December 17, 2006

തിരുത്ത്‌

ഒരു കോഴി കൊത്തുന്നതുപോലെയേ തോന്നുന്നുള്ളു എനിക്ക്‌. വിരല്‍ക്കെട്ടുകള്‍ മുറുക്കിപ്പിടിക്ക്‌. വേഗത കുറയ്ക്ക്‌.

അവളുടെ മുഖത്തേക്ക്‌ നീട്ടിപ്പിടിച്ചിരുന്ന എന്റെ കാലിന്റെ വെള്ളയില്‍ ചെറിയ ഇടികള്‍ തന്നുകൊണ്ടിരുന്ന ചിന്‍ചിന്‍ ചോദ്യരൂപമാര്‍ന്ന നോട്ടം തൊടുത്തു. എന്റെ ഭാഷ അവള്‍ക്ക്‌ മനസ്സിലാവുന്നേയില്ല. മുഷ്ടി ചുരുട്ടി കാട്ടി. "this way"

അവള്‍ ക്ഷീണിതയെന്ന മുഖഭാവം വരുത്തി, ആവശ്യം എന്ന ആംഗ്യവും."you very".
അതേ. ഞാന്‍ സ്ഥിരസമ്പര്‍ക്കത്താല്‍ കര്‍ക്കശക്കാരനായ, അനുഭവസമ്പത്തിന്റെ തഴമ്പുവീണ ഉപഭോക്താവ്‌. സുന്ദരമായ കളിക്കോപ്പുകള്‍ എന്നും വാങ്ങി ഓടയിലൊഴുക്കി രസിക്കുന്നവന്‍. സെന്‍ഷ്വല്‍ റിഫ്ലക്സോളജി എനിക്ക്‌ നിന്നെക്കാള്‍ നന്നായറിയാം, താന്ത്രിക രതിയും.സാരമില്ല, അമിതാദ്ധ്വാനത്തിനും ചേര്‍ത്ത്‌ നിനക്ക്‌ കൂലി കിട്ടും. "more money".

"what job?" ചിന്‍ചിന്‍ കുശലം ചോദിക്കുന്നു. ഞാന്‍ കാക്വാ വര്‍ഗ്ഗത്തില്‍ നിന്നു വന്ന ഒരാഫ്രിക്കന്‍ ഡാഡ. വെളുത്ത തൊലിയുള്ളവനോട്‌ എന്റെ പല്ലക്കു ചുമക്കുവാന്‍ പറയുന്ന വിഭ്രാന്തമനസ്സിനെ സഹിക്കുന്ന ജോലി ചെയ്തുവരുന്നു.
അവള്‍ ചോദ്യത്തിനു മുന്നേ മനസ്സില്‍ ഉറപ്പിച്ച അഭിപ്രായം മൊഴിഞ്ഞു "very good job".

"you english well. teacher me 5 minutes when go?"
നീ ഇരുപത്താറു വയസ്സായെന്നു പറയുന്നു. മുപ്പതു കൂട്ടാം, കള്ളം നിന്റെ തൊഴില്‍ പരമായ ആവശ്യം. ഈ പ്രായത്തില്‍ നീയെന്തിനു പുതിയൊരു ഭാഷ പഠിക്കുന്നു? ഇപ്പോഴറിയുന്ന വാക്കുകള്‍ തന്നെ ധാരാളമല്ലേ എവിടെയും നിന്റെ തൊഴില്‍ ചെയ്തു ജീവിക്കാന്‍. "why interested?"

അവള്‍ വിമാനമെന്ന് മുദ്രകാട്ടുന്നു."new job. i make good peking duck"

വെള്ളെഴുത്തു കണ്ണടയ്ക്കുള്ളിലൂടെ സാമുവല്‍ സാറിന്റെ കണ്ണുകള്‍ എന്നെ പരതിയെടുത്തു.

"ഇവനു ഡോക്ടറാകണം. ഇവള്‍ക്ക്‌ പോലീസ്‌ ഇന്‍സ്പെക്ടര്‍. നിനക്കോ?"
"കളക്ടര്‍"
"കൊള്ളാം. എന്നിട്ടെന്തു ചെയ്യും?"
"വലിയ വീടു വയ്ക്കും."
" നിനക്ക്‌ ബംഗളാവ്‌ സര്‍ക്കാര്‍ തരും. കളക്ടര്‍ക്ക്‌ വേറേ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌, പാവങ്ങള്‍ക്ക്‌ വീടു വച്ചു കൊടുക്കണം, വെള്ളവും കറണ്ടുമില്ലാത്തയിടങ്ങള്‍ നല്ലതാക്കണം. ഒക്കെ ചെയ്യുമോ?"
"ചെയ്യാം."
"നിങ്ങളൊക്കെ മിടുക്കരാണ്‌. ഡോക്റ്ററും പോലീസും കളക്ടറും വക്കീലുമാകാന്‍ ഈ ചായിപ്പിലെ പഠിപ്പു പോരാ, നല്ല സ്കൂളില്‍ പോകണം, പിന്നെ കോളേജില്‍ പഠിക്കേണം. ഇന്നാരാ സാറിനു ചായവാങ്ങിക്കൊണ്ടുവരാന്‍ പോകുന്നത്‌?"
"ഞാന്‍ പോകാം സാര്‍, ഞാന്‍, ഞാനും"
സുരേഷ്‌ പി. ചായ വാങ്ങാന്‍ ഓടി. ഓമനക്കുട്ടന്‍ ജെ. പിന്നാലെ പാഞ്ഞു.. രാധിക ആര്‍. ഡി., ഞാന്‍, സി. ജോണ്‍സണ്‍, എല്ലാവരുംകൂടെയോടിയെത്താന്‍ ശ്രമിച്ചു. സാമുവല്‍ സാര്‍ കണ്ണടയൂരി കസേരപ്പടിയില്‍ വച്ചു, എന്നിട്ട്‌ മെല്ലെ ഉറക്കം തുടങ്ങി.

നിന്നെ എന്തു ഞാന്‍ പഠിപ്പിക്കണം ചിന്‍ചിന്‍?
അവള്‍ തലയിണക്കടിയില്‍ നിന്നും വര്‍ണ്ണചിത്രങ്ങള്‍ക്ക്‌ താഴെബൈഹുവെയിലും ഇംഗ്ലീഷിലും വാക്കുകളുള്ള ഒരു ബാലപാഠമെടുത്ത്‌ നീട്ടി.

ശരി തുടങ്ങാം. അല്ല, "where are you going?"

"get towel. I no cloth"
എന്തിനു നീ അഹങ്കരിക്കുകയും ഞാന്‍ കുനിയുകയും വേണം? നിന്നെ ആലംഗീര്‍ ആക്കിയ പടച്ചവന്‍ തന്നെയല്ലയോ എന്നെ യത്തീമാക്കി, നിന്നെ പൊന്നിന്‍ കിരീടമണിയിച്ചവന്‍ തന്നെയല്ലയോ എന്നെ നിര്‍വ്വസ്ത്രനാക്കി വിട്ടു? "you don’t need any clothes to learn".

വളകള്‍ കൂട്ടിമുട്ടുന്ന പശ്ചാത്തല സംഗീതത്തോടെ വസന്ത മിസ്സ്‌ എന്റെയരികിലേക്ക്‌ വന്നു.
"മിടുക്കന്‍. ഇവര്‍ക്കാര്‍ക്കും അറിയാത്ത ഉത്തരങ്ങള്‍ കൂടി നീ പറഞ്ഞു. പക്ഷേ നാളെ നീ വരും മുന്നേ ഉടുപ്പിന്റെ ബട്ടണുകള്‍ തയ്ച്ചു തരാന്‍ അമ്മയോടു പറയണം. കരിപ്പെട്ടി പോലത്തെ നിന്റെ കുടവയര്‍ കാണാന്‍ വൃത്തികേട്‌. അല്ലേ കുട്ടികളേ?"
കൂട്ടച്ചിരി മുഴങ്ങിയത്‌ അടങ്ങും മുന്നേ മറ്റൊരു വൃത്തികേടും കൂടി കുട്ടികള്‍ ടീച്ചറിനു കാട്ടിക്കൊടുത്തു.
"നിക്കറിനും ബട്ടണ്‍ പിടിപ്പിക്കാന്‍ പറയണം, ഇന്നു തന്നെ." വസന്തമിസ്സ്‌ വടി ചുഴറ്റിക്കാട്ടി. സാമുവല്‍ സാര്‍ പഠിപ്പിച്ചാലെത്തുന്നയിടം വരെ മതി, എന്തു കളക്ടര്‍?

നീ നന്നായി പഠിക്കുന്നു ചിന്‍ചിന്‍. യൂറോപ്പിലോ അമേരിക്കയിലോ നീ ഷെഫ്‌ ആയി ജോലി നേടണം. പിന്നെ "ചിന്‍ചിന്‍'സ്‌ പീക്കിംഗ്‌ ഡക്ക്‌" എന്ന ചെറുകട തുടങ്ങണം. അത്‌ പിന്നെ ഒരു റെസ്റ്റോറന്റ്‌ ചെയിന്‍ ആക്കണം. “you learn well.”

മുന്‍കൂര്‍ വാങ്ങിയ പണം അവളില്‍ കുറ്റബോധമുണ്ടാക്കി."massage not finished. continue?"

പൂക്കളില്‍ കാര്‍ക്കിച്ചു തുപ്പി രസിക്കുന്നതിലെ കമ്പം എനിക്കു തീര്‍ന്നു. വേറൊന്നും ചെയ്യാനില്ലാത്ത ഒരു ദിവസം ഞാന്‍ പഠിപ്പിക്കാന്‍ വീണ്ടും വരാം. “someday later. OK?”
“OK.”

November 15, 2006

പൊന്നുരുകുമ്പോള്‍


സംശയിക്കേണ്ട. താഴത്തെ പോസ്റ്റില്‍ കാണുന്ന മലേഷ്യക്കാരന്‍ പൂച്ച തന്നെ ഇവന്‍. ഉമ്മല്‍ കുവൈനില്‍ പൊന്നുരുകുമ്പോള്‍ മൂശയില്‍ ചെന്നു ചാടി സ്വര്‍ണ്ണവര്‍ണ്ണമായതാണ്‌.

October 11, 2006

ഇവന്റെ ഇടം


ഒരുപാട്‌ ഭംഗിയുള്ള പൂക്കളും ജന്തുക്കളും ഉള്ള നാടാണ്‌ മലേഷ്യ. അവിടത്തെ മക്കൌ തത്തകളും അലങ്കാര മത്സ്യങ്ങളും കുതിരകളുമൊക്കെ വിലസുന്ന ഒരു നക്ഷത്രഹോട്ടലിന്റെ വരാന്തയിലെ പൂച്ചക്കുഞ്ഞ്‌ ഇവന്‍.

അവിടെയുള്ള പൂച്ചക്കുഞ്ഞുങ്ങളിലെ ഏറ്റവും സുന്ദരനല്ല, ഏറ്റവും ശക്തനോ വിരുതനോ അല്ല, ഇവന്‍ ഒരു സാധാരണക്കാരന്‍. അതുകൊണ്ട്‌ തന്നെ സ്വന്തം പ്ലേറ്റില്‍ നിന്നും പൂച്ചയെയൂട്ടുന്ന ജന്തുസ്നേഹികളൊന്നും ഇവനെ ശ്രദ്ധിക്കാറില്ല. പതുപതുത്ത വെള്ള കോട്ടും തിളങ്ങുന്ന അക്വാമറൈന്‍ കണ്ണും വെഞ്ചാമരവാലും ഇല്ലാത്ത, മൂക്കില്‍ പതേരിയുള്ള, ആവശ്യത്തിലും വലിപ്പമുള്ള മീശയും ചെവിയുമുള്ള ഒരു പൂച്ചയെ ശ്രദ്ധിക്കില്ല ആരും.

എന്റെ ക്യാമറയുടെ ഫ്ലാഷ്‌ മിന്നിയപ്പോള്‍ അവന്‍ പേടിച്ചോടി, അവനെ ഇതുവരെ ആരും ഫോട്ടോയെടുത്തിട്ടുണ്ടാവില്ല.

ഇത്‌ അവന്റെ ചിത്രത്തിനും ഇടം കൊടുന്നുന്ന സ്ഥലം- ബൂലോഗം. ഇന്നലെ ഒരു വര്‍ഷമായി എനിക്കത്‌ തിരിച്ചറിവായിട്ട്‌.

എന്റെ ഇല്ലായ്മകള്‍ക്കും, കൊള്ളാരുതായ്മകള്‍ക്കും ഇടം തന്ന ബൂലോഗര്‍ക്ക്‌ നന്ദി

July 31, 2006

സാലഭഞ്ജനം

നാഗര്‍കോവിലില്‍ നിന്നും നൂറു കിലോമീറ്റര്‍ ശൂന്യത മുറിച്ചു കടന്നാല്‍ കാളൂര്‍ എന്ന ഗ്രാമമായി. ശുചീന്ദ്രനാഥനെപ്പോലെ പ്രശസ്തനല്ല കാളൂരപ്പനെങ്കിലും സ്ഥലവാസികള്‍ക്ക്‌ സ്വന്തം അമ്പലം "നമ്മയൂരു പളനിമലൈ" എന്നൊക്കെ വിശേഷിപ്പിക്കാനാണ്‌ ഇഷ്ടം.

എഴുമലൈ സ്വാമിയെ ആരോടു ചോദിച്ചാലും അറിയും. എന്തോ വായില്‍ കൊള്ളാത്ത സ്ഥാനപ്പേരുള്ള ഇദ്ദേഹം കാളൂരപ്പന്റെ സെക്രെട്ടറിയും ഓഫീസ്‌ ബോയിയും ആണെന്ന് പറയാം. അദ്ദേഹത്തിന്റെ മകന്‍ ഗണേശന്‍ തന്ന കത്താണ്‌ എന്റെ പ്രവേശനാപേക്ഷ.

കത്തു വായിച്ച അദ്ദേഹം എന്നോട്‌ പേര്‍ തിരക്കി . ഈ സാദ്ധ്യത ഗണേശന്‍ നേരത്തേ പറഞ്ഞു തന്നിരുന്നു. കുപ്പു, താമി, തൊര, ചിങ്കിലി, അണ്ണാവി എന്നിങ്ങനെ അശൈവ ബ്ലാക്ക്‌ ലിസ്റ്റഡ്‌ പേരുകാരന്‍ ആണോയെന്ന് തിരക്കുകയാണ്‌ അദ്ദേഹം.

"വിഷ്ണു നാരായണന്‍" ഞാന്‍ പറഞ്ഞു.

"വിഷ്ണു നാരായണാ. നല്ല പേര്‍"

എഴുമലൈ സ്വാമിയാര്‍ ഒരു ശിങ്കിടിയെ വിളിച്ചു. അവര്‍ തമ്മില്‍ നടന്ന സംഭാഷണം വളരെ വേഗതയിലായിരുന്നതിനാല്‍ അത്യാവശ്യം തമിഴറിയുമായിരുന്നിട്ടും എനിക്ക്‌ ഒന്നും തന്നെ മനസ്സിലായില്ല.

"നീ ഇവനോടൊപ്പം അമ്പലത്തില്‍ പോയിക്കോളൂ. വൈകുന്നേരത്തിനു മുന്നേ പുറത്തിറങ്ങണം".

കരിമ്പച്ച നിറത്തിലെ പാടത്തിന്റെ ഒരരികു നീണ്ട്‌ പോകുന്ന കൈത്തോട്‌. അതിന്റെ വക്കിലൂടെ അപരിചിതനും ഞാനും നടന്നു.

"കാളേജില്‍ നീ
അമ്പലത്തെക്കുറിച്ചാണോ പഠിക്കുന്നത്‌?" അയാള്‍ ‍ നിറുത്തി നിറുത്തി ലളിതമായ തമിഴില്‍ ചോദിച്ചു.

"അതെ"

" കൊള്ളാം. ഇപ്പോഴൊക്കെ അമ്പലം പണിയാനും വിഗ്രഹം വാര്‍ക്കാനും ആളില്ല. നീ അതുതന്നെയല്ലേ പഠിക്കുന്നത്‌?"

"അല്ല, അമ്പലങ്ങളുടെ പുരാണങ്ങള്‍" സ്വന്തം പേരടക്കമെല്ലാം നുണ പറയാന്‍ ഗണേശനെന്നെ നേരത്തേ തയ്യാറെടുപ്പിച്ചിരുന്നു. എന്നിട്ടും മനസ്സാക്ഷി കുത്തി.

തോട്ടുവക്കിലൂടെ നീല ദാവണിയുടെ യൂണിഫോമിട്ട പെണ്‍കുട്ടികള്‍ കൂട്ടമായി സൈക്കിള്‍ ചവിട്ടി കടന്നു പോയി. "ഇവരെല്ലാം എന്റെ നാട്ടുകാര്‍. ഇവരും കാളേജില്‍ പഠിക്കുന്നു". അമ്പലവാസി അഭിമാനത്തോടെ പറഞ്ഞു.

പടി മുതല്‍ മുടി വരെ പാറയില്‍ കൊത്തിയ അമ്പലം. കോട്ടമതില്‍പോലെയുള്ള നാലമ്പലത്തിനുള്ളിലും പുറത്തും കൊടും വെയില്‍. ആലിലകള്‍ നരച്ചു വിറപോലുമില്ലാതെ തൂങ്ങിക്കിടക്കുന്ന ഒറ്റമരവും. ഉച്ചമഹാകാളിയുടെ ക്ഷേത്രത്തിലല്ലാതെ ഈ സമയത്ത്‌ ആരുമുണ്ടാവില്ലല്ലോ.

എന്റെയൊപ്പമുള്ളയാള്‍ തറനിരപ്പില്‍ നിന്നും താഴേക്കു മൂന്നു പടിയിറങ്ങി ഒരു വാതില്‍ തുറന്ന്തന്നു. "തല മുട്ടാതെ നടക്കണം. ഉയരം കുറവാണ്‌. തീപ്പെട്ടിയുരക്കരുത്‌, ശ്വാസം മുട്ടും. ഇരുട്ടാണ്‌ നാഗങ്ങളും ഉണ്ടാവും".
നിര്‍ദ്ദേശങ്ങള്‍ അത്രയേ ഉണ്ടായിരുന്നുള്ളു. "ഈ വാതിലിലൂടെയുള്ള വെളിച്ചം നോക്കി വന്നാല്‍ വഴി തെറ്റില്ല. ഞാന്‍
മരച്ചുവട്ടിലുണ്ട്‌." ഇതെല്ലാം ഗണേശനും എനിക്കു പറഞ്ഞു തന്നിട്ടുണ്ട്‌.

"മുന്നില്‍ വലത്തേക്കും നേരേയും വഴി കാണും നേരേ തന്നെ പോവുക, വലത്ത്‌ തുരങ്കമാണ്‌. ചെറു ചെറു പ്രതിമകളുണ്ട്‌. മിക്കതും കൂട്ടത്തിലും കൈ കോര്‍ത്തു പിടിച്ചും." തെറ്റിയില്ല.

വഴിയവസാനിക്കുന്നയിടത്ത്‌ അവള്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. വെറും യക്ഷിയായി താണു തൊഴുതു പിടിച്ചിട്ടല്ല, ഇരു കൈകളും അരയില്‍ കുത്തി, തെല്ലൊരു കുസൃതിച്ചിരിയോടെ. എന്നെക്കണ്ടില്ലെന്നു ഭാവിക്കുന്നു. കള്ളി. എനിക്കറിയാം, എല്ലാ ഭഞ്ജികകളെയും എനിക്കറിയാം.


" ആത്മശക്തീ, വിശ്വമോഹിനീ, പാശാങ്കുശ ധനുര്‍ബാണധരേ" അവള്‍ തല ചരിച്ചു നോക്കി. എന്തൊരു ചിരിയാണീ പെണ്ണിന്റേത്‌.

അനങ്ങില്ലെന്നുണ്ടോ? അവളുടെയൊരു കൈ എടുത്ത്‌ ഞാന്‍ എന്റെ ചുമലില്‍ വച്ചു. തണുപ്പിന്റെ വിദ്യുത്‌ തരംഗള്‍ക്ക്‌ പ്രതീക്ഷിച്ച കാഠിന്യമില്ലായിരുന്നു. അതോ ഞാനെന്തിനും തയ്യാറായതുകൊണ്ടാണോ? മൂത്തകുട്ടികള്‍ "ആ വഴി, അതിലേ "എന്നൊക്കെ ആര്‍ത്തുവിളിച്ച്‌ പുറത്തേക്കോടി. അതിലും ചെറിയവര്‍ ഇരുട്ടിനെ ഭയന്ന് എന്നോട്‌ ചേര്‍ന്നു നിന്നു. നിസ്സഹായയായി പാറപാകിയ തറയില്‍ കിടന്നു കരഞ്ഞവളെ എന്റെ ഷര്‍ട്ടൂരി ഞാന്‍ പൊതിഞ്ഞെടുത്തു.

പുറത്തിരിക്കുന്ന തമിഴനോട്‌ നേരത്തേ ആലോചിച്ചു വച്ചിരുന്നതുപോലെ ഇവരെയെല്ലാം എനിക്ക്‌ കാളൂരപ്പന്‍ അനുഗ്രഹിച്ചു
നല്‍കിയതാണെന്നു പറയാം. അയാളിനി വിശ്വസിച്ചില്ലെങ്കിലും എനിക്കൊന്നുമില്ല

July 23, 2006

ജാമ്യാപേക്ഷ


മലയാളവേദി ഫോറമൊക്കെ വല്ലപ്പോഴും എഴുതിയിരുന്നു & വായിച്ചിരുന്നു. പെരിങ്ങോടന്‍ ഒരിക്കല്‍മലയാളത്തിലും ബ്ലോഗ്ഗുകളുണ്ടെന്ന് പറഞ്ഞ്‌ എന്നെ മനോജിന്റെ ബ്ലോഗ്ഗ്‌ റോളും കാണിച്ചു തന്നിരുന്നു. വിന്‍ഡോ 98 ഇല്‍ ആയിരുന്ന എനിക്ക്‌ യൂണിക്കോട്‌ വഴങ്ങാത്തതുകൊണ്ട്‌ വലിയ താല്‍പ്പര്യം തോന്നിയില്ല. അന്നത്തെക്കാലത്ത്‌ ഫോറം പോലെ തിരക്കുള്ള സ്ഥലത്തു നിന്നും infant ബൂലോഗം കണ്ടിട്ട്‌ വലിയ താല്‍പ്പര്യമൊന്നും തോന്നിയുമില്ല. അതെല്ലാം മറന്നു.

കഴിഞ്ഞ വര്‍ഷം ജീവിതം ഒന്നു റീസ്റ്റാര്‍ട്ട്‌ ചെയ്ത കൂട്ടത്തില്‍ ഫോറമെഴുത്ത്‌ അങ്ങു നിന്നുപോയിരുന്നു. കുറേ കഴിഞ്ഞ്‌ പെരിങ്ങോടനെ കണ്ട വകയില്‍ ഈ ബ്ലോഗുകളുടെ കാര്യം ഒരിക്കല്‍കൂടി വന്നു. ഞാന്‍ പാപ്പാന്റെ ബ്ലോഗ്‌ വായിക്കുകയും ചെയ്തു.

ലതൊരെണ്ണം വെറുതേ തുടങ്ങാമെന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു . എന്റെ എത്ര ഹോം പേജുകള്‍ ട്രൈപ്പോഡും സൂൊം ഡോട്ട്‌ കോമും ജിയോസിറ്റിയും പ്രോഹോസ്റ്റിങ്ങും ഒക്കെ കണ്ടിരിക്കുന്നു ഒരെണ്ണം ബ്ലോഗ്ഗറിനും കിടക്കട്ടേന്നു വച്ച്‌ ഒരു പോസ്റ്റിട്ടു. ഇട്ടതും വിശ്വം മാഷ്‌ ചിരിച്ചു. രാജ്‌, കലേഷ്‌, ഒരനോണി, വിശാലന്‍ കുമാര്‍ എന്നിവര്‍ സ്വാഗതവും പറഞ്ഞു.

ആദ്യം കണ്ടത്‌ പ്രവാസത്തിന്റെ മാഹാത്മ്യമെന്നോ മറ്റോ ആരുടെയോ ബ്ലോഗില്‍ പ്രവാസത്തിന്റെ എന്തോ മാഹാത്മ്യം എന്നായിരുന്നു. അന്നൊരു വളരെ സങ്കടം തോന്നുന്ന കാഴ്ച്ചയും കണ്ടാണു വന്നതും രണ്ടു പ്രവാസികള്‍ ഒരു വെള്ളക്കാരിയുടെ നായയും ഹിന്ദിക്കാരനും ഒരുമിച്ച്‌
ഒരിടത്തേക്ക്‌ കയറാന്‍ ശ്രമിച്ചതും അനധികൃതമേഖലയെന്നുപറഞ്ഞ്‌ പോലീസുകാരന്‍ ഹിന്ദിക്കാരനെ മാത്രം തടയുന്നതും. സൌകര്യങ്ങളുടെ അല്ലെങ്കില്‍ വിശപ്പിന്റെ പേരില്‍ നായയെക്കാള്‍ വിലകുറഞ്ഞ ജീവിതമാണല്ലോ നമ്മള്‍ നയിക്കുന്നത്‌ എന്നു തോന്നി ഇരിക്കുമ്പോള്‍ പ്രവാസമാഹാത്മ്യത്തിനെ കൊട്ടാരത്തിലെ ജോലിക്കായി ഷണ്ഡത സ്വീകരിക്കുന്ന ഗ്രാമീണനോട്‌ താരതമ്യപ്പെടുത്താനേ തോന്നിയുള്ളു. ദേ വരുന്നു വാളെടുത്ത്‌ ഒരുത്തി. എം വീ തല്ലു കണ്ട നമ്മള്‍ക്കുണ്ടോ ഭയം!

നാലു പോസ്റ്റും എഴുതി ഒരു കൊല്ലം ഇട്ട്‌ പിന്നെ പതുക്കെ അയ്യേന്നു വച്ച്‌ ഡിലീറ്റ്‌ ചെയ്തേനേ, പിന്മൊഴീസ്‌ വായിച്ചിരുന്നില്ലെങ്കില്‍ അങ്ങനെ അങ്ങനെ ഒന്നായ ബ്ലോഗ്‌ രണ്ടായി മൂന്നായി നാലായി.ഇടമ്പിരി വലമ്പിരി തിരിഞ്ഞു ബ്ലോഗി, ഓതിരം കടകം പറഞ്ഞു ബ്ലോഗി ആനത്തിരിപ്പു തിരിഞ്ഞു ബ്ലോഗി അമ്പരപ്പ്‌ സോറി അങ്കപ്പരപ്പ്‌ പറഞ്ഞു ബ്ലോഗി.

പട്ടിണികൊണ്ടു മെലിഞ്ഞ പണ്ഡിതനു കുശസ്ഥലി കണ്ടപ്പോ സര്‍വ്വതും നിന്നെന്ന് പറഞ്ഞപോലെ ജോലി, ഉറക്കം, വായന, കൂട്ടുകാര്‍, നാട്ടുകാര്‍ ഒക്കെ എനിക്കു ബ്ലോഗിലടങ്ങി.

കൃപ എന്ന ഫോറമെഴുത്തുകാരി പണ്ടൊരിക്കല്‍ "ഞാന്‍ റീയല്‍ ലൈഫില്‍ ഇല്ല, ഇന്റര്‍നെറ്റില്‍ മാത്രം ജീവിക്കുന്നൊരുത്തി" എന്നു പറഞ്ഞ അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീക്കരുതല്ലോ.

ബ്ലോഗെഴുത്തു മൂലം മൂലക്കുരു വന്നു, ബ്ലോഗെഴുതിയെഴുതി ഭക്ഷണം കഴിക്കാന്‍ മറന്ന് മരിച്ചു,ബ്ലോഗ്‌ എഴുതാന്‍ സമയം തികയാത്തതുമൂലം ജോലി രാജി വച്ചു, ബ്ലോഗ്‌ എഴുത്തിന്റേ പേരില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു, ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ നിലച്ചതിനാലെ ബ്ലോഗര്‍മാര്‍ ടെലിക്കോം ഓഫീസ്‌ കത്തിച്ചു എന്നൊക്കെ കേട്ടാല്‍ ഞാന്‍ ഇന്ന് അസംഭാവ്യമെന്ന് എഴുതി തള്ളില്ല.

ആപ്പീസ്‌ പണികള്‍ തീര്‍ക്കണം. കയ്യിലുള്ള കടലാസുകള്‍ ആനുകാലിക ലൈസന്‍സുകളായി പുതുക്കണം. വീട്ടുകാരിയെ പുറത്തു വിളിച്ചോണ്ടു പോയി നാലു സിനിമായോ മറ്റോ കാണിക്കണം. നാട്ടില്‍ നിന്നും വിരുന്നുകാര്‍ ഉണ്ട്‌ അവരേയും കൊണ്ട്‌ കറങ്ങാന്‍ പോണം. ഡയറ്റ്‌ ഒന്നു പരിഷ്കരിക്കണം നാലുകാശ്‌ ഉണ്ടാവുന്ന എന്തെങ്കിലും സൈഡ്‌ ബിസിനസ്സ്‌ കണ്ടുപിടിക്കണം. പത്തു മുപ്പത്‌ പുസ്തകങ്ങള്‍ വായിക്കാണ്ടെ കിടക്കുന്നു, ഒക്കെ വായിക്കണം.. കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌ സാറമ്മാരേ.

3 ദിവസം നോട്ടീസ്‌ ഇട്ട്‌ ഈ ജൂലായി 26 മുതല്‍ ഓക്റ്റോബര്‍ 26 വരെ ജാമ്യം തന്ന് വിട്ടയക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. കഴിയുമെങ്കില്‍ കുറച്ച്‌ നേര്‍ത്തേ തന്നെ തിരിച്ചു വരാം.

ആള്‍ജാമ്യമായി രണ്ട്‌ അനോണിമസ്സുകളേയും സ്ഥാവരജാമ്യമായി എന്‍ എച്ച്‌ 47 ഉം ദ്രവ്യജാമ്യത്തിന്‌ റിസര്‍വ്‌ ബാങ്ക്‌ സ്റ്റ്രോങ്ങ്‌ റൂമും തന്നുകൊള്ളാം.

പരോളില്‍ ഇറങ്ങി ഞാന്‍ മുങ്ങില്ലെന്ന് ഉറപ്പിന്‌. ആഴ്ച്ചയില്‍ ഒരിക്കല്‍ ഈ പോസ്റ്റില്‍ വന്ന് ഞാന്‍ ഒപ്പിടാം. എന്നോട്‌ പറയാനുള്ള കാര്യങ്ങളും ഇവിടെ കമന്റായോ പ്രൊഫൈലിലെ മെയില്‍ അഡ്രസ്സിലോ
പറയണേ, മറ്റു കമന്റുംകള്‍ വായിക്കാന്‍ നില്‍ക്കില്ല. ആയിരക്കണക്കിനു പോസ്റ്റുകള്‍ മിസ്സ്‌ ആകാതിരിക്കന്‍ സിബുവിന്റെ പിക്ക്‌ ലിസ്റ്റ്‌ പോലെ കുറച്ചുപേര്‍ കൂടി തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു.

എന്റെ തുരുമ്പെടുക്കുന്ന ജീവിതം ഒന്നു സാന്‍ഡ്‌ പേപ്പറിട്ട്‌ മിനുക്കി ഗ്രീസിട്ട്‌ സ്മൂത്താക്കി ഞാന്‍ വീണ്ടും വരാം.

കൌണ്ട്‌ ഡൌണ്‍ - 3 ദിവസം ബാക്കിയുണ്ട്‌.

July 17, 2006

ഇമ്പോര്‍ട്ടന്റ്‌ ഇമ്പോര്‍ട്ട്‌ എന്‍ക്വയറി



പ്രിയ വക്കാരി,
ജീവിതത്തില്‍ പറ്റുന്നതെല്ലാം വിധിയാണ്‌, സംഭവിക്കുന്നതെല്ലാം ആര്‍ക്കെങ്കിലും നല്ലതിന്‌, മണ്ടേലെഴുത്ത്‌ മണ്ടേലക്കും തടുക്കാവതല്ല, ലോകത്തിനു മുഴുവനായി അലോട്ട്‌ ചെയ്ത കഷ്ടകാലം സ്പ്‌ളിറ്റ്‌ ചെയ്തപ്പോള്‍ എനിക്ക്‌ ചോദിച്ചതില്‍ കൂടുതല്‍ കിട്ടിപ്പോയതാണ്‌ എന്നൊക്കെ സമാധാനിക്കാം. പക്ഷേ ഞാന്‍ കാണുന്ന മനോരാജ്യവും മനോരാജ്യം വാരികപോലെ ഒന്നിനും കൊള്ളരുതാത്തതായിപ്പോയാലോ. കഷ്ടമല്ലേ.

ഇതൊക്കെ എന്നോടെന്തിനാ പറയുന്നത്‌ എന്നായിരിക്കും ഇപ്പോള്‍ വക്കാരി ആലോചിക്കുന്നത്‌. പറയാം. അപ്പുറത്തെ ബ്ലോഗിലിരുന്ന് വിശാലന്‍ 70mm വിസ്റ്റാരമ സ്വപ്നങ്ങള്‍ കാണുന്ന കാര്യങ്ങളൊക്കെ എഴുതുന്നു. അസൂയയായിട്ട്‌ പാടില്ല. ഞാന്‍ പാവം ചുറ്റി ചുറ്റി സ്ക്രാച്ച്‌ വീണ്‌ പൊട്ടിയ റീലു കൂട്ടിയൊട്ടിച്ച പുത്തന്‍ കാര്‍ബണിട്ടാലും ഇരുട്ടു മാറാത്ത ന്യൂസ്‌ റീല്‍ ഒക്കെയാ കാണുന്നത്‌.

എന്റെ സ്വപ്നങ്ങളുടെ സ്വഭാവമറിയാനായി രണ്ടെണ്ണം വയ്ക്കുന്നത്‌ അനുചിതമാവില്ലെന്ന് കരുതുന്നു
ഒന്ന്: ചൈനയുടെ പ്രധാനമന്ത്രിയെ കൊടി വീശി സല്യൂട്ട്‌ അടിക്കുമ്പോള്‍ പിറകില്‍ നിന്നവന്റെ കൊടിക്കാല്‍ എന്റെ പിടലിക്കടിച്ചെന്ന്.

രണ്ട്‌ : എനിക്ക്‌ കയ്യബദ്ധം പറ്റിയെന്ന പേരില്‍ തട്ടുകട നടത്തുന്ന തമിഴത്തിയെ നാട്ടുകാര്‍ എന്റെ ചുമലില്‍ കെട്ടി വച്ചെന്ന്‌.

നമുക്കിഷ്ടമുള്ള രീതിയില്‍ കൊള്ളാവുന്ന സ്വപ്നം കാണാന്‍ എന്തോ ഒരു ഉപകരണം
ജപ്പാനില്‍ കണ്ടുപിടിച്ചെന്ന് ഈയിടെ ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. സാധനം ശരിക്കും വര്‍ക്ക്‌ ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്റെ മനോവേദന മനസ്സിലാക്കി താങ്കള്‍ എത്രയും പെട്ടെന്ന് താഴെപ്പറയും കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ഒരു കൊട്ടേഷനോ പ്രോ ഫോമാ ഇന്‍വോയിസോ വാങ്ങി അയച്ചു തന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

1. യന്ത്രത്തിന്റെ വില (ബാറ്ററി, ചാര്‍ജര്‍, എസ്‌ ഡി കാര്‍ഡ്‌, ക്രേഡിലോ സ്റ്റാന്‍ഡോ മറ്റോ ഉണ്ടെങ്കില്‍ അത്തരം ആക്സസ്സറികള്‍ എല്ലാം അടക്കമുള്ള വില)

2. വണ്ടി പോലെ സീ സീ അടച്ചു വാങ്ങാന്‍ സൌകര്യമുണ്ടോ ഇല്ലയോ എന്ന് (കമ്പനിക്ക്‌ ആ സൌകര്യമില്ലെങ്കില്‍ ബാങ്കൊ ബ്ലേഡോ യന്ത്രം ഫൈനാന്‍സ്‌ ചെയ്യുമോ എന്നും തിരക്കണേ)

3. താഴെപ്പറയുന്ന സ്വപ്ന പ്രോഗ്രാമിങ്ങുകള്‍ ആണ്‌ ഞാന്‍ മനസ്സില്‍ ഉദ്ദേശിക്കുന്നത്‌: ഇവ ടെക്നിക്കലി വയബിള്‍ ആണോ എന്ന്
ഏ. വേലിക്കല്‍ നിന്നു കശുവണ്ടിയാപ്പീസില്‍ പോകുന്ന പെണ്ണുങ്ങള്‍ക്ക്‌ കത്തെഴുതിക്കൊടുത്തു എന്നിങ്ങനെ ഇപ്പോള്‍ സ്ഥിരം കാണുന്ന പൈങ്കിളി സ്വപ്നങ്ങള്‍ക്കു പകരം നോവലാക്കാന്‍ പോന്ന ക്ലാസ്സിക്‌ സ്വപ്നങ്ങള്‍ കാണനാവണം.

ബി. പാന്റിടാന്‍ മറന്ന് ഓഫീസില്‍ പോയി ഇത്യാദി പഴേ പട്ടം സദന്‍- കടുവാക്കുളം ആന്റണി സ്റ്റൈല്‍ കോമഡി സ്വപ്നങ്ങള്‍ക്കു പകരം വൂഡി അലന്‍ സ്റ്റാന്‍ഡേര്‍ഡ്‌ ഉള്ള ഹാസ്യരംഗങ്ങള്‍ മാത്രം കാണാന്‍ കഴിയണം- പറ്റുമെങ്കില്‍ നായകനായ ഞാന്‍ ചമ്മല്‍-ഹാസ്യരംഗങ്ങളിലേ വരാതെ കഴിക്കണം.

സി. തൂറ്റപ്പടക്കം പോലെയുള്ള ക്ലൈമാക്സുകള്‍ ഒഴിവാക്കി തീരുമ്പോള്‍ "അയ്യേ" എന്നു വച്ച്‌ മറിഞ്ഞു കിടന്നുറങ്ങേണ്ട സാഹചര്യം ഇല്ലാതാക്കാന്‍ കഴിയണം.

ഡി. ക്യാരക്റ്റര്‍ സ്വാപ്പ്‌ സംവിധാനം വേണം. ഉദാ: ഷക്കീല കയറി വന്നാല്‍ ഉടന്‍ ഐഷു ആക്കാന്‍ കഴിയണം, ബോസിനെ കുരങ്ങാക്കാന്‍ കഴിയണം, വഴിയില്‍ കാണുന്നവരെല്ലാം സുന്ദരന്മാരും സുന്ദരികളും ചിരിച്ച മുഖമുള്ളവരുമാക്കാന്‍ കഴിയണം.

4. ഇടക്ക്‌ അലാറം, ഫോണ്‍, ഹോണ്‍ എന്നിവ അടിച്ചാലും സ്വപ്നം മുറിയാതെ തുടരാന്‍ UDF- Uninterrupted dreaming facilitator പോലെ എന്തെങ്കിലും സംവിധാനമുണ്ടോ

5. രാഷ്ട്രീയക്കാരുടെ ജാഥ പോയിക്കൊണ്ടേയിരിക്കുന്നു, ഞാന്‍ ക്യൂ നില്‍ക്കുന്നു, ഓഫീസ്‌ വര്‍ക്ക്‌ ഇങ്ങനെ സ്പാം സ്വപ്നങ്ങളും, ശരീരം തളര്‍ന്നു, വേണ്ടപ്പെട്ടവര്‍ക്ക്‌ അസുഖമായി, ആരെങ്കിലും മരിച്ചു ഇത്യാദി ഭീതിദമായ സ്വപ്നങ്ങളും, ആന കുത്താനോടിച്ചു, ചിട്ടിപ്പിരിവുകാരന്‍ കയറി വരുന്നു എന്നിങ്ങനെ എന്നുമാവര്‍ത്തിക്കുന്ന ക്ഷീരബല സ്വപ്നങ്ങളും ബ്ലോക്ക്‌ ചെയ്യാന്‍ സംവിധാനമുണ്ടോ.

6. സ്വപ്നം കാണുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ ഒച്ചവയ്ക്കുകയും വിയര്‍ക്കുകയും ഭാര്യക്കിട്ടു തൊഴിക്കുകയും കട്ടിലില്‍ നിന്നും വീഴാന്‍ ഭാവിക്കുകയും ചെയ്യാറുള്ളത്‌ നിറുത്താനുള്ള എന്തെങ്കിലും സംവിധാനമുണ്ടോ?

7. യന്ത്രത്തിന്‌ വാറണ്ടി, പെര്‍ഫോര്‍മന്‍സ്‌ ഗ്യാരണ്ടി, കശുവണ്ടി, തിരണ്ടി
എന്നിവ വല്ലതുമുണ്ടോ

8. യന്ത്രമുപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങളെന്തെങ്കിലും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ.

എത്രയും പെട്ടെന്ന് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച കടലാസുകള്‍ അയച്ചു തന്ന് ഈയുള്ളവനെ നന്ദിയുള്ളവനാക്കുമെന്ന് താല്‍പ്പര്യപ്പെടുന്നു.

നിങ്ങളില്‍ പ്രതീക്ഷയോടെ
ദേവരാഗം. (ഒപ്പ്‌)

( ഈ പോസ്റ്റ്‌ വിശാലന്റെ സ്വപ്നബ്ലോഗിന്‌ ഡെഡിക്കേറ്റുന്നു)

June 24, 2006

പാരയെ പാരുങ്കളേ


രണ്ടായിരത്തില്‍പ്പരം വര്‍ഷം മുന്നേ ആര്‍ക്കിമിഡീസ്‌ എന്ന ബുദ്ധി രാക്ഷസന്‍ പറഞ്ഞു. "എനിക്കൊരു പാരയും നില്‍ക്കക്കള്ളിയും തരൂ, ഈ ലോകത്തിനിട്ടു ഞാന്‍ പാര വയ്ക്കാം" എത്ര വലിയ സത്യം!

പാര സനാതനനാണ്‌. പണ്ടുകാലത്ത്‌ ഈജിപ്റ്റിലെ മമ്മിക്കു വീടു കെട്ടിക്കൊടുക്കാന്‍ അടിമ പ്രയോഗിച്ച അതേ പാര തന്നെ ഇക്കാലത്ത്‌ ഭര്‍ത്താവ്‌ അവന്റെ മമ്മിക്ക്‌ വീടു കെട്ടി കൊടുക്കാതിരിക്കാന്‍ ഭാര്യ പ്രയോഗിക്കുന്നതും.

വലിപ്പമേറിയതും ഉറച്ചതും ഭാരമേറിയതുമായതും എന്തുമാകട്ടെ, (ഉദാ: മന്ത്രിപ്പദവി, സ്നേഹം, വിശ്വാസം, മാന്യത) പാരകേറുന്ന സാധനം മറിഞ്ഞുപോകും.

പാര എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഒരു ഉദാഹരണ സഹിതം വിവരിച്ചു നോക്കട്ടെ. മൂന്നു വേരിയബിള്‍ ആണു പാരക്കുള്ളത്‌. പാരവയ്പ്പുകാരന്‍ അഥവാ ഫോഴ്സ്‌ അപ്ലയര്‍.ഓബ്ജക്റ്റ്‌ അധവാ ഇര. ഫല്‍ക്രം അധവാ ശിഖണ്ഡി. പാരവയ്പ്പുകാരന്‍ ശിഖണ്ഡിക്കുമേല്‍ പാരതാങ്ങി ഇരയെ മറിക്കുന്നു. നിങ്ങളുടെ GM ആണ്‌ ഇര എന്നു വയ്ക്കുക, ശിഖണ്ഡി അല്ലെങ്കില്‍ ഫല്‍ക്രം ആയി എം ഡി യെ തിരഞ്ഞെടൂക്കണം. മുന്തിരിവള്ളി കൊണ്ട്‌ തീര്‍ത്ത പാരയാണ്‌ ഇവിടെ അനുയോജ്യം. ഫല്‍ക്രത്തിലേക്ക്‌ വള്ളി വഴി ജീയെം ഓഫീസ്‌ രഹസ്യം പുറത്തു വിട്ടു, കമ്മീഷന്‍ വാങ്ങി, വ്യഭിചാരി ആണ്‌ ഇത്യാദി ചെറു കുലുക്കുകള്‍ ആദ്യം കുലുക്കുക. കുലുങ്ങി കഴിയുമ്പോള്‍ എം ഡീ
സ്ഥാനം അടിച്ചുമാറ്റാന്‍ ജെനറല്‍ മാനേജര്‍ ശ്രമിക്കുന്നു എന്നൊരൊറ്റ താപ്പ്‌. ഇര മറിയും.

മെക്കാനിക്കല്‍ അഡ്വാന്റേജ്‌ എന്ന ലളിതമായ തത്വമാണ്‌ പാരയുടേത്‌. ഫല്‍ക്രത്തില്‍ നിന്നുള്ള ദൂരവും അറ്റങ്ങളുടെ ശക്തിയും ആനുപാതികമാണ്‌ എന്നാതാണ്‌ ഈ തത്വം. ശിഖണ്ഡി ഇരക്കടുത്തും നമുക്കു ദൂരെയും ആയാലേ പാരക്കു ശക്തി കൂടുകയുള്ളു എന്ന് ചുരുക്കം.

ഈ ലോകത്തെ ആറു ലഖുയന്ത്രങ്ങളില്‍ ഒന്നായ പാര കാലം നടത്തിയ പരീക്ഷയേയും അതിജീവിച്ച്‌ ഈ കമ്പ്യൂട്ടര്‍ യുഗത്തിലും വിലസുന്നു. അടുത്ത കോണ്‍ഫറസില്‍ മിന്നുന്ന കറുത്ത കണ്ണാടിയിട്ട ദീര്‍ഘചതുര വട്ടമേശക്കു താഴെ നിറയെ പാരകള്‍ കാണാം. എണ്ണി മിനക്കെടണ്ടാ, മീറ്റിങ്ങുകളില്‍ പാരകളുടെ എണ്ണം ഈ ഫോര്‍മുല കൊണ്ട്‌ കണ്ടുപിടിക്കാം

പാര = n!/(n-2)!
(n എന്നാല്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം)
ഫല്‍ക്രം അച്ചുതണ്ടാക്കി പാരക്കാലുകള്‍ ആരക്കാലാക്കിക്കൊണ്ട്‌ കറങ്ങുന്ന ഒരു ചക്രമത്രേ കാലചക്രം. ഇനിയും ബ്ലോഗിയാല്‍ എനിക്കിട്ട്‌ അടുത്തിരിക്കുന്നവന്‍ പാര താങ്ങും.

June 21, 2006

ബാക്കിപത്രം

വലിയ കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കേണ്ട നടനു പെട്ടെന്നു വരാന്‍ കഴിഞ്ഞില്ല. ഒരു കളി പോലും മുടക്കാനുമാവില്ല. ശൂരനാടു കേസിലെ പ്രതികള്‍ക്ക്‌ വക്കാലത്തു പണം സ്വരൂപിക്കാന്‍ ഒളിവിലിരുന്ന് തോപ്പില്‍ ഭാസി എഴുതിയതാണു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന ആ നാടകം. എങ്ങനെ ഉപേക്ഷിക്കും? റിഹേര്‍സല്‍ കേട്ട ഒര്‍മ്മ മാത്രം വച്ച്‌ സംഘത്തെ അനുഗമിച്ചിരുന്ന ഒരു നേതാവ്‌- കാമ്പിശ്ശേരി കരുണാകരന്‍ സ്റ്റേജില്‍ കയറി.

ക്ലൈമാക്സില്‍ കാമ്പിശ്ശേരി അവതരിപിച്ച ജന്മിത്തത്തിന്റെ പിണിയാളന്‍ "ഈ കൊടി ഞാനും കൂടെ പിടിക്കട്ടെ, ഒരിക്കലെങ്കിലും ഞാന്‍ ആണായി നിവര്‍ന്നു നില്‍ക്കട്ടെ മക്കളേ" എന്നു പറയുമ്പോള്‍ കാണികളായി കൂടിയ ഒരു മഹാ പുരുഷാരം അദ്ദേഹത്തോടൊപ്പം പൊട്ടിക്കരഞ്ഞുപോയി. കയ്യടിയും അവാര്‍ഡുമൊക്കെ വാരിക്കൂട്ടിയവര്‍ പോലും കാമ്പിശ്ശേരി കാണികളിലുണ്ടാക്കിയ വികാരവിക്ഷോഭം കണ്ട്‌ അന്തം വിട്ടു.

ആ നാടകത്തിലൂടെയും അല്ലാതെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ വലിയൊരു പങ്കു വഹിച്ച കാമ്പിശ്ശേരിക്ക്‌ മറ്റു പലരേയും പോലെ പാര്‍ട്ടിയുടെ പിളര്‍പ്പ്‌ വലിയ ആഘാതമായിരുന്നു. പിളര്‍പ്പിനു ശേഷം ജനയുഗം പത്രം സ്ഥാപിക്കുന്നതിലും വളര്‍ത്തുന്നതിലും മാത്രമായി ഏറെക്കുറേ കാമ്പിശ്ശേരിയുടെ ശ്രദ്ധ.

അണ്ടന്റേയും അടകോടന്റേയും ഗുണ്ടയുടേയും കോളേജില്‍ പോകുന്നതിനു പകരം വഴിയില്‍ തല്ലിച്ചത്തവന്റേയും സ്മാരകങ്ങള്‍ നിരന്നു നില്‍ക്കുന്ന കൊല്ലത്ത്‌ സഖാവ്‌ എന്ന പദവിക്ക്‌ പൂര്‍ണ്ണമായും അര്‍ഹനായ കാമ്പിശ്ശേരിയുടെ ഓര്‍മ്മക്ക്‌ അദ്ദേഹത്തോടൊപ്പം ഓര്‍മ്മ മാത്രമായ ജനയുഗം പത്രത്തിന്റെ ഈ കെട്ടിടം മാത്രം.

June 18, 2006

പടിചാരാതെ


ഒരുച്ചവെയിലത്ത്‌ ആരോ ഒരു മാമനും മാമിയും നടന്നു വരുന്നു. "അമ്മൂമ്മേ, ആരോ വന്നു" അമ്മൂമ്മക്ക്‌ വന്നവരെ കണ്ടപ്പോള്‍ അതിശയം. അവനെ ആരും പരിചയപ്പെടുത്തിയില്ല.

ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ കയറിവന്ന് "ചിറ്റപ്പാ കുഞ്ഞമ്മേ" എന്നൊക്കെ അപ്പൂപ്പനേം അമ്മൂമ്മേം വിളിച്ച്‌ വലിയ സ്വാതന്ത്ര്യം എടുക്കുന്നു. ആദ്യം എന്തോ പന്തികേട്‌ തോന്നി. പിന്നെ അവര്‍ അവന്റെ ആളുകള്‍ തന്നെയെന്നും തോന്നി.

മിക്ക പകലും അവനൊറ്റക്കാണ്‌. ആരുപോകുമ്പോഴും സങ്കടവുമാണ്‌, എന്തിനാണെന്ന് അവനറിയില്ല. വന്നവര്‍ തിരിച്ചു പോകുമ്പോള്‍ പടിവാതില്‍ വരെ കൂടെ പോയി. വാതില്‍ ചാരാന്‍ തോന്നിയില്ല. വന്നപോലെ വയല്‍ വഴി നടന്ന് അവന്റെ വിരുന്നുകാര്‍ ദൂരെയേതോ നാട്ടിലേക്ക്‌ തിരിച്ചു പോയി.


(അവ്യക്തമായ വികാരങ്ങളെ സോഫ്റ്റ്‌ ഫോക്കസില്‍ എടുക്കുന്ന രീതിക്ക്‌ ക്രെഡിറ്റ്‌ കുമാറിന്‌)

June 15, 2006

അഷ്ടമുടിക്കാഴ്ച്ചകള്‍ - 4


അഷ്ടമുടി ബോട്ടു ജട്ടിയിലെ തെങ്ങിന്‍ കുറ്റി. ആലിന്‍ തൈ മുളച്ചത്‌ മാത്രം അതിനൊരു തണലായി.


കാഴ്ച്ചകള്‍ ഇതുവരെ:
ദേവരാഗം: അഷ്ടമുടിക്കാഴ്ച്ചകള്‍ - 3
ദേവരാഗം: അഷ്ടമുടിക്കാഴ്ച്ചകള്‍ - 2
ദേവരാഗം: അഷ്ടമുടിക്കാഴ്ച്ചകള്‍ - 1

April 27, 2006

നിത്യക്കണി

കമ്മല്‍പ്പൂവ്


തൊട്ടാവാടിപ്പൂവ്


നാടന്‍ റോസാപ്പൂ


പാലപ്പൂവ്


കാളപ്പൂവ്


പേരറിയില്ലാത്തൊരു മഞ്ഞപ്പൂവ്


എരിക്ക്


പൂച്ചമരം (അന്യം നിന്നോ ഈ സുന്ദരന്‍ ചെടി?)


ലവലോലിക്കായ


നീര്‍മുത്ത് ചൂടിയ ചെമ്പനീര്‍ ചാമ്പക്ക (ഇതു വിദ്യ ക്ലിക്കിയ ഫോട്ടോ)


കൊല്ലത്ത് ഇത് തെറ്റിപ്പഴം തുളസിയുടെ നാട്ടില്‍ ചെക്കിപ്പഴം


എന്നും ഈ കണിയെല്ലാം ഒരുക്കി നാടു കാത്തിരിക്കുമ്പോള്‍ ഞാന്‍ ഇവിടെ എതിവശത്തെ ‍ ഫ്ലാറ്റിന്റെ ജനാലയില്‍ അഴയടിച്ച് ഉണക്കാന്‍ വിരിച്ച ബഹുവര്‍ണ്ണ കൌപീനങ്ങളുടെ തോരണം കണ്ട് എന്റെ ദിനം തുടങ്ങുന്നു...
(ഞെക്കിത്തുറക്കല്‍ ഫോര്‍മാറ്റിലാക്കി ഈപടങ്ങള്‍ ഞാന്‍ നൊവാള്‍ജിയയുടെ രാജാവ് തുളസിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു)

April 16, 2006

ഈസ്റ്റര്‍ ആശംസകള്‍

Image hosting by Photobucket
ഒരോ ബ്ലോഗര്‍ക്കും ഞങ്ങളുടെ ഈസ്റ്റര്‍ ആശംസകള്‍. അവന്റെ രാജ്യം വരാന്‍ നമുക്കാ നാമം വാഴ്ത്തിടാം.

April 14, 2006

വിഷുദിനാശംസകള്‍!

Image hosting by Photobucket

കണിയൊരുങ്ങി കൂട്ടുകാരേ, എല്ലാവര്‍ക്കും ഞങ്ങളുടെ വിഷുദിനാശംസകള്‍! ബിലേറ്റഡ് നബിദിനാശംസകള്‍ അഡ്വാന്‍സ് ഈസ്റ്റര്‍ ആശംസകള്‍, നാളെ സദ്യ, മറ്റന്നാള്‍ റെസ്റ്റ് അടുത്ത ദിവസം ഈസ്റ്റര്‍ നോമ്പുതുറ.. ഫെസ്റ്റിവല്‍ സീസണ്‍ കീജെയ്.

April 09, 2006

അയം ആത്മ ബ്രഹ്മ..

Image hosting by Photobucket
അജ്ഞാതമായ പഥങ്ങളില്‍ സഞ്ചരിക്കുന്ന അനന്തകോടി നക്ഷത്ര സമൂഹങ്ങള്‍ക്കിടയിലെവിടെയോ തിരുവാതിരകളിക്കുന്ന ക്ഷീരപഥത്തിലെ ഒരിടത്തരം നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹത്തിനുള്ളില്‍ ചരിക്കുന്ന ഒരു തരി കാര്‍ബണും ഹൈഡ്രജനും ഓക്സിജനും ഫോസ്ഫറസ്സും പൊട്ടാസ്സിയവും നൈറ്റ്രജനും കാത്സ്യവും നൈട്രജനും ഇരുമ്പും നാകവും ക്ലോറിനും മാംഗനീസും മറ്റും ചേര്‍ന്ന മിശ്രിതത്തില്‍ തെളിയുന്ന സര്‍വ്വശക്തന്റെ പ്രതിഫലനം ഞാന്‍ - നിങ്ങളതിനെ ദേവനെന്നു വിളിക്കുന്നു.

April 02, 2006

വക്കാരിജയം

സ്റ്റാര്‍ട്ട്‌ ഠോ!!
Image hosting by Photobucket

സീനിയര്‍ കൊമ്പനാനനകളുടെ അണ്ണാക്കില്‍ പട്ടതള്ളിയോട്ട മത്സരത്തില്‍ അഞ്ചാമത്തെ ട്രാക്കിലോടുന്ന വക്കാരിമഷ്ടാ ഒന്നാം സ്ഥാനത്തേക്ക്‌!
Image hosting by Photobucket




പൂജപ്പുരയമ്പലത്തിലെ കാവടി

ന്ന
ലിങ്കില്‍ ഈ എഴുന്നെള്ളത്തിന്റെ ബാക്കി ചിത്രങ്ങളുണ്ട്‌ ( ഭാരം കൂടിയ പോസ്റ്റാണത്‌, ബ്രോഡ്‌ ബാന്‍ഡില്ലെങ്കില്‍ ബുദ്ധിമുട്ടും. ട്രാവലേജന്‍സിയിലെവിടെയോ പടമായിരിക്കുന്ന രണ്ടാനേക്കണ്ടു നൊവാള്‍ജിക്ക്‌ ആയ പെരിങ്ങോടനു്‌ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. (ആനയോട്ടമെന്നു വെറുതേ എഴുതിയതാണേ, ഇതൊരു മത്സരമായിരുന്നില്ല)




March 31, 2006

വര്‍ണ്ണരഹിതര്‍

Image hosting by Photobucket
സാന്ധ്യരാഗാതിരേകത്താല്‍ കണ്ടീലയാരുമന്നാന്ധ്യമാമെന്നംഗുലീരേഖയും ശലഭത്തിന്‍ ചിത്രവും.

നളാ എനിക്കു ഫില്‍റ്ററില്ല.. അതുകൊണ്ട്‌ ഒരു ഫില്‍റ്റര്‍ കാപ്പി കുടിച്ചുകൊണ്ട്‌ ഞാന്‍ ഫോട്ടോഷോപ്പില്‍ ഒരു ഷേഡിടുന്നു- എനിക്കും നിറം വേണം..

March 27, 2006

ഭാരിച്ച ചുമതലയും ചുമലിലേറ്റി



എന്റെ കയ്യൊന്നു വഴുതിയാല്‍...
താഴെയിരുട്ടത്ത്‌ കമ്പിളിക്കുള്ളില്‍ ഒന്നുമറിയാതെയുറങ്ങുന്ന പാവം മനുഷ്യര്‍ ഈ ഉത്തരം വീണ്‌ ചതഞ്ഞരഞ്ഞ്‌.. ആലോചിക്കാന്‍ കൂടി വയ്യാ.. ഞാനുറങ്ങരുത്‌. എന്റെയീക്കണ്ണടഞ്ഞുപോകരുത്‌.

March 21, 2006

വക്കാരിമൃഷ്ടാ

Image hosting by Photobucket

Image hosting by Photobucket

വക്കാരിമഷ്ടായുടെ ബ്ലോഗലോകത്തിനു നിലാവത്തെ കോഴി എന്നാണു പേര്‍ എന്നറിഞ്ഞ ദിവസം മുതല്‍ എന്താണീ സംഭവം എന്നാലൊചിക്കുകയായിരുന്നു ഞാന്‍. എനിക്കറിയാത്ത വല്ല നിഗൂഢസിംബോളിഫൈസേഷനുമാവുമെന്നനുമാനിക്കാന്‍ തുടങ്ങുമ്പോഴല്ലേ നാട്ടില്‍ വച്ച്‌ രാത്രി കോഴി വിളമ്പുന്നവരെ കണ്ടത്‌! യുറേക്കാ ഫോര്‍ബ്സ്‌!

ഇതാണു പഹയന്റെ മനസ്സില്‍- നിലാവത്തെ കോഴി തീറ്റ!

വക്കാരിമഷ്ടനു ഹൃദയപൂര്‍വ്വം ഇതാ നിലാവത്തെ കോഴി 25 പ്ലേറ്റ്‌.

അഷ്ടമുടിക്കാഴ്ച്ചകള്‍ - 3

കുമാറിനെയും സൂവിനെയും വിശാലനെയും വക്കാരിയെയും ഇബ്രുവിനെയും നൊവാള്‍ജിയയിലാഴ്തിയ മോഹിനി- അഷ്ടമുടി.
Image hosting by Photobucket

യാത്രാമൊഴീ, അതുല്യേ,
കായലോളങ്ങള്‍ക്ക്‌ സൌമ്യവും ഹൃദ്യവുമായൊരു മൃദുഗീതമുണ്ട്‌. പരവൂരിന്റെയും വയലാറിന്‍റെയും അഷ്ടമുടിയുടെയും കാവാലത്തിന്റെയും നെടുമുടിയുടെയും മക്കളെ നിത്യഹരിത ഗീതികളുടെ ശില്‍പ്പികളാക്കിയത്‌ കായലാണ്‌.


എന്റെ ബാല്യത്തിന്റെ മങ്ങിയ ഓര്‍മ്മകളില്‍ ഇവളുടെ - ഈ അഷ്ടമുടിയുടെ പാട്ടുണ്ട്‌. മഹായശസ്കരുടെ ഒരു സ്വകാര്യ സദസ്സിനെ തടസ്സപ്പെടുത്തി വെറുതേ വാശിപിടിച്ച എന്നെ - നൂരുപോലെ മെലിഞ്ഞ കുഞ്ഞു ദേവനെ- എടുത്തു മടിയില്‍ കിടത്തി ഈ കായലിലൂടെ മെല്ലെയൊഴുകുന്ന ഊന്നു വള്ളങ്ങളെ നോക്കി പതിഞ്ഞ സ്വരത്തില്‍ "കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ തോണിയിലെന്റ്ഗെ ജീവന്റെ ജീവനിരിപ്പൂ" എന്നു പാടുന്ന തിരുനെല്ലൂര്‍ കരുണാകരന്റെ രൂപത്തില്‍.
( ചിത്രത്തിലെ കുട്ടി ഞാനല്ല )

അഷ്ടമുടിക്കാഴ്ച്ചകള്‍ - 2

അഷ്ടമുടിയെന്നാല്‍ എട്ടു കരങ്ങളെന്നത്രേ അര്‍ത്ഥം.
തൃക്കടവൂര്‍ ശിവന്‍ ഊര്‍ദ്ധ്വതാണ്ഡവമാടുമ്പോഴുള്ള അഷ്ടമുടികളാണീ അഷ്ടഹസ്താകൃതിയിലുള്ള കായലെന്നു ലോക്കല്‍ പുരാണം. മുടികളുടെയെല്ലാം സെന്റര്‍ പോയിന്റായ അഷ്ടമുടിയിലാണ്‌ മുടിയില്‍ നിന്നു ജനിച്ച അത്ര ആര്യനും അത്ര ദ്രാവിഡനുമല്ലാത്ത വീരഭദ്രസ്വാമിയുടെ അമ്പലം - കേരളത്തിലെ ഏക വീരഭദ്ര ക്ഷേത്രം.

Image hosting by Photobucket

March 20, 2006

അഷ്ടമുടിക്കാഴ്ച്ചകള്‍ - 1

തേവള്ളി 1
Image hosting by Photobucket

തേവള്ളി - 2
Image hosting by Photobucket

തേവള്ളി - 3
Image hosting by Photobucket

കായല്‍പ്പുരാണം പിറകേ.. ഈ പോസ്റ്റിനെ തേവള്ളിയെ ഇഷ്ടപ്പെടുന്ന പുല്ലൂരാനു സമര്‍പ്പിക്കുന്നു

March 05, 2006

കൊല്ലഭാഷ

തിരുവനന്തപുരത്തിന്‍റേയും കോട്ടയത്തിന്‍റേയും സ്വാധീനമുണ്ട് കൊല്ലം ഭാഷക്ക് (ഉദാ സഹോദരന് = അണ്ണന്, സഹോദരി = ചേച്ചി ഏട്ടനുമില്ല, അക്കനുമില്ല കൊല്ലത്ത്)

വരത്തില്ല, തരത്തില്ല, ഇരിക്കത്തില്ല = വരില്ല, തരില്ല ഇരിക്കില്ല
പന്നല്‍ =മോശമായത്
അല്യോ =അല്ലേ
ലത്, ലവന്, ലവള്, ലവന്മാര് = അത് അവന് അവള് അവന്മാര്
എവന് എവള് എവര് = ഇവന് ഇവള് ഇവര്
പൊടിയന് = (പൊടി + ആണ്) ആണ് കുട്ടിയെ അഭിസംബോധന ചെയ്യല് (സ്നേഹപൂര്‍വ്വം)
പൊടിച്ചി = (പൊടി+ സ്ത്രീ) പെണ്‍കുട്ടീ
നട്ടപ്പറ = കടുത്ത ചൂടുള്ള(വെയില്‍
എരണം = ഭാഗ്യം


പണ്ടെങ്ങാണ്ടു ഞാന് പറഞ്ഞത് – ഓരോ നാട്ടിനും അതിന്‍റെ സിഗ്നേച്ചര് തെറിയുണ്ട്. ഒരു കൊല്ലത്തുകാരന് തല്ലാന് വരുമ്പോള് പറയാന് സാദ്ധ്യതയുള്ള വാക്കുകള് (തെറി ഒഴിവാക്കി ബാക്കിയുള്ളത്)
ന്ത്രാ,
അടിച്ച് ഏപ്പ് നൂക്കും
നെഞ്ചാമ്മൂടി ഇടിചു തകര്‍ക്കും
ചെവിത്താര കലക്കും
ചെവിക്കല്ല് അടിച്ചു പൊട്ടിക്കും
ഇടിച്ച് പതക്കരളു വെളിയില് വരുത്തും
പതിരിടിച്ചിളക്കും

മേമ്പൊടി
കൊല്ലം ജില്ലാശുപത്രിയില് ഡോക്റ്റന് മരുന്ന് ശീട്ടെഴുതുന്നു.
“തിരുവനന്തപുരത്തെങ്ങാണും പോയി നോക്കു, ഈ മരുന്ന് കൊല്ലത്തില്ല കേട്ടോ”
രോഗി “കൊല്ലുന്ന മരുന്ന് തരത്തില്ലെന്ന് എനിക്കറിയാം, സുഖമാക്കുമോന്നാ എനിക്കറിയേണ്ടത്”
നെടുമങ്ങാട്: ‘നമ്മള‘ നിഘണ്ടു എന്നതിന്‍റെ അനുബന്ധം.

കട്ടമരം


ആദി മനുഷ്യന്‍ നീന്തിക്കടക്കാന്‍ പറ്റാത്ത ജലായശയങ്ങള്‍ തടിപ്പുറത്ത് തുഴഞ്ഞ് കടന്നിട്ടുണ്ടാവും. ആ തടി അവന്‍ പരിഷ്കരിച്ചഅതിന്‍റെ ഫലമായി തോണിയുണ്ടായി, ഇരുട്ടുകുത്തിയും കൊതുമ്പുവള്ളവും ചുണ്ടനും ചുരുളനും കെട്ടുവള്ളവും ബോട്ടും കപ്പലുമുണ്ടായി, ഹോവര്‍ക്രാഫ്റ്റും ബാര്‍ജ്ജും സൂപ്പര്‍ ടാങ്കറും എയര്‍ക്രാഫ്റ്റ് കാരിയറും അന്തര്‍വാഹിനിയു ഒക്കെയുണ്ടായി.

പക്ഷേ പരസഹസ്രാബ്ദങ്ങള്‍ക്കപ്പുറത്ത് രൂപകൽപ്പന നടത്തിയ ആ തടിക്കഷണത്തിന്‍റെ പ്രസക്തി ഇല്ലാതെയാക്കാന്‍ പരിഷ്കൃതമായ യാനപാത്രങ്ങള്‍ക്ക് കഴിഞ്ഞില്ല. ആ തടി- ചാളത്തടി അല്ലെങ്കില്‍ കട്ടമരം ഇന്നും സര്‍വ്വസാധരണമായി തുടരാന്‍ കാരണം ഒരു ബോട്ട് വാങ്ങാനുള്ള ചിലവ്, ലൈസന്‍സ് കിട്ടാനുള്ള ബുദ്ധിമുട്ട്, മൂറിങ്ങ്, ഡോക്കിങ്, റിപ്പയര് ചിലവുകള്‍ തുടങ്ങി സാമ്പത്തിക കാര്യങ്ങളാവുമെന്ന്‍ ഒരു ആധുനിക മനുഷ്യന്‍റെ ടെക്നോക്രാറ്റിക് അൽപ്പബുദ്ധിയാലെ ചിന്തിച്ച ഞാന്‍ മണ്ടന്‍.

ഒരു കൊടുങ്കാറ്റോ വന്‍ തിരയോ വന്നാലുടന്‍ ബോട്ടുകള്‍ തീരത്തോടിയെത്തും . കപ്പലുകള്‍ നങ്കൂരമിടും. ക്രൂയിസ് ഷിപ്പുകള്‍ ബെര്‍ത്തിലടുക്കും. അന്നേരവും കാണാം അലറിച്ചുരുണ്ടു വരുന്ന കരി പോലെ കറുത്ത തിരച്ചുരുളിന്‍റെ കണ്ണിലേക്ക് ഒരു കട്ടമരത്തിന്‍റെ ആയവും പേറി കുതിച്ചു കയറുന്ന അഹേബ് കപ്പിത്താനെക്കാള്‍ നിര്‍ഭയനായ സമുദ്രസഞ്ചാരിയെ. പോര്‍ക്കളത്തിലേക്കിരച്ചു കയറുന്ന കുതിരയെയും അവന്‍റെ യജമാനനെയും പോലെ വിസ്മയകരമാണ്‌‍ ആ കാഴ്ച.

March 01, 2006

വൈറ്റ് ഹൌസ്

Image hosting by Photobucket
യവനനും ച്യവനനും പിന്നെ നമ്മുടെ പവനനുമൊക്കെ പണ്ടത്തെ രേഖകളില്‍ കൊല്ലത്തെ “കൊരക്കേണി കൊല്ലം” (cape of Kollam)എന്നാണു പരാമര്‍ശിച്ചുകാണുന്നത്. ഈ കൊരക്കേണി ബീ സീ അഞ്ഞൂറിനും ആയിരത്തിനുമിടക്ക് കടലെടുത്തെന്നാണു പരക്കെ വിശ്വാസം. തിരുമുല്ലവാരത്ത് ഒരുകാലത്ത് കരയായിരുന്ന കടലടിത്തട്ടുണ്ടെന്ന് കേട്ട് അതീ കാണാതെ പോയ സ്ഥലമാണെന്ന് സ്ഥാപിച്ച് ഫേയ്മസാകാന്‍ പറ്റുമോന്ന് നോക്കാന്‍ പോയപ്പോഴാണ് ഇവന്‍ കണ്ണിൽപ്പെട്ടത്. നളന്‍ എപ്പോഴും പറയുന്ന തിരുമുല്ലവാരം ഷാപ്പ് സീഫൂഡിനും ഊണിനും പ്രസിദ്ധമാണീ മാതൃകാ സ്ഥാപനം. സമര്‍പ്പണം ഇനി പ്രത്യേകിച്ച് വേണ്ടല്ലോ..

February 26, 2006

പൂ+ തുമ്പി


ഒരിടത്തൊരിടത്ത്‌ ഒരു തുമ്പിയമ്മക്ക്‌ ഒരു ലാര്‍വ പിറന്നു. അതിനെ മടിയിലിരുത്തി‌ അവര്‍ എന്നും പാടി
"തുമ്പിക്കൈ വളര്‌, വളര്‌, വളര്‌
തുമ്പിക്കാല്‍ വളര്‌ വളര്‌ വളര്‌
വളയിട്ടു തളയിട്ടു മുറ്റത്തെ പൂവില്‍ നീ
തിരുവോണത്തുമ്പിയാകാന്‍ വളര്‌ വളര്‌"

ആ പാട്ടുകേട്ടുകേട്ട്‌ അവനിത്രയും വളര്‍ന്നു വലുതായി.

(എനിക്കൊരു മഞ്ഞുകാലം കാണണമെന്നു പറഞ്ഞതുകേട്ട്‌ ജീവന്‍ പണയപ്പെടുത്തി പടമെടുത്ത സീയെസ്സിന്റെ പ്രാണിലോകത്തിലേക്കു ‌ ഈ പൂവും പൂത്തുമ്പിയും സമര്‍പ്പിക്കുന്നു.)

February 25, 2006

വർത്തമാനകാലത്തെ വർത്തമാനങ്ങൾ

എന്റെ ബ്ലോഗ്ഗിലപ്പടി പഴൻകഥകളയാണെന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങിയതിനാൽ ഈ തത്സമയത്തെഴുത്ത് മഹാമഹം തുടങ്ങിവയ്ക്കുന്നു. ഇതിൽ പഴേതൊന്നുമില്ല. കട്ട് ഓഫ് ഡേറ്റ്: ആറ്റാസ്ത്രം നിർമ്മിക്കും സർക്കാർ വക ആലയിൽ നിന്നഉം മൂശാരിയായി അടുത്തൂൺ പറ്റിയ ജനാബ് ആറ്റക്കോയ ഇന്ത്യക്കു പ്രഥമനുണ്ടാക്കും പുരുഷനായി സ്ഥാനാരോഹണം ചെയ്ത ദിവസം.

6/02/2006 - രാഷ്ട്രീയം ചതിച്ച ചതി

പതിനഞ്ചു വർഷത്തിനു ശേഷം രഞ്ജിത്തിനെ കണ്ടു- ബന്ധുത്വ നൂലാമാലയിൽ പരശ്ശതകാതം ദൂരത്തുള്ള ഒരു കാർന്നോരു നടത്തിയ പാർട്ടിക്കു നടുവിൽ വച്ച്. ഒറ്റ കെട്ടിപ്പിടിയിൽ ഞങ്ങൾ ഒന്നര ദശാബ്ദം റീവൈൻഡ് ചെയ്തു പഴയ വിദ്യാർത്ഥി ഐക്യമായി. അവനിന്നും ക്വാൺഗ്രസ് കുമാരൻ തന്നെ. എനിക്കെങ്ങനെ സഹിക്കും?

ഞങ്ങളുടെ രാഷ്ട്രീയ ഗോഗ്വാദം വി എം സുധീരൻ വരെ എത്തിയപ്പോഴാണ് സ്റ്റേജിൽ നിന്നും ഒരു വിളംബരം - അടുത്തതായി ശ്രീ രഞ്ജിത്ത് ഒരു പാട്ടുപാടും.ചിൽക്കാതൽക്കു സതീർത്ഥ്യനായിരുന്ന ശപ്പൻ നാരങ്ങാവെട്ടത്തിൽ കയറിയെൻകിലും എന്നെ കൈ വിട്ടില്ല. മൈക്ക് എടുത്ത് ഒരൊറ്റ് ഡെഡിക്കേറ്റൽ
“ വളരെ വർഷങ്ങൾക്കു ശേഷം ഞാൻ കണ്ട പ്രിയ സുഹൃത്ത് ദേവനു ഏറ്റവും പ്രിയപ്പെട്ട ഇസബെല്ല എന്ന ചിത്രത്തിലെ ഇസബെല്ല എന്ന ഗാനം ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ...”

ഗിറ്റാറുകൾ കുറുകി. വയലിൻ തേങ്ങി. ഡ്രം ഒന്നു മുഴങ്ങി. ശേഷിച്ചതെല്ലാം താനേറ്റു എന്ന മട്ടിൽ കീബോർഡ് പലസ്വരവും ഉയർത്തി.

രഞ്ജിതർ സ്റ്റേജിനെ ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട് തുടങ്ങി
“ഇസബെല്ലാ..
ഇസബെല്ല..
നിൽപ്പൂ നീ ജനിമൃതികൾക്കകലേ....
നിൽപ്പൂ നീ ജനിമൃതികൾക്കകലെ
കൽപ്പനതൻ കരിമണലേ..

January 04, 2006

സദ്യ

Image hosted by Photobucket.com
സപ്തനക്ഷത്ര കാപ്പിക്കട. നിലയിലൊക്കെ നീലക്കണ്ണാടി. ഇരിക്കണമ്മക്കു ജൂലിയ റോബർട്ടിനെക്കാൾ ചന്തം. ഇലമുറിക്കാര്യസ്ഥനു ഷോൺ കോണറിയുടെ പൌഢി. അന്തരീക്ഷത്തിനാകെ ഒരു ഗാംഭീര്യം. ശ്വാസം വിടാൻ മൂന്നു തവണയും വായ തുറക്കാൻ പതിനൊന്നുതവണയും ആലോചിക്കണം.

സദ്യ പിരിഞ്ഞു വീട്ടിലെത്തി കളസവും കുന്തവുമെല്ലാം ഊരിക്കളഞ്ഞ് കൈലിമുണ്ടും ചുറ്റി നേരേ അടുക്കളയിൽ പോയി പരതി. ആകെയുള്ളത് അര ലോട്ടാ പുളിശ്ശേരി. അതും ചെമ്മീനച്ചാറും കൂട്ടി അരക്കലം ചോറു വിഴുങ്ങി. ബാക്കി വന്ന പുളിശ്ശേരഇയും എടുത്തങ്ങ് കുടിച്ചു. അപ്പോഴേ ഡിന്നറിന്റെ ക്ഷീണം തീർന്നുള്ളൂ.
വിശാലന്റെ ബർഗ്ഗറ് തീറ്റ കണ്ടപ്പോ ഓർത്തതാ..