോ എടുത്തു വച്ചിട്ടുണ്ടായിരുന്നു. കമ്പ്യൂട്ടറില്‍ നോക്കിയിട്ട് കണ്ടില്ല. പിന്നെ ഇടാം കേട്ടോ. ഇപ്പോ പോയി ഉറങ്ങിക്കോ, നാളെ സ്കൂളില്‍ പോണ്ടേ.
