May 16, 2007

പാഠപ്പിഴ


കുമാറിന്റെ ഈ ചിത്രം കണ്ട് എഴുതിയത്

ക്ലാര ആരെയും പരിചയപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നാറുണ്ടായിരുന്നു. പരമാവധി അവര്‍ സംസാരിക്കുകയുമില്ല, മുഖത്തും നോക്കില്ല. "രണ്ടു രൂപാ അമ്പതു പൈസ" എന്നു ക്ലാര പറയുന്നത്‌ നമ്മള്‍ "രണ്ടര" എന്നു പറയുന്നതിനെടുക്കുന്ന സമയം കൊണ്ടാണ്‌. സ്ഥലം വിജനമാണ്‌, അവര്‍ ചെറുപ്പമാണ്‌, ബീച്ചില് വരുന്നവര്‍ സമയം കൊല്ലാനെത്തിയവരും.


ബീച്ചിനങ്ങനെ പ്രത്യേകതയൊന്നുമില്ല. ഇരു വശവും നികര്‍ത്തില്‍ ഉണ്ടായിവന്ന വലിയ മുക്കുവര്‍ ചേരികള്‍, നടുവിലെ പുറമ്പോക്ക്‌ ആളുകള്‍ വൈകുന്നേരം സൊറ പറയാനും കുട്ടികളൊത്തു വന്നിരിക്കാനും ഉപയോഗിക്കുന്നത്‌ നഗരത്തില്‍ ഭംഗിയുള്ള കടല്‍ത്തീരങ്ങളൊന്നും ഒഴിവില്ലാത്തതിനാലാവണും. വൈകുന്നേരം മുതല്‍ ഒരെട്ടുമണിവരെ ഒത്തു കൂടുന്ന ചില ചെറുപ്പക്കാരും അടുത്തൂണ്‍ പറ്റിയവരും. അല്‍പ്പം സന്ധ്യയായാല്‍ മറപറ്റി പരസസ്പരം രഹസ്യമായി താലോലിക്കാനെത്തുന്ന ഒന്നോ രണ്ടോ ജോഡി കമിതാക്കള്‍... ബാക്കിയെല്ലാ നേരവും വെറുതേ ആളൊഴിഞ്ഞും. ഒരേയൊരു കട ക്ലാര നടത്തുന്ന പെട്ടിക്കടയാണവിടെ. വൈകുന്നേരം ചായ, പാലിന്റെ പാക്കറ്റ്‌, സിഗററ്റ്‌, മിഠായി, ഭരണികളില്‍ വടയോ കേക്കോ ചിലപ്പോള്‍. കടയുടെ ഉഭഭോക്തൃവലത്തില്‍ മിക്കവരും എന്നും കടപ്പുറത്തെത്തുന്നവരാണ്‌ എന്നതിനാല്‍ വെറുതേ രണ്ടു വിരലുയര്‍ത്തിക്കാട്ടിയാല്‍ ശ്രീജിത്തിനു വിത്സ്‌ സിഗററ്റും ഒരു കപ്പിന്റെ മുദ്ര കളിക്കുന്ന ഏലിയാസങ്കിളിനു വിത്തൌട്ട്‌ ചായയും ക്ലാരയുടെ മകന്‍ മണലില്‍ അവര്‍ ഇരിക്കുന്നയിടത്തു തന്നെ കൊണ്ടുകൊടുക്കും. ചിലപ്പോഴൊക്കെ അവനോടി വരാറ്‌ പഠിച്ച പദ്യങ്ങളും മറ്റുമുരുവിട്ടുകൊണ്ടാണു. പഠിപ്പു മുടക്കിയ വിഷമം തോന്നുന്നതുകൊണ്ട്‌ ഞങ്ങള്‍ക്കു സിഗററ്റും ചായയും വേണമെന്നു തോന്നുമ്പോള്‍ കൂട്ടത്തിലൊരാള്‍ എഴുന്നേറ്റു കട വരെ പോകുകയാണു പതിവ്‌.


എന്നിട്ടും ഞാന്‍ ക്ലാരയെ പരിചയപ്പെട്ടുപോയി. ഒരിക്കല്‍ ഞാന്‍ സിഗററ്റ്‌ വാങ്ങാനെത്തിയത്‌ കണ്ണില്‍ പെടാതെ ക്ലാര മകനു പാഠം പറഞ്ഞു കൊടുക്കുകയായിരുന്നു.
"ഡൌണ്‍ വെന്റ്‌ ദ റോയല്‍ ജോര്‍ജ്ജ്‌- വിത്ത്‌ ആള്‍ ഹെര്‍ ക്രൂ കമ്പ്ലീറ്റ്‌. സാധാരണ വ്യാകരണ നിയമം കൊണ്ട്‌ നോക്കിയാല്‍ ഇതില്‍ റോയല്‍ ജോര്‍ജ്ജ്‌ എന്നത്‌ ഡൌണ്‍ വെന്റ്‌ എന്നതിന്റെ ഓബ്ജക്റ്റ്‌ ആണെന്നു വരും..."

ഈ പാഠം! ഇതു തീരുമ്പോള്‍ "ഗെറ്റൌട്ട്‌" എന്നതിന്റെ സബ്ജക്റ്റ്‌ എന്താണെന്ന് ഇവര്‍ ചോദ്യം ചോദിക്കും.

അന്തം വിട്ട്‌ അവരുടെ മുഖത്തു നോക്കി നില്‍ക്കുന്ന എന്നെ കണ്ട്‌ അവര്‍ വേഗത കൂടിയ ചോദ്യം എടുത്തു "ന്താ ണ്ടേ?
"പിള്ളസാര്‍ പഠിപ്പിച്ചിട്ടുണ്ടല്ലേ?"
"ആഹ, സാറിനെ അറിയുമോ? സാറ് സുഖമായിരിക്കുന്നോ?" ആദ്യമായി വേഗത കുറഞ്ഞൊരു ചോദ്യം ക്ലാര ചോദിച്ചുപോയി.
"അച്ഛന്‍ മരിച്ചിട്ട്‌ അഞ്ചു വര്‍ഷമായി."
"അറിഞ്ഞില്ല."
"എവിടെ വരെ പഠിച്ചു?"
"പ്രീഡിഗ്രി വച്ചു തന്നെ എന്റെ കല്യാണം കഴിഞ്ഞു. പിന്നെ പഠിച്ചില്ല."
തിരിച്ചു മണല്‍ സിംഹാസനത്തിലെത്തിയിട്ടും, പിന്നെയൊരിക്കലും ഞാനത്‌ കൂട്ടുകാരോട്‌ പറഞ്ഞില്ല. അച്ഛന്റെയോര്‍മ്മകളെല്ലാം ആര്‍ക്കും പങ്കുവയ്ക്കാത്ത എന്റെ സ്വകാര്യനിധിയാണ്‌.

കൊളച്ചക്കാരുടെ വലക്കടയില്‍ നിന്നും കുഴികളുള്ള തട്ടില്‍ ചായയും വടയും വാങ്ങാനെത്തിയ ചെക്കന്‍ പെറ്റി ക്യാഷ്‌ വൌച്ചര്‍ ചോദിച്ചപ്പോള്‍ ക്ലാര ചെറിയ ചതുരങ്ങളാക്കി വച്ചിരുന്ന നോട്ടുബുക്ക്‌ പേപ്പറിലൊരെണ്ണമെടുത്ത്‌ എഴുതി അതിന്മേലൊരു സീല്‍ വച്ചു കൊടുക്കുന്നതു കണ്ടപ്പോള്‍ ഒരു കൌതുകം തോന്നിയിരുന്നു. ദിവസങ്ങളുടെ വിടവിട്ട്‌ ട്യൂട്ടോറിയലിലെ ആവശ്യത്തിനെന്ന് നുണ പറഞ്ഞ്‌ ഞാന്‍ ഒരു പേനവാങ്ങി ക്ലാരയോട്‌ ബില്‍ ചോദിച്ചു.

"ഫോര്‍ ബീച്ച്‌ റിഡ്ജ്‌ കണ്‍വീനിയന്‍സ്‌ സ്റ്റോര്‍, ക്ലാരിയോണ്‍ എസ്‌., പ്രൊപ്രൈറ്റ്രിക്സ്‌." വായിച്ചപ്പോള്‍ ആഹ്ലാദം തോന്നി. പട്ടണത്തിലെ കൂറ്റന്‍ കടകള്‍ കൂടി റഫീക്ക് & സണ്‍സ്‌ സ്റ്റോറും സെന്റ്‌ ജോര്‍ജ്ജ്‌ ഹോട്ടലും ചക്കാലത്തില്‍ ജൂവലറിയും ആണ്‌.

പിന്നെപ്പോഴോ ഞങ്ങളെ ബീയര്‍ മണത്ത ദിവസവും ക്ലാര സംസാരിച്ചു. ഇന്നിതൊരു രസം, നാളെ ശീലം, ഒടുക്കം നാശം. നിങ്ങളൊക്കെ എത്രയോ പഠിച്ച്‌ എവിടെയോ എത്തേണ്ടവര്‍, എന്തിനു നശിക്കണം? ഒരു തമാശയ്ക്ക്‌ വല്ലപ്പോഴുമെന്ന പതിവു പല്ലവിയെ ക്ലാര തടുത്തത്‌ വസ്തിയേട്ടന്റെ കഥ പറഞ്ഞാണ്‌.

വസ്തി അദ്ധ്വാനിയായൊരു ചെറുപ്പക്കാരനായിരുന്നു. തരക്കേടില്ലാത്ത
വരുമാനവും. ക്ലാരയെ കല്യാണം കഴിച്ചശേഷം സ്ത്രീധനത്തുകയും സമ്പാദ്യവും ലോണുമൊക്കെയായി ഒരു ബോട്ടു വാങ്ങി. വച്ചടി കയറ്റമായി, പുതിയ വീടായി, കാറായി, രണ്ടാമത്തെ ബോട്ടുമായി. അവര്‍ക്കൊരു കുട്ടിയുമായി. വേഗത കൂടിയ ജീവിതത്തിനിടയില്‍ ഇടയ്ക്കൊക്കെ 'രണ്ടു സ്മാള്‍' അടിച്ചിരുന്ന വസ്തിയുടെ കൂടെയെപ്പോഴും ഒരു സംഘം മദ്യപരുണ്ടാവുമെന്നതും എല്ലാ വൈകുന്നേരവും, പിന്നെ എല്ലായ്പ്പോഴും തന്നെ ബാറില്‍ തന്നെ അയാള്‍ സമയം ചിലവിടാനും തുടങ്ങിയെന്നത്‌ ക്ലാര പോലും ഗൌരവമായി കണ്ടില്ല. ഉയര്‍ന്നതിലും വേഗമായിരുന്നു വസ്തിയുടെ പതനം. നികര്‍ത്തിലെ പലകച്ചുമരടിച്ച വീട്ടിലേക്കു മാറുമ്പോള്‍ ആരും കൂടെ വന്നില്ല, ഭാര്യയും മകനുമല്ലാതെ. ലോണെടുത്താണ്‌ പെട്ടിക്കട തുടങ്ങിയത്‌. വാറ്റുകാരന്‍ പറ്റുകാശിനു ഭീഷണിപ്പെടുത്തുമ്പോള്‍ വസ്തി ക്ലാരയുടെ കടയില്‍ വന്നു കൈ നീട്ടും. കിട്ടിയില്ലെങ്കില്‍ തല്ലും, കല്ലു പെറുക്കി ഏറുമുണ്ട്‌. അതൊന്നുമൊരു പ്രശ്നമല്ല, സാധനം വാങ്ങാനെത്തുന്നവരോട്‌ കൂട്ടിച്ചേര്‍ത്ത്‌ വ്യഭിചാരകഥകളുണ്ടാക്കും. മാനം ഭയന്ന് ആരും വരാതായാല്‍ കടയെങ്ങനെ നടക്കും?

പണം കൊടുക്കുംതോറും വസ്തിയേട്ടനെ നിങ്ങള്‍ മദ്യപാനിയാക്കിക്കൊണ്ടേയിരിക്കുന്നു, സഹിക്കും തോറും അവകാശമായത്‌ കാണപ്പെടും. കൊടുക്കരുതിനി, സഹിക്കരുതിനി, നമുക്ക്‌ അദ്ദേഹത്തെ തിരിച്ചു കിട്ടും. ഉപദേശമൊന്നു കിട്ടിയതു പോലെ തിരിച്ചും പറഞ്ഞതാണ്‌, ഒരു സ്നേഹത്തിന്റെ പുറത്ത്‌. അല്ലാതെ ദാമ്പത്യത്തിന്റെ കേടുകള്‍ തീര്‍ക്കാനറിയുന്ന പത്തൊമ്പതു വയസ്സുകാരനോ?

ക്ലാരയ്ക്ക്‌ അത്‌ പിള്ളസാറിന്റെ പാഠമായിരുന്നു. ആ വിചാരം തിരുത്താതെ അതില്‍ അഹങ്കരിച്ചത്‌ എന്റെ പ്രായത്തിന്റെ അറിവുകേട്‌. അടയാളങ്ങള്‍ മുഖത്തു കൂടിയിട്ടും അവരുടെ പൊട്ടിയ ചുണ്ടിലെ ചിരി വലുതായി. പ്രതിദിനം കണ്ണുകളില്‍ പ്രകാശം വര്‍ദ്ധിച്ചു. ആദ്യമൊക്കെ അഹോരാത്രം തുടര്‍ന്ന വസ്തിയേട്ടന്റെ കലാപ്രകടനങ്ങള്‍ പതുക്കെ നിന്നു. രണ്ടാഴ്ച്ചകൊണ്ടുള്ള പുരോഗതി!

പ്രത്യേകിച്ചൊന്നുമില്ലാത്തൊരു സന്ധ്യയുടെ ഇരുളിലേക്ക്‌ ഒരു ചീറ്റലോടെ ഉയര്‍ന്ന ജ്വാല എന്തെന്നു ഞങ്ങള്‍ക്കു മനസ്സിലാകും മുന്നേ ബീച്ച്‌ റിഡ്ജ്‌ കണ്വീനിയന്‍സ്‌ സ്റ്റോര്‍ നിന്നിരുന്നയിടം ചാരമായിക്കഴിഞ്ഞിരുന്നു. കടലിലേക്കൊരു ബക്കറ്റുമായി ഓടിയ ക്ലാരയും മകനും മണല്‍പ്പരപ്പു തുടങ്ങുന്നയിടത്തെ വിളക്കുകാലിന്‍ ചുവട്ടില്‍ വെറുതേ നോക്കി നില്‍ക്കുന്നു. കണക്കെഴുത്തും ബാങ്കിംഗ്‌ പാഠവുമായിരുന്നു ഇവിടെ പഠിപ്പിക്കേണ്ടിയിരുന്നത്‌. യോജിച്ച പാഠം തിരഞ്ഞെടുക്കുന്ന സൂത്രം എന്താണച്ഛാ?

ഇനിയൊരിക്കലും ഞാന്‍ പഠിപ്പിക്കാനെത്താതിരുന്നാല്‍ ബീച്ച്‌ റിഡ്ജ്‌ സ്റ്റോര്‍ പുനര്‍ജനിച്ചോളും. അച്ഛന്റെ മുട്ടൊപ്പം വളര്‍ന്നെന്നു കരുതില്ലൊരിക്കലുമിനി . പത്തൊമ്പതു വയസ്സില്‍ അച്ഛന്‍ പഠിപ്പിക്കുകയായിരുന്നില്ല., വിമാനം പറത്തുകയായിരുന്നു, അച്ഛന്റെ വീട്‌ നോക്കി നടത്തുകയായിരുന്നു. ഞാനോ? മണല്‍പ്പരപ്പിനെ കുഴച്ചുമറിച്ചു കിടക്കുന്ന ഒരുപാടു കാല്‍പ്പാടുകളിലെ അപ്രസക്തമായ മറ്റൊന്നാകാനാഗ്രഹിച്ച്‌ ഞാന്‍ ക്ലാരയുടെ ജീവിതത്തില്‍ നിന്നും നടന്നു ദൂരെ പോയ്ക്കൊട്ടെ.

13 comments:

ദേവന്‍ said...

"ഇന്നുമവള്‍ ശക്തം, ഇനിയുമുയിര്‍ത്തേക്കാം
റോയല്‍ ജോര്‍ജ്ജ്‌ ആഴികള്‍ താണ്ടാന്‍
അവളെ നയിക്കാന്‍ വരില്ലിനി കെമ്പന്‍ഫെല്‍റ്റ്‌
എന്നെന്നേയ്ക്കുമായവന്‍ പോയി."
(വില്ല്യം കൂപ്പറുടെ കവിതയിലെ ചില വരികള്‍- തോന്നിയപോലെ ഒരു പരിഭാഷ. )

Kumar Neelakandan © (Kumar NM) said...

മനോഹരമായിട്ട് എഴുതിയിരിക്കുന്നു ദേവാ..

(നിഴലുകളെ ആസ്പദമാക്കി പുറത്തുവന്ന രണ്ടാമത്തെ പോസ്റ്റ്.)

മനോജ് കുമാർ വട്ടക്കാട്ട് said...

രണ്ടാമത്തെ മണല്‍നിഴല്‍ കഥയും വായിച്ചു. നന്നായിരിക്കുന്നു, ദേവന്‍


(ഇനിയാരൊക്കെയുണ്ടെന്ന് തപ്പട്ടെ)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

“ ശ്രീജിത്തിനു വിത്സ്‌ സിഗററ്റും “ ഇവനു വലിയുമുണ്ടാ :(

ദേവന്‍ said...

ബ്ലോഗറു ശ്രീജിത്തിനു( രണ്ടു നല്ല വാക്കു പറയാം പെണ്ണു കെട്ടാനുള്ളതാ പാവം) പുകവലിയില്ല ചാത്തോ. ദാണ്ടേ ഈ ഈ ശ്രീജിത്താണ് പുകവലിക്കാരന്‍ .

പൊന്നപ്പന്‍ - the Alien said...

വെളിച്ചത്തിന്റെ ഒരു നിഴലു കണ്ടപ്പോള്‍ ഒരിതളു വിടര്‍ന്നെങ്കില്‍ പൂവെവിടെയെങ്കിലും ഒളിച്ചിരുന്നതാവണം.

കുമാറേട്ടന് നന്ദി.

ശരണ്യ said...

kollamallo

ദേവന്‍ said...

കുമാര്‍, നന്ദി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതിന്‌

എപ്പോഴോ മറന്നു പോയൊരു കഥയെ ചിത്രം കാട്ടി

പടിപ്പുര, ഐവരുടെയും കഥ യായിച്ചല്ലോ?

പൊന്നപ്പാ, അതേ എന്നോ മറന്ന ഒരു കഥ കുമാര്‍ ചിത്രം കാട്ടി ഓര്‍മ്മിപ്പിച്ചതാണ്‌

ശരണ്യ നന്ദി, ബൂലോഗത്തേക്ക്‌ സ്വാഗതം.

ബൂലോഗരേ, ഞാന്‍ പഴയ പോസ്റ്റിനെല്ലാം ലേബലടിക്കാന്‍ പോകുകയാണ്‌, ചിലപ്പോള്‍ എല്ലാം കൂടി തനിമലയാളം ഒരിക്കല്‍ കൂടി പൊക്കിയേക്കാം. ശറപറാന്നു എന്റെങ്കിലും ഇവിടെന്നു കണ്ടാല്‍ അത്‌ പഴങ്കഞ്ഞി ആണെന്ന് ഊഹിച്ചോണേ.

ഗുപ്തന്‍ said...

ദേവേട്ടാ നല്ല രചന...
പിതൃസ്മരണ ഒരു ഗുരുസാന്നിധ്യമായി കഥയില്‍ എങ്ങുമുണ്ട്... ക്ലാരയിലും കഥാകാരനിലും...

കുഴഞ്ഞുമറിഞ്ഞ കാല്‍പ്പാടുകളില്‍ ആ കാല്‍പ്പാടുകള്‍ മാത്രം വേര്‍തിരിച്ചെടുക്കാനായെങ്കിലെന്ന് അയാള്‍ ആഗ്രഹിച്ചിട്ടുണ്ടാവും അല്ലേ..

Off. ഞാനും ഒന്നു ശ്രമിച്ചിട്ടുണ്ട് എഴുതാന്‍...

രാജേഷ് ആർ. വർമ്മ said...

മുമ്പേ പോയവരുടെ കാലടിപ്പാടുകള്‍ മായ്ക്കാതിരിക്കാന്‍ ശ്രദ്ധിച്ച്‌ ഞാനും ഈ വഴിയൊന്നു വന്നു പോയി. ഈ കാറ്റിനിത്ര ഉപ്പുരസമെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി.

അപ്പൂസ് said...

ദേവേട്ടാ.. ഇഷ്ടമായീ കഥ.

മുസ്തഫ|musthapha said...

ദേവേട്ടാ...
നന്നായിരിക്കുന്നു
മനോഹരമായ എഴുത്ത്

ദേവന്‍ said...

മനൂ, നന്ദി. പോസ്റ്റ് കണ്ടിരുന്നു.
രാജേഷ് വര്‍മ്മ, അപ്പോള്‍ പര്യടനം ഈ കടപ്പുറം വഴിയും ഉണ്ടായിരുന്നോ? സന്തോഷം.

അപ്പൂസേ, അഗ്രജാ, നന്ദി.