March 05, 2006

കട്ടമരം


ആദി മനുഷ്യന്‍ നീന്തിക്കടക്കാന്‍ പറ്റാത്ത ജലായശയങ്ങള്‍ തടിപ്പുറത്ത് തുഴഞ്ഞ് കടന്നിട്ടുണ്ടാവും. ആ തടി അവന്‍ പരിഷ്കരിച്ചഅതിന്‍റെ ഫലമായി തോണിയുണ്ടായി, ഇരുട്ടുകുത്തിയും കൊതുമ്പുവള്ളവും ചുണ്ടനും ചുരുളനും കെട്ടുവള്ളവും ബോട്ടും കപ്പലുമുണ്ടായി, ഹോവര്‍ക്രാഫ്റ്റും ബാര്‍ജ്ജും സൂപ്പര്‍ ടാങ്കറും എയര്‍ക്രാഫ്റ്റ് കാരിയറും അന്തര്‍വാഹിനിയു ഒക്കെയുണ്ടായി.

പക്ഷേ പരസഹസ്രാബ്ദങ്ങള്‍ക്കപ്പുറത്ത് രൂപകൽപ്പന നടത്തിയ ആ തടിക്കഷണത്തിന്‍റെ പ്രസക്തി ഇല്ലാതെയാക്കാന്‍ പരിഷ്കൃതമായ യാനപാത്രങ്ങള്‍ക്ക് കഴിഞ്ഞില്ല. ആ തടി- ചാളത്തടി അല്ലെങ്കില്‍ കട്ടമരം ഇന്നും സര്‍വ്വസാധരണമായി തുടരാന്‍ കാരണം ഒരു ബോട്ട് വാങ്ങാനുള്ള ചിലവ്, ലൈസന്‍സ് കിട്ടാനുള്ള ബുദ്ധിമുട്ട്, മൂറിങ്ങ്, ഡോക്കിങ്, റിപ്പയര് ചിലവുകള്‍ തുടങ്ങി സാമ്പത്തിക കാര്യങ്ങളാവുമെന്ന്‍ ഒരു ആധുനിക മനുഷ്യന്‍റെ ടെക്നോക്രാറ്റിക് അൽപ്പബുദ്ധിയാലെ ചിന്തിച്ച ഞാന്‍ മണ്ടന്‍.

ഒരു കൊടുങ്കാറ്റോ വന്‍ തിരയോ വന്നാലുടന്‍ ബോട്ടുകള്‍ തീരത്തോടിയെത്തും . കപ്പലുകള്‍ നങ്കൂരമിടും. ക്രൂയിസ് ഷിപ്പുകള്‍ ബെര്‍ത്തിലടുക്കും. അന്നേരവും കാണാം അലറിച്ചുരുണ്ടു വരുന്ന കരി പോലെ കറുത്ത തിരച്ചുരുളിന്‍റെ കണ്ണിലേക്ക് ഒരു കട്ടമരത്തിന്‍റെ ആയവും പേറി കുതിച്ചു കയറുന്ന അഹേബ് കപ്പിത്താനെക്കാള്‍ നിര്‍ഭയനായ സമുദ്രസഞ്ചാരിയെ. പോര്‍ക്കളത്തിലേക്കിരച്ചു കയറുന്ന കുതിരയെയും അവന്‍റെ യജമാനനെയും പോലെ വിസ്മയകരമാണ്‌‍ ആ കാഴ്ച.

7 comments:

viswaprabha വിശ്വപ്രഭ said...

catamaran <- കട്ടമരം

രാജ് said...

തമിഴന്മാരു ഇംഗ്ലീഷിനു കൊടുത്ത വാക്കുകള്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ ആദ്യം തന്നെ കട്ടമരവും പറഞ്ഞുപോരും (catamaran) ആംഗലേയ എറ്റമോളജിയിലും കട്ടമരം തമിഴന്റെ സ്വത്തു തന്നെ. മാധവിക്കുട്ടിയുടെ മനോമിയിലെന്നു തോന്നുന്നു, കപ്പലോട്ടിയ തമിഴര്‍ ചെന്നു ലങ്കയിലെ ബുദ്ധവിഹാരങ്ങള്‍ കീഴടക്കി കുടിയേറിയതിന്റെ കഥ പറയുന്നുണ്ടു്. ദേവനു പ്രസ്തുതവിഷയത്തില്‍ അവഗാഹമുണ്ടോ? തമിഴന്മാര്‍ക്കു നാവികശാസ്ത്രത്തില്‍ ചരിത്രാതീതകാലം മുതല്‍ക്കെ അറിവുകളുണ്ടെങ്കില്‍ പിന്നെയും കുറെ ഊഹങ്ങള്‍ക്കു സന്നാഹമുണ്ടു് (സേതുബന്ധനം ഇത്യാദി..)

Kalesh Kumar said...

ദേവാ, നല്ല പടം. പറഞ്ഞ കാര്യങ്ങളും ശരിതന്നെ.
ഇതെവിടാ? തങ്കശേരി?

ദേവന്‍ said...

വലിയ പിടിയൊന്നുമില്ല. പക്ഷേ ഈ പറയുന്ന കാലത്ത് കേരളവും തമിഴ്നാടും രണ്ടായിട്ട് കാണാനും പറ്റില്ല -ബുദ്ധനേയും ജൈനനേയും ഒക്കെ കണ്ടകാലത്ത് സംഘത്തമിഴായിരുന്നു കേരളത്തിലും. കട്ടമരവും മരക്കാരും മരക്കലവുമൊക്കെ രണ്ടു ഭാഷയിലും ഒന്നാകാന്‍ കാരണവും അതാകണം

ഏതാണ്ടിക്കാലത്ത് (കണ്ണകി & കോവലന്‍ അമ്പലമായിരുന്ന കൊടുങ്ങല്ലൂരുമൊക്കെ ജൈന സന്യാസിമാരെ ഓടിച്ച കാലത്താണ് പാണ്ടികള്‍ ഈഴത്തും കയറി ഇടിയുണ്ടാക്കിയതത്രേ) ബുദ്ധമതം സ്വീകരിച്ചിരുന്ന ആയിരക്കണക്കിനു ഈഴത്തുകാരെ (srilankans)കേരളത്തില്‍ ഹിന്ദുക്കളാക്കിയെന്നും ഈഴവര്‍ അവരാണെന്നും ഒരു വിശ്വാസമുണ്ട്. കേരളം തമിഴ് നാടെന്ന് അതിരില്ലായിരുന്ന സംഘകാലത്തായിരുന്നു തമിഴില്‍ എല്ലാം വളര്‍ന്നത് . സമ്പത്തും സംസ്കാരവും സാങ്കേതിക വിദ്യകളുമെല്ലാം എന്നു വേണമെങ്കില്‍ നമുക്ക് മേനി പറയുകയും ചെയ്യാം.

(ശാകുന്തളത്തോളം സമ്പുഷ്ടമായ ഭാഷയിലാണ് അക നാനൂറിലെ കവിതകള്‍. കഷ്ടകാലത്തിന് അതെഴുതിയത് അമരനാഗരിയിലായിരുന്നില്ലെന്നുമാത്രം)

കലേഷേ, ഇതു തിരുമുല്ലവാരം അമ്പലത്തിന്‍റെ മുന്നില്‍ - കൊല്ലത്തുകാര്‍ കര്‍ക്കിടകവാവിനു ബലിയിടുന്ന സ്പോട്ട്

aneel kumar said...

"ബുദ്ധമതം സ്വീകരിച്ചിരുന്ന ആയിരക്കണക്കിനു ഈഴത്തുകാരെ (srilankans)കേരളത്തില്‍ ഹിന്ദുക്കളാക്കിയെന്നും ഈഴവര്‍ അവരാണെന്നും ഒരു വിശ്വാസമുണ്ട്."
എലഷന്‍ വന്ന് തലേക്കേറിയ നേരത്ത് ഇതൊന്നും വേണ്ടെന്റെ ദേ(തേ)വരേ. വെറുതേ ‘പള്ളി’ക്കോപം വിളിച്ചു വരുത്തണോ?

nalan::നളന്‍ said...

നല്ല ചിത്രം
The Coromandel Fishers
Rise, brothers, rise; the wakening skies pray to the morning light,
The wind lies asleep in the arms of the dawn like a child that has cried all
night.
Come, let us gather our nets from the shore and set our catamarans free..

അതുല്യ said...

കട്ട മരമോ? ഹോ അപ്പോ ആ പണിയുമുണ്ടോ?