July 31, 2006

സാലഭഞ്ജനം

നാഗര്‍കോവിലില്‍ നിന്നും നൂറു കിലോമീറ്റര്‍ ശൂന്യത മുറിച്ചു കടന്നാല്‍ കാളൂര്‍ എന്ന ഗ്രാമമായി. ശുചീന്ദ്രനാഥനെപ്പോലെ പ്രശസ്തനല്ല കാളൂരപ്പനെങ്കിലും സ്ഥലവാസികള്‍ക്ക്‌ സ്വന്തം അമ്പലം "നമ്മയൂരു പളനിമലൈ" എന്നൊക്കെ വിശേഷിപ്പിക്കാനാണ്‌ ഇഷ്ടം.

എഴുമലൈ സ്വാമിയെ ആരോടു ചോദിച്ചാലും അറിയും. എന്തോ വായില്‍ കൊള്ളാത്ത സ്ഥാനപ്പേരുള്ള ഇദ്ദേഹം കാളൂരപ്പന്റെ സെക്രെട്ടറിയും ഓഫീസ്‌ ബോയിയും ആണെന്ന് പറയാം. അദ്ദേഹത്തിന്റെ മകന്‍ ഗണേശന്‍ തന്ന കത്താണ്‌ എന്റെ പ്രവേശനാപേക്ഷ.

കത്തു വായിച്ച അദ്ദേഹം എന്നോട്‌ പേര്‍ തിരക്കി . ഈ സാദ്ധ്യത ഗണേശന്‍ നേരത്തേ പറഞ്ഞു തന്നിരുന്നു. കുപ്പു, താമി, തൊര, ചിങ്കിലി, അണ്ണാവി എന്നിങ്ങനെ അശൈവ ബ്ലാക്ക്‌ ലിസ്റ്റഡ്‌ പേരുകാരന്‍ ആണോയെന്ന് തിരക്കുകയാണ്‌ അദ്ദേഹം.

"വിഷ്ണു നാരായണന്‍" ഞാന്‍ പറഞ്ഞു.

"വിഷ്ണു നാരായണാ. നല്ല പേര്‍"

എഴുമലൈ സ്വാമിയാര്‍ ഒരു ശിങ്കിടിയെ വിളിച്ചു. അവര്‍ തമ്മില്‍ നടന്ന സംഭാഷണം വളരെ വേഗതയിലായിരുന്നതിനാല്‍ അത്യാവശ്യം തമിഴറിയുമായിരുന്നിട്ടും എനിക്ക്‌ ഒന്നും തന്നെ മനസ്സിലായില്ല.

"നീ ഇവനോടൊപ്പം അമ്പലത്തില്‍ പോയിക്കോളൂ. വൈകുന്നേരത്തിനു മുന്നേ പുറത്തിറങ്ങണം".

കരിമ്പച്ച നിറത്തിലെ പാടത്തിന്റെ ഒരരികു നീണ്ട്‌ പോകുന്ന കൈത്തോട്‌. അതിന്റെ വക്കിലൂടെ അപരിചിതനും ഞാനും നടന്നു.

"കാളേജില്‍ നീ
അമ്പലത്തെക്കുറിച്ചാണോ പഠിക്കുന്നത്‌?" അയാള്‍ ‍ നിറുത്തി നിറുത്തി ലളിതമായ തമിഴില്‍ ചോദിച്ചു.

"അതെ"

" കൊള്ളാം. ഇപ്പോഴൊക്കെ അമ്പലം പണിയാനും വിഗ്രഹം വാര്‍ക്കാനും ആളില്ല. നീ അതുതന്നെയല്ലേ പഠിക്കുന്നത്‌?"

"അല്ല, അമ്പലങ്ങളുടെ പുരാണങ്ങള്‍" സ്വന്തം പേരടക്കമെല്ലാം നുണ പറയാന്‍ ഗണേശനെന്നെ നേരത്തേ തയ്യാറെടുപ്പിച്ചിരുന്നു. എന്നിട്ടും മനസ്സാക്ഷി കുത്തി.

തോട്ടുവക്കിലൂടെ നീല ദാവണിയുടെ യൂണിഫോമിട്ട പെണ്‍കുട്ടികള്‍ കൂട്ടമായി സൈക്കിള്‍ ചവിട്ടി കടന്നു പോയി. "ഇവരെല്ലാം എന്റെ നാട്ടുകാര്‍. ഇവരും കാളേജില്‍ പഠിക്കുന്നു". അമ്പലവാസി അഭിമാനത്തോടെ പറഞ്ഞു.

പടി മുതല്‍ മുടി വരെ പാറയില്‍ കൊത്തിയ അമ്പലം. കോട്ടമതില്‍പോലെയുള്ള നാലമ്പലത്തിനുള്ളിലും പുറത്തും കൊടും വെയില്‍. ആലിലകള്‍ നരച്ചു വിറപോലുമില്ലാതെ തൂങ്ങിക്കിടക്കുന്ന ഒറ്റമരവും. ഉച്ചമഹാകാളിയുടെ ക്ഷേത്രത്തിലല്ലാതെ ഈ സമയത്ത്‌ ആരുമുണ്ടാവില്ലല്ലോ.

എന്റെയൊപ്പമുള്ളയാള്‍ തറനിരപ്പില്‍ നിന്നും താഴേക്കു മൂന്നു പടിയിറങ്ങി ഒരു വാതില്‍ തുറന്ന്തന്നു. "തല മുട്ടാതെ നടക്കണം. ഉയരം കുറവാണ്‌. തീപ്പെട്ടിയുരക്കരുത്‌, ശ്വാസം മുട്ടും. ഇരുട്ടാണ്‌ നാഗങ്ങളും ഉണ്ടാവും".
നിര്‍ദ്ദേശങ്ങള്‍ അത്രയേ ഉണ്ടായിരുന്നുള്ളു. "ഈ വാതിലിലൂടെയുള്ള വെളിച്ചം നോക്കി വന്നാല്‍ വഴി തെറ്റില്ല. ഞാന്‍
മരച്ചുവട്ടിലുണ്ട്‌." ഇതെല്ലാം ഗണേശനും എനിക്കു പറഞ്ഞു തന്നിട്ടുണ്ട്‌.

"മുന്നില്‍ വലത്തേക്കും നേരേയും വഴി കാണും നേരേ തന്നെ പോവുക, വലത്ത്‌ തുരങ്കമാണ്‌. ചെറു ചെറു പ്രതിമകളുണ്ട്‌. മിക്കതും കൂട്ടത്തിലും കൈ കോര്‍ത്തു പിടിച്ചും." തെറ്റിയില്ല.

വഴിയവസാനിക്കുന്നയിടത്ത്‌ അവള്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. വെറും യക്ഷിയായി താണു തൊഴുതു പിടിച്ചിട്ടല്ല, ഇരു കൈകളും അരയില്‍ കുത്തി, തെല്ലൊരു കുസൃതിച്ചിരിയോടെ. എന്നെക്കണ്ടില്ലെന്നു ഭാവിക്കുന്നു. കള്ളി. എനിക്കറിയാം, എല്ലാ ഭഞ്ജികകളെയും എനിക്കറിയാം.


" ആത്മശക്തീ, വിശ്വമോഹിനീ, പാശാങ്കുശ ധനുര്‍ബാണധരേ" അവള്‍ തല ചരിച്ചു നോക്കി. എന്തൊരു ചിരിയാണീ പെണ്ണിന്റേത്‌.

അനങ്ങില്ലെന്നുണ്ടോ? അവളുടെയൊരു കൈ എടുത്ത്‌ ഞാന്‍ എന്റെ ചുമലില്‍ വച്ചു. തണുപ്പിന്റെ വിദ്യുത്‌ തരംഗള്‍ക്ക്‌ പ്രതീക്ഷിച്ച കാഠിന്യമില്ലായിരുന്നു. അതോ ഞാനെന്തിനും തയ്യാറായതുകൊണ്ടാണോ? മൂത്തകുട്ടികള്‍ "ആ വഴി, അതിലേ "എന്നൊക്കെ ആര്‍ത്തുവിളിച്ച്‌ പുറത്തേക്കോടി. അതിലും ചെറിയവര്‍ ഇരുട്ടിനെ ഭയന്ന് എന്നോട്‌ ചേര്‍ന്നു നിന്നു. നിസ്സഹായയായി പാറപാകിയ തറയില്‍ കിടന്നു കരഞ്ഞവളെ എന്റെ ഷര്‍ട്ടൂരി ഞാന്‍ പൊതിഞ്ഞെടുത്തു.

പുറത്തിരിക്കുന്ന തമിഴനോട്‌ നേരത്തേ ആലോചിച്ചു വച്ചിരുന്നതുപോലെ ഇവരെയെല്ലാം എനിക്ക്‌ കാളൂരപ്പന്‍ അനുഗ്രഹിച്ചു
നല്‍കിയതാണെന്നു പറയാം. അയാളിനി വിശ്വസിച്ചില്ലെങ്കിലും എനിക്കൊന്നുമില്ല

July 23, 2006

ജാമ്യാപേക്ഷ


മലയാളവേദി ഫോറമൊക്കെ വല്ലപ്പോഴും എഴുതിയിരുന്നു & വായിച്ചിരുന്നു. പെരിങ്ങോടന്‍ ഒരിക്കല്‍മലയാളത്തിലും ബ്ലോഗ്ഗുകളുണ്ടെന്ന് പറഞ്ഞ്‌ എന്നെ മനോജിന്റെ ബ്ലോഗ്ഗ്‌ റോളും കാണിച്ചു തന്നിരുന്നു. വിന്‍ഡോ 98 ഇല്‍ ആയിരുന്ന എനിക്ക്‌ യൂണിക്കോട്‌ വഴങ്ങാത്തതുകൊണ്ട്‌ വലിയ താല്‍പ്പര്യം തോന്നിയില്ല. അന്നത്തെക്കാലത്ത്‌ ഫോറം പോലെ തിരക്കുള്ള സ്ഥലത്തു നിന്നും infant ബൂലോഗം കണ്ടിട്ട്‌ വലിയ താല്‍പ്പര്യമൊന്നും തോന്നിയുമില്ല. അതെല്ലാം മറന്നു.

കഴിഞ്ഞ വര്‍ഷം ജീവിതം ഒന്നു റീസ്റ്റാര്‍ട്ട്‌ ചെയ്ത കൂട്ടത്തില്‍ ഫോറമെഴുത്ത്‌ അങ്ങു നിന്നുപോയിരുന്നു. കുറേ കഴിഞ്ഞ്‌ പെരിങ്ങോടനെ കണ്ട വകയില്‍ ഈ ബ്ലോഗുകളുടെ കാര്യം ഒരിക്കല്‍കൂടി വന്നു. ഞാന്‍ പാപ്പാന്റെ ബ്ലോഗ്‌ വായിക്കുകയും ചെയ്തു.

ലതൊരെണ്ണം വെറുതേ തുടങ്ങാമെന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു . എന്റെ എത്ര ഹോം പേജുകള്‍ ട്രൈപ്പോഡും സൂൊം ഡോട്ട്‌ കോമും ജിയോസിറ്റിയും പ്രോഹോസ്റ്റിങ്ങും ഒക്കെ കണ്ടിരിക്കുന്നു ഒരെണ്ണം ബ്ലോഗ്ഗറിനും കിടക്കട്ടേന്നു വച്ച്‌ ഒരു പോസ്റ്റിട്ടു. ഇട്ടതും വിശ്വം മാഷ്‌ ചിരിച്ചു. രാജ്‌, കലേഷ്‌, ഒരനോണി, വിശാലന്‍ കുമാര്‍ എന്നിവര്‍ സ്വാഗതവും പറഞ്ഞു.

ആദ്യം കണ്ടത്‌ പ്രവാസത്തിന്റെ മാഹാത്മ്യമെന്നോ മറ്റോ ആരുടെയോ ബ്ലോഗില്‍ പ്രവാസത്തിന്റെ എന്തോ മാഹാത്മ്യം എന്നായിരുന്നു. അന്നൊരു വളരെ സങ്കടം തോന്നുന്ന കാഴ്ച്ചയും കണ്ടാണു വന്നതും രണ്ടു പ്രവാസികള്‍ ഒരു വെള്ളക്കാരിയുടെ നായയും ഹിന്ദിക്കാരനും ഒരുമിച്ച്‌
ഒരിടത്തേക്ക്‌ കയറാന്‍ ശ്രമിച്ചതും അനധികൃതമേഖലയെന്നുപറഞ്ഞ്‌ പോലീസുകാരന്‍ ഹിന്ദിക്കാരനെ മാത്രം തടയുന്നതും. സൌകര്യങ്ങളുടെ അല്ലെങ്കില്‍ വിശപ്പിന്റെ പേരില്‍ നായയെക്കാള്‍ വിലകുറഞ്ഞ ജീവിതമാണല്ലോ നമ്മള്‍ നയിക്കുന്നത്‌ എന്നു തോന്നി ഇരിക്കുമ്പോള്‍ പ്രവാസമാഹാത്മ്യത്തിനെ കൊട്ടാരത്തിലെ ജോലിക്കായി ഷണ്ഡത സ്വീകരിക്കുന്ന ഗ്രാമീണനോട്‌ താരതമ്യപ്പെടുത്താനേ തോന്നിയുള്ളു. ദേ വരുന്നു വാളെടുത്ത്‌ ഒരുത്തി. എം വീ തല്ലു കണ്ട നമ്മള്‍ക്കുണ്ടോ ഭയം!

നാലു പോസ്റ്റും എഴുതി ഒരു കൊല്ലം ഇട്ട്‌ പിന്നെ പതുക്കെ അയ്യേന്നു വച്ച്‌ ഡിലീറ്റ്‌ ചെയ്തേനേ, പിന്മൊഴീസ്‌ വായിച്ചിരുന്നില്ലെങ്കില്‍ അങ്ങനെ അങ്ങനെ ഒന്നായ ബ്ലോഗ്‌ രണ്ടായി മൂന്നായി നാലായി.ഇടമ്പിരി വലമ്പിരി തിരിഞ്ഞു ബ്ലോഗി, ഓതിരം കടകം പറഞ്ഞു ബ്ലോഗി ആനത്തിരിപ്പു തിരിഞ്ഞു ബ്ലോഗി അമ്പരപ്പ്‌ സോറി അങ്കപ്പരപ്പ്‌ പറഞ്ഞു ബ്ലോഗി.

പട്ടിണികൊണ്ടു മെലിഞ്ഞ പണ്ഡിതനു കുശസ്ഥലി കണ്ടപ്പോ സര്‍വ്വതും നിന്നെന്ന് പറഞ്ഞപോലെ ജോലി, ഉറക്കം, വായന, കൂട്ടുകാര്‍, നാട്ടുകാര്‍ ഒക്കെ എനിക്കു ബ്ലോഗിലടങ്ങി.

കൃപ എന്ന ഫോറമെഴുത്തുകാരി പണ്ടൊരിക്കല്‍ "ഞാന്‍ റീയല്‍ ലൈഫില്‍ ഇല്ല, ഇന്റര്‍നെറ്റില്‍ മാത്രം ജീവിക്കുന്നൊരുത്തി" എന്നു പറഞ്ഞ അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീക്കരുതല്ലോ.

ബ്ലോഗെഴുത്തു മൂലം മൂലക്കുരു വന്നു, ബ്ലോഗെഴുതിയെഴുതി ഭക്ഷണം കഴിക്കാന്‍ മറന്ന് മരിച്ചു,ബ്ലോഗ്‌ എഴുതാന്‍ സമയം തികയാത്തതുമൂലം ജോലി രാജി വച്ചു, ബ്ലോഗ്‌ എഴുത്തിന്റേ പേരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു, ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ നിലച്ചതിനാലെ ബ്ലോഗര്‍മാര്‍ ടെലിക്കോം ഓഫീസ്‌ കത്തിച്ചു എന്നൊക്കെ കേട്ടാല്‍ ഞാന്‍ ഇന്ന് അസംഭാവ്യമെന്ന് എഴുതി തള്ളില്ല.

ആപ്പീസ്‌ പണികള്‍ തീര്‍ക്കണം. കയ്യിലുള്ള കടലാസുകള്‍ ആനുകാലിക ലൈസന്‍സുകളായി പുതുക്കണം. വീട്ടുകാരിയെ പുറത്തു വിളിച്ചോണ്ടു പോയി നാലു സിനിമായോ മറ്റോ കാണിക്കണം. നാട്ടില്‍ നിന്നും വിരുന്നുകാര്‍ ഉണ്ട്‌ അവരേയും കൊണ്ട്‌ കറങ്ങാന്‍ പോണം. ഡയറ്റ്‌ ഒന്നു പരിഷ്കരിക്കണം നാലുകാശ്‌ ഉണ്ടാവുന്ന എന്തെങ്കിലും സൈഡ്‌ ബിസിനസ്സ്‌ കണ്ടുപിടിക്കണം. പത്തു മുപ്പത്‌ പുസ്തകങ്ങള്‍ വായിക്കാണ്ടെ കിടക്കുന്നു, ഒക്കെ വായിക്കണം.. കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌ സാറമ്മാരേ.

3 ദിവസം നോട്ടീസ്‌ ഇട്ട്‌ ഈ ജൂലായി 26 മുതല്‍ ഓക്റ്റോബര്‍ 26 വരെ ജാമ്യം തന്ന് വിട്ടയക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. കഴിയുമെങ്കില്‍ കുറച്ച്‌ നേര്‍ത്തേ തന്നെ തിരിച്ചു വരാം.

ആള്‍ജാമ്യമായി രണ്ട്‌ അനോണിമസ്സുകളേയും സ്ഥാവരജാമ്യമായി എന്‍ എച്ച്‌ 47 ഉം ദ്രവ്യജാമ്യത്തിന്‌ റിസര്‍വ്‌ ബാങ്ക്‌ സ്റ്റ്രോങ്ങ്‌ റൂമും തന്നുകൊള്ളാം.

പരോളില്‍ ഇറങ്ങി ഞാന്‍ മുങ്ങില്ലെന്ന് ഉറപ്പിന്‌. ആഴ്ച്ചയില്‍ ഒരിക്കല്‍ ഈ പോസ്റ്റില്‍ വന്ന് ഞാന്‍ ഒപ്പിടാം. എന്നോട്‌ പറയാനുള്ള കാര്യങ്ങളും ഇവിടെ കമന്റായോ പ്രൊഫൈലിലെ മെയില്‍ അഡ്രസ്സിലോ
പറയണേ, മറ്റു കമന്റുംകള്‍ വായിക്കാന്‍ നില്‍ക്കില്ല. ആയിരക്കണക്കിനു പോസ്റ്റുകള്‍ മിസ്സ്‌ ആകാതിരിക്കന്‍ സിബുവിന്റെ പിക്ക്‌ ലിസ്റ്റ്‌ പോലെ കുറച്ചുപേര്‍ കൂടി തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു.

എന്റെ തുരുമ്പെടുക്കുന്ന ജീവിതം ഒന്നു സാന്‍ഡ്‌ പേപ്പറിട്ട്‌ മിനുക്കി ഗ്രീസിട്ട്‌ സ്മൂത്താക്കി ഞാന്‍ വീണ്ടും വരാം.

കൌണ്ട്‌ ഡൌണ്‍ - 3 ദിവസം ബാക്കിയുണ്ട്‌.

July 17, 2006

ഇമ്പോര്‍ട്ടന്റ്‌ ഇമ്പോര്‍ട്ട്‌ എന്‍ക്വയറി



പ്രിയ വക്കാരി,
ജീവിതത്തില്‍ പറ്റുന്നതെല്ലാം വിധിയാണ്‌, സംഭവിക്കുന്നതെല്ലാം ആര്‍ക്കെങ്കിലും നല്ലതിന്‌, മണ്ടേലെഴുത്ത്‌ മണ്ടേലക്കും തടുക്കാവതല്ല, ലോകത്തിനു മുഴുവനായി അലോട്ട്‌ ചെയ്ത കഷ്ടകാലം സ്പ്‌ളിറ്റ്‌ ചെയ്തപ്പോള്‍ എനിക്ക്‌ ചോദിച്ചതില്‍ കൂടുതല്‍ കിട്ടിപ്പോയതാണ്‌ എന്നൊക്കെ സമാധാനിക്കാം. പക്ഷേ ഞാന്‍ കാണുന്ന മനോരാജ്യവും മനോരാജ്യം വാരികപോലെ ഒന്നിനും കൊള്ളരുതാത്തതായിപ്പോയാലോ. കഷ്ടമല്ലേ.

ഇതൊക്കെ എന്നോടെന്തിനാ പറയുന്നത്‌ എന്നായിരിക്കും ഇപ്പോള്‍ വക്കാരി ആലോചിക്കുന്നത്‌. പറയാം. അപ്പുറത്തെ ബ്ലോഗിലിരുന്ന് വിശാലന്‍ 70mm വിസ്റ്റാരമ സ്വപ്നങ്ങള്‍ കാണുന്ന കാര്യങ്ങളൊക്കെ എഴുതുന്നു. അസൂയയായിട്ട്‌ പാടില്ല. ഞാന്‍ പാവം ചുറ്റി ചുറ്റി സ്ക്രാച്ച്‌ വീണ്‌ പൊട്ടിയ റീലു കൂട്ടിയൊട്ടിച്ച പുത്തന്‍ കാര്‍ബണിട്ടാലും ഇരുട്ടു മാറാത്ത ന്യൂസ്‌ റീല്‍ ഒക്കെയാ കാണുന്നത്‌.

എന്റെ സ്വപ്നങ്ങളുടെ സ്വഭാവമറിയാനായി രണ്ടെണ്ണം വയ്ക്കുന്നത്‌ അനുചിതമാവില്ലെന്ന് കരുതുന്നു
ഒന്ന്: ചൈനയുടെ പ്രധാനമന്ത്രിയെ കൊടി വീശി സല്യൂട്ട്‌ അടിക്കുമ്പോള്‍ പിറകില്‍ നിന്നവന്റെ കൊടിക്കാല്‍ എന്റെ പിടലിക്കടിച്ചെന്ന്.

രണ്ട്‌ : എനിക്ക്‌ കയ്യബദ്ധം പറ്റിയെന്ന പേരില്‍ തട്ടുകട നടത്തുന്ന തമിഴത്തിയെ നാട്ടുകാര്‍ എന്റെ ചുമലില്‍ കെട്ടി വച്ചെന്ന്‌.

നമുക്കിഷ്ടമുള്ള രീതിയില്‍ കൊള്ളാവുന്ന സ്വപ്നം കാണാന്‍ എന്തോ ഒരു ഉപകരണം
ജപ്പാനില്‍ കണ്ടുപിടിച്ചെന്ന് ഈയിടെ ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. സാധനം ശരിക്കും വര്‍ക്ക്‌ ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്റെ മനോവേദന മനസ്സിലാക്കി താങ്കള്‍ എത്രയും പെട്ടെന്ന് താഴെപ്പറയും കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ഒരു കൊട്ടേഷനോ പ്രോ ഫോമാ ഇന്‍വോയിസോ വാങ്ങി അയച്ചു തന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

1. യന്ത്രത്തിന്റെ വില (ബാറ്ററി, ചാര്‍ജര്‍, എസ്‌ ഡി കാര്‍ഡ്‌, ക്രേഡിലോ സ്റ്റാന്‍ഡോ മറ്റോ ഉണ്ടെങ്കില്‍ അത്തരം ആക്സസ്സറികള്‍ എല്ലാം അടക്കമുള്ള വില)

2. വണ്ടി പോലെ സീ സീ അടച്ചു വാങ്ങാന്‍ സൌകര്യമുണ്ടോ ഇല്ലയോ എന്ന് (കമ്പനിക്ക്‌ ആ സൌകര്യമില്ലെങ്കില്‍ ബാങ്കൊ ബ്ലേഡോ യന്ത്രം ഫൈനാന്‍സ്‌ ചെയ്യുമോ എന്നും തിരക്കണേ)

3. താഴെപ്പറയുന്ന സ്വപ്ന പ്രോഗ്രാമിങ്ങുകള്‍ ആണ്‌ ഞാന്‍ മനസ്സില്‍ ഉദ്ദേശിക്കുന്നത്‌: ഇവ ടെക്നിക്കലി വയബിള്‍ ആണോ എന്ന്
ഏ. വേലിക്കല്‍ നിന്നു കശുവണ്ടിയാപ്പീസില്‍ പോകുന്ന പെണ്ണുങ്ങള്‍ക്ക്‌ കത്തെഴുതിക്കൊടുത്തു എന്നിങ്ങനെ ഇപ്പോള്‍ സ്ഥിരം കാണുന്ന പൈങ്കിളി സ്വപ്നങ്ങള്‍ക്കു പകരം നോവലാക്കാന്‍ പോന്ന ക്ലാസ്സിക്‌ സ്വപ്നങ്ങള്‍ കാണനാവണം.

ബി. പാന്റിടാന്‍ മറന്ന് ഓഫീസില്‍ പോയി ഇത്യാദി പഴേ പട്ടം സദന്‍- കടുവാക്കുളം ആന്റണി സ്റ്റൈല്‍ കോമഡി സ്വപ്നങ്ങള്‍ക്കു പകരം വൂഡി അലന്‍ സ്റ്റാന്‍ഡേര്‍ഡ്‌ ഉള്ള ഹാസ്യരംഗങ്ങള്‍ മാത്രം കാണാന്‍ കഴിയണം- പറ്റുമെങ്കില്‍ നായകനായ ഞാന്‍ ചമ്മല്‍-ഹാസ്യരംഗങ്ങളിലേ വരാതെ കഴിക്കണം.

സി. തൂറ്റപ്പടക്കം പോലെയുള്ള ക്ലൈമാക്സുകള്‍ ഒഴിവാക്കി തീരുമ്പോള്‍ "അയ്യേ" എന്നു വച്ച്‌ മറിഞ്ഞു കിടന്നുറങ്ങേണ്ട സാഹചര്യം ഇല്ലാതാക്കാന്‍ കഴിയണം.

ഡി. ക്യാരക്റ്റര്‍ സ്വാപ്പ്‌ സംവിധാനം വേണം. ഉദാ: ഷക്കീല കയറി വന്നാല്‍ ഉടന്‍ ഐഷു ആക്കാന്‍ കഴിയണം, ബോസിനെ കുരങ്ങാക്കാന്‍ കഴിയണം, വഴിയില്‍ കാണുന്നവരെല്ലാം സുന്ദരന്മാരും സുന്ദരികളും ചിരിച്ച മുഖമുള്ളവരുമാക്കാന്‍ കഴിയണം.

4. ഇടക്ക്‌ അലാറം, ഫോണ്‍, ഹോണ്‍ എന്നിവ അടിച്ചാലും സ്വപ്നം മുറിയാതെ തുടരാന്‍ UDF- Uninterrupted dreaming facilitator പോലെ എന്തെങ്കിലും സംവിധാനമുണ്ടോ

5. രാഷ്ട്രീയക്കാരുടെ ജാഥ പോയിക്കൊണ്ടേയിരിക്കുന്നു, ഞാന്‍ ക്യൂ നില്‍ക്കുന്നു, ഓഫീസ്‌ വര്‍ക്ക്‌ ഇങ്ങനെ സ്പാം സ്വപ്നങ്ങളും, ശരീരം തളര്‍ന്നു, വേണ്ടപ്പെട്ടവര്‍ക്ക്‌ അസുഖമായി, ആരെങ്കിലും മരിച്ചു ഇത്യാദി ഭീതിദമായ സ്വപ്നങ്ങളും, ആന കുത്താനോടിച്ചു, ചിട്ടിപ്പിരിവുകാരന്‍ കയറി വരുന്നു എന്നിങ്ങനെ എന്നുമാവര്‍ത്തിക്കുന്ന ക്ഷീരബല സ്വപ്നങ്ങളും ബ്ലോക്ക്‌ ചെയ്യാന്‍ സംവിധാനമുണ്ടോ.

6. സ്വപ്നം കാണുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ ഒച്ചവയ്ക്കുകയും വിയര്‍ക്കുകയും ഭാര്യക്കിട്ടു തൊഴിക്കുകയും കട്ടിലില്‍ നിന്നും വീഴാന്‍ ഭാവിക്കുകയും ചെയ്യാറുള്ളത്‌ നിറുത്താനുള്ള എന്തെങ്കിലും സംവിധാനമുണ്ടോ?

7. യന്ത്രത്തിന്‌ വാറണ്ടി, പെര്‍ഫോര്‍മന്‍സ്‌ ഗ്യാരണ്ടി, കശുവണ്ടി, തിരണ്ടി
എന്നിവ വല്ലതുമുണ്ടോ

8. യന്ത്രമുപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങളെന്തെങ്കിലും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ.

എത്രയും പെട്ടെന്ന് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച കടലാസുകള്‍ അയച്ചു തന്ന് ഈയുള്ളവനെ നന്ദിയുള്ളവനാക്കുമെന്ന് താല്‍പ്പര്യപ്പെടുന്നു.

നിങ്ങളില്‍ പ്രതീക്ഷയോടെ
ദേവരാഗം. (ഒപ്പ്‌)

( ഈ പോസ്റ്റ്‌ വിശാലന്റെ സ്വപ്നബ്ലോഗിന്‌ ഡെഡിക്കേറ്റുന്നു)