March 05, 2006

കൊല്ലഭാഷ

തിരുവനന്തപുരത്തിന്‍റേയും കോട്ടയത്തിന്‍റേയും സ്വാധീനമുണ്ട് കൊല്ലം ഭാഷക്ക് (ഉദാ സഹോദരന് = അണ്ണന്, സഹോദരി = ചേച്ചി ഏട്ടനുമില്ല, അക്കനുമില്ല കൊല്ലത്ത്)

വരത്തില്ല, തരത്തില്ല, ഇരിക്കത്തില്ല = വരില്ല, തരില്ല ഇരിക്കില്ല
പന്നല്‍ =മോശമായത്
അല്യോ =അല്ലേ
ലത്, ലവന്, ലവള്, ലവന്മാര് = അത് അവന് അവള് അവന്മാര്
എവന് എവള് എവര് = ഇവന് ഇവള് ഇവര്
പൊടിയന് = (പൊടി + ആണ്) ആണ് കുട്ടിയെ അഭിസംബോധന ചെയ്യല് (സ്നേഹപൂര്‍വ്വം)
പൊടിച്ചി = (പൊടി+ സ്ത്രീ) പെണ്‍കുട്ടീ
നട്ടപ്പറ = കടുത്ത ചൂടുള്ള(വെയില്‍
എരണം = ഭാഗ്യം


പണ്ടെങ്ങാണ്ടു ഞാന് പറഞ്ഞത് – ഓരോ നാട്ടിനും അതിന്‍റെ സിഗ്നേച്ചര് തെറിയുണ്ട്. ഒരു കൊല്ലത്തുകാരന് തല്ലാന് വരുമ്പോള് പറയാന് സാദ്ധ്യതയുള്ള വാക്കുകള് (തെറി ഒഴിവാക്കി ബാക്കിയുള്ളത്)
ന്ത്രാ,
അടിച്ച് ഏപ്പ് നൂക്കും
നെഞ്ചാമ്മൂടി ഇടിചു തകര്‍ക്കും
ചെവിത്താര കലക്കും
ചെവിക്കല്ല് അടിച്ചു പൊട്ടിക്കും
ഇടിച്ച് പതക്കരളു വെളിയില് വരുത്തും
പതിരിടിച്ചിളക്കും

മേമ്പൊടി
കൊല്ലം ജില്ലാശുപത്രിയില് ഡോക്റ്റന് മരുന്ന് ശീട്ടെഴുതുന്നു.
“തിരുവനന്തപുരത്തെങ്ങാണും പോയി നോക്കു, ഈ മരുന്ന് കൊല്ലത്തില്ല കേട്ടോ”
രോഗി “കൊല്ലുന്ന മരുന്ന് തരത്തില്ലെന്ന് എനിക്കറിയാം, സുഖമാക്കുമോന്നാ എനിക്കറിയേണ്ടത്”
നെടുമങ്ങാട്: ‘നമ്മള‘ നിഘണ്ടു എന്നതിന്‍റെ അനുബന്ധം.

51 comments:

Kalesh Kumar said...

ദേവാ,
ഈ തിരുവനന്തോരം സ്ലാങ്ങും തൃശൂര്‍ സ്ലാംഗും മലപ്പുറം സ്ലാംഗും ഒക്കെ കേട്ട് ഒരു തനി കൊല്ലം സ്ലാങ്ങിനെ കുറിച്ച് ഞാന്‍ പണ്ട് ആലോചിച്ച് നോക്കീണ്ടുണ്ട്. എനിക്ക് കൊല്ലത്തിന്റെ മാത്രം എക്സ്ക്ലൂസീവായി തോന്നിയവ ദേവന്‍ പറഞ്ഞവ കൂടാതെ ദാ ഇവയാണ്.

വരും - വെരും
തരും - തെരും
വരാന്‍ - വെരാന്‍
തരാന്‍ - തെരാന്‍
വരുന്നോ - വെരുന്നോ
വരുന്നു - വെരുന്നു
തരുന്നോ - തെരുന്നു
തരുന്നോ - തെരുന്നോ
പോകാം - പാം

കൊല്ലക്കാര്‍ ഇങ്ങനെയൊക്കെയല്ലേ പറയുന്നത്? ഇവയൊക്കെ അല്ലാതെ കൊല്ലത്തിന്റെ ഒരു സ്ലാംഗ് എന്ന് പറഞ്ഞ് വേര്‍തിരിച്ചെടുക്കാമോ?

ദേവന്‍ said...

പണ്ടൊരു തിരുവന്തോരം കുട്ടി മലയാളവേദിയില്‍ പറഞ്ഞപോലെ വള്ളുവനാട്ടുകാരൊഴികെ ബാക്കിയെല്ലാവരും അവരവരുടെ പ്രാദേശിക മലയാളം മോശമെന്നു കരുതുന്നവരല്ലേ കലേഷേ, പ്രാദേശിക ആക്സ്റ്റന്‍റ് വ്യതിയാനം ‘മരിച്ചോണ്ടിരിക്കുവാ’.

കൊല്ലത്ത് വധു എന്നതിനെ ‘പൊറുതി‘ എന്നു പറയുമായിരുന്നു. കള്യാണത്തിനെ മുണ്ട് കൊട എന്നും (ഒരു മുണ്ടു വാങ്ങിച്ച് കൊടുത്തിട്ട് കൂടെ പൊറുക്കല്‍ മാത്രമായിരുന്നല്ലോ കല്യാണം)നായര്‍ എന്നതിനെ റെസ്പെക്റ്റ് ഇല്ലാതെ “ചാര്‍“ എന്നും അതിന്‍റെ സ്ത്രീലിംഗം ആയ അമ്മ എന്നതിന്‍റെ “അച്ചി” എന്നും വിളിച്ചിരുന്നു (നാണൂച്ചാരും നാണിയച്ചിയും വന്നായിരുന്ന്) ഇത്തരം പ്രയോഗങ്ങളൊന്നും ഇന്നു നിലവിലില്ല.

Visala Manaskan said...

ത്രിശ്ശൂക്കാര്‌ പറയുന്ന ചിലത്‌ ...
--
*നീ വെര്‌ണ്ട്രാ? - താങ്കള്‍ എന്റെ കൂടെ പോരുന്നുണ്ടോ?
*ചായുടിക്കാണ്ട്രാ - താങ്കള്‍ ചായ കുടിക്കാന്‍ എന്റെ കൂടെ വരുന്നുണ്ടോ?
*മ്മ്ക്ക്‌ തെറിക്ക്യാറാ - എന്നാല്‍ നമുക്ക്‌ പോയാലോ?
*ഇമ്മറോടെ - എന്റെ വീട്ടില്‍
*ന്ന് ജോസ്‌ല്‌ ന്ത്‌റ്റണ്ടാ - സുഹൃത്തേ ഇന്ന് എന്താണ്‌ ജോസ്‌ തീയറ്ററിലോടുന്ന സിനിമ ??
*ചുള്ളന്‍ ജാതി പൊതിക്കെട്ടഴിക്കല്‌ ഗഡീ - അദ്ദേഹം ഒരുപാട്‌ നേരം പലപല വിഷയങ്ങളെക്കുറിച്ച്‌ വളരെ വാചാലമായി സംസാരിച്ചു.
*എന്തിറ്റ്‌ മെടച്ചിലാ മെടഞ്ഞേ..- എന്തുമാത്രം മര്‍ദ്ദനമാണ്‌ ആള്‍ നടത്തിയത്‌..
--
മറ്റുള്ള തൃശ്ശൂരാര്‍ക്ക്‌ ചാന്‍സ്‌ കൊടുക്കാന്‍ വേണ്ടി ഞാന്‍ ഇവിടെ നിര്‍ത്തുന്നൂ.

രാജ് said...

* ന്റോടെ - എന്റെ വീട്ടില്‍ (ന്റ എന്നതിനു മുമ്പില്‍ വേറെന്തോ പ്രയോഗമുണ്ടു്, ഇ എന്ന സ്വരത്തിനു സമാനമായിട്ടുള്ള ആ ശബ്ദം എഴുത്തില്‍ പ്രതിഫലിക്കുന്നില്ല)
* ഇയ്യ് (യ്യ്) - നീ
* അണക്ക് - നിനക്ക്
* പൂവ്വാ - പോവാം

തൃശൂരുള്ള പോലെ ആര്‍ഭാടമായിട്ടുള്ള പ്രയോഗങ്ങള്‍ (തെറിക്കുക, മെടയുക ഇത്യാദികള്‍) എന്റെ നാട്ടില്‍ കാണുന്നില്ല. മേല്‍പ്പറഞ്ഞവ തന്നെ ഒരു സമൂഹത്തിന്റെ പല തട്ടിലും ഉപയോഗിച്ചും അല്ലാതെയും കാണുന്നു. തൃശൂരിലെ നസ്രാണിയും നായരും “എന്തൂട്രാ“ എന്നു ഐക്യകണ്ഠേനെ പറയുമ്പോള്‍ മലബാറില്‍ കാര്യങ്ങള്‍ കുറേകൂടി വ്യത്യസ്തയുള്ളതാണു്.

Kumar Neelakandan © (Kumar NM) said...

കല്യാണത്തിനെ തിരുവന്തരത്തുകാര് പണ്ട് പറഞ്ഞിരുന്നത് “പെടപെട” എന്നയിരുന്നു. ന്ന്‌ച്ചാല്‍ “പുടവ കൊട”

ചില നേരത്ത്.. said...

മലപ്പുറത്തെ സംഭാഷണങ്ങളില്‍ നിന്ന്.
ഇജ്ജ്-നീ,നിങ്ങള്‍.
അന്റെ-നിന്റെ,നിങ്ങളുടെ
അന്റോടെ-നിന്റെ അടുത്ത്(അവിടെ)
ഇന്റോടെ- എന്റെ അടുത്ത്.
ഇവ്ടെ, ഇബ്ടെ-ഇവിടെ
അവ്ടെ- അവിടെ
കജ്ജ്- കൈ
പജ്ജ്- പശു

Kumar Neelakandan © (Kumar NM) said...

ഇബ്രു,
ഇജ്ജ് മധുപകരു.. മലര്‍ ചൊരിയു...
ഇന്റോടെ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍..

ദേവന്‍ said...

വിഴുന്ന പൂവേ..
കുമാരയണ്ണന്റെ വിഴുന്ന പൂവേ
വിഴുന്ന പൂവേ..

പെടപെട കൊല്ലത്ത്‌ പൊടവൊടപൊടവൊട ആണു കുമാറണ്ണാ

സിദ്ധാര്‍ത്ഥന്‍ said...

ഒരു പാലക്കാടന്‍ സംഭാഷണശകലം

"പരിയമ്പ്രത്തിക്കു്‌ പോണ്ടാ ട്രാ. അവ്ടെ നായിണ്ടാവും. തെന്നേന്നും മൂത്താരെ ഇന്നലെ ഞാനവ്ടെ പാത്രം മോറിക്കോണ്ടു ന്‌ക്കുമ്പോ, തെള്‌ന്നനെ വെള്‌ത്ത്ട്ടു്‌ ഒരു നായ്‌ അത്യേങ്ങനെ പോണു്‌ കണ്ടു" = വീടിന്റെ പിന്‍വശത്തേക്കു്‌ പോണ്ടെന്നു്‌ ചുരുക്കം. ഇന്നലെ പാത്രം കഴുകിക്കൊണ്ടുനിന്നപ്പോഴാണു്‌ (നീലി) വെള്ള നിറമുള്ള ഒരു്‌ നായ അതിലേ പോകുന്നതു കണ്ടതത്രേ. മൂത്താര്‍ എന്നതു്‌ മുതലാളി എന്നയര്‍ഥത്തിലാണു്‌ പ്രയോഗിച്ചിട്ടുള്ളതു്‌. ബഹുമാനസൂചകം ആണീ പദം.


"അപ്വേട്ടാ നിങ്ങടെ ചെക്കന്‍ ദാ കല്യാണ്യേടത്തീന്റെ തൊടെടെ ഉള്ളില്‌ണ്ട്‌ ട്ടോളിന്‍" എന്നു പറഞ്ഞാല്‍ തൊടി അഥവാ പറമ്പു്‌ എന്നതിന്റെ പാലക്കാടന്‍ ഉച്ചാരണം അറിയാത്തവര്‍ ശ്ലീലമാണോ എന്നു ശങ്കിച്ചേക്കും. അപ്വേട്ട, ഏട്ട അഥവാ ഏട്ടന്‍ തന്നെ.

ഇയ്യിടെ കേട്ട ഒരു തൃശ്ശൂര്‍ പ്രയോഗം കൂടെ പറയാം

"ഹൌ! ബിരിയാണി കണ്ടപ്പോ ചെക്കന്‍ സ്രാവായി. എനിക്കിഷ്ടപ്പെട്ടില്ല്യ. ഒരു വികാരല്ല്യാത്ത ഭക്ഷണം!" ഇതിലേ സ്രാവു്‌ വികാരം എന്നീ പ്രയോഗങ്ങളുടെ ഉല്‍പത്തി എങ്ങനെയാണാവോ?

സിദ്ധാര്‍ത്ഥന്‍ said...

അയ്യോ!
ചീത്തവിളിയില്‍ ചിലതു്‌ പറയാനുണ്ടായിരുന്നു.

'ആടിച്ചു്‌ കുറ്റി തിരിക്കും'
'ഏപ്പക്കുറ്റിക്കു രണ്ടെണ്ണം തന്നാലുണ്ടല്ലോ'

ബന്ധമില്ലാത്ത ഒരു സീതിഹാജി ഫലിതവുമോര്‍മ്മ വന്നു.

" ഞമ്മളെ പറ്റി ഇവന്മാരു്‌ പറഞ്ഞു നടക്കണതു്‌ ഞമ്മളു്‌ വാക്കിനു്‌ വാക്കിനു്‌ തെറി പറയ്ണൂന്നാണു്‌. ങ്ങളെന്നെ പറയിന്‍. ഞമ്മളിപ്പൊ ത്രനേരായിട്ടു്‌ ങ്ങളോടു്‌ സംസാരിക്കണതല്ലേ ഞമ്മളെന്തു്‌ ഉമ്മാന്റെ ---ആണു്‌ പറഞ്ഞതു്‌??

രാജ് said...

ഉല്പത്തിപുരാണമൊന്നുമില്ല മാഷെ, തൃശൂരെ ഗഡികളു് ഇങ്ങിനെ പലതും കുക്ക് ചെയ്ത് വിട്‌ണ്ട്. വികാരല്ല്യാത്ത ഭക്ഷണം ന്നു് കേട്ട് അറിയാ‍തെ പൊട്ടിച്ചിരിച്ചുപോയി. എന്തൊക്കെയായാലും സ്ലാങുകളുടെ കാര്യത്തില്‍ തൃശൂര്‍കാരെ കഴിച്ചെ കേരളക്കരയില്‍ മറ്റൊരു ജനമുള്ളൂ. കഷ്ടം മൂന്നുമൂന്നരക്കൊല്ലം ഇവന്മാരുടെയൊപ്പം തേരാപ്പാര നടന്നിട്ടും ഞാനൊന്നും പഠിച്ചില്ല. തൃപ്പറയാറ്‌ സൈഡിലെ കുറച്ചു കടാപ്പുറം ഭാഷയല്ലാതെ..

Visala Manaskan said...

വികാരല്ല്യാത്ത ഭക്ഷണം.:) അത്‌ 2006 ഡൈലോഗാണല്ലോ.!

അഭയാര്‍ത്ഥി said...

A reference guide to "folklore" as well as "30 mins to become a mimicry artist".

Very informative and u can contribute many more if u talk with me for 5 mins.

Pakka thrissur amittu....

ഉമേഷ്::Umesh said...

കൊള്ളാം, ഇങ്ങനെ എല്ലാവരും ചേര്‍ന്നു് ഒരു പ്രാദേശികഭാഷാനിഘണ്ടു പോരട്ടേ. ഇതൊന്നു് അകാരാദിയിലാക്കാന്‍ ആരെങ്കിലുമുണ്ടോ?

aneel kumar said...

യൂണിക്കോഡായതുകൊണ്ട് അകാരാദീലാക്കാന്‍ എന്തെളുപ്പം. എക്സലില്‍ പേസ്റ്റീട്ട് സോര്‍ട്ടേണ്ട താമസമേയുള്ളൂ. ഞാന്‍ അതൊന്നു ചെയ്തിട്ട് മേശേമ്മലിട്ടിട്ടുണ്ട്.

Jo said...

തൃശ്ശൂര്‌ തന്നെ വീണ്ടും പല ഭാഷാ ഭേദങ്ങളുണ്ട്‌.

തൃശ്ശൂര്‍ ടൌണില്‍ മിമിക്രി സ്റ്റേജുകളില്‍ കേള്‍ക്കുന്ന തരം ഭാഷ പ്രയോഗങ്ങളൊന്നുമില്ല. അല്‍പം ചിലതൊഴിച്ചാല്‍. ഇന്നലെ കോട്ടയത്തു നിന്നും വന്ന ഒരു സുഹൃത്ത്‌ അതേ പറ്റി സൂചിപ്പിക്കുകയുമുണ്ടായി.

വടക്കാഞ്ചേരി -- *ന്റോടെ (എന്റെ വീട്ടില്‍), *എന്തറേ (എന്താ?), പയ്യ്‌ (പശു)

കൊടകര -- കാട്ടിക്കളഞ്ഞോ.. (ex- അതങ്കട്‌ കാട്ടിക്കളഞ്ഞോ = അത്‌ കളഞ്ഞോളൂ)

മറ്റു ചിലവ (ടൌണില്‍ നിന്നകന്ന പ്രദേശങ്ങളില്‍ കേള്‍ക്കാവുന്നവ) -

-- എന്തെരാ മച്ചോ? (എന്തു പറയുന്നു സുഹൃത്തേ?)
-- അതേയ്‌, നീ സ്കൂട്ടാവാന്‍ നോക്ക്‌. (ഇവിടുന്ന്‌ പോവാന്‍ നോക്ക്‌)
-- കിണ്ണന്‍ പടാട്ടാ... (നല്ല സിനിമയാണ്‌)
-- ഒരു ഗില്‍ത്ത്‌ ഗില്‍ത്യാണ്ട്ല്ലോ... (ഒരു അടി തന്നാലുണ്ടല്ലോ) നിന്റെ മഷിക്കുപ്പി തെറിക്കും. (ഇതിന്‌ തല്‍കാലം തര്‍ജമ ഇല്ലാ. :-) )
-- ആ ഡാവിന്റെ ഗുണ്ടടി സഹിക്ക്യാന്‍ പറ്റില്ല്യസ്റ്റാ... (അയാളുടെ നുണ പറച്ചില്‍ കേള്‍ക്കാന്‍ വയ്യ)
-- പാത്യമ്പറം (അടുക്കള)
-- ആ കലൊക്കെ തേച്ചു മോറ്യാ? (ആ കലമൊക്കെ കഴുകി വൃത്തിയാക്കിയോ?)
-- തെന്തൂട്ട്‌ മോറാണ്ടാ? (ഇതെന്താ നിന്റെ മുഖം ഇങ്ങനെ?)
-- ആ ഡാവ്‌ നംക്ക്‌ പണി വച്ച്‌ പോയി (അവന്‍ എന്നെ പറ്റിച്ചു പോയി)
-- ഒന്ന്‌ തൊള്ള പൊളിക്കാണ്ട്ക്ക്‌റാ.. (ഒന്ന്‌ ഒച്ച വക്കാതിരിക്കെടാ)

ദേവേട്ടന്‍ പറഞ്ഞ "നട്ടപ്ര" ഇവിടേം പറയാറുണ്ട്‌. ex:"നട്ടപ്ര വെയിലത്താ ആ ക്‌ടാവിനീം കൊണ്ട്‌ നടന്ന്‌ വന്നേ".

കണ്ണൂസ്‌ said...

ഇത്രയും ആയ സ്ഥിതിക്ക്‌, കുറച്ച്‌ പാലക്കാടന്‍ പ്രയോഗങ്ങള്‍ കൂടി ഇട്ടില്ലെങ്കില്‍ മോശമല്ലേ?

വെശ = വേഗം
അകറുക = കരയുക
കത്തുക = നിലവിളിക്കുക
പര്യംപ്രം = പുറകുവശം
വന്നാണ്‌ = ഒന്നു വരൂ
വന്ന്ങ്കണ്ട്‌ = വന്നിട്ട്‌
വന്നവേ = വന്നത്രേ
വന്നാറേ = വന്ന ഉടനെ
ഇങ്‌ക്‍ടിക്ക്‌ = ഇങ്ങോട്ട്‌
മാട്‌ = പശു
മൂരി = കാള
കൂളാന്‍ = പോത്ത്‌
മൂച്ചി = മാവ്‌ (മരം)
മൂഞ്ചി / മോറ്‌ = മുഖം
അച്ചി = ഭാര്യ
അമ്മോസന്‍ = അമ്മായി അച്ഛന്‍
മൂത്തച്ചി = ഭാര്യയുടെ ചേച്ചി.
തൊടി = പറമ്പ്‌
കൂട്ടം കൂടുക = സംസാരിക്കുക
നിന്നെക്കൊണ്ട്‌ = നീ കാരണം.
കെണിക്കുക = അശ്രാന്ത പരിശ്രമം നടത്തുക
മല്ല്ക്കെട്ട്‌ = ബുദ്ധിമുട്ട്‌
ചിന്ന് = ഭ്രാന്ത്‌
മൂട്ടുക = ഏഷണി പറയുക
പാരുക = ഒഴിക്കുക

ഇനി ഓര്‍മ വരുന്ന പോലെ.

ദേവന്‍ said...

ങ്ങടെ അയലോക്കക്കാര്‍ ചാത്വരും പെരിഞ്ചേരിയും എപ്ലും കീച്ചുന്ന ഒരു കീച്ച് ഉണ്ടല്ല്ലോ കണ്ണൂസേ
“മണ്ടേല്‍ മൊളകരക്കല്‍“ അതെന്താ?

ഈ ലീവിന് വീട്ടിലൊരു കല്യാണം കൂടാന്‍ പണ്ട് പണിക്കു വന്നിരുന്ന കൊല്ലങ്കോട്ടുകാരന്‍ ചെല്ലനും എത്തിയിട്ടുണ്ടായിരുന്നു. ഞാന്‍ മൂപ്പരോട് എന്തായിപ്പോ ജോലിയെന്ന് തിരക്കി:

“ആയ്.. നെമ്മാറെ ഒരു റൈസ് മില്ലില്‍ പോയി മിണ്ടാണ്ടെ ഇറിക്ക്യേ. നല്ല ശമ്പ്ലം കിട്ട്ണ്ട്.“

ഇതു കേട്ടു നിന്ന ഒരാള്‍ എന്ന്നോട്
“മിണ്ടാതെയിരിക്കുന്നതിനു ഇയ്യാള്‍ക്ക് ശമ്പളം കിട്ടുമെന്നോ . അപ്പോ എന്തു ജാതി മിണ്ടലായിരിക്കും ഇയാള് മിണ്ടിയാല്‍???”

Anonymous said...

ഉത്തര മലബാറിന്റെ ഭാഷ
ഓന്‍ = അവന്‍
ഓള്‌ = അവള്‍
നിങ്ങോ = നിങ്ങള്‍
ഈട = ഇവിടെ
ഏട = എവിടെ
കി = ഇറങ്ങു
കിയാം = ഇറങ്ങാം
പായി = ഓടു
പായാം = ഓടാം
ബെയിരം = കരചില്‍
എന്തെന്ന്നിന്‌ = എന്തിന്‌
എന്ത്യെന്‍ = എന്താണ്‌
ചാടുക = എറിയുക
മോന്തി = രാത്രി
കാഞ്ഞങ്ങാട്‌ നെഹറു കോളേജിലെ കുട്ടികള്‍ അവര്‍ക്ക്‌ അവാര്‍ഡ്‌ നേടിക്കൊടുത്ത 'മുട്ടറ്റമേയുള്ളു ഭൂതകാലകുളിര്‍' എന്ന മാഗസീനിനു വേണ്ട്‌ നാടന്‍ വാക്കുകല്‍ ശേഖരിച്ചിരുന്നു. അത്‌ പിന്നിട്‌ പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്‌. പുസ്തകത്തിന്റെ പേരിനു വേണ്ടി ഏറ്റവും കൂടുതല്‍ കുട്ടികള്‍ നിര്‍ദേശിച്ച പേര്‌,
പൊഞ്ഞാറ്‌ = ഗൃഹാതുരത്വം

കണ്ണൂസ്‌ said...

ദേവാ,

അത്തിപ്പൊറ്റ മാങ്ങോട്ടു കാവ്‌ കാവല്‍ക്കാരന്‍ ആയി മൂക്കന്‍ചാത്തന്‍ എന്നൊരു ഉഗ്ര മൂര്‍ത്തി ഉണ്ട്‌. മൂപ്പര്‍ക്കിഷ്ടപ്പെട്ട വഴിപാട്‌ ആണ്‌ ഈ " മുളകരച്ചു തേക്കല്‍". ശത്രു സംഹാരത്തിന്‌ ഉദ്ദേശിച്ചാണ്‌ ഇത്‌ ചെയ്യുന്നത്‌. അങ്ങിനെ, പാര വെപ്പിനുള്ള പാലക്കാടന്‍ സ്ലാങ്ങ്‌ ആയി "മണ്ടയില്‍ മുളകരച്ചു തേക്കല്‍". :-)

നേരത്തെ മിസ്സ്‌ ആയിപ്പോയ ഒരു വാക്കു കൂടി ചേര്‍ക്കട്ടെ.

വവ്ശ്‌ = കുരുത്തം / കൈപ്പുണ്യം

രാജ് said...

കണ്ണൂസെ,
പാലക്കാടന്‍ പ്രയോഗങ്ങളായ “കത്തുക”/“കാറുക”, “മൂച്ചി”, “കൂട്ടം കൂടുക” എന്നിവയൊക്കെ കേട്ടു നവോദയയില്‍ അന്നുണ്ടായിരുന്ന പെരിങ്ങോട്ടുകാരായ മൂന്നുപേര്‍ (മധുസൂദനന്‍, രാജു, ഞാന്‍) അന്തംവിട്ടിരുന്നു. മൈനോരിറ്റി ആയതുകൊണ്ടാവണം, ഞങ്ങള്‍ പരസ്പരം സംസാരിക്കുമ്പോഴെല്ലാം അക്കാലത്തു പാലക്കാട്ടുനിന്നുള്ള കുട്ടികള്‍ കളിയാക്കുമായിരുന്നു. പെരിങ്ങോടന്‍-പാലക്കാടന്‍-തൃശൂര്‍-ഗള്‍ഫിലെ മലബാര്‍/തിരുവല്ല മലയാളം എന്നിങ്ങനെയെല്ലാം ചേര്‍ന്നിപ്പോള്‍ വവ്‌ശുകെട്ടൊരു സംസാരമായിരിക്കുന്നു. ഈ വവ്‌ശിനു ഞങ്ങളുടെ നാട്ടില്‍ ശ്രീത്വം എന്നും പറഞ്ഞുപോരുന്നുണ്ടു്.

ദേവന്‍ said...

ഓഹ് ചാത്തന്‍ സേവയാണല്ലേ..

ഇതിന്‍റെ ടൈറ്റില്‍ എഡിറ്റ് ചെയ്താല്‍ എന്തെങ്കിലും കുഴപ്പമാവുമോ? “പ്രാദേശിക മലയാളം” എന്നോ മറ്റോ അല്ലേ ഉചിതമായ തലപ്പാങ്കെട്ട്

ഒരു ച്വാദ്യം “ഇന്നര്”
അനിലേ ഈ “ശ്രീത്വ വപുസ്സാണോ“ നമ്മുടെ എരണം?

ദേവന്‍ said...

ജോ,
തൃശ്ശൂരുകാരന്‍ അങ്കിള്‍ പണ്ട്‌ ചെമ്പൈയുടെ കച്ചേരി കേട്ടത്‌ വിവരിച്ച്‌ തന്നതിങ്ങനെ
"ചെമ്പന്റെ പാട്ടിന്റെ എഡേലു വയളിനും മൃദംഗോങ്കുടെ ഒരു പാസ്സിംഗ്‌ ഉണ്ടെന്റിഷ്ടാ" (പാസ്സിംഗ്‌ ഫൂട്ട്‌ ബാളില്‍ നിന്നു കിട്ടിയതാവും)

വര്‍ണ്ണമേഘങ്ങള്‍ said...

കൊല്ലത്ത്‌കാര്‌ എഡൈ ചേർത്താ മൊത്ത വിൽപന..!
എന്തുവാഡൈ..?
എവിടെ പോണെഡൈ..?

Anonymous said...

ബെന്നീ,
"പൊഞ്ഞാറാകുന്നു" എന്നത്‌ നട്ടില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന വക്കാണ്‌. അംബികസുതന്റെ മാങ്ങാടിന്റെ 'മരക്കാപ്പിലെ തെയ്യങ്ങളില്‍' ഉത്തര മലബാറിലെ വാക്കുകള്‍ ധാരാളം ഉപയോഗിച്ചിട്ടുണ്ട്‌. മാങ്ങാട്‌ രത്നാകരന്റെ സ്ഥിരം പണിയല്ലെ രണ്ടു വരി കവിത എഴുതി ഒരു പേജ്‌ അടിക്കുറിപ്പുകള്‍ കൊടുക്കുക എന്നത്‌

aneel kumar said...

“ശ്രീത്വ വപുസ്സിനും” വാക്കുണ്ട് ദേവാ. ‘വവ്‌തി’
എരണം ഭാഗ്യവുമായി ബന്ധപ്പെടുത്തിയാണ് പറയുകയെന്നു തോന്നുന്നു. ‘എരണം കെട്ടവന്‍ കരണം മറിഞ്ഞാല്‍ കഴുത്തൊടിയും’

കണ്ണൂസ്‌ said...

പെരിങ്ങ്‌സേ,

മൂച്ചിയുടെ അര്‍ത്ഥം മാവ്‌ എന്നെഴുതിയിട്ട്‌ ബ്രാക്കറ്റില്‍ മരം എന്നെഴുതിയത്‌ വെറുതെയല്ല. നാളെ ഇതു കണ്ട്‌ ദേവന്‍ പാലക്കാടുകാരോട്‌ "ഇന്നലെ അരച്ച മൂച്ചി കൊണ്ടുണ്ടാക്കിയ ദോശയാ ഇത്‌" എന്നൊന്നും പറയണ്ട എന്നു കരുതിയാ.

ഡല്‍ഹിയില്‍, ഞങ്ങള്‍ നാലു പാലക്കാടുകാരുടെ അയലായി ഒരു കോട്ടയം ഫാമിലി ഉണ്ടായിരുന്നു. അത്ര അടുപ്പമില്ലാത്തവര്‍ "വാ" "പോ" എന്നൊക്കെ പറയുന്നത്‌ അപമര്യാദയായാണ്‌ പാലക്കാടുകാര്‍ കാണുക എന്ന് കേട്ടതു കൊണ്ടാവും, മകന്റെ പിറന്നാള്‍ വിളിക്കാന്‍ വന്നപ്പോ അവിടുത്തെ ചേച്ചി പറഞ്ഞത്‌ "നാളെ ടുട്ടു മോന്റെ പിറന്നാളാ, നിങ്ങളെല്ലാരും വരുളൂ" എന്നായിരുന്നു. :-)

രാജ് said...

* തൊയിരം = സ്വൈര്യം
* എളക്കാണ്ട്‌രിക്ക്രാ = ശല്യപ്പെടുത്താതെ ഇരിക്കെടാ
* എളക്കല്ലേ = പുളുവടിക്കല്ലേ

nalan::നളന്‍ said...

കണ്ണൂസെ,
കൊല്ലത്തുകാരും വാ , പോ എന്നൊക്കെയെ പറയാറുള്ളൂ..
കയറി വാ (കയറി വരൂ).
തമിഴര്‍ മുതിര്‍ന്നവരെ നീങ്ക എന്നു പറയും പോലയല്ലോ മലയാളത്തില്‍ എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. താങ്കള്‍ എന്നു പറയുമ്പോല്‍ ഒരു അടുപ്പക്കുറവ് കടന്നുവരുന്നതായി തോന്നാറുണ്ട്.

മറ്റൊന്നു
ദാണ്ടെ കിടക്കുന്നു (ദാ കിടക്കുന്നു)
ഞങ്ങടെ ദാണ്ടെ, ദോണ്ടെ യൊക്കെക്കേട്ട് കോഴിക്കോടന്‍ ചങ്ങായിമാര്‍ ചിരിക്കും.

“ചങ്ങാതി“ തന്നെ സംസാരഭാഷയില്‍ അധികം ഉപയൊഗിച്ചു കണ്ടിട്ടില്ല. കൂട്ടുകാരന്‍, സുഹൃത്ത് ഒക്കയാ പതിവ്.

അതുപോലെ “ഉവ്വ്” - കൊല്ലത്തുകാര്‍ സംസാരിക്കുമ്പോള്‍ പ്രയോഗിക്കാറില്ല. “അതെ” ആണു പതിവ്.

ഭക്ഷണം വിളമ്പാന്‍ ഞങ്ങള്‍ “തവി“ ഉപയോഗിക്കും.
തൃശ്ശൂരോട്ട് “കയില്‍“ എന്നൊ മറ്റോ അല്ലേ.

കപ്പ ഞങ്ങള്‍ക്ക് ചീനിയാകും

aneel kumar said...

“ശ്രീത്വ വപുസ്സിനും” വാക്കുണ്ട് ദേവാ. ‘വവ്‌തി’
എരണം ഭാഗ്യവുമായി ബന്ധപ്പെടുത്തിയാണ് പറയുകയെന്നു തോന്നുന്നു. ‘എരണം കെട്ടവന്‍ കരണം മറിഞ്ഞാല്‍ കഴുത്തൊടിയും’

സിദ്ധാര്‍ത്ഥന്‍ said...

ഈ എരണം തന്നെയാണനിലേ വൌശു്‌.

ദേവന്‍ said...

എല്ലരും എഴിച്ച്‌ പെയ്യോ അനിലണ്ണാ?

നളാ,
"ന്തര്‌" അറിയ്ല്ലേ? ഇംഗ്ലീഷിലെ "സ്റ്റഫ്‌" എന്നതിന്റെ കൊല്ലം മലയാളമണത്‌

"സുനാ"യെന്നാല്‍ സയിപ്പിന്റെ ഗാഡ്ജറ്റ്‌

aneel kumar said...

എല്ലാരും പെയ്യെന്ന് തന്നെ തോന്ന്‌ണ് ദേവാ.
തിരുവന്തരം ഭാഷേലിനി ‘ല്യ’-ന്നൊക്കെ ചേര്‍ത്തു തൊടങ്ങണം ആളുകളെ ആകര്‍ഷിക്കാനക്കൊണ്ട്.

രാജ് said...

സുനാമി വന്നതിനുശേഷമാണോ അതുണ്ടായതെന്നറിയില്ല; എന്തായാലും പലരും പല സന്ദര്‍ഭത്തില്‍ ആ വാക്ക് ഉപയോഗിച്ചുകാണുന്നു - ആ സുനാമി ങ്ക്‍ടെടുത്താ, എടാ ആ സുനാമിന്ന്യെ‍; പറയുന്ന ആള്‍ ഉദ്ദേശിക്കുന്നതു പേരറിയാത്ത ഉപകരണത്തിനെയോ, അല്ലെങ്കില്‍ ഏതെങ്കിലും ഉപകരണത്തിന്റെ പാര്‍ട്ട്സ് (പണ്ടാറടങ്ങാന്‍, 120 ല് വിടുമ്പോ ആ സുനാമി ഇളകിപ്പോയി!) എന്നെല്ലാം ആകുന്നു.

ദേവന്‍ said...

സുനാമിയടിച്ച ശേഷം പഴയ സുനാ ഒന്നു പരിഷ്കരിക്കപ്പെട്ടതാവും എന്നാല്‍. സുനാ എന്നതു ഞാന്‍ “പൊടിപ്പരുവത്തിലേ” ഉപയോഗിക്കാറുണ്ടായിരുന്നു. “ഇല്ലെ വട്ടം വരക്കുന്ന സുനായില്ലേ കോമ്പസ്” എന്നൊക്കെ

സിദ്ധാര്‍ത്ഥന്‍ said...

ശരിയാണു്‌. 'സുന'പ്രയോഗം തൃശ്ശൂരുകാരുടെ അടുത്തുനിന്നു്‌ ഞാനും കേട്ടിട്ടുണ്ടു്‌, സുനാമിക്കു്‌ വളരെ മുന്‍പുതന്നെ. 'അതിന്റെ ആ സുന പോയി' എന്നൊക്കെയാണു്‌ പറയാറു്‌.

പ്രാദേശികപ്രയോഗങ്ങളുടെ സ്പീഡ്‌ കുറഞ്ഞല്ലോ. പാലക്കാട്ടെ ഒരു തമാശ:

ഈഴവരെ പാലക്കാട്ടു്‌ കൊമ്പാളന്മാര്‍ എന്നാണു്‌ സ്നേഹിക്കുക. ഇവരില്‍ ചിലര്‍ മേല്‍ജാതിക്കാര്‍ക്കുമാത്രം കുളിക്കാനവകാശമുള്ള ഒരു കുളത്തില്‍ രാത്രി കുളിക്കാനിറങ്ങിയത്രേ, അക്കാലത്തു്‌. ശബ്ദം കേട്ടു നായരൊരുത്തന്‍ വിളിച്ചു ചോദിച്ചു.
"ആരാണ്ടാ കോളത്തിലു്‌?"
"ഞങ്ങ നാലു്‌ നായന്മാരാണേയ്‌. ഞാനും കുപ്പുവച്ചനും പിന്നെ വെലങ്ങിയ രണ്ടാള്‍ക്കാരും."
ഞങ്ങ, കുപ്പുവച്ചന്‍, വെലങ്ങിയ( വേറെ-വേറിട്ട) എന്നൊക്കെ കേട്ടാല്‍ തന്നെ കുളത്തിലാരാണെന്നു മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല എന്നതാണിതിലെ തമാശ.

aneel kumar said...

എന്റെ ഗോപിയേട്ടന്‍. (മുജ്ജന്മം എന്നുണ്ടെങ്കില്‍‍ അങ്ങനെ ആയിരുന്നിരിക്കും ;) ഈ ജന്മത്തില്‍ ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തുള്ള പരിചയം മാത്രം)
ഇന്ദ്രപ്രസ്ഥത്തില്‍ ജനിച്ചു,വളര്‍ന്നു,ജോലിചെയ്തു. പിന്നെ ഒമാനിലേയ്ക്കു പോയി. പണ്ടുമുതലേ ഹാര്‍ഡ്‌കോര്‍ ‘മാക്’ ആരാധകന്‍. അച്ഛനമ്മമാര്‍ പാലക്കാട്ടൂന്ന്.

‘അമ്മോട് മളയാളത്തിലേ കൂട്ടം കൂടുള്ളൂ’
‘അമ്മെട് നെലോളി കേക്ക്മ്പ്ലേ ഞങ്ങള്‍ വീട്ടില്‍ കയറൂ’

ഇത്യാദി വാചകങ്ങള്‍ കേട്ടിട്ട് ആദ്യമൊക്കെ തോന്നിയിരുന്നു; ‘പാവം മലയാളം പഠിക്കാത്തോണ്ട് എന്തൊക്കെയോ വിളിച്ചു പറയുന്നു’
പിന്നീടാണറിഞ്ഞത് കൂട്ടം കൂടല്‍ സംസാരവും നെലോളി ദേഷ്യം വരലും ആണെന്ന്.

nalan::നളന്‍ said...

"ന്തര്‌".. തിരോന്തോരം ചുവയുണ്ടല്ലോ ദേവോ
എന്ത്വാ? എന്തുവാ - മറ്റൊരു പ്രയോഗം.

സുനാ ഞങ്ങള്‍ മോടി പിടിപ്പിച്ച് സുനാമണിയും സുനാല്‍റ്റിഗ്രേഡും ആക്കിയിട്ടുണ്ട് :)

ദേവന്‍ said...

തിരുവനന്തപുരത്തെ എന്തര്‌ എന്ന ചോദ്യത്തിനു എന്ത്‌ എന്നാണര്‍ത്ഥം നളാ. കൊല്ലത്തെ എന്ത്വാ എന്ന ചോദ്യം തന്നെ അത്‌.

"ന്തര്‍" എന്നത്‌ നാമം ആണ്‌. എതാണ്ട്‌ "ആ സാധനം" എന്നയര്‍ത്ഥം വരും. ഉദാ: " കുടലില്‍ ക്യാന്‍സറുണ്ടോ എന്നു നോക്കാന്‍ ഡോക്റ്റര്‍ ഇല്ലെ ഇന്തര്‍ അകത്തിട്ടു വീഡിയോ എടുത്തു" എന്നതില്‍ ന്തര്‍ എന്‍ഡോസ്കോപ്പും " മണ്ണീനടിയില്‍ കരിങ്കല്ലാടാ, ഇതൊന്നു വെട്ടാന്‍ നീ ഇല്ല ഇന്തരെടുത്തോണ്ട്‌ വന്നേ" എന്നതില്‍ ഇന്തരു പിക്‌ ആക്സ്രും ഇല്ലെ ഇന്തരും കൂട്ടി ബിരിയാണി തിന്നു എന്നതിലെ ഇന്തരു റൈത്തയും ആയിട്ടു കേള്‍ക്കുന്നയാള്‍ മനസ്സിലാക്കിക്കോണം.

അനിലേ നമ്മളു നിലവിളിക്കുമ്പോ പാലക്കാട്ടുകാര്‍ കത്തുകയാണ് ചെയ്യുന്നത്.

സിദ്ധാര്‍ത്ഥന്‍ said...

ദേവന്റെ കത്തിലില്‍ നിന്നു്‌ വീണ്ടും വരുന്നു ഒരു സംഭവം:

പാലക്കാട്ടുകാരിയെ തൃശ്ശൂരുകാരന്‍ ബസ്സില്‍ (ല ജാക്കി എന്നു പരക്കെ അറിയപ്പെടുന്ന ക്രിയക്കിടയില്‍ തന്നെ) വച്ചു്‌ ചുംബിച്ചപ്പോള്‍ പാവം പെണ്ണു്‌ അടക്കിയ ശബ്ദത്തില്‍ ഭീഷണിപ്പെടുത്തി.
"ഞാന്‍ കത്തും"
രസം പിടിച്ചു നിന്ന ലവനിതെടുത്തതു്‌ സാഹിത്യത്തില്‍. അവനും അടക്കിയ ശബ്ദത്തില്‍ തന്നെ പറഞ്ഞു.
"സാരമില്ല ഞാന്‍ കെടുത്തിക്കോളാം"

ലവനെ പിന്നെ നാട്ടുകാര്‍ കെടുത്തിക്കളഞ്ഞു.

ഉമേഷ്::Umesh said...

ദേവന്റെ “സുനാ”യുടെ അര്‍ത്ഥത്തില്‍ത്തന്നെ “സുനാമി” എന്ന വാക്കു് ഞങ്ങളുടെ നാട്ടില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. പേരറിയാത്ത, അല്ലെങ്കില്‍ പേരു് അപ്പോള്‍ വായില്‍ വരാത്ത സാധനങ്ങളെ വ്യവഹരിക്കാന്‍ (ഉദാ: “ഡാ ആ ഉമ്മറപ്പടിയുടെ അറ്റത്തു് ഒരു സുനാമി ഇരുപ്പുണ്ടു്; അതിങ്ങെടുത്തേ....”) അതു് ഉപയോഗിക്കുമായിരുന്നു. ഭൂമിശാസ്ത്രക്ലാസ്സില്‍ എവിടെയോ ഇതു പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഹിമാലയം എന്താണെന്നു മറന്നുപോയി, പിന്നെയാ സുനാമി!

അമേരിക്കയുടെ പടിഞ്ഞാറേ തീരത്തു വന്നതിനുശേഷം ഒരിക്കല്‍ ശാന്തസമുദ്രം കാണാന്‍ പോയി. അവിടെ ഒരിടത്തു് എഴുതി വച്ചിരിക്കുന്നു: “ഇവിടെ ട്സുനമി വരാന്‍ സാദ്ധ്യതയുണ്ടു്”. ഇതു് ഉറക്കെ വായിച്ച എന്നെ ലോകത്തിലെ എല്ലാ നാച്വറല്‍ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഡിസാസ്റ്റേഴ്സ് ലിവിങ് എന്‍സൈക്ലോപീഡിയ ആയ ഭാര്യ തിരുത്തി, “അയ്യോ, അതു ട്സുനമി അല്ല, സുനാമി ആണു്; നമുക്കിവിടെ നിന്നു പോകാം”.

“സുനാമിയോ? അതൊരു മലയാളവാക്കല്ലേ? എവിടെയോ കേട്ടിട്ടുണ്ടല്ലോ. എന്താണതു്?” എന്നു ഞാന്‍.

അടുത്ത നിമിഷം ഡ്രൈവര്‍ സീറ്റില്‍ പ്രതിഷ്ഠിക്കപ്പെട്ടു കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്നവനായി കാണപ്പെട്ട എന്നോടു് തൊട്ടടുത്ത മല കയറിയിറങ്ങിയതിനു ശേഷം മാത്രം ശ്വാസം തിരിച്ചുകിട്ടിയ സഹധര്‍മ്മിണി സുനാമിയെപ്പറ്റി വിശദമായി പറഞ്ഞുതന്നു. അതുകൊണ്ടു് രണ്ടുകൊല്ലത്തിനു ശേഷം സുനാമിയുടെ വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല.

സിദ്ധാര്‍ത്ഥന്‍ said...

പെരിങ്ങോടന്റെ ചെത്തം കേള്‍ക്കാനില്ലല്ലോ! എന്തു പറ്റിയാവോ?
ചെത്തമെന്നാല്‍ ശബ്ദമെന്നു പാലക്കാട്ടുമൊഴി.

അഭയാര്‍ത്ഥി said...

(commented for kaamya vardaham)
കോവിലന്‍ ബഷീര്‍,വിജയന്‍ തുടങ്ങിയവറ്‍ എഴുത്തില്‍ അനനുകരണീയരാണു. ഭാഷാശൈലിയിലെ ഓരോ അണുവിലും വ്യക്തിമുദ്ര ഉള്ളവറ്‍. വികെയെന്നിനു അനു കറ്‍ത്താക്കള്‍ ഇഷ്ടം പോലെ. ഉദാഹരണം- മാറ്‍ഷല്‍. ഓരോ ആറ്റത്തിലും ദേവ പ്റഭാവമുള്ള എഴുത്തു ദേവരാഗത്തിന്റേതു. ഇതു ഞാന്‍ പല്വുരു മുന്നെ പറഞ്ഞതാണു.

Devaragam's language is not artificial. I itereate a Hindi shahaari.

"Shareefom kaa sharaafath gareebi mem kum na hothe" karodom sone ke tukkade kam na hothe kimmath.

Split a gold in to thousand pieces,
still each piece got the same value.

Devaraagam writes in golden language and each letters cost the same value and represents devaraagam. This is true even when he writes about a poor subject.

Sorry for writing the later part of my comments in hinglish manglish.
Time constraints.

രാജ് said...

മറ്റൊരു തൃശ്ശൂര്‍ സ്ലാങ്: അക്രമം; അക്രമച്ചിരി, അക്രമവെല എന്നിങ്ങനെയൊക്കെ വകഭേദങ്ങളുണ്ടു്. ആളെ ഒരു മാതിരി “ഐസാക്കണ” ചിരി,വില എന്നു അര്‍ഥം പറയാം. സാറായുടെ “മാറ്റാത്തി” വായിക്കുകയായിരുന്നു, അതുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥാ ശബ്ദം കേള്‍ക്കാതിരുന്നതു്. ഈ വാക്ക് അവിടെ നിന്നു പൊക്കിയതാണു് :)

കണ്ണൂസ്‌ said...

പാലക്കാടെ പഴയ തറവാടുകളിലെ (നാലുകെട്ടാവണമെന്നില്ല) മുറികളെ കോലായ, നേഴി (ഇടനാഴി), കൂടം, മച്ച്‌, താവാരം, തളം എന്നിങ്ങനെയൊക്കെ classify ചെയ്യുന്നത്‌ കേട്ടിട്ടുണ്ട്‌. ഇതിന്റെ geography ശരിക്കങ്ങോട്ട്‌ പിടിയില്ല. അറിയാവുന്നവര്‍ പറഞ്ഞു തരുമല്ലോ.

ദേവന്‍ said...

പാലക്കാടന്‍ റ്റേംസ് അറിയില്ല കൊല്ലത്തെ വീഎടിന്‍റെ ഡിസ്സെക്ഷന്‍:
പടിപ്പുര= entrance canopy + greeter's lounge
മുറ്റം = front yard
ഇറയം/ പൂമുഖം = reception area
അറപ്പുര = bedroom
ഊട്ടുപുര = dining hall
ഇടനാഴി = corridor
തട്ടിന്‍പുറം = attic
നടുമുറ്റം = top open court inside house
അടുക്കള = kitchen
ഉരൽപ്പുര = work area
ഏണിപ്പടി = bannisters
എരുത്തില്‍ = barn

myexperimentsandme said...

കൊല്ലം‌കാർ bag--ന് ബ്യാഗെന്നും batteryക്ക് ബാൾട്രീന്നുമാണ് പറയുന്നതെന്ന് ഇല്ലം വേണ്ട ഒരു കൊല്ലം‌കാ‍രൻ തന്നെയാണേ എന്നോട് പറഞ്ഞത്

എന്നെ തല്ലല്ലേ........ ഞാൻ മേലു കഴുകുന്ന തൊണ്ടിൽക്കൂടി നടക്കുന്ന ചുമലച്ചോരയുള്ള ഒരു പാവം (പാവത്തിന് കഃട് കലേഷിനോട്)

Anonymous said...

hi, oru doubt, how do u blog in malayalam????

could u jsut mail me? the id is mayavis@yahoo.com

ദേവന്‍ said...

maya, I just mailed you regarding blogging in malayalam.

വക്കാരീ, ബാള്‍ട്രി ശരിയാണ് (മരിച്ചുകൊണ്ടിരിക്കുന്നു ആ വാക്ക്) ബ്യായ്ഗ് തിരുവല്ല മുതല്‍ കോട്ടയം വരെ ഉള്ള ആളുകള്‍ കൊണ്ടു നടക്കുന്ന സഞ്ചി ആണ്, കൊല്ലത്തില്ല.

രാജ് said...

കണ്ണൂസെ,
പഴയകാല മാളികകളില്‍ പുറത്തേയ്ക്ക് തുറന്നുകിടക്കുന്ന കോറിഡോറിനെ “ബ്രാന്ത” അല്ലെങ്കില്‍ വരാന്ത എന്നു പറയുന്നു. അകത്തളങ്ങളിലുള്ളവയെ തരം പോലെ ഇടനാഴിയെന്നോ തളമെന്നോ വിളിക്കുന്നു. തളങ്ങള്‍ കുറേകൂടി വിസ്തൃതിയുള്ളതായി കാണുന്നു. അതുപോലെ പൂമുഖത്തിനു ഉമ്മറം എന്നാണു് ഞങ്ങളുടെ ഭാഗങ്ങളില്‍ പൊതുവെയുള്ള പേര്. ഇറയം എന്നു പറഞ്ഞാല്‍ ഉമ്മറത്തിന്റെ ഓടിറക്കി മേഞ്ഞിരിക്കുന്ന മഴവെള്ളം വീഴുന്ന ഭാഗമാണു്. “ഇറയത്തിന്ന് കേറിനിക്ക്” എന്നു അതിഥികളോടും കുട്ടികളോടും രണ്ടു വ്യത്യസ്ത അര്‍ഥങ്ങളില്‍ പറയുന്ന വാക്യമാണു്.

എന്റെ വീട്ടില്‍ പുറം പണികള്‍ക്കു “നിന്നു പെരുമാറാന്‍” വടക്കുഭാഗത്തായി ഒരു ചായ്പുണ്ടായിരുന്നു. അതിനെ വട്‌ക്ക്വോറം എന്നു പറഞ്ഞിരുന്നു. അടുക്കളഭാഗം പുതുക്കിപ്പണിഞ്ഞതോടെ ഈ ചായ്പ് ഒഴിവാക്കപ്പെട്ടു. കിഴക്കേഭാഗത്തെ ചായ്പിനായി പിന്നെ ഈ സ്ഥാനം. പേര് പിന്നീടും വട്ക്ക്വോറം എന്നു തന്നെയായിരുന്നു.

Anonymous said...

കണ്ണൂസേ, നംബൂതിരി.കോമില്‍ കുറച്ചുവിസ്തരിച്ചു ത്അന്നെ ഇക്കാര്യങള്‍ പറയുന്നുണ്ട്‌ എന്നാണെന്റെ ഓര്‍മ്മ. നംബൂതിരി ഇല്ലങളും മറ്റുവീടുകളും തമ്മില്‍ ഇതിനൊന്നും വലിയ വ്യത്യാസമില്ലല്ലൊ. പിന്നെ വാസ്തുവിദ്യാകാരന്റെ വെബ്സൈറ്റും നോക്കുക -സു-