ദുബായി>തിരുവനന്തപുരം
ദത്തനു ഒരുമാസം പ്രായമായപ്പോള്‍ അവനെയും വിദ്യയേയും നാട്ടില്‍ വിട്ടിട്ടു ഞാന്‍ ഇങ്ങു പോന്നതാണ്. കൂട്ടിക്കൊണ്ടുവരാന്‍ രണ്ടാഴ്ച്ച ലീവ് എടുത്തു നാട്ടില്‍ പോകണമെന്ന് വിചാരിച്ചിട്ട് "യാന, കുതിര, മാട്, ആട്, കോഴി മട്ടും പാരെടീ" എന്നു പണ്ട് ഗൗണ്ടര്‍ പറഞ്ഞതുപോലെ തിരക്കുകള്‍ കാരണം ഓരോ ദിവസമായി കുറഞ്ഞു കുറഞ്ഞു ഒടുക്കം അഞ്ചു ദിവസമാണ് പോകാന്‍ പറ്റിയത്. കിട്ടിയ ലീവ് എടുത്ത് കിട്ടിയ വണ്ടിയേല്‍ കേറി നാട്ടില്‍ ചാടി.
തിരുവനന്തപുരം>കുണ്ടറ
മോഹനേട്ടന്‍ എന്നെ റിസീവ് ചെയ്യാന്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിരുന്നു. കഴക്കൂട്ടത്തെ സ്ഥിരം പെട്ടിക്കടയില്‍ ചായയും കുടിച്ച് ഉദയദിവാകരനെതിരേ വണ്ടിയോടിച്ച് ഞങ്ങളങ്ങു പോയി.
"കുണ്ടറ ചന്തയില്‍ കയറി മീനും വാങ്ങിച്ച് വീട്ടിലേക്ക് പോയാലോ?" ഞാന്‍ ചോദിച്ചു.
"വഴിയില്‍ തങ്ങാന്‍ നേരമില്ല, നിന്നെ വീട്ടില്‍ കൊണ്ട് തട്ടി ഞാനും സജിയും നേരേ കുമരകത്തേക്ക് പോകുകയാണ്. അവിടെ ഒരാള്‍ പെരുമ്പാമ്പിനെ പിടിച്ചെന്ന് നേച്ചര്‍ ക്ലബ്ബുകാര്‍ വിളിച്ചറിയിച്ചിട്ടുണ്ട്, സജിക്ക് അതിനെ റിസീവ് ചെയ്ത് കാട്ടില്‍ വിടണം." മോഹനേട്ടന്‍ പറഞ്ഞു.
പാമ്പ്, കുമരകം, കാട്! ഞാന്‍ വീണു പോയി.
"എന്നാ നേരേ സജിച്ചേട്ടനെ പൊക്കട്ടെ, വണ്ടി കുമരകത്തോട്ട് പോട്ടെ."
"നിനക്ക് ബാത്ത് റൂമില്‍ പോകുകയും ഭക്ഷണം കഴിക്കുകയുമൊന്നും വേണ്ടേ?"
"ബാത്ത് റൂം പോകുന്ന വഴിക്കെല്ലാം കാണും. ഭക്ഷണവും. നമുക്ക് പോവാം."
കുണ്ടറ>കുമരകം
കുമരകം പക്ഷി സങ്കേതം കെ. റ്റി ഡി. സിയുടെ ഭരണത്തിലാണ്. പക്ഷി സങ്കേതത്തിന്റെ സെന്‍സിറ്റീവിറ്റി മനസ്സിലാക്കാതെ കെ റ്റി ഡി സിക്കാര്‍ അവിടെ ഹോട്ടലും ഓപ്പണ്‍ സ്റ്റേജ് പ്രോഗ്രാമും മറ്റും നടത്തുകയും ബാര്‍ബെക്യൂ പെര്‍മിഷന്‍ കൊടുക്കുന്നെന്നും മറ്റും കണ്ട് മൊത്തത്തില്‍ ഒരു കണ്ട്റോളിനായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിച്ചതാണ് കുമരകത്തെ ഓഫീസ്.
കുമരകത്ത് മഴ. മഴയെന്നു വച്ചാല്‍ തുമ്പിക്കൈ വണ്ണത്തില്‍ അങ്ങനെ വീഴുകയാണ്. വെള്ളച്ചാട്ടം പോലത്തെ ശബ്ദവും.
ഭദ്രകാളിയെ പ്രേതം പിടിച്ചെന്ന് പറഞ്ഞതുപോലെ വെള്ളത്തില്‍ മുങ്ങാങ്കുഴിയിട്ടു നടക്കുന്ന നീര്‍ക്കാക്ക ഒരെണ്ണം ഫോറ്സ്റ്റാപ്പീസിന്റെ തിണ്ണയ്ക്ക് വന്ന് നനഞ്ഞൊട്ടി തല ചിറകിലൊളിപ്പിച്ച് കുത്തിയിരിക്കുന്നു. മഴയുടെ ഒരു ശക്തിയേ.
ഡ്രൈവര്‍ മനോഹരന്‍ ഡ്യൂട്ടിയിലുണ്ട്. പുള്ളിയെയാണ് നേച്ചര്‍ ക്ലബ്ബ് പാമ്പിന്റെ കാര്യം അറിയിച്ചത്. മുഹമ്മയില്‍ ഒരു നിഷാദിനാണ് പാമ്പിനെ കിട്ടിയിരിക്കുന്നത്, നേരേ പോകാം. ബോട്ട് മൂന്നാലെണ്ണം കിടപ്പുണ്ട്, ഉള്ളതില്‍ പഴയതാണെങ്കിലും കഴിവില്‍ മുന്നില്‍ വാനമ്പാടി ആണത്രേ.
കുമരകം>മുഹമ്മ
തോടും കടന്ന് വാനമ്പാടി വേമ്പനാട്ടു കായലിലേക്ക് ഇറങ്ങി. മഴയ്ക്കെതിരേ അവള്‍ കുതിച്ചപ്പോള്‍ വെടിയുണ്ട പോലെ മഴത്തുള്ളി വന്ന് തുളച്ചു കയറുന്നു . വേദന സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു ലൈഫ് ജാക്കറ്റെടുത്ത് അരയിലും കെട്ടി മറ്റൊന്ന് പരിച പോലെ മുഖം മറച്ചും പിടിച്ചു. ക്യാമറ സഞ്ചിയില്‍ പൊതിഞ്ഞു. ഫിഷറീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സ്പീഡ് ബോട്ട് പലതു കണ്ടതാണെങ്കിലും ഇമ്മാതിരി ത്രസ്റ്റും ടോര്‍ക്കും ഉള്ളവളെ അനുഭവിക്കുന്നത് ആദ്യമായാണ്.
"വാനമ്പാടി ഒരു പുലിയാണല്ലോ മനോഹരന്‍ മാഷേ." ഞാന്‍ കൂവി.
"അവളുടെ ആദ്യത്തെ ഓണറും പുലിയായിരുന്നു സാറേ. തമിഴു പുലികളും ഇന്ത്യന്‍ നേവിയും ആയുള്ള ഒരു എന്‍കൗണ്ടറില്‍ പിടികൂടിയതാണവളെ. അങ്ങനെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനു കിട്ടി. ഇറ്റാലിയനാ സാധനം." മനോഹരന്‍ പറഞ്ഞു.
മുഹമ്മയില്‍ മഴയില്ല. നിഷാദിന്റെ വീടു ബോട്ടുജെട്ടിക്കടുത്തു തന്നെ. അയാള്‍ ഒരു ചാക്കു കെട്ട് എടുത്തു തന്നു "എന്റെ അഞ്ചു കോഴികളെ ഈ പന്നന്‍ തിന്നുകളഞ്ഞു സാറേ."
ഞാന്‍ ചാക്കു കെട്ടഴിച്ചു നോക്കി. പന്നനല്ല, സാക്ഷാല്‍ പന്നഗേന്ദ്രന്‍. എന്താ ഒരു സൗന്ദര്യം. എന്താ അവന്റെ വലിപ്പവും തൂക്കവും.
പെരിയ പാമ്പ് അവര്‍കളുടെ പ്ലേസ് ഓഫ് ഓറിജിന്‍ പേപ്പര്‍ നിഷാദിനെക്കൊണ്ട് ഒപ്പിടീച്ച് അതിനെ തല്ലി കൊല്ലാതെ പിടിച്ചു തന്നതിന് അയാള്‍ക്ക് നന്ദിയും പറഞ്ഞ് ഞങ്ങള്‍ തിരിച്ചു പോന്നു.
മുഹമ്മ> കുമരകം
പാമ്പുചാക്കുമായി പാതിരാമണലില്‍ ഒന്നു ഹാള്‍ട്ട് അടിച്ച് മഴ ആഘോഷിക്കുന്ന ചേരക്കോഴികള്‍ക്കും ഓട്ടര്‍മാര്‍ക്കും കൊക്കുകള്‍ക്കും റ്റാറ്റായും പറഞ്ഞ് ഞങ്ങള്‍ തിരികെ കുമരകത്തെത്തി. ഒടുക്കത്തെ മഴകാരണം പാതിരാമണലിലെ പക്ഷികളുടെ പടം എടുക്കാന്‍ പറ്റിയില്ല.
"നമുക്ക് ഭക്ഷണം കഴിച്ചിട്ട് ഓഫീസിലോട്ട് പോകാം." സജിച്ചേട്ടന്‍ പറഞ്ഞു.
"ഇവിടെ കേറ്റിഡിസി ഉണ്ട്.. പിന്നെ ക.." മനോഹരന്‍ നിര്‍ത്തി
"പിന്നെ, പറയൂ.." മോഹനേട്ടന്‍
"കള്ള് ഷാപ്പുണ്ട്. അസ്സല്‍ ഊണാ."
"കള്ള് കിട്ടുമോ അതോ ക്ലോറല്‍ ഹൈഡ്രേറ്റ് ആണോ?"
"ഞാന്‍ കൂടെയുള്ളപ്പോഴോ? സാറു വാ.”
ഷാപ്പിന്റെ അല്പ്പം മാറ്റി ഒരു മരത്തില്‍ വാനമ്പാടിയെ കെട്ടിയിട്ടു. പാമ്പു ചാക്ക് അവിടെ ഇട്ടിട്ടു പോന്നാല്‍ ചേനയോ കാച്ചിലോ ആണെന്നു കരുതി ആരെങ്കിലും അടിച്ചു മാറ്റിക്കളയുമെന്ന് ഭയന്ന് അവനെയും തോളിലെടുത്താണ് മോഹനന്‍ ഇറങ്ങിയത്.
മനോഹരനും സജിച്ചേട്ടനും ഡ്യൂട്ടിയിലാണ്, ഊണേ വേണ്ടൂ. അതിനെന്താ എനിക്കും മോഹനേട്ടനും ഡ്യൂട്ടിയില്ലല്ലോ!
"എടോ, ഇത് ഫോറസ്റ്റര്‍ സാറാ. ഏറ്റവും കൊള്ളാവുന്നതെട്."
മീശയും ചെവിയിലെ രോമവുമൊക്കെ നരച്ച ഒരമ്മാവന്‍ എത്തി നോക്കി. എന്നെയും അടുത്ത് ഇരിക്കുന്ന പ്ലാസ്റ്റിക്ക് ചാക്ക് കെട്ടും മാറി മാറി നോക്കി.
"യൂണിവേഴ്സിറ്റീല്‍ വാഴേടെ വിത്ത് കൊടുത്തു തുടങ്ങിയോ മക്കളേ? ഞാന്‍ ഇന്നലേം പോയി ചോദിച്ചിട്ട് തന്നില്ല"
തൊട്ടടുത്ത് ക്യുസാറ്റിന്റെ വിത്ത് ഗവേഷണ കേന്ദ്രമാണ്. ചാക്കില്‍ വാഴക്കന്നല്ല ഒരു പാമ്പാണെന്ന് പറഞ്ഞാല്‍ കളിയാക്കുന്നതാണെന്നല്ലേ ആരും കരുതൂ.
"ഇത് യൂണിവേഴ്സിറ്റീന്നല്ല, ഒരു വീട്ടില്‍ നിന്ന് എടുത്തുകൊണ്ട് വരികയാ" ഹേയ് ഞാന്‍ കള്ളം പറയില്ല, ഇത് നിഷാദിന്റെ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് വരുന്നതല്ലേ.
ഷാപ്പില്‍ നിന്നിറങ്ങി തിരിച്ചു ഫോറസ്റ്റാപ്പീസിലെത്തി. മഴ നിന്നു. പഴയ കുതിര്‍ന്നുപോയ നീര്‍ക്കാക്ക തൂവലില്‍ എണ്ണ കൊത്തിപ്പരത്തി വെള്ളത്തിലേക്ക് തിരിച്ചു പോയി
അന്തരീക്ഷം തെളിഞ്ഞപ്പോള്‍ ഹൗസ് ബോട്ടുകള്‍ കായലില്‍ ഇറങ്ങി.
പീരുമേട്ടിലേക്ക് പോകുന്ന ഒരു ഡിപ്പാര്‍ട്ട്മെന്റ് ജീപ്പില്‍ പെരുമ്പാമ്പിനെ അവന്റെ ബുക്കും പേപ്പറും സഹിതം കൊടുത്തു വിട്ടിട്ട് മനോഹരനോട് യാത്രയും പറഞ്ഞ് ഞങ്ങളിറങ്ങി.
കുമരകം> തിരുവല്ല
"നാട്ടില്‍ വന്നിട്ട് ദത്തനെക്കാണും മുന്നേ നിങ്ങള്‍ പാമ്പിനെ കാണാന്‍ പോയി അല്ലേ?" വിദ്യ പാമ്പു പോലെ ചീറി. "കൊച്ചോ പാമ്പോ നിങ്ങള്‍ക്ക് വലുത്?"
"അത് .. നീളം കൊണ്ട് നോക്കിയാല്‍ പാമ്പു തന്നെ വലുത്."
"എന്തൊരു കള്ളു നാറ്റം. പാമ്പിനെ കാണാന്‍ പോയതുമല്ല അടിച്ചു പാമ്പായി വന്നിരിക്കുന്നു."
November 25, 2007
Subscribe to:
Posts (Atom)