June 30, 2007

ഓകെമിന്റെ ക്ഷൗരക്കത്തി- ഭാഗം രണ്ട്

ഈ റാളിന്റെ ഇടതുഭാഗത്തിന്റെ ആകൃതി വ്യത്യാസം കണ്ടില്ലേ, അവിടേക്ക് തേനീച്ചകള്‍ ഇപ്പോള്‍ പോകുന്നുമില്ല, ആ ഭാഗത്തെ അറകള്‍ നിറഞ്ഞു കഴിഞ്ഞു."

വില്ലി ഒരു അമ്പ് എടുത്തു. മരം കൊണ്ട് തീര്‍ത്ത അരയടി നീളമുള്ള അതിന്റെ മുന്നറ്റത്തിനു ചാട്ടുളി പോലെ ഒരു ടോഗ്ഗിളും പിന്‍ഭാഗത്ത് സൂചിക്കുഴ പോലെ ഒരു ദ്വാരവുമുണ്ടായിരുന്നു. പിന്നറ്റത്ത് ചണച്ചെടിയുടെ നാരുപിരിച്ചുണ്ടാക്കിയ നൂല്‌ കോര്‍ത്തു, പാതിരിമരം കൊണ്ടുള്ള വില്ലു കുലച്ചു.
ചെറിയൊരു മൂളലോടെ അമ്പ് റാളിന്റെ ഇടതുവശത്തിന്റെ അടിഭാഗം തുളച്ചു കയറി. താഴേക്ക് നീണ്ടുകിടക്കുന്ന നൂലിന്റെ കീഴറ്റം നിലത്തു നിന്നും അരയടി ഉയരത്തില്‍ ഒരുണ്ടയാക്കി കെട്ടി. കീശെയൊരു കല്‍ച്ചട്ടിയും വച്ചു.
"ഒരു മണിക്കൂര് തേനൂറും. ഒരു മുക്കാല്‍ ലിറ്റര്‍ കിട്ടേണ്ടതാണ്‌. അമ്പ് വലിച്ചൂരിക്കഴിയുമ്പോള്‍ തേനീച്ചകള്‍ ഈ ലീക്ക് മനസ്സിലാക്കി അവിടം വേഗം അറ്റകുറ്റപ്പണി നടത്തും."
ഞങ്ങള്‍ തിരികെ മടയിലെത്തി. കൊറപ്പാളു ചക്കപ്പുഴുക്കു പോലെ എന്തോ ഭക്ഷണം ഇലകളില്‍ വിളമ്പി.

"ശരിക്കും ഒന്നും തന്നെ പുറത്തു നിന്നു വാങ്ങേണ്ടതില്ല. ഒന്നാം തരം കത്തി പാറകൊണ്ട് ഉണ്ടാക്കാം, ഉപ്പുകല്ലുകള്‍ പാറയിടുക്കുകളിലുള്ളത് പൊട്ടിച്ചെടുക്കുകയും ചെയ്യാം, ചണച്ചെടികൊണ്ട് വസ്ത്രവുമുണ്ടാക്കാം. ഞാന്‍ മടിയനായതുകൊണ്ട് ഉപ്പു പുറത്തു നിന്നും വാങ്ങും, തീപ്പെട്ടിയും. വെട്ടുകത്തിയും തുണിയും കൊല്ലത്തിലൊരിക്കലോ മറ്റോ വാങ്ങാറുണ്ട്." വില്ലി പറഞ്ഞു.

"എരിവും പുളിയുമൊക്കെ ഉണ്ടല്ലോ ഭക്ഷണത്തിന്‌? എന്തെങ്കിലും നട്ടു വളര്‍ത്തുന്നുണ്ടോ?" ഞാന്‍ അന്വേഷിച്ചു.

കൃഷി ചെയ്യല്‍ ഇവിടത്തെ പരിസ്ഥിതിയെ ഒരു തരം അട്ടിമറിക്കലല്ലേ ? ഞാന്‍ പാചകം ചെയ്യുന്നതെല്ലാം ഇവിടെ തനിയേ വിളഞ്ഞ പഴങ്ങളും കായകളും ഇലകളും ആണ്‌. അതില്‍ എല്ലാ രസങ്ങളും അടങ്ങിയിട്ടുണ്ട്. അവശ്യം വേണ്ട പോഷണവും മരുന്നുകളുമുണ്ട്.

ഒരു ചോദ്യം മനസ്സില്‍ വന്നത് നാവിലെത്തും മുന്നേ വില്ലിയെന്റെ മുഖഭാവത്തില്‍ നിന്നു വായിച്ചു
"അതേതു ചെടികളാണെന്നല്ലേ ചോദിക്കാന്‍ പോകുന്നത്? പറയില്ല ഞാന്‍. താളം പിഴച്ച ജീവിതം കൊണ്ട് ഒരു ഹൃദയത്തിന്റെ വാതിലടയുമ്പോള്‍ താളം പിഴയ്ക്കുമ്പോള്‍ അതിനെ കമ്പി കൊണ്ട് കുത്തിത്തുറക്കാന്‍ ശ്രമിക്കും, പിന്നെ മറ്റൊരു പൈപ്പ് തുന്നിച്ചേര്‍ക്കാന്‍ നോക്കും, അതും കഴിഞ്ഞ് വൈദ്യുതി കൃത്രിമമായി ഉണ്ടാക്കാന്‍ ബാറ്ററി വയ്ക്കും, ഒക്കെ കഴിഞ്ഞ് നീര്‍മരുതിന്‍ പട്ട വെട്ടാന്‍ കാട്ടില്‍ ഫാക്റ്ററി സ്ഥാപിക്കും. അങ്ങനെയുള്ള കൂട്ടര്‍ക്ക് ഇമ്മാതിരി കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ ഒരു ദിവസം കൊണ്ട് അവര്‍ ഋഷിമലയുടെ മക്കള്‍ക്ക് അവകാശപ്പെട്ടതെല്ലാം മൂടോടെ പിഴുതു വിറ്റ് കാശാക്കും. അര്‍ബുദം ബാധിച്ച കോശങ്ങളെ സുഖപ്പെടുത്തുന്ന ഒരു മാംസഭോജിയായ ചെടിയുണ്ട്. സൂര്യപ്രകാശം വീഴാത്ത സ്ഥലത്തേ അതു വളരൂ എന്നതിനാല്‍ ആകെ ഒരു അമ്പതെണ്ണമേ ഉണ്ടാവൂ, പുറത്തു പറഞ്ഞാല്‍ നാളെ അത് നാടിനു നഷ്ടപ്പെടും, പിന്നെ ഇറച്ചിത്തുണ്ടുകള്‍ ഇട്ടുകൊടുത്ത് അതു ലാബില്‍ വളര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കും, അങ്ങനെ അതു ഫലിക്കാതെയും പോകും. കേരളത്തിന്റെ നാലില്‍ മൂന്നും നൂറ്റമ്പതു വര്‍ഷം മുന്നേ വരെ കാടായിരുന്നു. അതു കളഞ്ഞവര്‍ വിലയും കൊടുത്തല്ലേ മതിയാവൂ?ലോകത്തിന്റെ മൊത്തം കാര്യവും അങ്ങനെ തന്നെ."
"അറിവ് എല്ലാവര്‍ക്കും അവകാശപ്പെട്ട സ്വത്തല്ലേ വില്ലീ?"
"അറിവ് സ്വത്താണ്‌, ശരി. അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെങ്കില്‍ മറ്റു സ്വത്തുക്കളും എല്ലാവര്‍ക്കും അവകാശപ്പെട്ടതല്ലേ? പണവും വസ്തുക്കളും വീതിച്ച് ഇങ്ങോട്ടു തരൂ."
അതെന്നെ ആശയക്കുഴപ്പത്തിലാക്കി.
"ഈ അറിവ് നിങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഉപയോഗിക്കാനും കഴിയില്ലല്ലോ? പത്തോ അമ്പതിനായിരമോ വര്‍ഷം ചുറ്റുമുള്ളത് ഖനനം ചെയ്തും ഉച്ഛിഷ്ടങ്ങള്‍ തള്ളിയും അട്ടിമറിക്കാതെ, കത്തിച്ചും വെട്ടിയും ഇല്ലാതാക്കാതെ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്കു അവശ്യം വേണ്ടത് - ഭക്ഷണം, മരുന്ന്, ജലം, വായു മുതലായവ- ചുറ്റും തന്നെ ഉണ്ടാകും എന്നാണ്‌ ഈ അറിവ്. അതിനു വിലയുണ്ടോ ഈ നിമിഷത്തില്‍ മാത്രം ജീവിക്കുന്ന മനുഷ്യര്‍ക്ക്?"

June 25, 2007

ഓകെമിന്റെ ക്ഷൗരക്കത്തി -ഭാഗം ഒന്ന്

അര്‍ജ്ജുനവൃക്ഷത്തിനു നൂറോളം ഉപജാതികളുള്ളതില്‍ അച്ചന്‍ കോവിലാറിന്റെ ഉത്ഭവസ്ഥാനത്ത് വളരുന്ന നീര്‍മരുതാണ്‌ ഹൃദയത്തിന്റെ വൈദ്യുതിനിര്‍മ്മാണശാലയായ സിനോഏട്രിയല്‍ നോഡിനു സംഭവിക്കുന്ന ഊനങ്ങള്‍ ചികിത്സിക്കാന്‍ ഏറ്റവും യോജ്യം എന്നൊരു വന്യമായ ഊഹമാണ്‌ കോണ്‍റാഡിന്റെ ടീമിനെ പശുക്കിടാമേട്ടില്‍ എത്തിച്ചത്. ഒരു ദിവസം കൂടി അവിടെ ചിലവിട്ട് ഞാനും ചീരനും മേടിറങ്ങി

"ഋഷിമലയില്‍ പോകാനുള്ള വഴി അറിയുമോ?"
"കല്ലൂരു വഞ്ചി തേടാനാ?അത്ര വഴി പോകാതെ പറ്റും"ചീരന്‍ പണിപ്പെട്ട് നാഗരികഭാഷയില്‍ പറഞ്ഞു.
"മരുന്നൊന്നും തേടിയല്ല.വില്ലിയെ ഒന്നു കാണണം,ഓഫീസര്‍ പറഞ്ഞു ഞാന്‍ നിറയെ കേട്ടിരിക്കുന്നു."
"വില്ലി നിറയെ പഠിപ്പ് വച്ചവന്‍‍.കുടി കാരണം പഠിച്ചതെല്ലാം മറന്നു പോയി.നരി മാതിരി മലമ്പൊത്തില്‍ താമസം.എനിക്ക് ഇഷ്ടമില്ല"

ചതുക്കു തടികളും വള്ളികളും നിറഞ്ഞ വഴിയേറെ താണ്ടിയപ്പോള്‍ ഋഷിമലയാറു കാണായി.അവിടെ നിന്നും മുകളിലേക്ക്.

"മുതുവാന്‍ കുടിയില്‍ ഞാന്‍ കാത്തിരിക്കാം.അവനുക്ക് എന്നെ കാണറത് ദേഷ്യം." ബാക്ക് പാക്കും കത്തിവാളും വാങ്ങുമ്പോള്‍ വില്ലിയോട് തേന്‍ വാങ്ങാന്‍ മറക്കേണ്ടെന്നും അയാള്‍ ഓര്‍മ്മിപ്പിച്ചു.

പാറക്കെട്ടില്‍ ഒരു ഗുഹ.അതിന്റെ പൂമുഖത്ത് ഇലകള്‍ മേഞ്ഞൊരു ചായ്പ്പും.വില്ലിയുടെ താവളം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല.പക്ഷേ അവിടെവരെ കയറിയെത്താന്‍ ഏറെ പണിപ്പെട്ടു.

"നിങ്ങളാര്‌?" ഗുഹയ്ക്കകത്തുനിന്നും ശബ്ദം മാത്രം പുറത്തെത്തി.
"കണ്‍സര്‍‌വേറ്റര്‍ ‍ പറഞ്ഞാണ്‌ ഞാന്‍ വില്ലിയെക്കുറിച്ച് അറിഞ്ഞത്.പശുക്കിടാമേട്ടുവരെ വരേണ്ട കാര്യമുണ്ടായിരുന്നു.തിരിച്ചു പോകുന്ന വഴിയാണ്‌. "

നിറം മങ്ങിയ ഒരു പച്ച കൈലിയുടുത്ത് തോള്‍ വരെ മുടി വളര്‍ത്തിയ ആറടിക്കടുത്ത് ഉയരവും സണ്‍ ടാന്‍ വീണ ശരീരവുമുള്ള ഒരാള്‍ ചായ്പ്പിലേക്ക് ഇറങ്ങി.

"എന്നെക്കുറിച്ച് അറിയാന്‍ മാത്രമൊന്നുമില്ലല്ലോ സുഹൃത്തേ,എങ്കിലും കേട്ടുകേള്വിപ്പുറത്തൊരാള്‍ കാണാന്‍ വന്നെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട് ,എന്തു ചെയ്യുന്നു താങ്കള്‍? "
"...."
അയാള്‍ക്കു പിന്നാലെ പിന്നാലെ ഞാനും പാറക്കെട്ടിറങ്ങി.

"എന്നെ ഇന്റര്‍‌വ്യൂ ചെയ്യാനും ഒരാളുണ്ടയത് രസമായിരിക്കുന്നു,എന്താണു പറയേണ്ടതെന്ന് നിശ്ചയമില്ലല്ലോ.വില്ലി മെല്ലെ നടന്നുകൊണ്ട് പറഞ്ഞു തുടങ്ങി.ഫ്രാന്‍സിസ് വില്യം എന്നാണ്‌ എന്റെ പേര്‍.വില്ലിയെന്നത് വിളിപ്പേര്‍ ആണ്‌.ആലപ്പുഴയില്‍ ജനിച്ചു.തിരുവനന്തപുരത്തും മറ്റുമായി പഠിച്ചു.ഹൈദരാബാദ് സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജിയില്‍ കുറച്ചു കാലം ജോലി ചെയ്തു.ഇപ്പോള്‍ ഋഷിമലയില്‍ ജീവിക്കുന്നു.ഭാര്യ ഇവിടെയടുത്ത മുതുവാന്‍ സെറ്റില്‍മെന്റുകാരിയാണ്‌ പേര്‍ കൊറപ്പാളു.ആറു വയസ്സുള്ള ഒരു മകനുമുണ്ട്. അത്രയൊക്കെ തന്നെന്നെക്കുറിച്ച്. "

"ഇവിടെ എന്തു ചെയ്തു ജീവിക്കുന്നു?"

"തേനെടുക്കും.ഋഷിമലത്തേനിനെ പ്രശസ്തമാക്കിയത് ഞാനാണ്‌.ആവശ്യക്കാരേറെ, അത്രയും ഉല്പ്പാദിപ്പിക്കാന്‍ ദിവസം ഏഴെട്ടുമണിക്കൂര്‍ പണിയെടുക്കണം,താല്പ്പര്യമില്ല.രണ്ടുമണിക്കൂര്‍ കൊണ്ട് നൂറു രൂപയുടെ തേന്‍ എടുക്കാം,അത്രയും പണം തന്നെ ആവശ്യത്തിലും വളരെ അധികവുമാണ്‌. "

ഈ മനുഷ്യനെ കാണാന്‍ ഇത്രയും ആയാസപ്പെട്ടു വരേണ്ടതില്ലെന്ന് ചീരന്‍ പറഞ്ഞത് കാര്യമാണെന്ന് തോന്നിത്തുടങ്ങി എനിക്ക്.കോണ്‍റാഡ് കൊണ്‍റ്റുവന്ന ഷിവാസ് റീഗല്‍ റോയല്‍ സല്യൂട്ട് കണ്‍സര്‍‌വേറ്ററെക്കൊണ്ട് അതിശയോക്തികള്‍ പറയിച്ചതാണോ?

"മകന്റെ പേരു പറഞ്ഞില്ല ?"

"ഓ മറന്നു,എന്റെ മകന്റെ പേര്‍ വോള്‍ഡന്‍ "

വോള്‍ഡന്‍! ഹെന്‍‌റി ഡേവിസ് ഥോറിന്റെ വോള്‍ഡന്‍...ഏകനായി ഈ കാട്ടില്‍,വോള്‍ഡന്‍ കുളത്തിനു കരയില്‍,എന്റെ കയ്യാല്‍ നിര്‍മ്മിച്ച ഭവനത്തില്‍,അയല്‍ക്കാരില്‍ നിന്നും കാതങ്ങളകലെmഎന്റെ കൈത്തൊഴിലുകളാല്‍ ജീവിച്ച്...

"ഥോറിന്റെ വോള്‍ഡന്‍ അനുകരിക്കുകയാണോ താങ്കള്‍ വില്ലീ?"

June 03, 2007

കരഞ്ഞുകൊണ്ടൊരു ചിരി



കല്ലുമോളേ,
രണ്ടാം ക്ലാസ്സിലായി അല്ലേ? ഒന്നില്‍ പഠിപ്പിച്ച ടീച്ചറിനെ ഓര്‍മ്മയുണ്ടോ? ഓര്‍ത്തു വയ്ക്കണം കേട്ടോ? എല്ലാ ഗുരുക്കളെയും.

ഫോട്ടൊയില്‍ ദേവന്‍ മാമന്റെ കൂടെ നില്‍ക്കുന്നത് മാമനെ ഒന്നില്‍ പഠിപ്പിച്ച ടീച്ചര്‍, പാറുക്കുട്ടി അമ്മ സാര്‍ (ഞങ്ങളുടെ നാട്ടിലൊക്കെ ടീച്ചര്രും മാസ്റ്ററും ഇംഗ്ലീഷായിരുന്നു, സാര്‍ എന്നായിരുന്നു അതിന്റെ മലയാളം.)

ദേവന്‍ മാമന്‍ നഴ്സറിയില്‍ പോയിട്ടില്ല, ഒന്നാം ക്ലാസ്സ്‌ വരെ അച്ഛനാണു പഠിപ്പിച്ചത്‌. ആദ്യ ഗുരുനാഥ അങ്ങനെ ഒന്നില്‍ പഠിപ്പിച്ച പാറുക്കുട്ടിയമ്മ സാര്‍ ആയി. പിന്നെ രണ്ടിലായി, മൂന്നില്‍, അങ്ങനെ ഇരുപതു ക്ലാസ്സ്‌ പഠിച്ചു. ഒക്കെ അങ്ങു തീര്‍ന്നത്‌ പാറുക്കുട്ടിയമ്മസാറിന്റെ മനസ്സിന്റെ നന്മ മാത്രം കൊണ്ടാണേ, മാമന്‍ എല്ലാ ക്ലാസ്സും ഉഴപ്പി- എന്നിട്ടും ജയിച്ചു.

സാറു മാമനു ചോറു തന്നിട്ടുണ്ട്‌, ജീരകവെള്ളം തന്നിട്ടുണ്ട്‌. അടി തന്നിട്ടില്ല, ഒരിക്കല്‍ അടിക്കുമെന്ന് പറഞ്ഞു വടി ഓങ്ങിയപ്പോഴേക്ക്‌ ഞാന്‍ കരഞ്ഞുകളഞ്ഞു!

എല്ലാ ക്ലാസ്സും പഠിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ സാറിന്റെ വീട്ടില്‍ പോയി കണ്ടു. സാര്‍ അപ്പോഴേക്ക്‌ റിട്ടയര്‍ ചെയ്തിരുന്നു. പഠിച്ച്‌ തീര്‍ന്നെന്നു പറഞ്ഞപ്പോള്‍ സാറു കരയുകയും ചെയ്തു ചിരിക്കുകയും ചെയ്തു. സാറു കരഞ്ഞാല്‍ ഞാനും കരയില്ലേ?

പിന്നെ സാറിനെ കണ്ടത്‌ എന്റെ കല്യാണത്തിനാണ്‌. അപ്പോഴും സാറു ചിരിക്കുകേം കരയുകേം ചെയ്തു, ഞാനും.

പിന്നെയും കണ്ടത്‌ ദാ ഈ ഫോട്ടോ എടുത്ത ദിവസം, സാറു പഠിപ്പിച്ച ഒരു കുട്ടിയുടേതായിരുന്നു കല്യാണം. അവള്‍ക്കു കല്ലുക്കുട്ടിയുടെ പ്രായമുള്ളപ്പോള്‍ ഞാന്‍ കോളെജില്‍ പോകുന്ന വഴി സാറിന്റെ ക്ലാസ്സില്‍ കൊണ്ടിരുത്തുമായിരുന്നു. അവളിപ്പോ ഇംഗ്ലണ്ടിലെ എറ്റവും വലിയ കമ്പനികളിലൊന്നില്‍ ഉയര്‍ന ഉദ്യോഗസ്ഥ ആണെന്നു കേട്ടപ്പോഴും സാറു കരഞ്ഞു. പ്രത്യേക സന്തോഷമായിക്കാണും, കാരണം അവളൊക്കെ പഠിക്കുമ്പോഴേക്ക്‌ വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികളൊഴികെ എല്ലാവരും കോണ്‍വെന്റു സ്കൂളില്‍ ആയിരുന്നു പോകുന്നത്‌, ഇവളുടെ അച്ഛന്‍ രാഷ്ട്രീയാദര്‍ശങ്ങളുള്ള ആളായിരുന്നതു കാരണം സര്‍ക്കാര്‍ എയിഡഡ്‌ സ്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിപ്പിച്ചു.

ഒരു തമാശ കേല്‍ക്കണോ മോളേ. അവള്‍ മലയാളം പഠിച്ച്‌ ഇംഗ്ലീഷു പറയുന്ന നാട്ടില്‍ വല്യ ഉദ്യോഗസ്ഥ, ഇപ്പോഴും എന്നെ കാണുമ്പോ എന്റെ സൈക്കിളിന്റെ പിറകില്‍ ഇരുന്നു "എന്നെ ഉരുട്ടിയിടുമോ ?" എന്നു ചോദിച്ച അതേ മലയാളം പറയുന്നു. അവളുടെ പ്രായത്തിലുള്ള അടുത്ത കൂട്ടുകാരി കോണ്വെന്റില്‍ പഠിപ്പും ബിരുദവുമൊക്കെ കഴിഞ്ഞ്‌ അച്ഛനമ്മ മാരോടും കൂട്ടുകാരോടും പുസ്തകത്തിലെ അച്ചടി ഇംഗ്ലീഷും പറഞ്ഞ്‌ നാട്ടിലിരിപ്പാണ്‌ വെറുതേ. എന്നുവച്ചാല്‍ മോള്‍ ഇംഗ്ലീഷൊന്നും പഠിക്കണ്ടാന്നല്ല കേട്ടോ. അതൊരു നല്ല പ്രയോജനമുള്ള സുന്ദരമായ ഭാഷ ആണ്. വല്യേ വല്യേ അറിവുകളൊക്കെ ഇംഗ്ലീഷില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്, അതൊക്കേം എടുക്കണം. മാമന്‍ പറഞ്ഞത് എതു ഭാഷയില്‍ പഠിച്ചു എന്നതിലല്ല, എന്തു പഠിച്ചു, പഠിച്ചതു അവനവനും വീടിനും നാടിനും ലോകത്തിനും പ്രയോജനപ്പെടുത്താന്‍ നമ്മള്‍ എന്തു ചെയ്യുന്നു എന്നതിലാണു കാര്യം എന്നാ.

ആ കൊച്ചിന്റെ കല്യാണത്തിനു വന്നപ്പോഴും സാര്‍ എന്നെക്കണ്ട്‌ കരഞ്ഞോണ്ട്‌ ചിരിച്ചു. ഒരു ഫോട്ടോഗ്രാഫറോട്‌ പടം എടുക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങോരു പറയുവാ
"മുഖം ഒന്നു തുടച്ച്‌ നില്‍ക്കാമായിരുന്നു ദേവാ, ഒരുമാതിരി ചുമടെടുത്തപോലെ ഉണ്ടല്ലോ?"

ഞാന്‍ പറഞ്ഞു ഞങ്ങള്‍ കരഞ്ഞോണ്ട്‌ ചിരിക്കുന്ന ഫോട്ടോ മതിയെന്ന്. ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ‍ എനിക്കു കിട്ടീല്ലാ. ഇത് വിദ്യമാമി എടുത്തതാ.

പാറുക്കുട്ടി അമ്മ സാറു പഠിപ്പിച്ച കുട്ടികളില്‍ വല്യ ഡോക്റ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഐ ഏ എസ്‌ ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, ഓഡിറ്റര്‍ മാര്‍, എക്സിക്യൂട്ടീവുകള്‍ ഒക്കെയുണ്ട്‌. ഇന്നാളില്‍ എന്റെകൂടെപഠിച്ച ഒരു കുട്ടിയുടെ അച്ഛനെ വഴിയില്‍ വച്ചു കണ്ടു. ആ കുട്ടി ഇപ്പോള്‍ സിംഗപ്പൂരില്‍ കമ്പ്യൂട്ടറെഞ്ചിനീയറാ. വിവാഹം കഴിച്ചത്‌ വിദേശിയായ ഇന്ത്യന്‍ വംശജനെ ആയതുകൊണ്ട്‌ നാട്ടില്‍ വരാറേ ഇല്ലാത്രേ. എന്നാലും ഫോണ്‍ ചെയ്യുമ്പോ പറയുമെന്ന് "അച്ചാ എപ്പോഴെങ്കിലും പാറുക്കുട്ട്യമ്മ സാറിനെ കാണുകയാണെങ്കില്‍ എനിക്കും മക്കള്‍ക്കും സുഖമാണെന്നു പറയണേ"ന്ന്.


സാറിന്റെ പള്ളിക്കൂടം ഫോട്ടോ എടുത്തു വച്ചിട്ടുണ്ടായിരുന്നു. കമ്പ്യൂട്ടറില്‍ നോക്കിയിട്ട്‌ കണ്ടില്ല. പിന്നെ ഇടാം കേട്ടോ. ഇപ്പോ പോയി ഉറങ്ങിക്കോ, നാളെ സ്കൂളില്‍ പോണ്ടേ.