October 23, 2005

നൊവാള്‍ജിയ

കടലുകടന്നപ്പോള്‍മുതല്‍- കൃത്യമായി പറഞ്ഞാല്‍ വിമാനം ശംഖുമുഖം മണല്‍തിട്ടക്കുമുകളിലൂടെ പറന്നപ്പോള്‍ ഞാന്‍ സര്‍വജ്ഞപീഠം കയറിയെന്നറിയാം എങ്കിലും ഒരാത്മവിശ്വാസക്കുറവ്‌.

ഗള്‍ഫില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ മൊബൈല്‍ പുതിയതുവാങ്ങി, ക്രെഡിറ്റ്‌ കാര്‍ഡ്‌ കിട്ടിയ അന്നുതന്നെ സ്വര്‍ണ്ണചങ്ങലയും ഒരെണ്ണം കയ്യില്‍ വാങ്ങി കെട്ടി. ശമ്പളം കിട്ടിയന്നു പോയി റേയ്ബാന്‍ കണ്ണാടി വാങ്ങി. ബോണസ്‌ കിട്ടിയപ്പോള്‍ ഒരു റാഡോ വാച്ചും. ആസ്മായുടെ വലിവു കലശലായിട്ടും 555 വലിക്കാന്‍ പഠിച്ചു. ഒന്നു പറയാന്‍ വിട്ടു- നാട്ടില്‍ വീട്ടുമുറ്റത്ത്‌ പട്ടിയെപ്പോലെ ഒരു മാരുതി ചങ്ങലക്കിട്ട്‌ കെട്ടിവച്ചിട്ടുണ്ട്‌.

ആഢ്യത്വം തികഞ്ഞെന്ന എന്റെ വിശ്വാസം തകര്‍ത്തുകളഞ്ഞത്‌ അടുത്ത ഫ്ലാറ്റിലെ തൊമ്മിച്ചനാണ്‌. പുള്ളി എന്തോ സാധനമെടുക്കാന്‍ റൂമില്‍‍ വന്നപ്പോള്‍ ഞാന്‍ ചാന്തുപൊട്ടിലെ പാട്ടുകേള്‍ക്കുകയായിരുന്നു.
"ഈ നൊവാള്‍ജിയ തോന്നുന്ന പാട്ടൊന്നുമില്ലേഡെയ്‌ നിന്റെ കയ്യില്‍? തൊമ്മിച്ചായന്‍ ചോദിച്ചു. എന്റെ അമ്പരപ്പുകണ്ട്‌ തൊമ്മിച്ചനു സഹതാപം തോന്നി വിശദീകരിച്ചു തന്നു"എടാ, ഈ നാളീകേരത്തിന്റെ നാട്ടിലെനിക്ക്‌, കേരളം കേരളം എന്നൊക്കെയുള്ള പാട്ടുകള്‍ കേള്‍ക്കുമ്പഴ്‌, മാര്‍ഗ്ഗം കളി, കഥകളി തുണ്ടങ്ങിയ കളികള്‌ ഒക്കെ കാണുമ്പഴ്‌ ഒക്കെ നാട്ടില്‍ നല്ല നിലയില്‍ ജീവിച്ചവര്‍ക്ക്‌ വരുന്ന സങ്കടമാണ്‌ നൊവാള്‍ജിയ.
കിട്ടിയ അവസരത്തിന്‌ എന്റെ നെഞ്ചത്തൊരു കുത്തും. നാട്ടില്‌ കഷ്ടപ്പാടായിട്ട്‌ ലോഞ്ചില്‍ കയറി ഇങ്ങോട്ടുവരുന്നവര്‍ക്ക്‌ അതൊക്കെ കേള്‍ക്കുമ്പോ പണ്ട്‌ വിശന്നു നില്‍ക്കുമ്പോള്‍ ചായക്കടയില്‍ കേട്ട ഓര്‍മ്മയേ വരൂ." എന്റെ അന്തസ്സ്‌, അഭിമാനം ഒക്കെ ഒടുക്കത്തെ ഒരു നൊവാള്‍ജിയ പ്രയോഗിച്ച്‌ തകര്‍ത്തുകളഞ്ഞ പാപി ട്രക്കു കയറി ചത്തുപോവട്ടെയെന്നു പ്രാര്‍ത്ഥിച്ചുപോയി..


അയാളിറങ്ങിയതും കടയില്‍ പോയി പഴയ പാട്ടിന്റെ സീ ഡി പത്തെണ്ണം വാങ്ങി. കഥകളിക്കാരന്റെ ഒരു പോസ്റ്ററും. അനിയനെ ഫോണില്‍ വിളിച്ചു പറഞ്ഞു"എടാ ഞാന്‍ പണ്ടെങ്ങാണ്ടെടുത്ത ഒരു വയല്വക്കത്തെ ഒരു പുരയുടെ പടം ആല്‍ബത്തിലുണ്ട്‌, നീ അതൊന്നു സ്കാന്‍ ചെയ്ത്‌ എനിക്കയക്കു ഇപ്പോള്‍ തന്നെ."കഥയറിയാതെ പാവം ചെക്കന്‍ "അണ്ണനെന്തരിത്‌, രാത്രിയില്‍ ഫിറ്റുകള്‌ തന്നേ?" എന്നു ചോദിച്ചെങ്കിലും ഉടനേ അയച്ചുതന്നു. എന്റെ ബ്ലോഗ്‌ വായിക്കുന്നവരും ഞാന്‍ നൊവാള്‍ജിയ കുറഞ്ഞ ഒരുത്തനാണെന്ന് വിചാരിക്കരുതല്ലോ.

41 comments:

സിദ്ധാര്‍ത്ഥന്‍ said...

ഇപ്പൊ നൊവാൾജിയ വരാൻ ഇതു മാത്രം പോരാ ദേവാ. വിശന്നു ചാകാറായ ഒരു ചെക്കനും വേണം ചാരെ.
പിന്നെ,ചില്ലിനു ശേഷം ഒരു അടിവര(under score) ഇട്ടാൽ അതു zero width joiner എന്ന റൊളിൽ അഭിനയിക്കും.
അപ്പോൾ വയൽ‌വക്കത്തു് എന്നു വായിക്കാം. അതല്ല, അതു മനപ്പൂർവ്വം വരുത്തിയതാണെങ്കിൽ ഞാനിതു പറഞ്ഞിട്ടേയില്ല.

രാജ് said...

ഇതു് അനിയച്ചാർ പറഞ്ഞതുപോലെ, “രാത്രിയിൽ ഫിറ്റുകള് തന്നേ!”

സിദ്ധാർത്ഥൻ ഇതുവരെ സ്വന്തം “നിലപാടു്” വ്യക്തമാക്കിയില്ല :=)

സു | Su said...

:)

ദേവന്‍ said...

സീറോപ്പരിപാടി പറഞ്ഞുതന്നതിനു പെരുത്തു നന്ദി, സിദ്ധാ.. വയൽ‍വക്കം‍ പുരുഷോത്തമൻ എന്നു ഇപ്പോ ശരിയായി എഷ്‍താം..

ഈ ചില്ലുകൾ കൂടെ വെടിച്ചില്ലുപോലെയാക്കാൻ എന്തെൻകിലും സൂത്രമുണ്ടോ സിദ്ധാ/ തന്ത്രി കണ്ഠര് പെരിങ്ങോടരേ?

nalan::നളന്‍ said...

വീണ്ടും വാഴ, കലങ്ങു്, വയല്‍..
ഇവിടിരുന്നു് ബീഡിയും പുകച്ചു, കപ്പലണ്ടിയും കൊറിച്ചു, കമന്റും പാ‍സ്സാക്കി, ബുഷിനെയും ചീത്തപറഞ്ഞിരിക്കാന്‍ നോവാള്‍ജിയാ..

രാജ് said...

ദേവൻ,

യൂണികോഡ് ഫോറത്തിന്റെ അഭിപ്രായം മലയാളത്തിനു് ചില്ലൊന്നും വേണ്ടെന്നാണു്. ചില്ലില്ലാത്ത മലയാളം ചുക്കില്ലാത്ത കാപ്പിയാണെന്നൊക്കെ സിബു പറഞ്ഞു് നോക്കി. ഇനി ചുക്കിടണോ ചില്ലിടണോ അതോ മലയാളം തന്നെ ചില്ലിട്ട് ഫോട്ടോയാക്കണോ എന്നൊക്കെ ബന്ധപ്പെട്ടവർ തീരുമാനിക്കും വരെ നമുക്ക് ഈ ചില്ലുകൾ കൊണ്ട് നിർ‍വൃതിയടയാം!

കാതലായ പ്രശ്നം അറിയുവാൻ സിബുവിന്റെ വരമൊഴി ബ്ലോഗ് നോക്കിയാൽ മതി (http://varamozhi.blogspot.com/) ഭാഷാപരമായി ന യുടെ vowelnessless state ആയ “ന്‍” തന്നെയാണു് ന യുടെ ചില്ലായി പരിണമിച്ചത് എന്ന വാദമാണു് മലയാളത്തെ ചില്ലിടാത്തതിലുള്ള പ്രധാനകാരണം. ചില്ലക്ഷരം സാധ്യമാകുന്ന മറ്റക്ഷരങ്ങൾക്കും ഇതു് ബാധകം.

അതുല്യ said...

ഇന്നാ കണ്ടത്‌ പടം ദേവാ. ഇന്നലെ കണ്ണമാലി പള്ളിയിലെ കഞ്ഞിവീഴ്തിനു പോയി. കുറെ ബ്ലോഗിലെ പരിചക്കാരുണ്ടായിരുന്നു ക്യുവിൽ. ചിലർ ഒക്കെ പരിചയം ഭാവിച്ചു. ചിലർ പരിച പിടിച്ചു നിന്നു. എന്നാലും, ചോറും, മോരുകാച്ചിയതും അൽപം എത്തക്കായ തേങ്ങ ചേർത്തു ഉലത്തിയതും ഒക്കെ കൂട്ടി, ചെമ്പീന്നു അപ്പോ കോരിയിട്ട ചോറുണ്ടു. നാക്കു ചിലർക്കൊക്കെ പൊള്ളിയ്ട്ടുണ്ടാവും. ദേവനേ കണ്ടില്ലല്ലോ? അല്ലാ പോയവരു വിളിച്ചില്ലെേ? വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ലാ...........

പഴയ പാട്ടിന്റെ കൂട്ടത്തിൽ, മറക്കാതെ, "ഉത്തരാ സ്വയവരം കഥകളി കാണുവാൻ ഉത്രാട രാത്രിയിൽ പോയിരുന്നു......." കൂടി ചേർക്കണേ..... നോവാൾജിയാ മുഴുവനും ആവണ്ടേ

ദേവന്‍ said...

അപ്പോ ഈ ആധുനിക മലയാളം ചില്ലില്ലാത്ത പുട്ടുകുറ്റി ആണെന്നോ?

K P A Cയുടെ നാടകം കണ്ട് ആവേശം മൂത്ത നാട്ടുകാർ എല്ലാ മുക്കിലും ഓരോ p a c ഉണ്ടാക്കുമായിരുന്നു. എന്റെ സ്ഥലത്തേ ക്ലബ്ബ് സ്ക്രിപ്റ്റ് അച്ചടിപ്പിച്ചു ഒരു തവണ. പ്രസ്സ് നടത്തുന്ന പാവം യുവ കവിക്ക് എന്തെൻക്കിലും കിട്ടട്ടെ എന്നു വച്ചിട്ടാണ്. കല്ലച്ചു നിരത്തിയാൽ പഴയ റ്റൈപ്പ് റൈറ്റർ മലയാളമല്ലേ വരൂ.. ട്രയൽ റൂമിൽ ഞണ്ടു ഡാനിയൽ അവതരിപ്പിച്ച ദീവാൻ പേഷ്കാർ ചെൻകൊടിയുമായി വരുന്ന ജനനായകന്റെ മുഖത്തുനോക്കി അലറി

ഛീ നിറുതാതാതേഡാ . വിഡെഡീ ! (നിറുത്തെടാ വിഡ്ഡീ എന്നു ആധുനിക മലയാളം എഴുതിയാ പിന്നെ എന്താ വായിക്കുക?)
എന്നിട്ടു ഡയരക്റ്റനോടു ഒരു ഡയരക്ഷനും
“സാറേ ഈ നിറുത്താതെടാ എന്നു പറയുമ്പം ദിവാന്റെ ഭാര്യ കേറി കയ്യെപ്പിടിക്കുമെന്നായിരിക്കും നോവലിസ്റ്റ് എഴുതിയിരിക്കുന്നെ അതാ വിടെടീ എന്നു പറയണ്ടത്”

(അതുല്യേ. ഞാനും നാട്ടിൽ പോയപ്പൊ മുറജപത്തിന്റെ ഊണു കഴിച്ചല്ലോ.. എന്നെ കഞ്ഞിവീഴ്തെന്നു പറഞ്ഞു കൊതിപ്പിക്കാൻ നോക്കണ്ടാ)

ദേവന്‍ said...

ഡീ ബീ എഴുതി ശീലിച്ചതുകൊണ്ട് പോസ്റ്റിന്റെ ഇടക്കു എന്റെർ അടിച്ചുപോകും. മുകളിലെ പോസ്റ്റിന്റെ ബാക്കിയാകുന്നു ഇത്. എന്തെന്നാൽ

കാര്യം ശ്രീകുമാരൻ തമ്പിയുടെ പാട്ടൊക്കെ ഇഷ്ടമാണെൻകിലും ഉത്തരാ സ്വയം‍വരം എനിക്കലർജിയാ. കാര്യം പെരിങ്ങോടനറിയാം :))

കഞിവീഴ്ത്ത്:
കൊല്ലത്തൊക്കെ പണ്ട് കന്നി അയ്യപ്പൻ മലക്കു പോകുന്ന വീട്ടിൽ ചില പരിപാടികൾ ഒക്കെ ഉന്റായിരുന്നു.. മൂപ്പരുടെ മലകയറ്റ പുറോഗതി അനുസരിച്ച് ആഴിയും പടുക്കയും, കഞിവീത് അങ്ങനെ.. ആ കഞ്ഞി തേങ്ങാമയം.. കഞ്ഞി തേങാപ്പാൽ ഒഴിച്ചുണ്ടാക്കും. മൂളക് ചമ്മന്തി തേങ്ങായരച്ചത്, പയറ് തേങായിട്ടത്, തേങ്ങാ ചുട്ടരച്ച ചമ്മന്തി.

അതുല്യ said...

പക്ഷെ ബ്ലോഗിലേ ആൾകാരെ ഒക്കെ ഞാൻ ദുബായിലേ കണ്ണമാലി പെരുന്നാളിനു കണ്ടതു ദേവനു മുറജപത്തിൽ പറ്റിയില്ലല്ലോ?

പിന്നെ എന്റെ കോളേജിലെ നാടകത്തിൽ, പ്രിയേ... ന്നു വിളിച്ചപ്പോ, അവൾ ഓടി വന്നു ആലിംഗനം ചെയ്തപ്പോ, അവൻ പറഞ്ഞു പോലും, പ്രിയേ, ഒോടി വന്നതു എനിക്കു ഇഷ്ടമായീ, പക്ഷെ പ്രിയേ, കൈപോക്കല്ലേ, കഷ്കം നാറുന്നുന്ന് !

ഈ പാട്ടു ദക്ഷിണമൂർത്തീ സ്വാമീടെ അല്ലേ? അലർജി എന്താ?? കത-കളിക്കു പോണൂന്ന് പറഞ്ഞ്‌ കത-കടച്ചോ അന്ത കാലത്തിൽ???

evuraan said...

നന്നായിരിക്കുന്നു.

--ഏവൂരാൻ

അതുല്യ said...

നാട്‌, നോവോൾജിയ, പച്ച, ഒക്കെയാണിപ്പോ തലക്കെട്ട്‌ വാർത്തകൾ.

നമുക്കു നാടു വേണ്ടേ? അതു നന്നാവണ്ടെ? എന്തൊക്കെയോ പറയാൻ തോന്നുന്നു....പറഞ്ഞാ ഒരു ഭ്ര്ഷ്ട്‌ ഭീഷണിയുണ്ടാവും. എന്നാലും വേണ്ടീല്ല, തൂക്കി കൊല്ലില്ലല്ലോ? പറയാം അല്ലേ? പറഞിട്ടു പോകാം ഞാൻ, വരുന്നതു വരട്ടേ. ദൈവം ഉണ്ടോ ഇല്ലയോ ഇന്നു രണ്ടൂ ദിവസത്തിൽ അറിയാം.


നാടു രക്ഷപെടണമെങ്കിൽ ആദ്യമായി, ആധാര എഴുത്തു ആപ്പീസും, രെജിസ്റ്റർ ആപ്പീസും, ബാങ്കു ലോക്കരുകളും ഒക്കെ കുറെ കാലങ്ങൾക്കു നിർത്തി വയ്കട്ടെ. അധികാരം കൈപിടിയിലാവുമ്പോ, ആദ്യം വാങ്ങികൂട്ടുന്നതു നല്ലവണ്ണം കൃഷിനടത്തി വന്നിരുന്ന നോക്കെത്താ കൃഷിയിടങ്ങളും, കണ്ണായ ആ പ്രദേശത്തെ സ്തലങ്ങളും അല്ലേ? 10 രുപ മൂല്യമുള്ളവ, പത്തായിരം എറിഞ്ഞു വാങ്ങുമ്പോ, പെൺണ്മമക്കളെ കെട്ടിക്കാനുള്ളവർ അടിയറ പറയുന്നു ഈ മേലാളന്മാരുടെ മുമ്പിൽ. പയ്യെപയ്യെ, ഒരു പ്രദേശം മുഴുവൻ "ചിലരുടെ" കൈപിടിയിലാവുന്നു. പിന്നെ ആ പ്രദേശത്ത്‌ പുരോഗതി അല്ലാ, പുല്ലു പോലും വളരില്ലാ, വളർത്തില്ല അവർ, കുറച്ചു കഴിയുമ്പോൾ, അടുത്ത അധികാരത്തിൽ വരുന്നവർ, അതെ സ്തലം 10 ലക്ഷത്തിനു വാങ്ങും. അങ്ങനെ അങ്ങനെ ഈ കേരളം "ചിലരുടെ"തു മാത്രം ആയി തീരും.


എല്ലാരും മലയാളം പഠിക്കണം, മലയാളം എഴുതണം എന്നൊക്കെ (ഞാനുൾപ്പടെ) പറഞ്ഞിരിക്കുന്നു പല തട്ടുകളിൽ, കഥകൾ വരുന്നു, കവിത വരുന്നു, പടങ്ങൾ വരുന്നു, അങ്ങനെ പലതും, ഒപ്പം പല ജയ്‌ ജയ്‌ വിളികളും. ഈക്കണ്ട അണ്ട കടാഹങ്ങൾ ഒക്കെ മലയാളത്തിലാക്കി, മോണിറ്ററിൽ തെളിഞ്ഞു കണ്ടാ, ദേ, മലയാളം! മലയാളം,ഇനിയും നശിക്കാത്ത മലയാളം ഭാഷ എന്നൊക്കെ പറയാം എന്നല്ലാതെ, മലയാള മണ്ണിനു എങ്ങനെ മോക്ഷം കിട്ടും. മലയാളിയുടെ, നിസ്സഹായതുടെ ദുരിതം എന്നു തീരും? 20 രുപ ദിവസ കൂലിക്കു ക്കു 5 കിലോമീറ്റ്ര് നടന്നു ചെന്നു കക്ഷ്ടപെടുന്നവന്റെ ദുരിതം എന്നു തീരും? മലയാളം ഭാഷ മരിക്കാതെ നമ്മൾ കാത്ത്തു സൂക്ഷിച്ചാ മതിയോ? മലായാള മണ്ണിൽ ജീവിക്കുന്ന ഒരുപാടുപേർ വിഷപുകയിൽ, പട്ടിണിയിൽ മരിക്കുന്നു, ചീഞ്ഞ ചവറിൻ ഇടയിൽ,ജീവിക്കുന്നു, വിശപ്പു കത്തികാളുന്ന വയറുമായ്‌ നിക്കുന്ന അവന്റെ മക്കളോട്‌, "തറ" "പറ" എഴുതു 10 തവണ എന്നു പറയുന്നതെന്തു ന്യായം? മലയാള നാടിന്റെ ഉൾപ്രദേശത്ത്‌, പന്നി വളർത്തുന്ന കെട്ടിൽ, പിഞ്ചു കുട്ടികൾ, പന്നിയുടെ ആഹാരത്തിനു അടിപിടി കൂടുന്ന ഒരു ചിത്രം ഞാനീടയായി കണ്ടു, എനിക്കു എന്നോടു തന്നെ ഈ അവസരത്തിൽ, അല്ലാ എപ്പോഴും എപ്പ്പ്പൊഴും പുച്ച്ചം തോന്നുന്നു.

ഒരു തലതിരിഞ്ഞ ചിന്തയുമായിട്ടാണു ഞാനി ബ്ലോഗിൽ വിരാജിക്കുന്നതെന്നു ചിലർക്കൊക്കെ ചിലപ്പോ തോന്നിയതു, പലപ്പോഴായി ഞാൻ നിശബ്ദ്മമായി കേട്ടു നടന്നു പോയിട്ടുണ്ട്‌. എന്നാലും, ഞാനിതു പറയും, എന്റെ ഈ ബ്ലോഗിലെ സർവ നിലനിൽപ്പിനും ഭീഷണിയായാലും വേണ്ടില്ലാ, എനിക്കിതു പറയണം, ഞാനടക്കം തലകുനിക്കുന്ന് ഒരു സാഹചര്യമാണിതു, ഒരുപാടു തലങ്ങളിൽ ഇരുന്നു നമ്മൾ (പല ഭാഷ കൈകാര്യംചെയ്യുന്ന നമ്മൾ) മലയാള ഭാഷ മരിക്കാതെ ഇരിക്കാൻ രാപകൽ മോണിറ്ററിനു മുമ്പിൽ തലചോറിന്റെ ഒരു അനക്കം പോലും ഒരു യു.ആർ.എൽ ആക്കി മാറ്റുമ്പോൾ, മലയാളം മാത്രം വശമുള്ള, ഒരുഴുത്താശാന്റെ അടുക്കലും പോകാതെ ആയിരമായിരം ചരിത്ര കഥകളും, വംശഗീതങ്ങളും, ഒക്കെ തട്ടികളിക്കുന്ന മലയാളി ഇന്നു അവന്റെ കുടുംബത്തിന്റെ തന്നെ ശ്വാസം നിന്നു പോകുന്ന അതീവ ഗുരുതരാവസ്തയിലാണു. അവിടെക്കു ഒന്നും നമുക്കു തിരിഞ്ഞു നോക്കണ്ടേ? ഒരു മഹാപെരുമയുള്ള സംസ്താനം മുഴുവനും, ആ ഹരിതാഭ മുഴുവനും, വിഷപുക നിറഞ്ഞ്‌, തീപിടിച്ച്‌, എരിഞ്ഞില്ലാതെയാവുന്നു, ഒപ്പം മലയാളിയും. മലയാള ഭാഷയും, കുറെ വെള്ളചാട്ടവും, തെങ്ങും കവുങ്ങും, കാവും, കഥയും മാത്രം മോണിറ്ററിൽ തെളിയുമ്പോ, എന്തൊക്കെയോ ആയീ ,ഇനി ഒന്നുമില്ലാ ബാക്കി എന്നു കരുതി മലയാളം അക്ഷരം അടിക്കുമ്പോ.....,, മലയാളി പട്ടിണിയിലും, പുണ്ണാക്കിന്റെ പോലും, വിലയില്ലാത്ത ഗവന്മെന്റും അതിന്റെ ഊരാകുടിക്കിലും പെട്ടു കഴുത്തിറുകി ഞെരമ്പു വലിഞ്ഞു ചാവുന്നു.

ദയവായീ എന്നെ കല്ലെറിയല്ലേ, ഞാൻ നിങ്ങളുടെ ആരുടെയും നേരെയല്ലാ ഇതു പറഞ്ഞതു, ഒരു കണ്ണാടി നോക്കി ഒരു അപരനോടെന്നപോലെ എന്നോടു തന്നെയാ പറഞ്ഞതു. എനിക്കു ചുറ്റും കളിച്ച്‌ വളർന്നവർ ഒരുപാട്‌ പേർ ഇന്നു നരകവേദനയുട നടുവിലാണു, എനിക്കും ഒരുപാടു നോവുന്നു, ഞാനിതു ആരൊടു പറയും ?. എന്തോരു നീക്കുപോക്കിനും, പരിതിക്കുള്ളിൽ നിന്നുള്ള എന്തു വിപ്ലവത്തിനും ഞാനുണ്ടാവും, മലയാളിയും, മലയാളവും ഒപ്പം നമുക്കു വേണം. ഒരു കൂട്ടായ ധാരണയാണു ഞാനുദ്ദേശിക്കുന്നതു, ചേരിതിരിവല്ലാ, ഗോ... ഗോ... വിളിയല്ലാ.

ഒരാശയത്തിനു ഒരു കൂട്ടുണ്ടാവുമ്പോൾ, പ്രവൃത്തി തുടങ്ങിയില്ലെങ്കിലും, ഒരൽപം പ്രയോജനത്തിന്റെ രശ്മികൾ തട്ടാതിരിക്കില്ലാ. ഒരൽപം എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ.... ഒരായിരം നിലവിളികൾ ഒരു ചെവിയെങ്കിലും കേൾകാതിരിക്കുമോ? ഒരു ഗ്രാമം മുഴുവൻ ഒരിറ്റു വെള്ളത്തിനായി ഉപവസിക്കുമ്പോൾ, ഒരു ഭരണകൂടത്തിന്റെയും ലാത്തിയോ, ലോക്കപ്പോ വിലപോവില്ലാ, പിന്നെ "നന്മ" നിമിഷനേരത്തിൽ എത്തിപെട്ടില്ലെങ്കിലും, ഒരു വിനാഴികയ്ക്കുള്ളിൽ അതുണ്ടാവും, പക്ഷെ കരങ്ങൾക്കു കരുത്തുണ്ടാവണം, ശക്തിയായ ഭാഷയ്കതീതമായി അതു ഉയരുകയും വേണം. നല്ല മനസ്സു നമ്മളിൽ ഇനിയുമുണ്ട്‌ എന്നു അവകാശപെടുന്ന നമ്മളെല്ലാവരും, എന്തു ചെയ്യാനാവും, എങ്ങനെ ചെയാനാവും, ഇവിടെ തുടങ്ങണം എന്നൊക്കെ ഒരു കൂട്ടായ ചർച നമുക്കായികൂടെ? ഇപ്പ്പ്പോ, വാർത്ത വിതരണശ്രംഘല ഒരുപാടു ലഘൂകരിച്കിരിക്കുന്ന ഈ കാലഘട്ടത്തിൽ, നാടുമായി ഒരു പുരോഗതിയ്കായുള്ള ഒരു കൂട്ടായ്മയെ കുറിചു നമുക്കു ആലോചിക്കാവുന്നതെയുള്ളു. ഈ രീതി, ഇത്ര പണം, എന്നോന്നുമില്ല, ഒരു ഹർജിയാണു ഒരു നിരക്ഷര മലയാളിയ്ക്കു ശക്ത്മമായ ഭാഷയിൽ വേണ്ടതു എങ്കിൽ, നമുക്കതാവാം. അൽപം പൊതുജന നന്മക്കോ, ഒരു വിളക്കാലിനോ ഒരു പിരിവെങ്കിൽ അതാവാം, ഒരു ടാറിട്ട വഴിയാണെങ്കിൽ, ഒരു ഭീമ ഹർജിയാവാം, പക്ഷെ, കല്ല്യാണപിരിവുകൾക്കും, വിദ്യഭ്യാസത്തിനും, ഓലപുര ഒാടു മേയാനുമൊക്കെ കർക്കശ തടയുണ്ടാവണം. കുടിനീർ കിട്ടി, മലയാളിയുടെ തൊണ്ട നിനയട്ടെ ആദ്യം.

Kalesh Kumar said...

അതുല്യേച്ചീ,
പറഞ്ഞതിലൊക്കെ ഒരുപാട് കാര്യങ്ങളുണ്ട്!
സത്യത്തിന്റെ മുഖം വളരെ വികൃതമാണ് പലപ്പോഴും.
മലയാളിക്ക് ഇന്ന് “മലയാളിത്തം“ എന്നൊന്നുണ്ടോ?
കേരളത്തിൽ എത്ര നാട്ടിൻപുറങ്ങളുണ്ട് ഇന്ന്?
കേരളമെന്നു പറയുന്നത് ഒരു വല്യ നഗരമായിക്കൊണ്ടിരിക്കുകയല്ലേ? പാവപ്പെട്ടവൻ കൂടുതൽ പാ‍വപ്പെട്ടവനാകുന്നു...

നമ്മുടെ നാട് നന്നാകില്ല!!!! :(

അഭയാര്‍ത്ഥി said...

Sorry for writing in english.

Dear Atulya,
Where r u going. I reborn as a gandharvan for the sake of u r love. Prnayadhuram aayi eniyenne aar jokerennu vilikkum?. Nedumbasseryiyil kaal nilathu thodatha njaanundu. kaalurakkatha alla.
Come to the point, even though u r so lovely, I doubt the sincerity behind u r words. If u were asked to write essay u got full mark.
If it is out of anger caused by the social evil, it is better we debate these things in a 5 star hotel. Burj Al Arab if u r in dubai,
or Le merdian- Ekm, if u r in kerala. Of course we will order champagne and kappa mathi.

In the end , we will organise some cultural celebrations. We will invite some celebrities from media, film industry and politics. So wide coverage will be obtained.

In short I emphasize my point :-
"charity prolongs the pain".
"philosophy can"t heal a tooth ache".
Even though my soul is in deep love with u, I am bitter like a life saving potion. Bitter but loving. Bon voyage,
"sadha ghush reho- jither bhi ho"

Kalesh Kumar said...

ഒരു സംശയം. ഈ “ഗന്ധർവ്വൻ” എന്ന പദത്തിനു തതുല്യമായ മലയാള പദം എന്താണെന്ന് അറിയാവുന്നവരാരേലുമുണ്ടേൽ ഒന്നു പറഞ്ഞ് തരാമോ?


ഗന്ധർവ്വൻ ചേട്ടാ‍, ബുർജ് അൽ അറബ് 7 സ്റ്റാ‍ർ ആണ്. 5 അല്ല. അവിടെ കയറണമെങ്കിൽ കാശ് കൊടുക്കണം

അഭയാര്‍ത്ഥി said...

sahodhara kalesh,
samsayam 1.
Gandharvan is a brand name. Like melam curry masala. Like soap,kappal etc.. in malayalam.
If u want really to know the actual transalation u have to fill up my request. Tell me what are "Kalesh in english, Hindhi & malayalam".

Samsayam 2.
Staril enthirikkunnu. Kappa mathi revolution alle?.
When I counted it was only 5. 2 stars they might have plucked from the sky after my inventory count. Nirvyagam khedhikkunnu- Sorry Burj al arabeeeyyyyy. njaan naanikkunnu ee mahapaathakathinu.
Kaashu kodukkanam ennathu puthiya orarivaane. We only give out lectures and our intake is atrocious remarks. We are extraterrestrial beings -not human beings.

Kalesh Kumar said...

പ്രിയ ഗന്ധർവരേ,

കലേഷ് - കലകളുടെ ഈശൻ - ശിവൻ (മലയാളത്തിൽ)
(ഇംഗ്ലീഷിലും ഗോസായി ഭാഷയിലും ഒക്കെ അതു തന്നെ അർത്ഥം.) പേരെങ്ങനെയുണ്ട്?
(ചോദ്യത്തെ ചോദ്യം കൊണ്ട് ആണോ നേരിടുന്നത്? അറിയില്ലേൽ വിട്ടേര്. വിവരമുള്ള മനുഷ്യേരാരേലും കാണും എന്റെ ചോദ്യത്തിനുത്തരം പറയാൻ.)

അല്ലയോ മനുഷ്യ കുലമേ... ഈ ശംശയം തീർത്തു തരൂ... ഗന്ധർവ്വൻ എന്നുള്ളതിന്റെ ഇംഗ്ലീഷ് വാക്കെന്താ?

ബുർജ് അൽ അറബിന്റെയടുത്ത് പോയിട്ടുണ്ടോ? ഇല്ലേൽ ഉള്ള ആരോടേലും അതിനെ കുറിച്ച് ചോദിക്ക്. ജുമൈറയിൽ താമസിക്കുന്ന കക്ഷികളൊക്കെയുണ്ടല്ലോ ഇവിടെ???

ഗന്ധർവ്വലോകത്തായിരുന്നതുകൊണ്ടാകും ബുർജ് അൽ അറബിനെ കുറിച്ച് അറിയാത്തത്. ലോകത്തിലെ ഏക 7 നക്ഷത്ര ഹോട്ടലാണ് അത്. ബുർജ് എന്നു പറഞ്ഞാൽ “ഗോപുരം” എന്നർത്ഥം (tower - ഇംഗ്ലീഷിൽ). (ഹിന്ദിയിൽ മിനാർ എന്നാണെന്നു തോന്നുന്നു)അവിടെ മനുഷ്യകുലത്തിൽ പിറന്നവർക്ക് കയറണമെങ്കിൽ കാശ് കൊടുക്കണം. എലിയായും പൂച്ചയായും കിളിയായും നീരാവിയായുമൊക്കെ വരാൻ കഴിവുള്ള ഗന്ധർവന്മാർക്ക് കാശ് കൊടുക്കണോന്ന് അറിയില്ലേ! :)

ദേവന്‍ said...

സകലകലേശാ,
ഗന്ധര്‍വ്വം അതായത്‌ സംഗീതം അറിയുന്നവന്‍ ഗന്ധര്‍വ്വന്‍. ഒന്നാന്തരം മലയാളം വാക്കല്ലേ അത്‌ (മൂലം ഗന്ധര്‍വ്വ എന്ന സംസ്കൃത വാക്ക്‌)

യെവന്മാരുടെ പിതാജി കശ്യപനാണെന്നും അല്ല ബ്രഹ്മശ്രീ ബ്രഹ്മന്‍ തന്നെയെന്നും ഒക്കെ പറയുന്നു.

ഈ അര്‍ത്ഥതിലല്ലാതെയും പറയാം ഗന്ധം അറിയുന്ന ആണ്‍പിറന്നവന്‍ ഗന്ധര്‍വ്വന്‍ സ്ത്രീകളുടെ പിന്നാലെ മണം പിടിച്ചു നടക്കുന്ന പൂവാലന്‍ എന്ന് അര്‍ത്ഥമാക്കാം! വേണേല്‍ കേരളാ പോലീസ്‌ ഡോഗ്‌ സ്ക്വാഡിലെ ജിമ്മിയേയും ഗന്ധര്‍വ്വന്‍ എന്നു വിളിക്കാം..

അഭയാര്‍ത്ഥി said...

Dear Kalesh,
God of martial arts.
I called our GM(english by birth)
klaesh- He screamed-"whaaaaat"
So,can"t swallow.
When a question itself become an answer,it does n"t require an answer. So I took the example of kalesh.
Gandharva ennathu manushya kulathinu pidiyullathalla. It's english is "gand arvu", which means
gained arivu(knowledge).
Burj Arabinaduthu poyittilla- athu gandharvanmaarku important alla.
Njangalude arivu nadanno , odiyo kayaramennanu. Kaashu koduthu kayaranamennathu new- thiricharivu.

Gandharvan vaayadi aakunnu. sorry kalesh. ningalude arivum, blogil ningal cheyyunna sevanavum, dedicationum respect cheyyunna gandharvan eni ningalodu thallinilla. thottu.

അഭയാര്‍ത്ഥി said...

Devaragame,
u r salt of the blog. u got the substance.
In the first meaning- it is same as
deva raagam- related to music.

But as a gandharvan I am not so. It is appoximately appropriate if u consider the second meaning. Poovalan, manam pidikkunnavan, pennungalku purake pokunnavan, police dog. Everything suits me + etc.
My salute to u, for getting nearer to my meaning.
Let u r blog flourish & flourish.
Boss asking to do some work. I have to go.

Kalesh Kumar said...

പ്രിയ ഗന്ധർവരേ,
ഞാൻ തല്ലുകൂടാൻ വന്നതൊന്നുമല്ല കേട്ടോ... ഞാൻ അങ്ങനത്തെ ടൈപ്പുമല്ല. മനസ്സിൽ തോന്നുന്നതൊക്കെ വിളിച്ചു പറയും. ഒളിച്ചു വയ്ക്കില്ല. അത് പോട്ടെ.

എന്റെ GM എന്റെ മുന്നിലിരിക്കുകയായിരൂന്നു ഞാൻ താങ്കളുടെ GM = God of Martial Arts വായിച്ചപ്പം. ഞാ‍ൻ ചിരിച്ചു പോയി. അതു കേട്ട് എന്റെ GM (ജനനം കൊണ്ട് മാത്രം മലയാളി) എന്നോട് ചോദിച്ചു എന്താടാ എന്ന്. ഞാൻ പുള്ളിക്കാരനോട് അത് പറഞ്ഞു. അപ്പഴാ പുള്ളി തിരിച്ച് പറയുന്നത് GM എന്നു പറഞ്ഞാൽ God of Mad men എന്നാണ്, നിന്നെ കണക്കുള്ള വട്ടന്മാരുടെ ദൈവം എന്ന്!
വീണ്ടുമിരുന്ന് ചിരിച്ചു ഞാൻ !

ഞാൻ എന്ത് സേവനമാ ചെയ്യുന്നത്? ഈ കിടന്ന് വായിട്ടടിക്കുന്നതോ? :) ശരിക്ക് സേവനം ചെയ്യുന്നവർ മിണ്ടാ‍ണ്ടിരിക്കുകയാ‍.

P.S : ഞാൻ എല്ലാരേം പറ്റിച്ചേ.. കലേഷ് എന്നു പറഞ്ഞാൽ “ശിവൻ” എന്ന് ആരാ പറഞ്ഞേ? എനിക്ക് അറിയില്ല. ശരിക്കും എന്റെ പേര് ഒരു റഷ്യൻ പേരാണ്. അതിന്റെ കൂടെ കുമാർ എന്ന വാലുണ്ട് (അത് ഇന്ത്യൻ വാലാ). അമ്മ എന്നെ പ്രസവിച്ച വിവരമറിഞ്ഞ് അച്ഛൻ ഇട്ട ഒരു റഷ്യൻ പേരാണ് അത്.അന്ന് അച്ഛന്റെ ബോസ്സ് ഒരു റഷ്യക്കാരനായിരുന്നു. അങ്ങേര് സജ്ജസ്റ്റ് ചെയ്തതാ എന്റെ പേര്. എന്താണ് അതിന്റെ അർത്ഥം എന്ന് വല്ല റഷ്യൻ ഗന്ധർവ്വന്മാരോടും ചോദിക്കണം.

പാപ്പാന്‍‌/mahout said...

ദേവരാഗം: ഉത്തരാസ്വയം‍വരത്തോടെന്താ അലർജി? (എനിക്കു തമ്പീടെ പാട്ടൊന്നും തന്നെ ഇഷ്ടമല്ലാട്ടോ)

ഗന്ധൻ: ഇംഗ്ലീഷിൽ താങ്കളുടെ പേരു വിഗ്രഹിച്ചാൽ “gaand + aravu" എന്നാണെന്നുപറഞ്ഞതിനു നന്ദി. ഇപ്പൊ എല്ലാം പുടി കിട്ടി.

കലേഷ് == കലേഷ്‍നിക്കോവ്? AK47?

അഭയാര്‍ത്ഥി said...

pappaan aashaya gambeeran
kalesh sabdha sundharan
devaragam ullekha gayakan

(parady vd rajappanodu kadappad)

Gandharvalogathu adi kittunnathanu angeegkaram.
athukondu thanne
bhoomiyil ninnu kittunna adikal
gandharvane santhoshippikkunnu.

Kavi thrayangalkku namovaakam.

Gandharvan devanagaralipiyiloode
malayalathilekku varunnundu.Migration poornamaakan.

Kerala farmeril ninnu krushi paadangalum,
su vil ninnu gaayathri manthravum.
Nanma vazhi vibrama lokathil vaakukal sangeethamaakkunnathum.
kumaril ninnum mazhathulli kilukavum,
visala manassode kodakara puranavum-
panthallukaaran textilesine kurichum
arinju venam-
manushya janmam
swarthakamaakan.
Thalkaalam chirakukal oori vachu njanonnu
visramikkatte.
Parayan vittu poyi- atulya - pranayini nee virahathil
kanner vaarkunnuvo- atho vida chollal oru jaadayo.
Sathyam parayuka- olinjirunnu blog visesham kandu rasikkuka
alle nee cheyyunnathu. Thomman kunnil gandharvan eppolethum.
Avide kandillengil urappikum nuna nuna- nee atulya enna per maati
nunatulyan ennidu- sthreeye ninnezhuthu oraanezhuthu- nee aanano?.
Gandharvanu samsayam.

രാജ് said...

അതുല്യ,
നാട്ടിലെ പട്ടിണി മാറ്റുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുക. മലയാളം വളരട്ടെ എന്നു് പ്രത്യാശിക്കുന്ന ഒരാളോട് ആദ്യം മലയാളികളുടെ പട്ടിണി മാറ്റുക എന്നു് ഉരുവിടുന്നത് സ്ഥലജലവിഭ്രാന്തിയുടെ ലക്ഷണമാണു്.

മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ: ആഹാരം പാർപ്പിടം വസ്ത്രം എന്ന് പണ്ടേതോ സാമൂഹ്യശാസ്ത്രകാരൻ പറഞ്ഞുവച്ചതിന്റെ പൊല്ലാപ്പുകൾ!

അഭയാര്‍ത്ഥി said...

What I essayed പെരിങ്ങോടന്‍ said in
two lines.
Atulya's intention, and empathy to deserving is not questioned.
We have to change.
We have revolutionaries the revolution concept.

Well said atulya- well done പെരിങ്ങോടന.

ദേവന്‍ said...

Quote" pappaan aashaya gambeeran
kalesh sabdha sundharan
devaragam ullekha gayakan"
ee saadhanathinte naalam paadathil anthyamaayi naalaksharam kurichchathu
"gandharvvan ithilokke viLanjavan" ennaano?

payikkaNa pahaya ijju kithaab Othin~ ennu etho eenkilabu vilikkunnavan parajittille? manushyane pattini kidathi malayalam vaayippikkan pattumennayirikkum visappu-malayalam link peringodo

njaan ippo oru kutti sooji gothampinte puttum oru chayayum kazhichittirikkukaya, kandille malayalam font poyath?

Kalesh Kumar said...

പ്രിയ പാപ്പാൻ,
ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം. പുസ്തകങ്ങൾ വായിച്ച് വായിച്ച് വി.കെ.എന്നിന് അഡിക്റ്റായിട്ട് ഞാൻ പുള്ളിക്കാരന്റെ ജന്മദിനത്തിന് പുള്ളിക്കാരനൊരു ആശംസാ പോസ്റ്റ്കാർഡ് അയച്ചു. പുള്ളിക്കാരന്റെ തന്നെ വരികൾ ആയിരുന്നു ഞാൻ ആ കാർഡിൽ എഴുതിയത്.
അതിനൊരു മറുപടി വന്നു. ഔർ പോസ്റ്റ് കാർഡ്. അതും അദ്ദേഹത്തിന്റെ കൈപ്പടയിൽ.
അതിങ്ങനെയായിരുന്നു:
പ്രിയ കലേഷ്,
കലേഷ്=കലാഷ്നിക്കോവ്
കാർഡിനു നന്ദി.
സ്നേഹം,
വി.കെ.എൻ
----
താങ്കളുടെ കമന്റ് കണ്ടപ്പം ഞാനത് ഓർത്തുപോയി!
ഗന്ധർവ്വന് അവസാനം ബൂലോഗത്തിൽ ഒരു ഇടം വെട്ടിപ്പിടിക്കാൻ തോന്നിയിരിക്കുന്നു. സന്തോഷം!
ഗന്ധർവ്വ കിന്നരികൾ എന്നാണാവോ തുടങ്ങുക? മലയാളം യുണീകോഡിൽ തന്നെ ഗന്ധർവ്വ കിന്നരികൾ കേട്ടിരുന്നെങ്കിൽ നന്നായിരുന്നു!

P.S: അതുല്യേച്ചി രാവിലെ വിളിച്ചിരുന്നു ഇന്ദ്രപസ്ഥത്തിൽ നിന്ന്. സുഖമായെത്തിചേർന്നു, ദീപാവലി കൂടിയിട്ട് തിരിച്ചെത്തും എന്നു പറഞ്ഞു. എല്ലാ‍ ബൂലോഗനിവാസികളോടുമുള്ള പുള്ളിക്കാരിയുടെ സ്നേഹാന്വേഷണങ്ങൾ ഞാനിതാ അറിയിക്കുന്നു.

Kalesh Kumar said...

പെരിങ്ങോടരേ,
അതുല്യയോടുള്ള താങ്കളുടെ കമന്റ് വായിച്ചിട്ട് ഞാൻ മിണ്ടാതിരുന്നാൽ ശരിയാകില്ലന്ന് തോന്നി. “സ്ഥലജലവിഭ്രാന്തി “ എന്ന റഫറൻസും കണ്ടു. അതുല്യേച്ചി അതിനു മറുപടി പറയാൻ സ്ഥലത്തില്ല.

പുള്ളിക്കാരിയെ കുറച്ച് നാളായി എനിക്കറിയാം. പുള്ളിക്കാരി ഒരുപാട് ചാരിറ്റി ചെയ്യുന്ന ആൾ ആണ്. ആദ്യമൊക്കെ കാശ് കൊടുത്താണ് പുള്ളിക്കാരി ആളുകളേ സഹായിച്ചിരുന്നത്. അത് ആളുകൾ മുതലെടുക്കുന്നു എന്ന് പുള്ളിക്കാരിക്ക് മനസ്സിലായപ്പോൾ മുതൽ അത് നിർത്തി. പകരം ഇപ്പഴ് പുള്ളിക്കാരി ചെയ്യുന്നത് അരിയും പലചരക്ക് സാധനങ്ങളും മേടിച്ചു കൊടുക്കും - പല അനാധാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഒക്കെ.

പുള്ളിക്കാരി ഇത് എന്നോട് “ഞാനിതു ചെയ്യുന്നു” എന്നു പറഞ്ഞ് പറഞ്ഞതല്ല. അന്യരെ സഹായിച്ചിട്ട് തിരിച്ച് അവർ പാര വയ്ക്കുന്നത് സംബന്ധിച്ച് ഞങ്ങൾ എന്തോ ചർച്ച ചെയ്തോണ്ടിരിക്കേ, സംഭാഷണമധ്യേ,പുള്ളിക്കാരി പറഞ്ഞതാ ഇത്. പുള്ളിക്കാരി വിളിച്ചു പറഞ്ഞത് 100% ആത്മാർത്ഥമായിട്ടാ പെരിങ്ങോടരേ. നാട്ടിലെ പട്ടിണി മാറ്റാ‍ൻ ഒരാളെ കൊണ്ട് മാത്രം കഴിയുമോ? സന്നദ്ധ സംഘടനയിൽ ചേർന്നാൽ മാത്രമേ പട്ടിണി മാറ്റാനായി പ്രവർത്തിക്കാനാകു?

പുള്ളിക്കാരി ഉത്തർ പ്രദേശിൽ ഭർത്തൃഗൃഹത്തിൽ പോയേക്കുകയാണ്. പുള്ളിക്കാരിക്ക് അവിടെ നെറ്റ് അക്സസ്സ് ഉണ്ടോന്ന് അറിയില്ല.
(അതുല്യേച്ചി ഇതെന്നെങ്കിലും വായിക്കുകയാണേൽ: ഇങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ എന്നോട് ക്ഷമിക്കുക. എനിക്ക് പറയണമെന്ന് തോന്നി)

ദേവരാഗമേ, ചർച്ചാവേദി ഈ ബ്ലോഗായതിൽ പ്രയാസമുണ്ടോ?

Achinthya said...

പച്ചേം നീലേം തമ്മിൽ ഇത്ര perfect blend!.അനിയനോടു ഇതേ സ്ഥലത്തിന്റെ ഇപ്പഴത്തെ അവസ്ഥടെ ഒരു പടം അയക്കൻ പരയാർന്നു.Is it still untouched?
-ഇവടെ പുതുതായി വന്ന ഒരു പച്ചക്കുതിര

ദേവന്‍ said...

കലേഷ്‌നിക്കൊവേ,
ധൈര്യമായി സംവദിച്ചോ, വധിച്ചോ..

അചിന്ത്യേ,
ഞാന്‍ ജനുവരിയില്‍ ഒന്നു നാട്ടില്‍ പോകുന്നുണ്ട്‌ ഈ സ്ഥലം വീണ്ടും അപ്പോള്‍ ഫോട്ടോ എടുക്കാം.. വേണമെങ്കില്‍ ഒരു പച്ച ഫില്‍റ്റര്‍ ഇട്ട്‌ എടുക്കാം. അതും പോരെങ്കില്‍ ഞാന്‍ ഒരു പച്ചച്ചിരിയും ചിരിച്ച്‌ ആ വയലില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ തന്നെ ആകാം :)

Achinthya said...

പച്ച ഫില്‍റ്റര്‍ ഇട്ടാലുണ്ടാവണ special effects എന്താന്നു photography illiterate ആയ എനിക്കെങ്ങനെ അറിയും സുരരാഗമേ?

പച്ചച്ചിരി ചിരിച്ച നായകന്‍...ഇതെന്താ കഥാ, ലോറി വാങ്ങ്യാ തീപ്പെട്ടി ഫ്രീ ന്നു പറഞ്ഞ പോലെ പാടത്തിന്റെ പടം ചോദിചാ പടം എടുത്തവന്റെ പടോം കിട്ടും?

അതോ ആദ്യത്തെ പിന്മൊഴീല്‍ സിദ്ധാര്‍തന്‍ പറഞ്ഞ പോലെ, വിശന്നു വലഞ്ഞ ചെക്കനേം കൂട്ടിക്കളയാം ന്നു വെചുൊ?

ദേവന്‍ said...

പാപ്പനേ,
തമ്പിയണ്ണാച്ചി ഉത്തരാസ്വയം‍വരത്തിൽ പ്രേമിച്ച് പ്രേമിച്ച് “ആയിരം സ‍ന്കൽപ്പൻകൾ തേരുകൾ തീർത്തരാവിൽ അർജ്ജുന്നനായി ഞാൻ അവൾ ഉത്തരയായി എന്നെഴുതിയതാണ് എന്റെ പ്രശ്നം..

അതല്ലാതെ ചില നല്ല പ്രയോഗങളൊക്കെ നടത്തിയിട്ടുണ്ട് തമ്പീസ്.. അതുകൊണ്ട് പുള്ളിയോട് ഇഷ്ടക്കുറവൊന്നുമില്ല.. ഉദാ
“സ്വേദമുത്തുകൾ ബാഷ്പമായി മാറും ലോല കപോല സരോജങ്ങൾ വിടർത്തി
നിറഞ്ഞ മാറിൽ കമനന്റെ ദാഹം എഴുതിയ ചിത്രം കസവാൽ മൂടി
അടിവയ്ക്കുമ്പോൽ പിറകോട്ടുവിളിക്കും കരിമുകിൽ‍വേണീയലകളുമായി
വരിക മുന്നിൽ വരവർണ്ണിനി നീ... (ഉഷസ്സാം സ്വർണ്ണ)

“പ്രഭാത കാന്തിയും പ്രസല ഭംഗിയും പ്രഫുല്ല നക്ഷത്ര വ്യോമ വ്യാപ്തിയും
സന്ധ്യാദീപ്തിയും സാഗര ശക്തിയും സംഗീതമേ നിന്നിൽ നിർലീനമല്ലോ” (സ്വാതി തിരുനാളിൻ കാമിനി)

പക്ഷേ ഓന്തോടിയാൽ വേലിവരെ എന്നു പറഞ്ഞപോലെ തമ്പിയങുന്നിന്റെ പ്രേമപ്പാട്ടുകൾ എല്ലാം നാലമ്പലത്തിന്റെ ഉള്ളിലാണെന്ന് ശ്രദ്ധിച്ചാലറിയാം!!

പാപ്പാന്‍‌/mahout said...

ദേവൻ: അർജ്ജുനൻ ഉത്തരയുടെ “വകയിൽ ഒരമ്മായിയച്ഛൻ“ ആയി വരുമെന്നതാണോ പ്രശ്നം? ആണെങ്കിൽ അതിനു തമ്പിച്ചായൻ പണ്ടൊരു മറുപടി എഴുതിയിട്ടുള്ളതു ഞാൻ വായിച്ചിട്ടുണ്ട്. കക്ഷി പറയുന്നത് ഈപാട്ടുള്ള സിനിമയിൽ (“ഡെയ്ഞ്ജർ ബിസ്ക്കറ്റ്” ആണെന്നാണോർമ്മ), ഈ പാട്ടുപാടുന്ന സി.ഐ.ഡിയ്ക്കു് പാട്ടിൽ പ്രസ്തുതയായിരിക്കുന്ന “ഉത്തരയെ” അവസാനം കിട്ടുന്നില്ല, അതു കാണിക്കാൻ വേണ്ടി താൻ കരുതിക്കൂട്ടി ഇങ്ങനെ എഴുതിയതാണെന്ന് തമ്പിയദ്യം ശഠിക്കുന്നു (“ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്രഗാനങ്ങൾ“ എന്നോ മറ്റോ പറഞ്ഞ് പ്രഭാത് ബുക്ക് ഹൌസ് അവരുടെ നല്ലകാലത്തെപ്പൊഴോ ഇറക്കിയ ഒരു “കെരന്ത”ത്തിലാണ് മേൽപ്പറഞ്ഞ സുഭാഷിതം വായിച്ചിട്ടുള്ളത്). തമ്പി വെറുതെ ഉരുളുന്നതാണെന്നതാണ് പേഴ്‍സസണലി എന്റെ വിശ്വാസം.

അഭയാര്‍ത്ഥി said...

As Gandharva was there in ancient time, it is time to break silence.

It was Uthara Swayam varam Kathakali. There Arjunan is the contender and uthara is the bet.
Arjunan wons the bet. It is un to him what to do with the bet.
In the kathakali it is just arjunan not abhimanyue hold the lion part, and uthara being the focus heroine. It is just a matter of hero-heroine not about their relation he was trying scroll out.

After attavilaku ananju they reincarnated to nazir & Vijayasree, and what they might have done still unknown to all

Thampi chettan simply foreseen this debate I think, and gandharvan also longtime mind boggled about this.

രാജ് said...

ദേശാന്തരയാത്രകളുടെയെല്ലാം ഒടുവിൽ അർജ്ജുനൻ മടങ്ങിയിരുന്നത് രണ്ടു് വിജയങ്ങളുടെ പേരെടുത്ത് പറഞ്ഞിട്ടാവും. ഒന്നൊരു മഹായോദ്ധാവിനെ എയ്ത് തോൽപ്പിച്ചതിന്റെയും മറ്റൊരു നാരീരത്നത്തിന്റെ ഹൃദയം കവർന്നതിന്റെയും വിജയഗാഥകൾ. വിരാടത്തിലും പുള്ളി വെറുതെയിരുന്നു കാണില്ലെന്ന് എം.ടിയും തമ്പിയുമെല്ലാം ഊഹിച്ചതിനെയങ്ങ് പഴിപറയാമോ സുഹൃത്തുക്കളേ! (ജ്യോതിഷും കണ്ണൂസുമെല്ലാം ഇതു് വായിക്കുന്നുണ്ടാവണം - എം.ടി, മഹാഭാരതം വളച്ചൊടിച്ചു തല്ലിപ്പൊട്ടിച്ചു എന്നൊക്കെ പറഞ്ഞു നടക്കുന്ന എന്റെ സുഹൃത്തുക്കൾ ആണവർ)

ദേവന്‍ said...

പാപ്പനേ,
വിരാടത്തിലിരിക്കുന്ന ബൃഹന്നളയെ എടുത്ത് ഇന്ദ്രപ്രസ്ഥത്തിൽ വച്ചല്ലോ നിങൽ?.. ദേ വന്നു രണ്ടാമൂഴിയാർ ഫാൻ.

പെരിങ്ങോടരേ,
ഏതു സിനിമയാണെന്ന് ഓർമ്മയില്ല പപ്പു കടയിലിരുന്ന് പരദൂഷണം പറയുന്ന കൂട്ടത്തിൽ കെട്ടിയോൻ ചത്ത ഒരു പെണ്ണിനെപ്പറ്റി “ഓളുക്ക് വയറ്റിലുണ്ട്”
കേൽക്കുന്നയാള് “തനിക്കെങനെ അറിയാം അത്?”
പ “ ഇതൊക്കെ അങ്ങ് ഊഹിച്ചുകൂടേ”
എം‍പ്റ്റി ഊഹിച്ചതും അതുപോലെയായല്ലോ..

1. അർജ്ജുനന്റെ അജ്ഞാതവേഷം ഒരു നപുംസകമായിട്ടയിരുന്നു.
2. ഉത്തരയോട് സത്യം വെളിപ്പെടുത്താൻ ഒരു സാധ്യതയുമില്ല അർജ്ജ്..പാഞ്ചാലിക്കെതിരേ ബലാത്സംഗമ ഭീഷണിയുണ്ടായിട്ടും വായ തുറന്നിട്ടില്ല മൂപ്പർ.

3. ഉത്തരയെ ഓഫർ ചെയ്തപ്പോൽ മൂപ്പർ എനിക്കിവൽ മകളെപ്പോലെയാണ്, എന്നും മകളായി എന്റെകൂടെയിരിക്കട്ടെ എന്നു പറഞ്ഞ ചേട്ടായിയിടെ മനസ്സിലുള്ളത് ഇങ്ങനെയാണോ ഊഹിക്കുക്കത്?

വീക്കെയെൺസ് പറഞപോലെ ക്രാന്തദർശികളായ കാർന്നോമ്മാർ കൊള്ളരുതാത്ത മക്കൾ മുടിച്ചാലും തീരാത്തത്ര സ്വത്തുണ്ടാക്കിറ്യിട്ടിട്ട് ചാകുമ്പോലെ വ്യാസകാളിദാസർ കിത്താബ് പടച്ചിട്ടുള്ളതുകൊണ്ട് നായരും ഖണ്ഡശ്ശ്രീ ഖ്ണ്ഡേക്കറും ജീവിച്ചോട്ടെ, എനിക്കൊന്നുമില്ല..

പാപ്പാന്‍‌/mahout said...

"Virata said, 'Why, O best among the Pandavas, dost thou not wish to accept as wife this my daughter that I bestow upon thee?'

"Arjuna said, 'Residing in thy inner apartments, I had occasion always to behold thy daughter, and she too, alone or in company trusted me as her father. Well-versed in singing and dancing, I was liked and regarded by her, and, indeed, thy daughter always regardeth me as her protector. O king, I lived for one whole year with her though she had attained the age of puberty. Under these circumstances, thyself or other men may not without reason, entertain suspicions against her or me. Therefore, O king, myself who am pure, and have my senses under control, beg to thee, O monarch, thy daughter as my daughter-in-law. Thus do I attest her purity. There is no difference between a daughter-in-law and a daughter, as also between a son and son's own-self. By adopting this course, therefore, her purity will be proved. I am afraid of slanderous and false accusations. I accept, therefore, O king, thy daughter Uttara as my daughter-in-law. Surpassing all in knowledge of weapons, resembling a celestial youth in beauty, my son, the mighty-armed Abhimanyu is the favourite nephew of Vasudeva, the wielder of the discus. He, O king, is fit to be thy son-in-law and the husband of thy daughter.'

രാജ് said...

പാപ്പാനെ,

കിസരി മോഹൻ ഗാംഗുലിയുടെ മഹാഭാരത വിവർത്തനത്തിൽ, വിരാടപർവ്വം അവസാന അദ്ധ്യായത്തിലെ വരികൾ ആണിതെന്ന് കൂടി എഴുതി ചേർത്തിരുന്നുവെങ്കിൽ നന്നായേന്നെ. സൌരവ് ഗാംഗുലിക്കപ്പുറം മറ്റൊരു ഗാംഗുലിയെ അറിയാത്ത ചിലർക്കെങ്കിലും പ്രയോജനമായേക്കും.

പാപ്പാന്‍‌/mahout said...

തന്നെ, തന്നെ. പോസ്റ്റിയ തിരക്കിൽ ആ ലിങ്ക് വയ്ക്കാൻ മറന്നു.
http://www.sacred-texts.com/hin/m04/m04072.htm

രണ്ടാമൂഴത്തിന്റെ അവസാനം MT പരാമർശിക്കുന്ന അതേ മഹാഭാരതവിവർത്തനം.

കണ്ണൂസ്‌ said...

Peringodare,

vayyikkunnude. Oru paadu abhiprayam paranjathu kaaranam ini randamoozhathe patti oru randamoozhathinilla. :-)

രാജ് said...

അപ്പോൾ ആ ഇരയിൽ മീൻ കൊത്തിയില്ലെന്നു് സാരം :-)

താമസം‍വിനാ വീണ്ടും പ്രതീക്ഷിക്കാം!