December 17, 2006

തിരുത്ത്‌

ഒരു കോഴി കൊത്തുന്നതുപോലെയേ തോന്നുന്നുള്ളു എനിക്ക്‌. വിരല്‍ക്കെട്ടുകള്‍ മുറുക്കിപ്പിടിക്ക്‌. വേഗത കുറയ്ക്ക്‌.

അവളുടെ മുഖത്തേക്ക്‌ നീട്ടിപ്പിടിച്ചിരുന്ന എന്റെ കാലിന്റെ വെള്ളയില്‍ ചെറിയ ഇടികള്‍ തന്നുകൊണ്ടിരുന്ന ചിന്‍ചിന്‍ ചോദ്യരൂപമാര്‍ന്ന നോട്ടം തൊടുത്തു. എന്റെ ഭാഷ അവള്‍ക്ക്‌ മനസ്സിലാവുന്നേയില്ല. മുഷ്ടി ചുരുട്ടി കാട്ടി. "this way"

അവള്‍ ക്ഷീണിതയെന്ന മുഖഭാവം വരുത്തി, ആവശ്യം എന്ന ആംഗ്യവും."you very".
അതേ. ഞാന്‍ സ്ഥിരസമ്പര്‍ക്കത്താല്‍ കര്‍ക്കശക്കാരനായ, അനുഭവസമ്പത്തിന്റെ തഴമ്പുവീണ ഉപഭോക്താവ്‌. സുന്ദരമായ കളിക്കോപ്പുകള്‍ എന്നും വാങ്ങി ഓടയിലൊഴുക്കി രസിക്കുന്നവന്‍. സെന്‍ഷ്വല്‍ റിഫ്ലക്സോളജി എനിക്ക്‌ നിന്നെക്കാള്‍ നന്നായറിയാം, താന്ത്രിക രതിയും.സാരമില്ല, അമിതാദ്ധ്വാനത്തിനും ചേര്‍ത്ത്‌ നിനക്ക്‌ കൂലി കിട്ടും. "more money".

"what job?" ചിന്‍ചിന്‍ കുശലം ചോദിക്കുന്നു. ഞാന്‍ കാക്വാ വര്‍ഗ്ഗത്തില്‍ നിന്നു വന്ന ഒരാഫ്രിക്കന്‍ ഡാഡ. വെളുത്ത തൊലിയുള്ളവനോട്‌ എന്റെ പല്ലക്കു ചുമക്കുവാന്‍ പറയുന്ന വിഭ്രാന്തമനസ്സിനെ സഹിക്കുന്ന ജോലി ചെയ്തുവരുന്നു.
അവള്‍ ചോദ്യത്തിനു മുന്നേ മനസ്സില്‍ ഉറപ്പിച്ച അഭിപ്രായം മൊഴിഞ്ഞു "very good job".

"you english well. teacher me 5 minutes when go?"
നീ ഇരുപത്താറു വയസ്സായെന്നു പറയുന്നു. മുപ്പതു കൂട്ടാം, കള്ളം നിന്റെ തൊഴില്‍ പരമായ ആവശ്യം. ഈ പ്രായത്തില്‍ നീയെന്തിനു പുതിയൊരു ഭാഷ പഠിക്കുന്നു? ഇപ്പോഴറിയുന്ന വാക്കുകള്‍ തന്നെ ധാരാളമല്ലേ എവിടെയും നിന്റെ തൊഴില്‍ ചെയ്തു ജീവിക്കാന്‍. "why interested?"

അവള്‍ വിമാനമെന്ന് മുദ്രകാട്ടുന്നു."new job. i make good peking duck"

വെള്ളെഴുത്തു കണ്ണടയ്ക്കുള്ളിലൂടെ സാമുവല്‍ സാറിന്റെ കണ്ണുകള്‍ എന്നെ പരതിയെടുത്തു.

"ഇവനു ഡോക്ടറാകണം. ഇവള്‍ക്ക്‌ പോലീസ്‌ ഇന്‍സ്പെക്ടര്‍. നിനക്കോ?"
"കളക്ടര്‍"
"കൊള്ളാം. എന്നിട്ടെന്തു ചെയ്യും?"
"വലിയ വീടു വയ്ക്കും."
" നിനക്ക്‌ ബംഗളാവ്‌ സര്‍ക്കാര്‍ തരും. കളക്ടര്‍ക്ക്‌ വേറേ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌, പാവങ്ങള്‍ക്ക്‌ വീടു വച്ചു കൊടുക്കണം, വെള്ളവും കറണ്ടുമില്ലാത്തയിടങ്ങള്‍ നല്ലതാക്കണം. ഒക്കെ ചെയ്യുമോ?"
"ചെയ്യാം."
"നിങ്ങളൊക്കെ മിടുക്കരാണ്‌. ഡോക്റ്ററും പോലീസും കളക്ടറും വക്കീലുമാകാന്‍ ഈ ചായിപ്പിലെ പഠിപ്പു പോരാ, നല്ല സ്കൂളില്‍ പോകണം, പിന്നെ കോളേജില്‍ പഠിക്കേണം. ഇന്നാരാ സാറിനു ചായവാങ്ങിക്കൊണ്ടുവരാന്‍ പോകുന്നത്‌?"
"ഞാന്‍ പോകാം സാര്‍, ഞാന്‍, ഞാനും"
സുരേഷ്‌ പി. ചായ വാങ്ങാന്‍ ഓടി. ഓമനക്കുട്ടന്‍ ജെ. പിന്നാലെ പാഞ്ഞു.. രാധിക ആര്‍. ഡി., ഞാന്‍, സി. ജോണ്‍സണ്‍, എല്ലാവരുംകൂടെയോടിയെത്താന്‍ ശ്രമിച്ചു. സാമുവല്‍ സാര്‍ കണ്ണടയൂരി കസേരപ്പടിയില്‍ വച്ചു, എന്നിട്ട്‌ മെല്ലെ ഉറക്കം തുടങ്ങി.

നിന്നെ എന്തു ഞാന്‍ പഠിപ്പിക്കണം ചിന്‍ചിന്‍?
അവള്‍ തലയിണക്കടിയില്‍ നിന്നും വര്‍ണ്ണചിത്രങ്ങള്‍ക്ക്‌ താഴെബൈഹുവെയിലും ഇംഗ്ലീഷിലും വാക്കുകളുള്ള ഒരു ബാലപാഠമെടുത്ത്‌ നീട്ടി.

ശരി തുടങ്ങാം. അല്ല, "where are you going?"

"get towel. I no cloth"
എന്തിനു നീ അഹങ്കരിക്കുകയും ഞാന്‍ കുനിയുകയും വേണം? നിന്നെ ആലംഗീര്‍ ആക്കിയ പടച്ചവന്‍ തന്നെയല്ലയോ എന്നെ യത്തീമാക്കി, നിന്നെ പൊന്നിന്‍ കിരീടമണിയിച്ചവന്‍ തന്നെയല്ലയോ എന്നെ നിര്‍വ്വസ്ത്രനാക്കി വിട്ടു? "you don’t need any clothes to learn".

വളകള്‍ കൂട്ടിമുട്ടുന്ന പശ്ചാത്തല സംഗീതത്തോടെ വസന്ത മിസ്സ്‌ എന്റെയരികിലേക്ക്‌ വന്നു.
"മിടുക്കന്‍. ഇവര്‍ക്കാര്‍ക്കും അറിയാത്ത ഉത്തരങ്ങള്‍ കൂടി നീ പറഞ്ഞു. പക്ഷേ നാളെ നീ വരും മുന്നേ ഉടുപ്പിന്റെ ബട്ടണുകള്‍ തയ്ച്ചു തരാന്‍ അമ്മയോടു പറയണം. കരിപ്പെട്ടി പോലത്തെ നിന്റെ കുടവയര്‍ കാണാന്‍ വൃത്തികേട്‌. അല്ലേ കുട്ടികളേ?"
കൂട്ടച്ചിരി മുഴങ്ങിയത്‌ അടങ്ങും മുന്നേ മറ്റൊരു വൃത്തികേടും കൂടി കുട്ടികള്‍ ടീച്ചറിനു കാട്ടിക്കൊടുത്തു.
"നിക്കറിനും ബട്ടണ്‍ പിടിപ്പിക്കാന്‍ പറയണം, ഇന്നു തന്നെ." വസന്തമിസ്സ്‌ വടി ചുഴറ്റിക്കാട്ടി. സാമുവല്‍ സാര്‍ പഠിപ്പിച്ചാലെത്തുന്നയിടം വരെ മതി, എന്തു കളക്ടര്‍?

നീ നന്നായി പഠിക്കുന്നു ചിന്‍ചിന്‍. യൂറോപ്പിലോ അമേരിക്കയിലോ നീ ഷെഫ്‌ ആയി ജോലി നേടണം. പിന്നെ "ചിന്‍ചിന്‍'സ്‌ പീക്കിംഗ്‌ ഡക്ക്‌" എന്ന ചെറുകട തുടങ്ങണം. അത്‌ പിന്നെ ഒരു റെസ്റ്റോറന്റ്‌ ചെയിന്‍ ആക്കണം. “you learn well.”

മുന്‍കൂര്‍ വാങ്ങിയ പണം അവളില്‍ കുറ്റബോധമുണ്ടാക്കി."massage not finished. continue?"

പൂക്കളില്‍ കാര്‍ക്കിച്ചു തുപ്പി രസിക്കുന്നതിലെ കമ്പം എനിക്കു തീര്‍ന്നു. വേറൊന്നും ചെയ്യാനില്ലാത്ത ഒരു ദിവസം ഞാന്‍ പഠിപ്പിക്കാന്‍ വീണ്ടും വരാം. “someday later. OK?”
“OK.”