November 25, 2007

അങ്ങനെയും ഒരവധിക്കാലത്ത്

ദുബായി>തിരുവനന്തപുരം
ദത്തനു ഒരുമാസം പ്രായമായപ്പോള്‍ അവനെയും വിദ്യയേയും നാട്ടില്‍ വിട്ടിട്ടു ഞാന്‍ ഇങ്ങു പോന്നതാണ്‌. കൂട്ടിക്കൊണ്ടുവരാന്‍ രണ്ടാഴ്ച്ച ലീവ് എടുത്തു നാട്ടില്‍ പോകണമെന്ന് വിചാരിച്ചിട്ട് "യാന, കുതിര, മാട്, ആട്, കോഴി മട്ടും പാരെടീ" എന്നു പണ്ട് ഗൗണ്ടര്‍ പറഞ്ഞതുപോലെ തിരക്കുകള്‍ കാരണം ഓരോ ദിവസമായി കുറഞ്ഞു കുറഞ്ഞു ഒടുക്കം അഞ്ചു ദിവസമാണ്‌ പോകാന്‍ പറ്റിയത്. കിട്ടിയ ലീവ് എടുത്ത് കിട്ടിയ വണ്ടിയേല്‍ കേറി നാട്ടില്‍ ചാടി.

തിരുവനന്തപുരം>കുണ്ടറ
മോഹനേട്ടന്‍ എന്നെ റിസീവ് ചെയ്യാന്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിരുന്നു. കഴക്കൂട്ടത്തെ സ്ഥിരം പെട്ടിക്കടയില്‍ ചായയും കുടിച്ച് ഉദയദിവാകരനെതിരേ വണ്ടിയോടിച്ച് ഞങ്ങളങ്ങു പോയി.
"കുണ്ടറ ചന്തയില്‍ കയറി മീനും വാങ്ങിച്ച് വീട്ടിലേക്ക് പോയാലോ?" ഞാന്‍ ചോദിച്ചു.
"വഴിയില്‍ തങ്ങാന്‍ നേരമില്ല, നിന്നെ വീട്ടില്‍ കൊണ്ട് തട്ടി ഞാനും സജിയും നേരേ കുമരകത്തേക്ക് പോകുകയാണ്‌. അവിടെ ഒരാള്‍ പെരുമ്പാമ്പിനെ പിടിച്ചെന്ന് നേച്ചര്‍ ക്ലബ്ബുകാര്‍ വിളിച്ചറിയിച്ചിട്ടുണ്ട്, സജിക്ക് അതിനെ റിസീവ് ചെയ്ത് കാട്ടില്‍ വിടണം." മോഹനേട്ടന്‍ പറഞ്ഞു.

പാമ്പ്, കുമരകം, കാട്! ഞാന്‍ വീണു പോയി.
"എന്നാ നേരേ സജിച്ചേട്ടനെ പൊക്കട്ടെ, വണ്ടി കുമരകത്തോട്ട് പോട്ടെ."
"നിനക്ക് ബാത്ത് റൂമില്‍ പോകുകയും ഭക്ഷണം കഴിക്കുകയുമൊന്നും വേണ്ടേ?"
"ബാത്ത് റൂം പോകുന്ന വഴിക്കെല്ലാം കാണും. ഭക്ഷണവും. നമുക്ക് പോവാം."

കുണ്ടറ>കുമരകം
കുമരകം പക്ഷി സങ്കേതം കെ. റ്റി ഡി. സിയുടെ ഭരണത്തിലാണ്‌. പക്ഷി സങ്കേതത്തിന്റെ സെന്‍സിറ്റീവിറ്റി മനസ്സിലാക്കാതെ കെ റ്റി ഡി സിക്കാര്‍ അവിടെ ഹോട്ടലും ഓപ്പണ്‍ സ്റ്റേജ് പ്രോഗ്രാമും മറ്റും നടത്തുകയും ബാര്‍ബെക്യൂ പെര്‍മിഷന്‍ കൊടുക്കുന്നെന്നും മറ്റും കണ്ട് മൊത്തത്തില്‍ ഒരു കണ്ട്റോളിനായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിച്ചതാണ്‌ കുമരകത്തെ ഓഫീസ്.

കുമരകത്ത് മഴ. മഴയെന്നു വച്ചാല്‍ തുമ്പിക്കൈ വണ്ണത്തില്‍ അങ്ങനെ വീഴുകയാണ്‌. വെള്ളച്ചാട്ടം പോലത്തെ ശബ്ദവും.


ഭദ്രകാളിയെ പ്രേതം പിടിച്ചെന്ന് പറഞ്ഞതുപോലെ വെള്ളത്തില്‍ മുങ്ങാങ്കുഴിയിട്ടു നടക്കുന്ന നീര്‍ക്കാക്ക ഒരെണ്ണം ഫോറ്സ്റ്റാപ്പീസിന്റെ തിണ്ണയ്ക്ക് വന്ന് നനഞ്ഞൊട്ടി തല ചിറകിലൊളിപ്പിച്ച് കുത്തിയിരിക്കുന്നു. മഴയുടെ ഒരു ശക്തിയേ.

ഡ്രൈവര്‍ മനോഹരന്‍ ഡ്യൂട്ടിയിലുണ്ട്. പുള്ളിയെയാണ്‌ നേച്ചര്‍ ക്ലബ്ബ് പാമ്പിന്റെ കാര്യം അറിയിച്ചത്. മുഹമ്മയില്‍ ഒരു നിഷാദിനാണ്‌ പാമ്പിനെ കിട്ടിയിരിക്കുന്നത്, നേരേ പോകാം. ബോട്ട് മൂന്നാലെണ്ണം കിടപ്പുണ്ട്, ഉള്ളതില്‍ പഴയതാണെങ്കിലും കഴിവില്‍ മുന്നില്‍ വാനമ്പാടി ആണത്രേ.


കുമരകം>മുഹമ്മ
തോടും കടന്ന് വാനമ്പാടി വേമ്പനാട്ടു കായലിലേക്ക് ഇറങ്ങി. മഴയ്ക്കെതിരേ അവള്‍ കുതിച്ചപ്പോള്‍ വെടിയുണ്ട പോലെ മഴത്തുള്ളി വന്ന് തുളച്ചു കയറുന്നു . വേദന സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു ലൈഫ് ജാക്കറ്റെടുത്ത് അരയിലും കെട്ടി മറ്റൊന്ന് പരിച പോലെ മുഖം മറച്ചും പിടിച്ചു. ക്യാമറ സഞ്ചിയില്‍ പൊതിഞ്ഞു. ഫിഷറീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സ്പീഡ് ബോട്ട് പലതു കണ്ടതാണെങ്കിലും ഇമ്മാതിരി ത്രസ്റ്റും ടോര്‍ക്കും ഉള്ളവളെ അനുഭവിക്കുന്നത് ആദ്യമായാണ്‌.


"വാനമ്പാടി ഒരു പുലിയാണല്ലോ മനോഹരന്‍ മാഷേ." ഞാന്‍ കൂവി.
"അവളുടെ ആദ്യത്തെ ഓണറും പുലിയായിരുന്നു സാറേ. തമിഴു പുലികളും ഇന്ത്യന്‍ നേവിയും ആയുള്ള ഒരു എന്‍‌കൗണ്ടറില്‍ പിടികൂടിയതാണവളെ. അങ്ങനെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനു കിട്ടി. ഇറ്റാലിയനാ സാധനം." മനോഹരന്‍ പറഞ്ഞു.

മുഹമ്മയില്‍ മഴയില്ല. നിഷാദിന്റെ വീടു ബോട്ടുജെട്ടിക്കടുത്തു തന്നെ. അയാള്‍ ഒരു ചാക്കു കെട്ട് എടുത്തു തന്നു "എന്റെ അഞ്ചു കോഴികളെ ഈ പന്നന്‍ തിന്നുകളഞ്ഞു സാറേ."

ഞാന്‍ ചാക്കു കെട്ടഴിച്ചു നോക്കി. പന്നനല്ല, സാക്ഷാല്‍ പന്നഗേന്ദ്രന്‍. എന്താ ഒരു സൗന്ദര്യം. എന്താ അവന്റെ വലിപ്പവും തൂക്കവും.


പെരിയ പാമ്പ് അവര്‍കളുടെ പ്ലേസ് ഓഫ് ഓറിജിന്‍ പേപ്പര്‍ നിഷാദിനെക്കൊണ്ട് ഒപ്പിടീച്ച് അതിനെ തല്ലി കൊല്ലാതെ പിടിച്ചു തന്നതിന്‌ അയാള്‍ക്ക് നന്ദിയും പറഞ്ഞ് ഞങ്ങള്‍ തിരിച്ചു പോന്നു.

മുഹമ്മ> കുമരകം
പാമ്പുചാക്കുമായി പാതിരാമണലില്‍ ഒന്നു ഹാള്‍ട്ട് അടിച്ച് മഴ ആഘോഷിക്കുന്ന ചേരക്കോഴികള്‍ക്കും ഓട്ടര്‍മാര്‍ക്കും കൊക്കുകള്‍ക്കും റ്റാറ്റായും പറഞ്ഞ് ഞങ്ങള്‍ തിരികെ കുമരകത്തെത്തി. ഒടുക്കത്തെ മഴകാരണം പാതിരാമണലിലെ പക്ഷികളുടെ പടം എടുക്കാന്‍ പറ്റിയില്ല.

"നമുക്ക് ഭക്ഷണം കഴിച്ചിട്ട് ഓഫീസിലോട്ട് പോകാം." സജിച്ചേട്ടന്‍ പറഞ്ഞു.
"ഇവിടെ കേറ്റിഡിസി ഉണ്ട്.. പിന്നെ ക.." മനോഹരന്‍ നിര്‍ത്തി
"പിന്നെ, പറയൂ.." മോഹനേട്ടന്‍
"കള്ള് ഷാപ്പുണ്ട്. അസ്സല്‍ ഊണാ."
"കള്ള് കിട്ടുമോ അതോ ക്ലോറല്‍ ഹൈഡ്രേറ്റ് ആണോ?"
"ഞാന്‍ കൂടെയുള്ളപ്പോഴോ? സാറു വാ.”

ഷാപ്പിന്റെ അല്പ്പം മാറ്റി ഒരു മരത്തില്‍ വാനമ്പാടിയെ കെട്ടിയിട്ടു. പാമ്പു ചാക്ക് അവിടെ ഇട്ടിട്ടു പോന്നാല്‍ ചേനയോ കാച്ചിലോ ആണെന്നു കരുതി ആരെങ്കിലും അടിച്ചു മാറ്റിക്കളയുമെന്ന് ഭയന്ന് അവനെയും തോളിലെടുത്താണ്‌ മോഹനന്‍ ഇറങ്ങിയത്.

മനോഹരനും സജിച്ചേട്ടനും ഡ്യൂട്ടിയിലാണ്‌, ഊണേ വേണ്ടൂ. അതിനെന്താ എനിക്കും മോഹനേട്ടനും ഡ്യൂട്ടിയില്ലല്ലോ!

"എടോ, ഇത് ഫോറസ്റ്റര്‍ സാറാ. ഏറ്റവും കൊള്ളാവുന്നതെട്."


മീശയും ചെവിയിലെ രോമവുമൊക്കെ നരച്ച ഒരമ്മാവന്‍ എത്തി നോക്കി. എന്നെയും അടുത്ത് ഇരിക്കുന്ന പ്ലാസ്റ്റിക്ക് ചാക്ക് കെട്ടും മാറി മാറി നോക്കി.
"യൂണിവേഴ്സിറ്റീല്‍ വാഴേടെ വിത്ത് കൊടുത്തു തുടങ്ങിയോ മക്കളേ? ഞാന്‍ ഇന്നലേം പോയി ചോദിച്ചിട്ട് തന്നില്ല"
തൊട്ടടുത്ത് ക്യുസാറ്റിന്റെ വിത്ത് ഗവേഷണ കേന്ദ്രമാണ്‌. ചാക്കില്‍ വാഴക്കന്നല്ല ഒരു പാമ്പാണെന്ന് പറഞ്ഞാല്‍ കളിയാക്കുന്നതാണെന്നല്ലേ ആരും കരുതൂ.
"ഇത് യൂണിവേഴ്സിറ്റീന്നല്ല, ഒരു വീട്ടില്‍ നിന്ന് എടുത്തുകൊണ്ട് വരികയാ" ഹേയ് ഞാന്‍ കള്ളം പറയില്ല, ഇത് നിഷാദിന്റെ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് വരുന്നതല്ലേ.

ഷാപ്പില്‍ നിന്നിറങ്ങി തിരിച്ചു ഫോറസ്റ്റാപ്പീസിലെത്തി. മഴ നിന്നു. പഴയ കുതിര്‍ന്നുപോയ നീര്‍ക്കാക്ക തൂവലില്‍ എണ്ണ കൊത്തിപ്പരത്തി വെള്ളത്തിലേക്ക് തിരിച്ചു പോയി


അന്തരീക്ഷം തെളിഞ്ഞപ്പോള്‍ ഹൗസ് ബോട്ടുകള്‍ കായലില്‍ ഇറങ്ങി.

പീരുമേട്ടിലേക്ക് പോകുന്ന ഒരു ഡിപ്പാര്‍ട്ട്മെന്റ് ജീപ്പില്‍ പെരുമ്പാമ്പിനെ അവന്റെ ബുക്കും പേപ്പറും സഹിതം കൊടുത്തു വിട്ടിട്ട് മനോഹരനോട് യാത്രയും പറഞ്ഞ് ഞങ്ങളിറങ്ങി.

കുമരകം> തിരുവല്ല
"നാട്ടില്‍ വന്നിട്ട് ദത്തനെക്കാണും മുന്നേ നിങ്ങള്‍ പാമ്പിനെ കാണാന്‍ പോയി അല്ലേ?" വിദ്യ പാമ്പു പോലെ ചീറി. "കൊച്ചോ പാമ്പോ നിങ്ങള്‍ക്ക് വലുത്?"
"അത് .. നീളം കൊണ്ട് നോക്കിയാല്‍ പാമ്പു തന്നെ വലുത്."
"എന്തൊരു കള്ളു നാറ്റം. പാമ്പിനെ കാണാന്‍ പോയതുമല്ല അടിച്ചു പാമ്പായി വന്നിരിക്കുന്നു."

32 comments:

കുഞ്ഞന്‍ said...

ഹഹ...

ഒന്നന്നര വിവരണവും പിന്നെ നല്ല പടങ്ങളും അതും സാഹിത്യം കലര്‍ത്തിയുള്ള അടിക്കുറിപ്പിക്കളും പിന്നെ ‘അടിയുടെ’ കഥകളും...!

എന്തായാലും വാമഭാഗമായതുകൊണ്ടു പാമ്പിനെപ്പോലെ ചീറുക മാത്രമല്ലെ ചെയ്തത്, കൊത്തിയില്ലല്ലൊ..സമധാനം..!

RR said...

നല്ല വിവരണം. അന്ന് തന്നെ വീട്ടില്‍ എത്തിയോ? ;)

Sathees Makkoth | Asha Revamma said...

ദേവേട്ടാ, പാമ്പന്‍ പാലത്തിന്റെ ശക്തി വിവരണത്തിന്. തകര്‍പ്പന്‍. വിദ്യയുടെ പ്രതീക്ഷയെ തകര്‍ത്തെങ്കിലും!

ആ അവസാന പാര വായിച്ചു പൊട്ടിചിരിച്ചു പോയി.

സതീശന്‍&ആഷ Co Pvt Ltd

രാജ് said...

മനുഷ്യനോളം പ്രകൃതിയെ സ്നേഹിക്കുന്നത് പലര്‍ക്കും പറഞ്ഞിട്ടുള്ള കാര്യമല്ല. നല്ല വിവരണം, ചുരുക്കുന്നു. [കമന്റിന്റെ നീളം കൂടിയാല്‍ വല്ലപ്പോഴും കിട്ടുന്ന ഒരു ഊണ് മുടങ്ങിയാലോ ;)]

Vanaja said...

കാര്യം ഫോട്ടോയും വിവരണവും ഒക്കെ കൊള്ളാം. എന്നാലും ദത്തനെ കാണാതെ പാമ്പിനെ കാണാന്‍ പോയത് കൊറെ കടന്ന കൈയ്യായിപ്പോയി.

ദിലീപ് വിശ്വനാഥ് said...

നല്ല കിടുക്കന്‍ പോസ്റ്റ് ദേവേട്ടാ...
പ്രകൃതിയുമായുള്ള ഒരു സല്ലാപമല്ലേ ഇതു. നന്നായിട്ടുണ്ട്.
ദേവേട്ടന്റെ ഈ-മെയില്‍ അഡ്രസ്സ് ഒന്നു തരുമോ?

പ്രയാസി said...

കൊള്ളാം ദേവേട്ടാ.. ഫോട്ടോകളും വിവരണങ്ങളും..പാമ്പിനെ കാണാന്‍ പോയ പാമ്പ്..:)

Roby said...

BBC യുടെ Planet Earth സീരീസ്‌ കണ്ട്‌ പ്രകൃതിസ്നേഹം പിടിപെട്ടിരിക്ക്ക്കുകയായിരുന്നു..അപ്പോഴാണ്‌ ഇതു വായിച്ചത്‌...ഞാനും ദേവേട്ടന്‌ പഠിച്ചാലോ എന്ന്‌ ആലോചിക്കുകയായിരുന്നു.

Physel said...

അതു കലക്കി....പാമ്പും പിന്നെയൊരു പാമ്പനും...
പിന്നേയ്...കാട് മഴ ന്നൊക്കെ കേട്ട് കുളിരു കോരുന്നതൊക്കെ നന്ന്...ചിലപ്പോ പെട്ട് പോകും. ഒരു പത്ത് ദിവസം നാട്ടീപ്പോയിട്ട് കാട്..തോല്‍‌പെട്ടി..മാന്‍‌കൂട്ടം ന്നൊക്കെ കേട്ട് ചാടിപ്പുറപ്പെട്ടതാ...ഹമ്മോ ഉയിരെങ്ങനെ തിരിച്ചുകിട്ടി എന്നെനിക്കിപ്പഴും നല്ല പിടിപോരാ..!സത്യമായും നിക്കോണ്‍ എസ്ബീ ഫ്ലാഷ് ഫുള്‍ സ്ട്രെങ്തില്‍ ഫയര്‍ ചെയ്തതു കൊണ്ടും തട്ടിയെറിഞ്ഞ കാട്ടാന ഒരു ഭൂലോക മണ്ടനായത് കൊണ്ടും കഷ്ടിച്ചു രക്ഷപ്പെട്ടു...ചില്ലറ പെയിന്റ്റു മാത്രം പോയി...ഇത്തിരി സൂക്ഷിക്കുന്നത് എല്ലായ്പോഴും നന്ന്!!

അലിഫ് /alif said...

വിവരണം, ചിത്രങ്ങള്‍ എല്ലാം വല്ലാതെ കൊതിപ്പിക്കുന്നു..!

riyaz ahamed said...

വാഹ്! എനിക്കസൂയ വരുന്നേ! കാട്, കള്ള്, മഴ!

Visala Manaskan said...

ദേവേട്ടന്‍.. സൂപ്പര്‍ബ്.

എന്താ വിവരണം. എന്താ എഴുത്തിന്റെ ഒരു ദിശാബോധം. വഴിക്കുവച്ച് പാവം ഭദ്രകാളിയെ പ്രേതത്തെക്കൊണ്ട് പിടിപ്പീക്കേം ചെയ്തു. വായിക്കണോരെ പൊട്ടിച്ചിരിപ്പിക്കാനായിട്ട്!

ബോക്സ് പൊസ്റ്റ്(ഫസ്ക്ലാസും ബാല്‍ക്കണിയും പിന്നിട്ടു)

ഹൂഷ്! (തായ്കൊണ്ടയില്‍ നമിച്ചതാണ്)

എങ്കിലും പാവം ദത്തനെക്കാണുന്നതിലും മുന്‍പ് പാമ്പായി (പാമ്പുമായി) മോശായി! :))

ദിവാസ്വപ്നം said...

:-)

thrilling.

Anoop Technologist (അനൂപ് തിരുവല്ല) said...

ദേവേട്ടാ...അടിപൊളിയായിട്ടുണ്ട്.

ശ്രീ said...

ദേവേട്ടാ...
നന്നായിരിക്കുന്നു, ചിത്രങ്ങളും വിവരണവും.
നീര്‍‌ക്കാക്കയുടെ ചിത്രം അടിപൊളി. ഭദ്രകാളിയെ പ്രേതം പിടിച്ച പോലെ എന്ന ഉപമയും ചിരിപ്പിച്ചു.

ന്നാലും ദത്തനെ കാണാനായി വീട്ടിലെത്തിയത് പാമ്പായിട്ടാണല്ലേ? ഹിഹി.

:)

ശാലിനി said...

:) ആദ്യത്തെ ഫോട്ടോ ഡെസ്ക്ടോപ്പില്‍ കിടന്ന് പെയ്യുന്നു.

absolute_void(); said...

സിബൂന്‍റെ ഷെയേഡ് ലിസ്റ്റീന്നാ ഞാനിത് വായിച്ചെ. ഫീഡ് മുഴുവന്‍ വായിച്ചു തീര്‍ന്നപ്പോള്‍ കമന്‍റിയിട്ടേ പോകാവൂന്ന് മനസ്സ് പറഞ്ഞു. തകര്‍പ്പന്‍ വിവരണം. അവസാനഭാഗം ശരിക്കും കലക്കി:

"നാട്ടില്‍ വന്നിട്ട് ദത്തനെക്കാണും മുന്നേ നിങ്ങള്‍ പാമ്പിനെ കാണാന്‍ പോയി അല്ലേ?" വിദ്യ പാമ്പു പോലെ ചീറി. "കൊച്ചോ പാമ്പോ നിങ്ങള്‍ക്ക് വലുത്?"
"അത് .. നീളം കൊണ്ട് നോക്കിയാല്‍ പാമ്പു തന്നെ വലുത്."

ചിരിച്ചുപോയി.

ചിത്രങ്ങളും നന്ന്. പിന്നെ ഇതെന്താ മുകളില്‍ ഒരു പുതിയ തലക്കെട്ട്? ദേവേട്ടന്‍റെ കണ്ടന്‍റ് ആരേലും അടിച്ചുമാറ്റിത്തുടങ്ങിയോ?

Murali K Menon said...

വിദേശത്ത് പല സ്ഥലങ്ങളും കാണാന്‍ പോകുമ്പോള്‍ തന്നെ നാട്ടിലെ പല സ്ഥലങ്ങളും കാണാത്തവരുടെ കൂട്ടത്തില്‍ ഞാനുമുള്ളതിനാല്‍ ഇങ്ങനെയുള്ള സ്ഥലവിവരണങ്ങളും ഫോട്ടോകളും എനിക്ക് ആശ്വാസം പകരുന്നവയാണ്.
നന്നായിരിക്കുന്നു.

Unknown said...

ഹ ഹ.. ദേവേട്ടാ. എന്നാലും ദത്തനെ കാണാന്‍ പോയിട്ട് ആദ്യം പോയി പാമ്പിനെ കണ്ടത് അക്രമമായിപ്പോയി. കുമരകം ഞാന്‍ പോയിട്ടില്ലാത്ത ഒരു സ്ഥലമാണ് പറ്റിയാല്‍ ഉടനെ തന്നെ ഒന്ന് പോണം.

Satheesh said...

“നീളംകൊണ്ട് നോക്കിയാല്‍ പാമ്പാ വലുത്” - ചിരിച്ച് കണ്ട്രോള്‍ പോയി! :)

Kalesh Kumar said...

ദേവേട്ടോ, നാട്ടിലുണ്ടോ?

ഇത് കലക്കി!

Vempally|വെമ്പള്ളി said...

ദേവാ തരം കിട്ടിയാല്‍ പാമ്പു പിടിത്തം കള്ളുകുടി ഒക്കെയായി മുങ്ങും അല്ലെ!
ഇത്തിരി വിവരമുള്ളോര്‍ വിദ്യേനെ കുറ്റം പറയില്ല!

വിവരണം വെരി ഗുഡ്

ബഹുവ്രീഹി said...

:)

asdfasdf asfdasdf said...

കിണുക്കനായിട്ടുണ്ട് വിവരണം.

Inji Pennu said...

ഞാന്‍ വിദ്യേച്ചീന്റെ കൂടെയാ...എന്തൊരു ദുഷ്ടട്ത്തരം കുഞ്ഞിനെകാണാ‍ാണ്ട് പാമ്പിനെ കാണാന്‍ പൂവ്വേ? ങ്ങീ!

ദേവന്‍ said...

കുഞ്ഞാ, നന്ദി.
ആര്‍ ആര്‍, അന്നു തന്നെ വീട്ടിലെത്തി. ദ്രുതകര്‍മ്മസേനയെക്കണക്കല്ലേ കാര്യങ്ങള്‍ നീക്കിയത്!
സതീഷേ, രാജേ, വനജേ, വാല്‍മീകീ, പ്രയാസീ, നന്ദി.
റോബി ചുമ്മാ വാന്നേ, നമുക്ക് ഒരുമിച്ച് പോകാം ഇനി :)

ഫൈസലേ. അയ്യോ എന്താ കാണിച്ചേ. വൈല്‍ഡ് ലൈഫ് ടൂറിസം ഒരുപാട് ശ്രദ്ധയും പ്രിക്കോഷനും പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കലും പ്ലാനിങ്ങും വേണ്ട പരിപാടിയാണേ. എനിക്കിപ്പോഴും ഒരു ടീം ലീഡ് ചെയ്യാനുള്ള അറിവില്ല, എങ്കിലും അറിയാവുന്ന കാര്യങ്ങള്‍ വച്ച് ഒരു പോസ്റ്റിടാം.

അലിഫ്, റിസ്, വിശാലാ, ദിവാ, അനൂപ്, ശ്രീ, ശാലിനി നന്ദി.

സെബിന്‍, കണ്ടന്റ് കണ്ടവന്‍ കൊണ്ടുപോയിക്കഴിഞ്ഞ് കണ്ടെന്‍ഷന്‍ നടത്തിയിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് ആദ്യമേ ഇട്ടതാ.

മുരളിമാഷേ, നന്ദി. നാട്ടിലെ പലസ്ഥലങ്ങളുടെയും വിവരണം നമ്മുടെ ജോസഫ് ആന്റണി മാഷിന്റെ ഫോട്ടോബ്ലോഗിലുണ്ടേ.

ദില്‍ബൂ, കുമരകത്ത് പോയാല്‍ പാതിരാമണല്‍ വിട്ടു പോകരുതേ.

സതീഷ്, നന്ദി

കലേഷേ, ഇപ്പോഴല്ല ഇത് കഴിഞ്ഞ ജൂണ്‍ പതിനാറിനു നടന്ന സംഭവമാ.

വെമ്പള്ളിമാഷേ, മാന്നാര്‍ മത്തായിയില്‍ മുകേഷ് "കണ്ണു തെറ്റിയാല്‍ മത്തായിച്ചന്‍ കുറ്റിയിട്ടുകളയും" എന്നു പറയുമ്പോലെ താന്തോന്നിത്തരം ജന്മനാ കിട്ടിയതാ.

ബഹു മച്ചാ, കുട്ടന്‍ മേനോനേ, ഇഞ്ചീ, നന്ദി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നല്ല ഫോട്ടൊകള്‍ കണ്ടുമറന്നതു ആ‍ാര്‍ത്തുല്ലസിച്ചതുമായ ഒട്ടനവധി സുന്ദരമൂഹൂര്‍ത്തങ്ങളുടെ പ്രയാണത്തിലായിരുന്നു മനസ്സ്.
ഈ പ്രകൃതിയിലെ സകല സൌന്ദര്യങ്ങളോടും നമുക്ക് പ്രണയം തൊന്നിക്കൂടെ.?
പൂക്കളോട്,പുലരിയോട്,കിളികളോട്,കാറ്റിനോട്,പുഴയോട്,ചന്ദ്രികയോട്,സങ്കീതത്തോട്,വര്‍ണങ്ങളോട്,അക്ഷരങ്ങളോട്,കവിതയോട്,മഴവില്ലിനോട് എല്ലാം നമുക്ക് പ്രണയിക്കാം അല്ലെ..?
ഇനിയും തുടരട്ടെ ഈയാത്ര..

ഏറനാടന്‍ said...

ദേവേട്ടാ ഇതിപ്പഴാ കണ്ടത്.. പ്രത്യേകിച്ചാ നാടന്‍ കള്ള്..

ഗീത said...

ഹരിത് എഴുതിയ ഒരു പാമ്പ് കമ്പക്കാരന്റെ കഥ വായിച്ചപ്പോള്‍ അതിലെ കമന്റ് പേജില്‍ കൊടുത്തിരുന്ന സൈറ്റ് അന്വേഷിച്ചു വന്നതാണ്. വളരെ ഇഷ്ടപ്പെട്ടു.
ദത്തനെ എപ്പോള്‍ വേണമെങ്കിലും കാണാല്ലോ, പക്ഷേ കാട്ടില്‍ നിന്നും നാട്ടിലെത്തിയ ആ വിശിഷ്ടാതിഥിയെ കാണാന്‍ കിട്ടുന്ന അവസരം അപൂര്‍വമാണല്ലൊ. അതുകൊണ്ട് കുഞ്ഞിനെ കാണാതെ പാമ്പിനെക്കാണാന്‍ പോയതില്‍തെറ്റില്ല അല്ലേ.....

മുസാഫിര്‍ said...

ഇതിപ്പഴാ കണ്ടത്.കള്ള് നല്ലവണ്ണം മൂത്ത് കാണും ഇപ്പോള്‍ അല്ലെ ദേവ്‌ജി.

Muralee Mukundan , ബിലാത്തിപട്ടണം said...

ദത്തന്റച്ചന്റെ ,എനിക്കുഏറെയിഷ്ട്ട്പ്പെട്ട ഒരു രാഗമാലിക.............

ചേച്ചിപ്പെണ്ണ്‍ said...

:))))